Wednesday, January 24, 2018

ഡോ. സദാശിവന്റെ അഭിപ്രായത്തില്‍ ഋഗ്വേദം ശതദ്രീ (സത്‌ലജ്- ഗ്രീക്കുകാര്‍ ഇതിനെ ഹെസിഡ്രസ് എന്നു വിളിച്ചു), വിപാസാ (ബിയാസ്), പരുഷ്ണീ (ഇരാവതി, ഐരാവതീ, റാവി), അസ്‌കിനീ (ചന്ദ്രഭാഗാ, ചെനാബ്), വിതസ്താ (ഝലം, ഗ്രീക്കില്‍ ഹിഡാസ്പസ്), സരസ്വതീ (പിന്നീട് അന്തര്‍ധാനം ചെയ്തതായി കരുതുന്നു) എന്നീ ആറു നദികളുടെ തീരങ്ങളില്‍ താമസിച്ച തുര്‍വസര്‍, യദൂക്കള്‍, അനര്‍, ദ്രുഹ്യൂക്കള്‍, പുരൂക്കള്‍ എന്നീ അഞ്ച് ഗോത്രങ്ങളുടെ സംഘടിത ജീവിതത്തെ വെളിപ്പെടുത്തുന്നു. 
ആദ്യം ഈ അഞ്ചു ഗോത്രങ്ങളുടെയും ആറു നദികളുടെയും…ദേശത്തെ ബ്രാഹ്മണാവര്‍ത്തം എന്നു വിളിച്ചിരുന്നു. ഈ പേരിട്ടത് വേദമന്ത്രങ്ങള്‍ നിര്‍മ്മിക്കുകയും അവയെ ആദ്യം ഋഗ്വേദം ആയി സമാഹരിക്കുകയും ഋഷികളുടെ പ്രാമാണ്യത്തിലധിഷ്ഠിതമായ ഒരു സമൂഹമെന്ന ആശയം മുന്നോട്ടു വെയ്ക്കുകയും ചെയ്ത ഋഷിമാരുടെ ബഹുമാനാര്‍ത്ഥം ആയിരുന്നു. ഈ ഋഗ്വേദത്തില്‍ നിന്നും മന്ത്രങ്ങളെ സ്വരത്തോടുകൂടി ചൊല്ലാനുള്ള സാമവേദം, ലിഖിത നിയമങ്ങള്‍ക്കനുസൃതമായി യാഗങ്ങള്‍ ചെയ്യാനുള്ള യജുര്‍വേദം എന്നീ രണ്ടു വേദങ്ങളേയും പിന്നീട് അവര്‍ നിര്‍മ്മിച്ചു. കാലം കുറേ കഴിഞ്ഞ് വംശവര്‍ദ്ധന ഉണ്ടായപ്പോള്‍ ഈ ഗോത്രങ്ങള്‍ വിഭജിക്കപ്പെട്ടു. അപ്പോള്‍ അവര്‍ ഒരുമ, ഐക്യദാര്‍ഢ്യം, ഗോത്രത്തിന്റെ വ്യക്തിത്വം വേണ്ടതുപോലെ പ്രകടമാക്കല്‍ എന്നിവയ്ക്കുവേണ്ടി ഈ ഗോത്രങ്ങളെയെല്ലാം ആര്യന്‍ എന്ന ഒരു പൊതുപേരിനാല്‍ അറിയപ്പെടാന്‍ വേണ്ടി ബ്രാഹ്മണാവര്‍ത്തം എന്ന പഴയ പേരിനു പകരം ആര്യാവര്‍ത്തം എന്ന പേരിട്ടു. അതായത് ആര്യന്‍ എന്ന പദം ജനബാഹുല്യത്താല്‍ ഇനി ഒന്നായി മുന്നോട്ടുപോകാന്‍ ഒരു പൊതുപേര് ആവശ്യമാണെന്ന് ആ പഞ്ചഗോത്ര നേതൃത്വത്തിന് ബോധ്യം വന്നതു കൊണ്ട് ഉണ്ടായതാണെന്നു സാരം.
ആറു നദികളാല്‍ ജലസേചനം ചെയ്യപ്പെടുന്ന പ്രദേശത്ത് ജീവിച്ചുപോന്ന പഞ്ചജനങ്ങള്‍ എന്നു ഋഗ്വേദം വിവരിക്കുന്ന ആ അഞ്ചു ഗോത്രക്കാരാണ് അവരുടെ കാലത്തെ ലോകത്ത് മൂന്നു വേദങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള ഒരു സംഘടിത സമാജത്തിന് ആദ്യമായി രൂപം കൊടുത്തത്. ഋഗ്വേദം (ഭാഗം 1, പുസ്തകം 7, മന്ത്രം 101) വേദങ്ങള്‍ മൂന്നെണ്ണം മാത്രമാണെന്ന് തീര്‍ത്തുപറയുന്നു. നാലാമത്തേതായ അഥര്‍വവേദം പിന്നീടുള്ള സൃഷ്ടിയാണ്. അഥര്‍വന്‍ എന്ന ഋഷിയാണ് അത് നിര്‍മ്മിച്ചത്. രാജനൈതികമായി ഒരു സംയുക്ത ഭരണത്തിന്റെ അടിസ്ഥാന സിദ്ധാന്തം എന്ന നിലയ്ക്കാണത്രെ അതുണ്ടാക്കിയത്. 
മൃഗബലിയിലൂടെ വിവിധ ഗണങ്ങളിലുള്ള ദേവതകളുടെ ആരാധന, സോമം, സുരാ എന്ന ഒരു തരം മദ്യം എന്നിവ യഥേഷ്ടം ഉണ്ടാക്കി ആവോളം കുടിക്കുക, മദമത്തരായി കൂട്ടംകൂടുക, വേദം വിഭാവനം ചെയ്യുന്ന തരത്തിലുള്ള സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കായി മുഴുവന്‍ സമൂഹത്തെയും നാലായി തരം തിരിക്കുക എന്നിങ്ങനെയുള്ള വൈദിക സിദ്ധാന്തങ്ങളെ സ്വീകരിക്കാന്‍ സ്വാഭാവികമായും ആ അഞ്ചു ഗോത്രങ്ങളിലുള്ള എല്ലാവരും തയ്യാറായില്ല. സങ്കീര്‍ണ്ണവും വേദനാജനകങ്ങളായ ചടങ്ങുകളുള്ളതും വിവേചനപരമായ സമൂഹഘടനയുള്ളതുമായ വൈദികമതം അടിച്ചേല്‍പ്പിക്കുന്നതിനെ ആ ഗോത്രങ്ങളിലെ ന്യൂനപക്ഷം എതിര്‍ക്കുകയും ബഹിഷ്‌കരിക്കുകയും ചെയ്തു. അവരെ ദാസന്മാര്‍ എന്നു വിളിക്കുകയും വേട്ടയാടാന്‍ വൈദികരായ ഭൂരിപക്ഷം ഒരുമ്പെടുകയും ചെയ്തു എന്നാണ് വേദങ്ങളില്‍ കാണുന്ന ആര്യ-ദസ്യു ദ്വന്ദ്വത്തിനു ഡോ. സദാശിവന്‍ നല്‍കുന്ന വിശദീകരണം. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഇരുകൂട്ടരും മേല്‍പ്പറഞ്ഞ പഞ്ചഗോത്രക്കാര്‍ തന്നെയാണ്, വേറെവേറെ വംശക്കാരല്ല.
    വൈദിക സമൂഹ ഘടനയ്ക്ക് ആരാധകരും അനുയായികളും ഏറിവന്നതോടെ ആര്യന്‍ എന്ന പദത്തിന് ഒരു മാസ്മരിക പ്രഭാവം ഉണ്ടായി. പലരും ആര്യനാകാന്‍ കൊതിച്ചു, അഭിമാനിച്ചു. ശ്രേഷ്ഠന്‍, മാന്യന്‍, സാംസ്‌കാരികമായി ഉയര്‍ന്നവന്‍ എന്നെല്ലാം അര്‍ത്ഥങ്ങള്‍ ആ പദത്തിനു കൈവന്നു. ഗൗതമബുദ്ധന്‍ തന്നെ നാല് ആര്യസത്യങ്ങളാണുപദേശിച്ചത്, ആര്യസംഘത്തെയാണ് സ്ഥാപിച്ചത്. റിച്ചാര്‍ഡ് എ. ഗാര്‍ഡിന്റെ അഭിപ്രായത്തില്‍ ബുദ്ധമതത്തില്‍ ആര്യന്‍ എന്നതിന് വംശപരമോ, സാമൂഹ്യമോ ആയ അര്‍ത്ഥമില്ല. ബുദ്ധമതം സ്വീകരിച്ചയാള്‍ ആര്യനും മറ്റുള്ളവര്‍ പൃഥഗ്ജനങ്ങളും ആണത്രെ. ക്‌ളാസിക്കല്‍ സംസ്‌കൃതത്തിന്റെ കാലഘട്ടത്തില്‍ രാജാക്കന്മാരെ രാജപത്‌നിമാര്‍ ആര്യ, ആര്യപുത്ര എന്നാണ് വിളിച്ചിരുന്നത്. വിന്‍സന്റ് എ. സ്മിത്തിന്റെ അഭിപ്രായം ആര്യപദം ആദ്യകാലത്ത് സ്വന്തക്കാര്‍ എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരുന്നത്. പിന്നീട് ജന്മം കൊണ്ട് ഉയര്‍ന്നവന്‍ ആര്യന്‍ അല്ലാത്തവന്‍ അനാര്യന്‍ എന്നു കരുതാന്‍ തുടങ്ങി എന്നാണ്. എങ്കിലും ആര്യന്‍, ദാസന്‍ എന്നത് ഒരേ സമൂഹത്തിലെ രണ്ടു വിഭാഗങ്ങളെക്കുറിക്കുന്നതായി ബുദ്ധന്റെ കാലത്തും തുടര്‍ന്നു. എന്നു മാത്രമല്ല ആര്യന്‍ ആശയത്തെ സ്വീകരിച്ച പല രാജ്യങ്ങളിലും ആര്യന്‍ ദാസനും ദാസന്‍ ആര്യനുമാകുമായിരുന്നു എന്നു ബുദ്ധന്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. അതായത് ഇവ രണ്ടും ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള മാറ്റമില്ലാത്ത തരംതിരിവായിരുന്നില്ല എന്നു കാണാം.
ഋഗ്വേദം മിക്ക ചരിത്രകാരന്മാരും അംഗീകരിക്കുന്നതനുസരിച്ച് 1500-900 ബി.സി-യിലാണ് എഴുതപ്പെട്ടത്. അതിലെ മന്ത്രങ്ങള്‍ നിര്‍മ്മിച്ചവരോ, അതിനെ സ്വമത ഗ്രന്ഥമായി സ്വീകരിച്ചവരോ വിദേശികളാണെന്നോ, മറ്റിടങ്ങളില്‍നിന്നും കുടിയേറിപ്പാര്‍ത്തവരാണെന്നോ കരുതാന്‍ വേണ്ട ഒരു സൂചനയും അത് തരുന്നില്ല. കുടിയേറിപ്പാര്‍ക്കുന്നവര്‍ സാധാരണയായി അവരുടെ സാമൂഹ്യ സ്ഥാപനങ്ങളെ മാത്രമല്ല, സ്ഥലങ്ങളുടെ പേരുകള്‍ പോലും കൂടെക്കൊണ്ടുവരികയും വൈകാരികതയോടെ അവയെ കുടിയേറിയ നാട്ടില്‍ നില നിര്‍ത്തുകയും ചെയ്യും. ഇവിടെ നേരെ മറിച്ച് വൈദികസമൂഹത്തിന്റെ സാമൂഹ്യ-സാമ്പത്തിക ജീവിതം, സമൂഹഘടനകള്‍, പൊതു മാനസികാവസ്ഥ എന്നിവ വ്യക്തമാക്കുന്നത് അവര്‍ സ്വദേശികള്‍ തന്നെ ആയിരുന്നു എന്നാണ്.
മനുഷ്യ ചരിത്രം അനുസരിച്ച്  കുടിയേറ്റക്കാര്‍ ഒന്നുകില്‍ സ്വരാജ്യത്തിലെ തരം താഴ്ത്തപ്പെട്ടവര്‍, അല്ലെങ്കില്‍ ആശയ ഭിന്നതമൂലം വേര്‍പെട്ടവര്‍, അല്ലെങ്കില്‍ സ്വന്തം രാജ്യത്ത് സ്ഥാനമൊന്നും കിട്ടാത്തവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവരായിരിക്കും. പ്രകൃതിക്ഷോഭം, ആക്രമണം എന്നിങ്ങനെയുള്ള വന്‍വിപത്തുകള്‍ കൊണ്ടല്ലാതെ ഒരു ഗോത്രവും സ്വന്തം വാസഭൂമി ഉപേക്ഷിച്ച് അന്യനാട്ടിലേക്കു കുടിയേറാന്‍ ഒരുമ്പെടുകയില്ല. മാതൃഭൂമി അവര്‍ക്ക് എപ്പോഴും സാംസ്‌കാരികമായും ബൗദ്ധികമായും ഉയര്‍ന്ന വൈകാരിക ഉത്തേജനം നല്‍കുന്നതുമായിരിക്കും. സ്വദേശത്തിന്റെ തുടരുന്ന ഉയര്‍ച്ചയില്‍ അവര്‍ ആഹ്‌ളാദിക്കും, അഭിമാനം കൊള്ളും. അങ്ങനെയാണെങ്കില്‍, ആര്യന്‍കുടിയേറ്റവാദത്തിന്റെ പൊള്ളത്തരം വ്യക്തമാണ്. കാരണം ആ വാദം ഏതു ജനതയെ ലക്ഷ്യംവെച്ചാണോ അവര്‍ക്ക് ഇന്ത്യയ്ക്കു വെളിയില്‍ മറ്റൊരു മൂലദേശമോ, അവരുടെ പിതൃസമൂഹം വസിക്കുന്ന ഏതെങ്കിലും പ്രദേശമോ (ലോകത്തെവിടെയെങ്കിലും), സാംസ്‌കാരികമായ തുടര്‍ബന്ധങ്ങളോ, പ്രേരണാകേന്ദ്രമോ  ഉള്ളതായി ഇന്നേവരെ കണ്ടത്താന്‍ കഴിഞ്ഞിട്ടല്ല എന്നതു തന്നെ.
vamanan

No comments: