Saturday, January 27, 2018

ചരിത്രപരവും സാംസ്‌കാരികവുമായ തെളിവുകളുടെ മുന്നില്‍ തങ്ങളുടെ ആര്യന്‍വാദത്തിന്റെ കോട്ടകള്‍ ഒന്നൊന്നായി തകര്‍ന്നടിഞ്ഞപ്പോള്‍ അതിന്റെ വക്താക്കള്‍ മനുഷ്യശരീരഘടനയില്‍ കാണപ്പെടുന്ന വ്യത്യാസങ്ങളിലൂന്നിക്കൊണ്ട് തങ്ങളുടെ പ്രിയപ്പെട്ട സിദ്ധാന്തത്തെ പുനസ്സംഘടിപ്പിക്കാന്‍ ഒരുമ്പെട്ടു. ഒരു ജീവിയുടെ സവിശേഷതകളെ നിര്‍ണ്ണയിക്കുന്നത് അതിന്റെ വാസസ്ഥലമാണെന്ന ജീവശാസ്ത്രപരവും (ബയോളജിക്കല്‍) പ്രകൃതിശാസ്ത്രപരവും (എക്കോളോജിക്കല്‍) ആയ സുചിക (ഇന്‍ഡക്‌സ്) യെ കണ്ടില്ലെന്നു നടിച്ചാണ് അവര്‍ ഇതിനു തുനിഞ്ഞതെന്നു തോന്നുന്നു. വര്‍ണ്ണബോധമുള്ളവരാണ് ഇന്ത്യക്കാരെങ്കിലും, വെളുപ്പും കറപ്പും നിറങ്ങള്‍ ഏതെങ്കിലും പ്രദേശത്തുമാത്രമായി കാണപ്പെടുന്നില്ല. സത്യത്തില്‍ ആ നിറങ്ങള്‍ എല്ലാ സമുദായങ്ങളിലും പ്രദേശങ്ങളിലുമായി വ്യത്യസ്ത തോതുകളില്‍ പരന്നു കിടക്കുന്നതായി കാണാം.
പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകള്‍ എന്നിവ വേണ്ടതോതില്‍ കഴിക്കാതെ ഇന്ത്യയെപ്പോലുള്ള ഉഷ്ണരാജ്യത്ത് തുറസ്സായ സ്ഥലത്ത് പണിയെടുക്കുന്നവരുടെ ദേഹത്തിന് ഇരുനിറമോ കറുപ്പു തന്നെയോ ഉണ്ടാകും. താരതമ്യേന വെയിലധികം കൊള്ളാതെ വിശ്രമജീവിതം നയിക്കുകയും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നവരുടെ ദേഹത്തിന് വെണ്മയും ആകര്‍ഷകമായ ശരീരവടിവും ഉണ്ടായിരിക്കും. ഉഷ്ണപ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ത്ത പാശ്ചാത്യരുടെ മൂന്നാം തലമുറക്കാരുടെ തൊലിയും കണ്ണും കറപ്പുനിറം ആകുകയും അമേരിക്കയിലെ നീഗ്രോകള്‍ക്ക് അവിടെ കേറിപ്പാര്‍ത്ത പാശ്ചാത്യരുടെ നിറത്തോടടുത്ത നിറം കൈവരുകയും ചെയ്യുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ പോര്‍ച്ചുഗീസുകാരുടെ അനന്തരതലമുറക്കാര്‍ ഇന്ത്യക്കാരേക്കാള്‍ കറുത്തവരായെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് നിറംമാറ്റത്തിനു കാരണം കാലാവസ്ഥ തന്നെയാണെന്നു  ബിഷപ്പ് കാള്‍ഡ്വെല്‍ തന്റെ എ കംപാരേറ്റീവ് ഗ്രാമര്‍ ഓഫ് ദ്രവീഡിയന്‍ ലാംഗ്വേജസ് എന്ന പുസ്തകത്തില്‍ പറയുന്നു. 
ഡോക്ടര്‍ എസ്. എന്‍. സദാശിവന്‍ ആര്യ-ദ്രാവിഡവാദം, ഇന്‍ഡോ-യൂറോപ്പ്യന്‍ ഭാഷ, വ്യത്യസ്തശരീരാകൃതികളുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്കാരെ വിഭജിക്കല്‍ തുടങ്ങിയ ആംഗ്‌ളോ- ജര്‍മ്മന്‍ പണ്ഡിതരുടെ സൃഷ്ടികള്‍ക്കു പിന്നിലെ ഗൂഢോദ്ദേശങ്ങള്‍, ആ സിദ്ധാന്തങ്ങളുടെ വിവിധവശങ്ങള്‍, അവയെല്ലാം തന്നെ കേവലം കെട്ടിച്ചമച്ച നുണക്കഥകള്‍ മാത്രമാണെന്നു പല പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങളും യുക്തികളും ശാസ്ത്രീയ നിഗമനങ്ങളും നിരത്തി തെളിയിക്കല്‍, ഇന്ത്യക്കാര്‍ പുറമേ നിന്നും വന്നവരല്ല ഇന്നാട്ടുകാര്‍ തന്നെയാണ്എന്ന സത്യം സ്ഥാപിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് തന്റെ കാഴ്ച്ചപ്പാടിലൂടെ നടത്തിയ പരിശ്രമത്തെ അല്‍പം വിശദമായി നാം കണ്ടു.
പാശ്ചാത്യ പണ്ഡിതന്മാര്‍ അവരുടെ അധീശത്വ(ഹെജുമണി) മനോഭാവത്താല്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ അവരുടെ സര്‍വസന്നാഹങ്ങളുമുപയോഗിച്ച് പടച്ചതും മെക്കാളെയുടെ കുപ്രസിദ്ധമായ വിദ്യാഭ്യാസ പദ്ധതിയിലൂടെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി അടിച്ചേല്‍പ്പിച്ചതും പ്രചരിപ്പിച്ചതുമായ ഇത്തരം അബദ്ധങ്ങളായ ആശയങ്ങളെ ജനമനസ്സില്‍ നിന്നും വേരോടെ പിഴുതെറിയാനുള്ള പരിശ്രമങ്ങള്‍ക്ക് ഇന്ന് ഊര്‍ജ്ജം കൂടിവരുന്നു. ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ ഇതിനാക്കം കൂട്ടുന്നു. ഉദാഹരണത്തിന് വേദപുരാണാദികളില്‍ വര്‍ണ്ണിക്കപ്പെടുന്ന, അന്തര്‍ധാനം ചെയ്തു എന്നു വിശ്വസിക്കപ്പെടുന്ന, സരസ്വതീനദി വേദത്തിലെ സപ്തസിന്ധുപ്രദേശത്തുകൂടി ഒഴുകിയിരുന്ന വഴി സ്ഥിരീകരിച്ചത് ശാസ്ത്രസഹായത്തോടെയാണ്.  ഡോക്ടര്‍ സദാശിവന്‍ തെളിവില്ലാത്തതിനാല്‍ ഇതു വൈദികര്‍ മെനഞ്ഞ കെട്ടുകഥയാണെന്നു തന്റെ പുസ്തകത്തില്‍ പറയുന്നു. ഹിന്ദുവിരുദ്ധസ്വദേശിവിദേശിപണ്ഡിതര്‍ ഈ നദി ഭാരതത്തിനു വെളിയിലുള്ളതാണെന്നു പറഞ്ഞു നടന്നിരുന്നു. മിഷേല്‍ ഡാനിനോ, ഡേവിഡ് ഫ്രോളി, കല്യാണരാമന്‍, രാജാറാം, നാഗസ്വാമി, സുഭാഷ്‌കക്ക്, രാജീവ് മല്‍ഹോത്ര തുടങ്ങിയ വിദേശികളും സ്വദേശികളും ആയ നാനാതുറകളിലുള്ള പണ്ഡിത•ാര്‍ ഈ വിഷയത്തില്‍ പഠനഗവേഷണങ്ങള്‍ നടത്തി ആധികാരിക ഗ്രന്ഥങ്ങളും ഈടുറ്റ ലേഖനങ്ങളും സംവാദങ്ങളും നടത്തിക്കൊണ്ട് ഈ രംഗത്ത് ഇന്ന് സജീവമാണ്.
ദി ഇന്‍വേഷന്‍ ദാറ്റ് നെവര്‍ വാസ്, ദി ലോസ്റ്റ് റിവര്‍- ഓണ്‍ ദി ട്രെയില്‍സ് ഓഫ് സരസ്വതി, ഇന്‍ സേര്‍ച്ച് ഓഫ് ദി ക്രേഡില്‍ ഓഫ് സിവിലിസേഷന്‍, ദി പൊളിറ്റിക്‌സ് ഓഫ് ഹിസ്റ്ററി- ആര്യന്‍ ഇന്‍വേഷന്‍ തിയറി ആന്‍ഡ് ദി സബ്വേര്‍ഷന്‍ ഓഫ് സ്‌കോളര്‍ഷിപ്പ്, സരസ്വതീ- വേദിക് റിവര്‍ ആന്‍ഡ് ഹിന്ദു സിവിലിസേഷന്‍, തമിള്‍നാഡു- ദി ലാന്‍ഡ ഓഫ് ദി വേദാസ്, അക്കാഡമിക് ഹിന്ദു ഫോബിയ, ദി ബാറ്റില്‍ ഫോര്‍ സാന്‍സ്‌ക്രിറ്റ്, ബ്രേക്കിങ്ങ് ഇന്ത്യ, ദി അസ്‌ട്രോണമിക്കല്‍ കോഡ് ഓഫ് ദി ഋഗ്വേദ തുടങ്ങിയ പുസ്തകങ്ങള്‍ നമ്മുടെ ശരിയായ  ചരിത്രം മനസ്സിലാക്കാന്‍ നമ്മെ വളരെയേറെ സഹായിക്കും. ഇവ വായിക്കുമ്പോഴാണ് ഇടതുപക്ഷ പണ്ഡിതര്‍ പാശ്ചാത്യകെട്ടുകഥകളെ പിന്തുടര്‍ന്ന് അതേ ദുരുദ്ദേശ്യത്തോടെ ഇന്നും നമ്മുടെ ചരിത്രത്തിന് വികലവ്യാഖ്യാനങ്ങളാണ് നല്‍കുന്നതെന്നു നമുക്ക് ബോദ്ധ്യമാകുക. 
ഇത്തരത്തില്‍ പ്രധാനപ്പെട്ട ഒരു പുസ്തകമാണ് ആര്‍ക്കിയോളജിസ്റ്റ് (പുരാവസ്തു ശാസ്ത്രജ്ഞന്‍) ആയ ദിലീപ് കെ. ചക്രബര്‍ത്തി എഴുതിയ ഇന്ത്യ ആന്‍ ആര്‍ക്കിയോളജിക്കല്‍ ഹിസ്റ്ററി (2001). പുരാതനചരിത്രരചനയ്ക്ക് ഏറ്റവും ആധികാരിക അവലംബം ആയി ചരിത്രകാരന്‍മാര്‍ കരുതുന്നത് പുരാവസ്തുശാസ്ത്രത്തെയാണ്. ഹിന്ദുക്കളുടെ ചരിത്രവുമായി ബന്ധപ്പെട്ട് ഏറ്റവും അടുത്തകാലത്തു സ്ഥിരീകരിച്ച പുരാവസ്തുശാസ്ത്രനിഗമനങ്ങളെയും ഈ പഠനം ഉള്‍ക്കൊള്ളുന്നു എന്നതാണ് ഈ പുസ്തകത്തെ കുടുതല്‍ ശ്രദ്ധേയവും ആധികാരികവുമാക്കുന്നത്.
ഈ പുസ്തകത്തിലെ ഏന്‍ഷ്യന്റ് ഇന്ത്യ- ദി ഇംപോര്‍ട്ടന്‍സ് ഓഫ് ആര്‍ക്കിയോളജിക്കല്‍ എവിഡെന്‍സ് എന്ന ആമുഖഅദ്ധ്യായത്തില്‍ പാശ്ചാത്യപണ്ഡിതരുടെ ഉള്ളിലിരുപ്പ് തുറന്നുകാട്ടുന്നതോടൊപ്പം അവര്‍ ഭാവനയില്‍ മെനഞ്ഞെടുത്ത മേല്‍വിവരിച്ച വാദങ്ങളെ വ്യക്തമായി നിരാകരിക്കുകയും ചെയ്യുന്നു.
യാഥാര്‍ത്ഥ്യം എന്ത് എന്ന ചോദ്യത്തിന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ (1968-72) ആയിരുന്ന പ്രഫ. ബി. ബി. ലാല്‍ പറയുന്നത് ഇപ്രകാരമാണ്: 'കുറേക്കാലങ്ങളായി തുടര്‍ച്ചയായി ചില നിഗമനങ്ങള്‍ ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടിനെ വികലമാക്കിക്കൊണ്ടിരിക്കുകയാണ്.
1. വേദങ്ങള്‍ക്ക് 1200 ബിസിഇയേക്കാള്‍ (Before Common Era) പഴക്കമില്ല. വൈദിക ജനത നാടോടികള്‍  ആയിരുന്നു.
2. 3000 ബിസിഇ- യില്‍ ഉണ്ടായതെന്ന കരുതാവുന്ന ഹാരപ്പന്‍ നാഗരികതയുടെ ഉപഞ്ജാതാക്കള്‍ ദ്രാവിഡഭാഷ സംസാരിക്കുന്നവരായിരുന്നു. ഈ നാഗരികതയെ ആര്യന്‍ ആക്രമണകാരികള്‍ നിശ്ശേഷം നശിപ്പിച്ചു.
3. ആര്യന്‍ ആക്രമണം എന്നൊന്നില്ലായിരുന്നു എന്നുതെളിയിക്കപ്പെട്ടപ്പോള്‍ ആര്യന്മാര്‍ മധ്യേഷ്യയില്‍ Bactria-Margiana Archeilogical Complex നിന്നുള്ള കുടിയേറ്റക്കാരാണ് എന്ന് മറ്റൊരു സിദ്ധാന്തം പ്രചരിപ്പിക്കപ്പെട്ടു.
സമീപകാലത്ത് രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളില്‍ നടത്തിയ  ഉത്ഖനനങ്ങളും വൈദികഗ്രന്ഥങ്ങളുടെ പുതിയ പഠനവും മേല്‍പ്പറഞ്ഞ മൂന്നു സിദ്ധാന്തങ്ങളും അടിസ്ഥാന രഹിതമാണെന്ന് തെളിയിച്ചിരിക്കുന്നു.
ഇന്ന് താഴെപ്പറയുന്ന അഞ്ചു കാര്യങ്ങളെക്കുറിച്ച് നമുക്ക് വ്യക്തതയുണ്ട്, തീര്‍ച്ചയുണ്ട്. 
1. ഋഗ്വേദം 2000 ബിസിഇ-യേക്കാള്‍ വളരെയേറെ പഴക്കമുളളതാണ്. ഈ ഗ്രന്ഥത്തിന്റെ സൂക്ഷ്മപഠനത്തിലൂടെ തെളിയുന്നത് ഋഗ്വേദകാലത്തെ ജനത നാടോടികളായിരുന്നില്ല എന്നതാണ്.
2. ഋഗ്വേദത്തിന്റെ പ്രദേശവും ഹാരപ്പന്‍ നാഗരികതയുടെ പ്രദേശവും ഒന്നുതന്നെയാണ്. വൈദികസംസ്‌കാരവും ഈ നാഗരികതയും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ മാത്രമാണ്.
3. ഹാരപ്പന്‍ നാഗരികത നാമാവശേഷം ആയില്ല. നേരേമറിച്ച് അതിന്റെ പല സവിശേഷതകളും ഇന്നും കാണാം.
4. ഹാരപ്പന്‍ നാഗരികതയുടെ വേരുകള്‍ സി-14 റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ 5000 ബിസിഇ-യിലേക്കോ അതിലും പിന്നോട്ടോ നീളുന്നു. അതായത് ഹാരപ്പന്‍- വേദിക് ജനതകള്‍ ആക്രമണകാരികളോ കുടിയേറ്റക്കാരോ ആയിരുന്നില്ല എന്നു മാത്രമല്ല സ്വദേശികള്‍ (ഇന്‍ഡിജിനസ്) തന്നെയായിരുന്നുവെന്നും തീര്‍ച്ചപ്പെടുത്താം.

No comments: