Tuesday, January 30, 2018

വൈവിദ്ധ്യങ്ങളും അന്തര്‍ഗതമായ ഏകാത്മതയും:
ഇന്ത്യയിലെ ഭൂപരമായ വൈവിദ്ധ്യങ്ങളും അതേ സമയം നൂറ്റാണ്ടുകളായി ഇവിടെ നിലനില്‍ക്കുന്ന ആസേതുഹിമാചലം ഇന്ത്യ ഒന്ന് എന്ന ശക്തവും വ്യക്തവുമായ ബോധവും നാം മനസ്സിലാക്കി. ഇനി നമുക്ക് ഇവിടുത്തെ ജനങ്ങളുടെയും ഭാഷകളുടെയും വൈവിദ്ധ്യവും ഏകാത്മതയും പരിശോധിക്കാം. ഈ വിഷയത്തിലും വൈവിദ്ധ്യങ്ങളെ വൈരുദ്ധ്യങ്ങളായി കണ്ടും അവയെ പര്‍വതീകരിച്ചും അന്തര്‍ഗതമായ ഏകാത്മതയെ തിരസ്‌കരിച്ചും കൊണ്ടുള്ള പഠനങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത്. ഒരു മനുഷ്യസമൂഹത്തിന്റെ ജീവശാസ്ത്രപരമായ പ്രത്യേകതകള്‍, അവരുടെ ഭാഷ, എന്നിവയെ, ഉച്ച-നീച വംശസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍, പുരാവസ്തുശാസ്ത്രവുമായും, ചരിത്രവുമായും ബന്ധിപ്പിച്ചുകൊണ്ട് അവരുടെ കഴിഞ്ഞകാലത്തെ വിലയിരുത്തുക, വ്യാഖ്യാനിക്കുക എന്ന പഠനമാതൃകയാണ് ഈ വിഷയത്തിലും ഇവിടെ നിര്‍ബന്ധബുദ്ധിയോടെ സ്വീകരിച്ചു പോന്നിട്ടുള്ളത്. ഈ ആധുനിക കാലത്തും ഈ സമീപനത്തില്‍ വിശ്വസിക്കുന്ന ധാരാളം പേരുണ്ട്. അതനുസരിച്ച് ഇന്ത്യക്കാരെയും അവരുടെ ഭാഷകളേയും തരംതിരിക്കാനുള്ള വിവിധ ചട്ടക്കൂടുകളും തയ്യാറാക്കിയിട്ടുണ്ട്. ഒരു ചരിത്ര-പുരാവസ്തുശാസ്ത്ര വിദ്യാര്‍ത്ഥിക്ക് അവഗണിക്കാന്‍ കഴിയാത്തത്ര അളവില്‍ ഈ ഉപഭൂഖണ്ഡത്തെക്കുറിച്ചു മാത്രമുള്ള അത്തരം പഠനങ്ങള്‍ കുന്നുകൂടിക്കിടക്കുന്നു.
ആന്ത്രോപ്പോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ  സമീപനം: ആധുനിക ഇന്ത്യയില്‍ ജാതി, ഗോത്രം മുതലായവയുടെ പ്രത്യേകതകളും തമ്മില്‍ തമ്മില്‍ വേര്‍തിരിക്കുന്ന ചട്ടക്കൂടുകളും പേരുകളും മറ്റും മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നു. അതിനാല്‍ അവയ്ക്കു പകരം ഇന്ത്യന്‍ സമൂഹത്തെ പല സമുദായങ്ങളായി (കമ്മ്യൂണിറ്റി) എണ്ണുന്ന രീതി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നു. പ്രദേശം, നമ്മള്‍ എന്ന ബോധം, ഭാഗികമായ സാമൂഹ്യഘടന എന്നിവയാണ് സമുദായത്തിന്റെ പൊതുഘടകങ്ങളായി ഗണിച്ചിരിക്കുന്നത്. ഈ നിര്‍വചനത്തിന്റെ കൂടെ എന്‍ഡൊഗാമി (ഒരേ സമുദായത്തില്‍ നിന്നു തന്നെ വിവാഹം കഴിക്കല്‍), തൊഴില്‍, കാഴ്ച്ചപ്പാട് എന്നീ വംശീയ ലക്ഷണങ്ങളും ചേര്‍ത്തുകാണുന്നു. അഖിലഭാരതീയാടിസ്ഥാനമെന്ന നിലയ്ക്ക് സമുദായം ആണ് ജാതിയേക്കാള്‍ നല്ലത് എന്നു പറയാം. മാത്രമല്ല, സമുദായം എന്ന സത്ത ഇതര സമുദായങ്ങള്‍, സാമൂഹ്യ, ഭൗതിക സാഹചര്യങ്ങള്‍ എന്നിവയ്ക്കനുസൃതമായി എപ്പോഴും പരിവര്‍ത്തനവിധേയമാകുന്ന ഒന്നുമാണ.് 
 1985-1992 കാലഘട്ടത്തില്‍ നടത്തിയ കണക്കെടുപ്പനുസരിച്ച്, സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ആകെ 4635 സമുദായങ്ങള്‍ ആധുനിക ഇന്ത്യയില്‍ മാത്രമുണ്ട്. ഈ ഉപഭൂഖണ്ഡത്തിലെ മറ്റു പ്രദേശങ്ങളിലും ഇത്തരത്തില്‍ കണക്കെടുത്തു ചേര്‍ത്താല്‍ വളരെ വലിയ സംഖ്യ വരും. ഇന്ത്യയില്‍ നടത്തിയ ഈ പരിശ്രമത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍, സമുദായമെന്ന നവീനാശയത്തിന്റെ ചട്ടക്കൂടിന്റെ രീതിശാസ്ത്രമുള്‍പ്പെടെ, നിരവധി ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 ഈ സമുദായങ്ങളെ നാലായി തരംതിരിച്ചിരിക്കുന്നു. ജാതികള്‍, ന്യൂനപക്ഷങ്ങള്‍ എന്നീ വലിയ ഘടകങ്ങള്‍ ചേര്‍ന്നതാണ് ഒന്നാമത്തേത്. ആസാംകാര്‍, ബംഗാളികള്‍, ഒറിയ തുടങ്ങിയ ഭാഷാ സംസ്‌കാരം എന്നിവയുടെ അടിസ്ഥാനത്തിലുള്ളതാണ് രണ്ടാമത്തേത്. ഇവര്‍ മറ്റു സംസ്ഥാനങ്ങളിലേക്കു കുടിയേറുമ്പോഴും അവരുടെ സ്വന്തം സംസ്ഥാനത്തിന്റെയും ഭാഷയുടെയും പേരിലാണല്ലോ അറിയപ്പെടുന്നത്. എന്‍ഡൊഗാമി, തൊഴില്‍, വീക്ഷണം എന്നു മേല്‍പ്പറഞ്ഞ ത്രിതയത്തില്‍പ്പെടാത്ത വിഭാഗങ്ങള്‍ മൂന്നാമത്തേതില്‍ പെടും. ഇക്കൂട്ടര്‍ അര ഡസനില്‍ താഴെയേ വരൂ. നാലാമത്തേത് ആദി ധര്‍മ്മ, ആദി കര്‍ണ്ണാടക, ആദി ആന്ധ്ര തുടങ്ങിയവയാണ്. 1920,1930- കളിലെ ഭരണഘടനാപരിഷ്‌കാരം വഴിയാണ് ഇവ നിലവില്‍ വന്നത്. ഇവര്‍ ഇന്നും ഭാരത സര്‍ക്കാരിന്റെ ഷെഡ്യൂള്‍ഡ് കാസ്റ്റ് പട്ടികയില്‍ തുടരുന്നു.
 ആകെയുള്ള 4635 സമുദായങ്ങളില്‍ 586 പ്രധാന പിരിവുകള്‍ സഹിതമുള്ള 2209 എണ്ണമാണ് മുഖ്യസമുദായങ്ങള്‍. എങ്കിലും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള ഇവയുടെ വിതരണം കണക്കിലെടുക്കുമ്പോള്‍ സംഖ്യ മേല്‍ക്കൊടുത്ത 4635 തന്നെ വരും. ഇവയുടെയെല്ലാം സാമൂഹികവീക്ഷണങ്ങളും താദാത്മ്യങ്ങളും രൂപപ്പെടുത്തിയ അസംഖ്യം പശ്ചാത്തലഘടകങ്ങള്‍ ഉണ്ടെന്നു കാണാം. പല സമുദായങ്ങളിലും തൊഴിലിന്റെ സ്വഭാവമാണ് അവയുടെ പ്രത്യേകത നിര്‍ണ്ണയിക്കുന്നത്. ഒരാള്‍ പാമ്പു പിടുത്തക്കാരനായാലും മുള കൊണ്ടു വട്ടി മുതലായവ മെനയുന്നവനായാലും അത് അയാളുടെ  സമുദായനാമത്തിലും സാമുദായികവീക്ഷണത്തിലും പ്രതിഫലിക്കും. ജന്മസ്ഥലവും ഒരു പ്രധാനഘടകമാണ്. ഉദാഹരണത്തിന് കാന്‍പൂര്‍ എന്ന സ്ഥലത്തു നിന്നും വന്നവര്‍ കാന്‍പൂരിയകള്‍ എന്ന സമൂഹമാകും. ആദ്ധ്യാത്മിക സമ്പ്രദായവുമായി ബന്ധപ്പെട്ടും സമൂഹത്തിന് പേരും അസ്തിത്വവും ഉണ്ടാകാം. കബീറിന്റെ അനുയായികള്‍ കബീര്‍പന്ഥികളെന്ന സമുദായത്തിനു രൂപം കൊടുത്തു. അഘോരികള്‍, ബൈരാഗികള്‍, ഫക്കീറുകള്‍ എന്നിങ്ങനെ താപസന്മാര്‍പോലും വ്യത്യസ്ത സമുദായങ്ങളായി ഒരുമിക്കുന്നു. ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. വസ്ത്രധാരണരീതി, ആഭരണം, ദേഹത്തിലെ ചിഹ്നങ്ങള്‍ മുതലായവ കൊണ്ടാണ്  ചില സമുദായങ്ങളെ തിരിച്ചറിയുന്നത്. ദക്ഷിണേന്ത്യയിലെ ലിംഗായത് സമൂഹം ശിവന്റെ പ്രതീകമായി ചെറിയ ലിംഗത്തെ കഴുത്തില്‍ ധരിക്കുന്നു. ഇന്ത്യന്‍ സമൂഹങ്ങളുടെ ഭക്ഷണരീതിയെക്കുറിച്ചുള്ള ഒരു പഠനമനുസരിച്ച് ഇരുപതു ശതമാനം മാത്രമേ സസ്യഭുക്കുകളുള്ളൂ. പുരുഷന്‍മാര്‍ കൂടുതലും മാംസഭുക്കുകളാണത്രെ. മദ്യത്തിന്റെ ഉപയോഗവും സാധാരണമാണ്. 2469 സമൂഹങ്ങളില്‍ മദ്യം ചില സന്ദര്‍ഭങ്ങളില്‍ മാത്രവും 1106 സമൂഹങ്ങളില്‍ നിത്യവും എന്ന് കണക്കുകള്‍ കാണിക്കുന്നു. ഇത്തരം അടിസ്ഥാനയാഥാര്‍ത്ഥ്യങ്ങള്‍ ഇന്ത്യയെക്കുറിച്ചുള്ള പാരമ്പര്യ ധാരണയുമായി ഒട്ടും പൊരുത്തപ്പെടുന്നില്ലെന്നു കാണാം. vamanan

No comments: