Sunday, January 28, 2018

എന്താണോ തുടക്കത്തില്‍ ഒരു ശിക്ഷണമെന്ന നിലയില്‍ ആചരിക്കപ്പെടുന്നത് അത് ഒരു ശീലമായി മാറുകയും ക്രമേണ ആഹ്‌ളാദപ്രദമായ ഒരു നിത്യകര്‍മ്മമായി രൂപം കൊള്ളുകയും ചെയ്യും.
കുഞ്ഞുങ്ങളുടെ ഇളംമനസ്സുകളില്‍ ഗാഢമായ ഈശ്വരവിശ്വാസവും ധാര്‍മ്മികജീവിതത്തിലുള്ള ആദരവും വളര്‍ത്തിയെടുക്കുവിന്‍. എന്നും പ്രഭാതഭക്ഷണം നല്‍കുന്നതിനു മുമ്പ് അവര്‍ക്കിഷ്ടമില്ലെങ്കില്‍കൂടിയും അല്‍പസമയം ഈശ്വരനെ ഭജിക്കാനും നാമജപം ചെയ്യാനും നിര്‍ബന്ധിക്കണം. അങ്ങിനെയാകുമ്പോള്‍ അചിരേണ അതൊരു പതിവായി തീര്‍ന്നുകൊള്ളും.
ക്രമേണ ഈശ്വരവിശ്വാസം വേരുറയ്ക്കുകയും, നല്ല സംസ്‌ക്കാരങ്ങള്‍ രൂപം കൊള്ളുകയും, അവര്‍ വളരുന്നതോടുകൂടി ഭക്തി സ്വയം ഉദിക്കുകയും ചെയ്യും. യഥാര്‍ത്ഥ സംസ്‌കൃതിയിലേക്ക് അവരെ നയിക്കേണ്ട മാര്‍ഗ്ഗം ഇതാണ്. ഇന്നത്തെ ശിശുക്കളാണ് നാളത്തെ തലമുറ. നിങ്ങളെ ഏല്‍പിച്ചിട്ടുള്ള പാവനമായ നിക്ഷേപമാണവര്‍. അവരെ മാതൃകകളായ,ധര്‍മ്മനിരതരായ ഈശ്വരവിശ്വാസികളായ പൗരന്മാരായി വളര്‍ത്തി ഭൂമാതാവിന്റെ തൃച്ചേവടികളില്‍ അര്‍പ്പിക്കേണ്ടത് നിങ്ങളുടെ പാവനമായ ധര്‍മ്മമാണ്.
പുരാതനകാലങ്ങളില്‍ ആദ്ധ്യാത്മകതയോടുള്ള മമതയും,ധര്‍മ്മത്തോടുള്ള പ്രേമവും,സത്യനിഷ്ഠയും നിരവധി ഗൃഹസ്ഥാശ്രമികളില്‍ ഏറിയതോതില്‍ കണ്ടുവന്നിരുന്നു. അതുകാരണം രാജ്യം ഉല്‍ക്കര്‍ഷം പ്രാപിച്ചും,സമൂഹം സ്‌നേഹസംഘടിതമായും ഗൃഹങ്ങള്‍ സംസ്‌ക്കാര കേന്ദ്രങ്ങളായും വിളങ്ങിയിരുന്നു. ഭൗതികസംസ്‌ക്കാരത്തിന്റെ വേലിയേറ്റത്തോടെ ഇതിനു മാറ്റം വന്നു. ഭാരതീയ സംസ്‌ക്കൃതി അനശ്വരമാണ്. പക്ഷേ അതു രാഹുഗ്രസ്തമായിരിക്കുന്നു. അതിനെ പുനരുദ്ധരിക്കണം. എങ്കില്‍ മാത്രമേ രാജ്യത്തിനു പഴയ മഹിമ വീണ്ടെടുക്കാനും അതിലും മഹത്തരമായ മഹിമകളിലേക്കു കുതിച്ചുയരാനും സാദ്ധ്യമാകൂ.

No comments: