വൈവിദ്ധ്യങ്ങളും അന്തര്‍ഗതമായ ഏകാത്മതയും :
വളരെയേറെ സമുദായങ്ങള്‍ ഭാഷാപരമായി സാധര്‍മ്മ്യം ഉള്ളവയാണ്. എങ്കിലും രണ്ടു ഭാഷകള്‍ പഠിക്കുന്നവരുടെ ശതമാനം സമുദായങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 64.2% വരെ കൂടുതലാണ്. ലിപിയുടെ എണ്ണത്തിന്റെ കാര്യത്തില്‍ പോലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. ഷെഡ്യൂള്‍ഡ് ഭാഷകള്‍ ഉപയോഗിക്കുന്ന ലിപികളുടെ എണ്ണം പതിനൊന്നാണ്. പക്ഷേ പല സമൂഹങ്ങളും വ്യക്തമായ സ്വത്വത്തിനു വേണ്ടി അവരുടെ നഷ്ടപ്പെട്ട ലിപികള്‍ വീണ്ടും കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് രഘുനാഥ് മര്‍മു എന്ന സാന്താള്‍ സമൂഹത്തിലെ മഹാത്മാവ് ഓല്‍ ചികി എന്ന സാന്താള്‍ ലിപി കണ്ടെത്തി. വെസ്റ്റ്ബംഗാള്‍ ഗവണ്‍മെന്റ് അതിനെ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.
പക്ഷേ ആകൃതിപര (മോര്‍ഫോളജിക്കല്‍) വും ജനിതക(ജെനറ്റിക്‌സ്) പരവും ആയ ലക്ഷണങ്ങള്‍ ഏതെങ്കിലും ചില സമൂഹങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായി കാണുന്നില്ല. ഇതു സംബന്ധിച്ചു ശേഖരിച്ച വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ജനിതക-ആകൃതിപരലക്ഷണങ്ങളുടെ മാറ്റങ്ങള്‍ സമൂഹങ്ങള്‍ തമ്മിലുള്ളതിനേക്കാള്‍ സമൂഹങ്ങള്‍ക്കുള്ളില്‍ത്തന്നെയാണെന്നാണ്. സാമൂഹ്യഘടനയുടെ തലത്തിലാകട്ടെ കുല (ക്‌ളാന്‍) ത്തിന്റെ ഘടന തൊട്ട് വിവാഹരീതികള്‍, വിവാഹ പ്രതീകങ്ങള്‍ തുടങ്ങിയവയിലെല്ലാം തന്നെ വലിയ വ്യത്യാസങ്ങള്‍ കാണുന്നു. ഈ വ്യത്യസ്തതകള്‍ പലതും ആകട്ടെ ഒരേ സമുദായത്തിലെ തന്നെ വിവിധ വിഭാഗങ്ങളുടെ പദവി, ശക്തി, പ്രാമുഖ്യം എന്നിവയുമായി ബന്ധപ്പെട്ടതാണ്.
അടിസ്ഥാന സാമൂഹ്യശ്രേണിയിലെ സ്ഥാനം നിശ്ചയിക്കുന്ന കാര്യത്തില്‍ പരിശുദ്ധി, അശുദ്ധി (അയിത്തം, തീണ്ടല്‍) എന്നീ ആശയങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അവയാകട്ടെ തൊട്ടുകൂടാത്തവര്‍ എന്ന അഞ്ചാം വിഭാഗസഹിതമായ ചാതുര്‍വര്‍ണ്ണ്യ പദ്ധതിയ്ക്കധീനവുമാണ്. എങ്കിലും ഈ ചാതുര്‍വര്‍ണ്ണ്യം സര്‍വവ്യാപകമല്ല. 68.5 ശതമാനത്തിനു മാത്രമേ അതിനേക്കുറിച്ചു ധാരണയുള്ളൂ. വനവാസി വിഭാഗം, അല്ലെങ്കില്‍ അതിലെ മിക്ക വിഭാഗങ്ങളും, ഈ വ്യവസ്ഥിതിയ്ക്കു വെളിയിലാണു താനും. 104 സമുദായങ്ങളില്‍ ദ്വിവര്‍ണ്ണ വിഭാഗങ്ങളുണ്ട്. ഉദാഹരണത്തിന് 54 സമുദായങ്ങള്‍ തങ്ങള്‍ ഒരേ സമയം ബ്രാഹ്മണരും ക്ഷത്രിയരുമാണെന്ന് സ്വയം കരുതുന്നു. ഏറെ കൗതുകകരമായ കാര്യം 584 മുസ്‌ളീം സമുദായങ്ങളിലെ 53 എണ്ണം വര്‍ണ്ണപദ്ധതിയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ച് ഇപ്പോഴും ധാരണയുള്ളവരാണെന്നതാണ്. അതില്‍ത്തന്നെ 12 സമുദായക്കാര്‍ തങ്ങള്‍ ബ്രാഹ്മണര്‍ ആണെന്നു സ്വയം കരുതുന്നുമുണ്ട്. ക്രിസ്ത്യന്‍ സമുദായങ്ങളുടെ ഇടയിലും സ്ഥിതി ഇങ്ങിനെ തന്നെ. 339 ക്രിസ്ത്യന്‍ സമുദായങ്ങളില്‍ 76 എണ്ണം തങ്ങള്‍ വര്‍ണ്ണവ്യവസ്ഥയില്‍ പെടുന്നവരാണെന്നു സ്വയം കരുതുന്നു.
ഒരു സമുദായത്തിലെ തന്നെ ശ്രേണീവിഭജനങ്ങള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്. എങ്കിലും ഇപ്പോള്‍ കൗതുകമുണര്‍ത്തുന്നത് ഈ തരംതിരിവുകള്‍ ക്രമേണ മാഞ്ഞുപോകുന്നു എന്നതും രാജനൈതികകൂട്ടായ്മകളുണ്ടാകുന്നതു വഴി അതാതുസമൂഹത്തിന്റെ പൊതുസ്വത്വത്തില്‍ ഊന്നല്‍ വരുന്നു എന്നതുമാണ്.
മതസമ്പ്രദായപരമായ ബന്ധപ്പെടലുകളും (അഫീലിയേഷന്‍) സ്ഥിരം (സ്റ്റാറ്റിക്) അല്ല. അദ്വൈതം തൊട്ടു മന്ത്രവാദം വരെയുള്ള പല തലങ്ങളും രൂപങ്ങളും ഹിന്ദുയിസത്തിനുണ്ട്.
സര്‍വേയില്‍ 70 തരം പരമ്പരാഗത ഗ്രാമീണതൊഴിലുകള്‍ കണ്ടെത്തുകയുണ്ടായി. കരകൗശലത്തൊഴിലുകളിലേര്‍പ്പെട്ട സമുദായങ്ങള്‍ രാജ്യമാസകലം പരന്നുകിടക്കുന്നു. തോല്‍പ്പണിക്കാര്‍ (ചമര്‍), ഭിക്ഷാടനം നടത്തുന്ന താപസര്‍ (ജോഗികള്‍), കുടമുണ്ടാക്കുന്നവര്‍ (കുംഭകാര്‍), എണ്ണച്ചക്കാട്ടുന്നവര്‍ (കാലുക്കള്‍), ക്ഷുരകര്‍ (നൈ) എന്നിവര്‍ വ്യാപകമായി കാണപ്പെടുന്ന തൊഴില്‍സമുദായങ്ങളില്‍ ചിലതാണ്. ശ്രദ്ധേയമായ മറ്റൊരു കാര്യം ഈ തൊഴിലാളുന്ന സമുദായങ്ങളൊന്നും തന്നെ സ്ഥിരം (സ്റ്റാറ്റിക്) ആയിരുന്നില്ല എന്നതാണ്.
വംശ സിദ്ധാന്തത്തിലൂന്നിയ
വിഭജന ചട്ടക്കൂടുകള്‍: ഇന്ത്യന്‍ ജനതയെ പഠിക്കാന്‍ പരക്കെ അറിയപ്പെടുന്നതും കൂടുതല്‍ ആഴത്തിലുള്ളതുമായ ഒരു സമീപനം, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യക്തതയാര്‍ന്ന, വംശീയ വിഭജനപദ്ധതിയാണ്. എച്ച്. എച്ച്. റിസ്‌ളേയുമായാണ് മുഖ്യമായും ഇതു ബന്ധപ്പെട്ടിരിക്കുന്നത്. ഈ പാശ്ചാത്യപണ്ഡിതന്‍ നടത്തിയ തരംതിരിക്കല്‍ (ഹിന്ദുക്കള്‍ ടര്‍ക്കോ- ഇറാനിയന്‍, ഇന്‍ഡോ-ആര്യന്‍, സ്‌കിഥോ- ദ്രവീഡിയന്‍, ആര്യോ- ദ്രവീഡിയന്‍, മങ്‌ഗോളോ- ദ്രവീഡിയന്‍, മംഗളോയിഡ്, ദ്രവീഡിയന്‍ എന്ന ഏഴുതരം വ്യത്യസ്തവംശങ്ങളില്‍പെട്ടവരാണ്) ഈ ലേഖനത്തിന്റെ അഞ്ചാം ഭാഗത്തില്‍ സൂചിപ്പിച്ചതാണ്.
എന്താണ് വംശസിദ്ധാന്തം? - ഈ സിദ്ധാന്തം മനുഷ്യന്റെ എല്ലിന്‍കൂട്, ബാഹ്യപ്രകൃതി എന്നീ ശാരീരിക പ്രത്യേകതകളെക്കുറിച്ചുള്ള പഠനത്തിലൂന്നിയ ഒരു ആശയമാണ്. തലയോട്ടിയുടെ ഉള്‍ഭാഗത്തിന്റെ ആകൃതിയും, വലുപ്പവും, മുഖം, മൂക്ക്, താടിയെല്ലുകള്‍, പല്ലുകള്‍, കണ്‍പുരികങ്ങളുടെ പരിണാമം, കവിളെല്ലുകളുടെ മുമ്പോട്ടുള്ള തള്ളല്‍, താടിയെല്ലുകളുടെ തള്ളല്‍, ആകെയുള്ള ആകാരസ്ഥിതി (സ്റ്റേച്ചര്‍), ദേഹഘടന, അവയവങ്ങള്‍ തമ്മിലുള്ള അനുപാതവും അവയുടെ ഖണ്ഡങ്ങളും ചേര്‍ന്നതാണ് എല്ലിന്‍കൂടിന്റെ പ്രത്യേകതകള്‍. തൊലിയുടെ നിറം, രോമത്തിന്റെ രൂപവും നിറവും, കണ്ണിന്റെ നിറവും മടക്കുകളും, ചുണ്ടുകളുടെ രുപവും വളവുതിരിവുകളും, അരക്കെട്ടിലും തുടയിലും അസാധാരണമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് (സ്റ്റ്യാറ്റോപീജിയ) എന്നിവ ബാഹ്യപ്രകൃതിയില്‍ പെടുന്നു. മേല്‍പറഞ്ഞ എല്ലാ ഘടകങ്ങളുടെയും പഠനം ഒരുമിച്ച് ഒരേ സമയത്തു തുടങ്ങി എന്നു കരുതേണ്ട. എങ്കിലും തലയോട്ടി (ക്രേനിയല്‍/ സെഫാലിക്) സംബന്ധമായ സൂചകങ്ങള്‍ (ഇന്‍ഡക്‌സ്) ആദ്യം മുതലേ വംശീയ വിഭജന പദ്ധതികളുടെ പ്രധാനഘടകമായിരുന്നു. ഈ സൂചകം തലയോട്ടിയുടെ വീതിയും നീളവും തമ്മിലുള്ള അനുപാതമാണ് - വിശാലശിരസ്സ് (ബ്രാച്ചി- 80% +), മധ്യമവലിപ്പം (മെസോ- 75-80 %), ദീര്‍ഘശിരസ്സ് (ഡോലിക്കോ- 75% ല്‍ താഴെ). ഇതുപോലെ മൂക്കിന്റെ വീതിയും ഉയരവും തമ്മിലുള്ള അനുപാതം കൊണ്ട് മനുഷ്യരെ പ്‌ളാറ്റിറൈന്‍ (വീതികൂടിയത്- 85%, അതിലും കൂടുതലോ), മെസോറൈന്‍ (75-80 %, മധ്യവലിപ്പം), ലെപ്‌റ്റോറൈന്‍ (70%-ത്തില്‍ താഴെ, ഇടുങ്ങിയ മൂക്ക്) എന്നു മൂന്നായി തരം തിരിക്കാമെന്നും ഈ ആശയത്തിന്റെ വക്താക്കള്‍ വിശ്വസിക്കുന്നു...vamanan
No comments:
Post a Comment