Saturday, January 20, 2018

മാത്ര സുഷുപ്തിയേയും പ്രജ്ഞനേയും കുറിക്കുന്നു. ഈ മാത്രയില്‍ ഉപാസന ചെയ്യുന്നയാള്‍ക്ക് ദേവയാനമാണ് കിട്ടുക.
മൂന്നു മാത്രകളടങ്ങിയ ഓങ്കാരത്തെ 
ഉപാസിക്കുന്നവരെക്കുറിച്ച് പറയുന്നു-
യഃ പുനരേതം ത്രിമാത്രേണോമിത്യേതേനൈവാക്ഷരേണ
പരം പുരുഷമഭിധ്യായീത സതേജസി 
സൂര്യേസമ്പന്നഃ
യഥാ പാദോദരസ്ത്വചാ വിനിര്‍മുച്യത ഏവം ഹവൈ സ
പാപ്മനാ വിനിര്‍മ്മുക്തഃ സ സാമഭിരുണീയതേ ബ്രഹ്മലോകം
സ ഏത സ്മാജ്ജീവഘനാത് 
പരാത്പരം പുരിശയം
പുരുഷമീക്ഷതേ തദേതൗ ശ്ലോകൗ ഭവതഃ
മൂന്നു മാത്രകളോടുകൂടിയ ഓങ്കാരത്തെ 'ഓം' എന്ന അക്ഷരത്തെ പരമപുരുഷനായി ഉപാസിക്കുന്നയാള്‍ തേജോരൂപനായ സൂര്യനുമായി ചേരുന്നു. പാമ്പ് ഉറപൊഴിക്കുന്നതുപോലെ (പുറന്തൊലി സ്വയം കളയുന്നപോലെ)അയാള്‍ പാപങ്ങളില്‍ നിന്ന് മുക്തനാകുന്നു. സാമങ്ങള്‍ അദ്ദേഹത്തെ ബ്രഹ്മലോകത്തേക്ക് ഉയര്‍ത്തുന്നു. മൂന്ന് മാത്രയോടുകൂടിയ ഓങ്കാരത്തെ അറിയുന്നയാള്‍ ഹിരണ്യഗര്‍ഭനേക്കാള്‍ പരനായ പുരുഷനെ കാണുന്നു. ഈ അര്‍ത്ഥത്തില്‍ രണ്ട്  ശ്ലോകങ്ങള്‍ ഉണ്ട്.
ഓങ്കാരം ബ്രഹ്മപ്രതീകമാണ്. ഓങ്കാരവും ബ്രഹ്മവും തമ്മില്‍ വ്യത്യാസമില്ല. മൂന്ന് മാത്രകളെപ്പറ്റിയുള്ള അറിവോടുകൂടി ഓങ്കാരസ്വരൂപനായ സൂര്യാന്തര്‍ഗതനായ പരമപുരുഷനെ ധ്യാനിക്കുന്നയാള്‍ സൂര്യഭഗവാനെ പ്രാപിക്കുന്നു. തൃതീയ മാത്രയായ 'മ'കാര സ്വരൂപനായാണ് തേജോമയനായ സൂര്യനെ അറിയേണ്ടത്. സൂര്യനില്‍നിന്ന് പിന്നെ തിരിച്ചുവരേണ്ടതില്ല. സര്‍പ്പം പടം പൊഴിക്കുംപോലെ അശുദ്ധിരൂപമായ പാപമെല്ലാം നീങ്ങിയവനാകും. ത്രിതീയമാത്ര രൂപമായ സാമങ്ങള്‍ അദ്ദേഹത്തെ ഹിരണ്യഗര്‍ഭന്‍ എന്ന ബ്രഹ്മത്തിന്റെ ലോകമായ സത്യലോകത്തേക്ക് ഉയര്‍ത്തും. എല്ലാ ജീവികളുടേയും ആത്മാവായിരിക്കുന്നതിനാല്‍ ഹിരണ്യഗര്‍ഭനെ ജീവഘനന്‍ എന്ന് വിശേഷിപ്പിക്കുന്നു. ത്രിമാത്രാ ഉപാസകന്‍ പിന്നീട് ഹിരണ്യഗര്‍ഭനേക്കാള്‍ പരനായ പരമാത്മാവായ പുരുഷനെ കാണും, അഥവാ സാക്ഷാത്കരിക്കും.
ഓങ്കാരത്തിന്റെ മൂന്നാമത്തെ മാത്ര സുഷുപ്തിയേയും പ്രാജ്ഞനേയും കുറിക്കുന്നു. ഈ മാത്രയില്‍ ഉപാസന ചെയ്യുന്നയാള്‍ക്ക് ദേവയാനമാണ് കിട്ടുക. അതുവഴി സൂര്യനില്‍ എത്തിയാല്‍ തിരിച്ചുവരവില്ല. പാപങ്ങള്‍ തീര്‍ന്ന അയാളെ ബ്രഹ്മലോകത്തിലേക്ക് ഉയര്‍ത്തും. പിന്നീട് മോക്ഷവും ലഭിക്കും. ഭഗവദ്ഗീത എട്ടാം അദ്ധ്യായത്തില്‍ ഇതേ ആശയത്തെ 'ഓമിത്യേകാക്ഷരം ബ്രഹ്മ.......' എന്ന ശ്ലോകംകൊണ്ട് വിവരിച്ചിട്ടുണ്ട്.
പ്രണവോപാസനയുടെ മാഹാത്മ്യം പറയുന്ന രണ്ട് മന്ത്രങ്ങളെ ഇനി ഉദ്ധരിക്കുന്നു-
തിസ്രോ മാത്രാ മൃത്യുമത്യഃ പ്രയുക്താഃ
ക്രിയാസു ബാഹ്യാന്തരമധ്യമാസു
സമ്യക് പ്രയുക്താസു ന കമ്പതേ ജ്ഞഃ
അകാരം, ഉകാരം, മകാരം എന്നിങ്ങനെയുള്ള ഓങ്കാരത്തിന്റെ മൂന്ന് മാത്രകള്‍ മൃത്യുവിന് വിഷയമാണ്. പ്രത്യേകമായും ബ്രഹ്മദൃഷ്ടിയോടു കൂടാതെയും അവയെ ഉപാസിക്കുന്നവര്‍ മരണത്തെ മറികടക്കുന്നില്ല. അവ ആത്മധ്യാന വിഷയത്തില്‍ ഉപയോഗിക്കുന്നവയും പരസ്പരം ബന്ധപ്പെട്ടവയുമാണ്.  ഓങ്കാരത്തിന്റെ തത്ത്വമറിയുന്ന ജ്ഞാനിക്ക് ഒരിക്കലും ഇളക്കമുണ്ടാകില്ല. മാത്രാത്രയ രൂപമായി ഓങ്കാരത്തെ മൂന്ന് അവസ്ഥകള്‍ക്കും സാക്ഷിയായ ആത്മാവായി ഉപാസിക്കുന്നയാള്‍ സര്‍വ്വാത്മാവായി മാറും. അയാള്‍ക്ക് ഒരുതരത്തിലുള്ള ചലനവും ഉണ്ടാകില്ല.
ജാഗ്രത്, സുഷുപ്തി, സ്വപ്നം എന്ന ബാഹ്യവും ആന്തരവും മധ്യമവുമായ സ്ഥാനങ്ങളില്‍ വിശ്വന്‍, പ്രാജ്ഞന്‍, തൈജസന്‍ എന്നീ അവസ്ഥാത്രയ അഭിമാനപുരുഷന്മാരെ മൂന്നു മാത്രകളുടെ പ്രതീകമായി ഉപാസിക്കണം. അങ്ങനെ വേണ്ടപോലെ ചെയ്യുന്ന ജ്ഞാനിക്ക് ഒരു ഇളക്കവുമുണ്ടാകില്ല. ഈ മൂന്നു മാത്രകളുടെയും സാധാരണ ഉപാസന ഫലം മരണത്തിനപ്പുറം കടത്തില്ല. ഈ സംസാരത്തില്‍ പെടുത്തിക്കളയും. അതിനാല്‍ ജാഗ്രത് സ്വപ്നസുഷുപ്തി പുരുഷന്മാരെ അവരുടെ സ്ഥാനങ്ങളില്‍ മാത്രത്രയ രൂപമായ ഓങ്കാരമായി ഉപാസിക്കുമ്പോള്‍ ഓങ്കാരമയനായിത്തീരും. താന്‍ അല്ലാതെ മറ്റൊന്നില്ല എന്ന ആ അവസ്ഥയില്‍ മനസ്സിന് വിക്ഷേപമുണ്ടാകില്ല. അതിനാല്‍ ജ്ഞാനിക്ക് ഇളക്കമില്ല.
ഓരോ മാത്രകളേയും പ്രത്യേകം ഉപാസിക്കുന്നവര്‍ക്കുള്ള ഫലത്തെ പറയുന്നു.
ഋഗ്ഭിരേതം യജ്ജുര്‍ഭിരന്തരിക്ഷം
സാമഭിര്യത് തത്കവയോ വേദയന്തേ
തമോങ്കാരേണൈവായതനേസന്വേതി വിദ്വാന്‍
യത്തച്ഛാന്തമജരമമൃതഭയം പരംചേതി
ഋക്കുകളെക്കൊണ്ട് മനുഷ്യലോകത്തേയും യജുസ്സുകളെക്കൊണ്ട് ചന്ദ്രലോകത്തേയും സാമങ്ങളെക്കൊണ്ട് ബ്രഹ്മലോകത്തേയും ഓങ്കാര ഉപാസകര്‍ പ്രാപിക്കുന്നു. അ, ഉ, മ എന്നീ മാത്രകളെ പ്രത്യേകമായി ഉപാസിക്കുന്നവര്‍ക്കാണ് ഈ ഫലം. അപരബ്രഹ്മരൂപമായ മൂന്നുലോകങ്ങളെയാണ് പ്രത്യേക ഉപാസനയിലൂടെ കിട്ടുക. ഓങ്കാര സാധനയാല്‍ ശാന്തയും ജരയില്ലാത്തതും അമൃതവും അഭയവും പരമവുമായ സ്ഥാനത്തേ കൈവരിക്കുവാന്‍ പ്രണവ തത്ത്വമറിയുന്നവര്‍ക്ക് സാധിക്കുന്നു. 'ഏതം' എന്ന വാക്ക് മനുഷ്യലോകത്തേയും 'അന്തരീക്ഷം' എന്ന് പറഞ്ഞത് ചന്ദ്രലോകത്തെയാണ്. 'കവികള്‍ അറിയുന്നത്' എന്നത് ബ്രഹ്മലോകത്തെയും കുറിക്കുന്നു. ശാന്തം എന്നാല്‍ ജാഗ്രത് തുടങ്ങിയ വിശേഷങ്ങളും പ്രപഞ്ചവുമില്ലാത്തത്. അത് നാശമില്ലാത്തതും എല്ലാറ്റിനും അതീതവുമായതാണ്. ഓങ്കാര സാധനകൊണ്ട് ആ പരമപദത്തില്‍ വിദ്വാന്‍ എത്തിച്ചേരും.
ഇതി എന്ന് ഉപയോഗിച്ചത് അഞ്ചാം പ്രശ്‌നം അവസാനിച്ചു എന്ന് കാണിക്കാനാണ്.

No comments: