Monday, January 29, 2018

നിരർത്ഥം പ്രതിബിംബ ന്തി
ശുദ്ധ ബോധത്തിൽ പ്രതിബിംബിച്ചു കാണപ്പെടുന്നവയാണു ജഗദ് ദൃശ്യങ്ങൾ. ഒരു നഗരം കണ്ണാടിയിൽ പ്രതിബിംബിച്ചു കാണപ്പെടുംപോലെ. എന്താണിതിന്റെ പ്രത്യേകത ? കണ്ണാടി നഗര ദൃശ്യങ്ങളെ പ്രകാശിപ്പിക്കുന്നു. എന്നാൽ ആ നഗര ദൃശ്യങ്ങൾ കണ്ണാടിക്ക് ഒരു കളങ്കവും വരുത്തുന്നില്ല. അതുപോലെ ബോധം സാക്ഷീ ഭാവത്തിൽ മാത്രമേ പ്രപഞ്ച ദൃശ്യങ്ങളെ പ്രകാശിപ്പിക്കുന്നുള്ളൂ. ബോധം സദാ സർവത്ര നിർമലമായി തുല്യമായി വിളങ്ങി നിൽക്കുന്നു. ജഗദ് ദൃശ്യങ്ങൾ അഖണ്ഡ ബോധത്തിന് ഒരു കളങ്കവും ചേർക്കുന്നില്ല. ബോധത്തിന്റെ ഈ സാക്ഷി ഭാവത്തെ നാടക രംഗത്തെ വിളക്കിനോടാണു സത്യദർശികൾ ഉപമിക്കുന്നത്. നാടകരംഗത്തിലെ ദീപം രംഗത്തെയും വേഷങ്ങളെയും ഒക്കെ പ്രകാശിപ്പിക്കുന്നു. എന്നാൽ രംഗ വൈവിധ്യ മോ വേഷവൈവിധ്യ മോ ഒന്നും ആ വിളക്കിന്റെ നൈർമല്യത്തിന് ഒരു കുറവും വരുത്തുന്നില്ല. അതുപോലെയാണു ബോധം പ്രപഞ്ച ദൃശ്യങ്ങളെ പ്രകാശിപ്പിക്കുന്നത്. ഇതാണു ബോധത്തിന്റെ സാക്ഷി ഭാവം. പ്രകാശിപ്പിക്കുന്നു എന്നു പറഞ്ഞാൽ ഉള്ളതാക്കി തീർക്കുന്നു എന്ന് അർത്ഥം. സങ്കൽപ്പങ്ങൾ പോലും ബോധത്തെ കളങ്കപ്പെടുത്തുന്നില്ല. ബോധം ശുദ്ധ രൂപത്തിൽ നിർവികൽപ്പമാണ്. എപ്പോൾ എന്തിനാണീ പ്രപഞ്ച ദൃശ്യങ്ങൾ ഇങ്ങനെ പ്രതിബിംബിക്കുന്നത്? ആത്യന്തികമായി സൃഷ്ടിക്ക് യാതൊരു പ്രയോജനവും കാണ്മാനില്ല. വ്യക്തികളുടെ അൽപ്പസ്വൽപ്പമായ സുഖാനുഭവ മോ ദു:ഖാനുഭവ മോ ആണു സൃഷ്ടിയുടെ പ്രയോജനമെന്നു കരുതുന്നതു ശരിയാവില്ല. അനന്ത കോടി സൗരയൂഥങ്ങൾ ഉണ്ടാകുന്നു, നിലനിൽക്കുന്നു, മറയുന്നു വീണ്ടുമുണ്ടാകുന്നു, നിലനിൽക്കുന്നു, മറയുന്നു ഇതാണു സൃഷ്ടി. പല ചിന്തകന്മാരും സൃഷ്ടിയെ പലതരത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. അഖണ്ഡ ബോധ സ്വരൂപനായ ദേവൻ സ്വയം പലതായി കാണപ്പെടുന്നതാണു സൃഷ്ടി എന്നൊരു കൂട്ടർ പറയുന്നു. എങ്ങനെ ദേവൻ പല താ യി കാണപ്പെട്ടു. സ്വപ്നം പോലെ, ഇന്ദ്രജാലം പോലെ എന്നാണു മറ്റു ചിലരുടെ വിവരണം. പരിപൂർണ്ണനായ ഭഗവാൻ എന്തിനു സ്വപ്നം കാണാനും ഇന്ദ്രജാലം കാണിക്കാനും പുറപ്പെടണം? ബ്രഹ്മത്തിൽ കാലമാണു സൃഷ്ടിസ്ഥിതി സംഹാരങ്ങൾ നടത്തുന്നതെന്നാണു മറ്റൊരു കൂട്ടരുടെ വാദം. കാലത്തെ എന്തിനു സൃഷ്ടിച്ചു? ഓ, ഇതൊക്കെ ഈശ്വരന്റെ ഇച്ഛ എന്നു വേറെ ചിലർ ഒഴിഞ്ഞു മാറുന്നു. ആനന്ദസ്വരൂപനായ ഈശ്വരൻ എന്തിനു വേണ്ടി ഇച്ഛിക്കുന്നു? ലോക ഭോഗങ്ങൾക്കു വേണ്ടിയെന്നു ചിലർ, കളിക്കാൻ വേണ്ടിയെന്നു വേറെ ചിലർ. പരിപൂർണ്ണനായ
ഈശ്വര ങ്കൽ ഇതൊന്നുമുണ്ടാവുക വയ്യ. അതു കൊണ്ടാണ് 'നിരർഥം പ്രതിബിംബ ന്തി ' എന്നു പറഞ്ഞിരിക്കുന്നത്. കഷ്ടിച്ചു പറയാവുന്ന ഒരേ ഒരുത്തരം ഇതൊക്കെ വസ്തു സ്വഭാവം എന്നു മാത്രമാണ്. വസ്തു പൂർണമായി കണ്ടവർക്ക് അതു മാത്രമേയുള്ളൂ; സൃഷ്ടിയുമില്ല; സ്ഥിതിയുമില്ല, സംഹാരവുമില്ല. വസ്തു ഒന്നേയുള്ളൂവെങ്കിൽ ആരു സൃഷ്ടിക്കാൻ, എന്തു സൃഷ്ടിക്കാൻ?
വസിഷ്ഠൻ തുടർന്നു: 'അല്ലയോ രാമാ, ഇതു വ്യക്തമായി ധരിച്ചോളൂ, ബ്രഹ്മത്തിലെ ഈ പ്രപഞ്ച പ്രദർശനത്തിനു കാര്യകാരണ ഭാവമൊന്നും കണ്ടെത്താൻ ഒരിക്കലും കഴിയുകയില്ല. എല്ലാം വെറും സങ്കൽപ്പ ദൃശ്യങ്ങൾ. മനസ്സിന്റെ ചാഞ്ചല്യം കുറഞ്ഞു കിട്ടാൻ ഒരു വഴിയേ ഉള്ളൂ; ഇക്കാന്നുന്നതെല്ലാം ബോധാ കാ ശ സ്വരൂപമായ ഒരേ ഒരു ബ്രഹ്മം മാത്രമാണെന്നു ധീരമായി മനസ്സിനെ പഠിപ്പിക്കുക; ആ വസ്തു സ്ഥിതി ഭാവന ചെയ്തു റപ്പിക്കുക. ഒരു വലിയ പാറ, അതിൽ രേ ഖോ പ രേഖകൾ കൊണ്ടു നിരവധി ചിത്രങ്ങൾ കൊത്തിയിരിക്കുന്നു എന്നു കരുതുക. വാസ്തവത്തിൽ പാറയല്ലാതെ മറ്റെന്തെങ്കിലും അവിടെയുണ്ടോ? ബ്രഹ്മത്തിലെ പ്രപഞ്ച സ്ഥിതിയും ഇതുപോലെയാണ്. ത്രിലോകങ്ങളും ബ്രഹ്മത്തിൽ കാണപ്പെടുന്ന വെറും രൂപങ്ങൾ മാത്രം; വസ്തു ബോധ സ്വരൂപമായ ബ്രഹ്മം. ബ്രഹ്മമല്ലാതെ പ്രപഞ്ചത്തിനു മറെറാരു കാരണവുമില്ല. വേറെ കാരണമാല്ലാത്തതു കൊണ്ടു തന്നെ പ്രപഞ്ചം ഉണ്ടായിട്ടില്ലെന്നു ധരിച്ചോളൂ. ബ്രഹ്മത്തിൽ സങ്കൽപ്പങ്ങളിലൂടെയുള്ള ഒരിന്ദ്രജാല പ്രദർശനം മാത്രമാണ് പ്രപഞ്ചം. ഞാൻ ഭാർഗവ കഥ വിവരിക്കാം. അതു കേട്ടാൽ ഇല്ലാത്ത പ്രപഞ്ചം ചിത്തം സൃഷ്ടിച്ച നുഭവിക്കുകയാണെന്ന കാര്യം നിനക്കു തെളിഞ്ഞു കിട്ടും.
(വാസിഷ്ഠ സുധ - യോഗവാസിഷ്ഠ സാരം - പ്രൊ. ജി . ബാലകൃഷ്ണൻ നായർ )

No comments: