Saturday, January 27, 2018

ബ്രഹ്മം നിര്‍ഗുണമാണ്. ആത്മാവും അപ്രകാരം . ഗുരുവും യഥാര്‍ത്ഥത്തില്‍ സര്‍വ്വവ്യാപിയായ നിര്‍ഗുണശക്തിതന്നെയാണ്. എന്നാല്‍ നിര്‍ഗുണ ശക്തിയായ ഗുരു മനുഷ്യരൂപം സ്വീകരിച്ചതുകൊണ്ട് നേരില്‍ ദര്‍ശിക്കാന്‍ കഴിയുന്നു. ഇതും ഈശ്വര തേജസിന്റെ ഒരു പ്രഭാവമാണ്. വ്യക്തിഭാവം സ്വീകരിച്ച ഒരു ഗുരുവിനുമാത്രമേ നിങ്ങളെ ഉപദേശിക്കാന്‍ കഴിയൂ. ശക്തി അദൃശ്യമായിരിക്കുമ്പോള്‍ ഇത് സാദ്ധ്യമല്ല. കാരണശരീരത്തിനപ്പുറം കടക്കാതെ നിങ്ങള്‍ക്ക് ആത്മാവിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയുകയില്ലല്ലോ. ഗുരുവാക്യത്തില്‍ പരിപൂര്‍ണ ശ്രദ്ധയുണ്ടായിരിക്കണം. അത് വേദവാക്യമാണ്. അമ്മ നിങ്ങള്‍ക്ക് പകര്‍ന്നുതന്നത് ജ്ഞാനമാണ്. എന്തെന്നാല്‍ ജ്ഞാനത്തിനു മാത്രമേ അജ്ഞതയെ നശിപ്പിക്കാനാകൂ. എന്നാല്‍ ഈശ്വരനേയും ഗുരുവിനേയും സംബന്ധിച്ച് നിങ്ങളുടെ നില എന്താണ്. നിങ്ങള്‍ ഈശ്വര ഭക്തന്മാരും അതേസമയം ശിഷ്യന്മാരുമാണ്. ഭക്തി നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭൂഷണമായി വിരാജിക്കണം. ഭക്തി ഈശ്വരനുമായുള്ള നിങ്ങളുടെ ബന്ധത്തെ മാധുര്യമുള്ളതാക്കും. ഭക്തിയിലൂടെയാണ് നിങ്ങള്‍ അദ്വൈതാനുഭൂതിയും പരമജ്ഞാനത്തിനും അര്‍ഹരാകുന്നത്. ഭക്തി വികസിപ്പിക്കാന്‍ നിങ്ങള്‍ക്കാദ്യമായി ഉണ്ടാവേണ്ടത് ശ്രദ്ധയാണ്. കര്‍മ്മവും ഭക്തിയും തമ്മിലും മനസ്സും സത്യവസ്തുവും തമ്മിലും ഗുരുവാക്യവും അന്തര്‍ജ്ഞാനവും തമ്മിലും ഇണക്കുന്ന കണ്ണിയാണ് ശ്രദ്ധ. ജ്ഞാനം ഭക്തി വൈരാഗ്യം ശ്രദ്ധ ഈ നാലില്‍ ഏതെങ്കിലുമാണ് തികച്ചും നിങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞാല്‍ മോഹപാശത്തിന്റെ ബന്ധത്തിനു ഒരിക്കലും നിങ്ങള്‍ പാത്രമാവുകയില്ല. വിഷയങ്ങളുടെ കെണിയില്‍ പതിക്കുന്നവന്‍ സംസാരാന്ധകാരത്തില്‍ ആണ്ടുപോവുകയേയുള്ളൂ. എന്നാല്‍ ഭക്തിയുടെ പുളകമനുഭവിക്കാന്‍ തുടങ്ങുന്നവര്‍ പുരോഗമിക്കുന്നു.ധൈര്യവും സമചിത്തതയും ആത്മവിശ്വാസവും വിവേകസ്ഫുടതയും മാത്രമല്ല ഈശ്വരദര്‍ശനവും ഭക്തി നിങ്ങള്‍ക്ക് നല്‍കും. ഭക്തി ചിത്തത്തെ ശുദ്ധീകരിക്കുന്നു. ശുദ്ധീകൃതമായ ചിത്തത്തിലാണ് ഭക്തി പ്രഫുല്ലമാകുന്നത്. ഇത് രണ്ടും സത്യമാണ്. സഗുണയുഗ്മത്തോടുള്ള ഭക്തിയാല്‍ ഈശ്വരരൂപം ചിത്തത്തില്‍ മുദ്രിതമായി വാസനകള്‍ ക്ഷയിക്കും. ഒടുവില്‍ ചിത്തം ചിത്സ്വരൂപമായിത്തീരും. എല്ലാ വാസനകളും ദേഹവാസനയെ അതായത് താന്‍ ഈശ്വരനാണെന്ന ബോധത്തേയും തന്മൂലം ശരീരത്തോട് തോന്നുന്ന മമതാ ബന്ധത്തേയും ആശ്രയിച്ചിരിക്കുന്നു. ആത്മനിഷ്ഠാപരമായ ഭക്തി ദേഹവിസ്മൃതിയെ ജനിപ്പിക്കുന്നു. സ്വാഭാവികമായി മറ്റ് വാസനകളും അതോടെ അറ്റുപോകുന്നു.  .janmabhumi

No comments: