Friday, January 19, 2018

ഓങ്കാരോപാസകന്‍ ഓങ്കാരത്തിന്റെ എല്ലാ മാത്രാവിഭാഗങ്ങളെയും അറിയാത്തവനായാലും വിശിഷ്ട ഗതി പ്രാപിക്കും. ഓങ്കാരത്തെ ശരണമായി കരുതുന്നയാള്‍ക്ക് ദുര്‍ഗതിയുണ്ടാവില്ല. അ, ഉ, മ എന്നീ മൂന്ന് അക്ഷരങ്ങളും അവ ഉച്ചരിച്ച് അവസാനിക്കുമ്പോഴുണ്ടാകുന്ന നാദവും ചേര്‍ത്ത് നാല് മാത്ര കണക്കാക്കാറുണ്ട്.
പ്രശ്‌നോപനിഷത്തിലെ അഞ്ചാം പ്രശ്‌നം
സത്യകാമന്റെ ചോദ്യവും അതിന് പിപ്പലാദമുനിയുടെ ഉത്തരവുമാണ് അഞ്ചാം പ്രശ്‌നത്തില്‍-
അഥഹൈനം ശൈബ്യഃ സത്യകാമഃ പപ്രച്ഛ
സയോ ഹവൈ തദ്ഭഗവാന്‍ മനുഷ്യേഷു
പ്രായാണന്തമോങ്കാരമഭിധ്യായീത
കതമം വാ സ തേന ലോകം 
ജഡതീതി
പിന്നെ ശിബിയുടെ മകനായ സത്യകാമന്‍ പിപ്പലാദമുനിയോട് ചോദിച്ചു. മരണംവരെ ഓങ്കാരത്തെ ധ്യാനിക്കുന്ന മനുഷ്യന്‍ ഏതു ലോകത്തെയാണ് ജയിക്കുക (നേടുക)?
ബ്രഹ്മപ്രാപ്തിക്കുള്ള സാധനമായി ഓങ്കാര ഉപാസനയെ വിധിക്കാനാണ് അഞ്ചാം പ്രശ്‌നം. പ്രണവോപാസനയുടെ ഫലത്തെപ്പറ്റി സത്യകാമന്‍ ചോദിക്കുന്നതിലൂടെയാണ് ഈ രഹസ്യത്തിന്റെ ചുരുളഴിക്കുന്നത്. സഗുണ സാകാരവും നിര്‍ഗുണ നിരാകാരവുമായ ഉപാസനകള്‍ ഓങ്കാരത്തെ ആസ്പദമാക്കി അനുഷ്ഠിക്കാം. പ്രണവോപാസനയിലൂടെ എത്തിച്ചേരുന്നതായ പരമപദപ്രാപ്തിയെക്കുറിച്ചാണ് സത്യകാമന്റെ ചോദ്യം. ശിഷ്യന്റെ ചോദ്യത്തിന് ആചാര്യന്‍  ഉത്തരം നല്‍കുകയാണ് ഇനി.
തസ്‌മൈ സ ഹോവാച- ഏതദ് വൈ സത്യകാമ
പരാചാപരം ച ബ്രഹ്മയദോങ്കാരഃ തസ്മാദ്
വിദ്വാനേതേനൈവായതനേനൈകഅമന്വേതി
ആചാര്യന്‍ അവനോട് പറഞ്ഞു- സത്യകാമപരവും അപരവുമായ ബ്രഹ്മം ഓങ്കാരമാണ്. അതിനാല്‍ ഓങ്കാരധ്യാനമാകുന്ന സാധനകൊണ്ട് ഏതെങ്കിലും ഒന്നിനെ (പരമോ അപരമോ)നേടാം.
നിര്‍ഗുണ നിരാകാര ബ്രഹ്മത്തെ പരമെന്നും സഗുണ സാകാരത്തെ അപരമെന്നും വിളിക്കുന്നു. ഓങ്കാരം രണ്ടിന്റെയും പ്രതീകമായി ധ്യാനത്തിന് ഉപയോഗിക്കാം. സഗുണ ബ്രഹ്മത്തെ സങ്കല്‍പ്പിച്ചാണ് ഓങ്കാര ഉപാസന എങ്കില്‍ അതിലേയ്ക്കും നിര്‍ഗുണ ബ്രഹ്മജ്ഞനാണെങ്കില്‍ പരത്തിലേക്കും എത്തും. അതിനാല്‍ ഓങ്കാരം പരബ്രഹ്മവും അപരബ്രഹ്മവുമാണ്. ഓങ്കാരത്തെ ബ്രഹ്മത്തിന്റെ ഏറ്റവും അടുത്ത ആലംബനമെന്ന് പറയാം. ഓങ്കാര ഉപാസനയിലൂടെ ആത്മസാക്ഷാത്കാരം നേടുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. ഏകമാത്ര ഉപാസന ആദ്യം-
സയദ്യേകമാത്രഭിധ്യായീത 
സതേനൈവ
സംവേദിതസ്തൂര്‍ണ്ണമേവ 
ജഗത്യാമഭിസംപദ്യതേ
തമുചോ മനുഷ്യലോകമുപനയന്തേസ തത്ര
തപസാ ബ്രഹ്മചര്യേണ 
ശ്രദ്ധയാ സമ്പന്നോ
മഹിമാനമനുഭവതി
ഓങ്കാരത്തിന്റെ ഏകമാത്രയേ(ഒരു മാത്ര) ഉപാസിക്കുന്നയാള്‍ അതേ തുടര്‍ന്ന് ഭൂമിയില്‍തന്നെ ജനിക്കുന്നു. ഋക്കുകള്‍ അയാളെ മനുഷ്യജന്മത്തിലേക്ക് എത്തിക്കുന്നു. അവിടെ തപസ്സ്, ബ്രഹ്മചര്യം ആസ്തിക്യബുദ്ധി എന്നിവയാല്‍ സമ്പന്നനായി ഐശ്വര്യവാനായിത്തീരുന്നു.
ഓങ്കാരോപാസകന്‍ ഓങ്കാരത്തിന്റെ എല്ലാ മാത്രാവിഭാഗങ്ങളെയും അറിയാത്തവനായാലും വിശിഷ്ട ഗതി പ്രാപിക്കും. ഓങ്കാരത്തെ ശരണമായി കരുതുന്നയാള്‍ക്ക് ദുര്‍ഗതിയുണ്ടാവില്ല. അ, ഉ, മ എന്നീ മൂന്ന് അക്ഷരങ്ങളും അവ ഉച്ചരിച്ച് അവസാനിക്കുമ്പോഴുണ്ടാകുന്ന നാദവും ചേര്‍ത്ത് നാല് മാത്ര കണക്കാക്കാറുണ്ട്. ആദ്യമൂന്നു മാത്ര സഗുണമായ വിരാട് രൂപത്തേയും നാലാമത്തെ അമാത്ര നിര്‍ഗുണനിരാകാര ബ്രഹ്മത്തെയും സൂചിപ്പിക്കുന്നു. ഇതില്‍ ഒന്നാമത്തെ മാത്രയെ മാത്രം ഉപായസിക്കുന്നയാളെ ഋക്കുകള്‍ ഭൂമിയിലെ ഉത്തമമായ മനുഷ്യജന്മത്തിലെത്തിക്കും. അയാള്‍ തപസ്സ്, ബ്രഹ്മചര്യം, ശ്രദ്ധ എന്നിവയാല്‍ സമ്പന്നനാകും. ഒന്നാമത്തെ മാത്രയെ ഉപാസിക്കുന്നയാള്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ബാഹ്യവിഷയങ്ങളില്‍ പെട്ട് മനസ്സിനെ വേണ്ടപോലെ ഉപാസനയില്‍ കൊണ്ടുവരാന്‍ സാധിക്കാത്തവരെയാണ്. ഇയാള്‍ ചെയ്ത ഏകമാത്ര ഉപാസന മൂലം സദ്ഫലമാകും, ദുര്‍ഗതി ഉണ്ടാകില്ല. ശ്രദ്ധയില്ലാത്തവനോ തോന്യവാസിയോ ആകില്ല. മനുഷ്യജന്മത്തില്‍ തന്നെ ഉത്കൃഷ്ടനായ സാധകനായോ അല്ലെങ്കില്‍ ആത്മാന്വേഷിയായോ മാറും ഈ ഉപാസനയിലൂടെ. ഏകമായ ഉപാസന ജാഗ്രദവസ്ഥ, സ്ഥൂല പ്രപഞ്ചം, അതില്‍ അഭിമാനിക്കുന്ന 'വിശ്വന്‍' എന്നിവയെ കുറിക്കുന്നു.
ദ്വിമാത്ര ഉപാസന
അഥ യദി ദ്വിമാത്രേണ മനസി സമ്പദ്യതേ
സോന്തരീക്ഷം യജൂര്‍ഭിരുന്നീയതേ സോമലോകം
സസോമലോകേ വിഭൂതിമനഭൂയ പുനരാവര്‍ത്തതേ
രണ്ടുമാത്രകളോടുകൂടിയ അഥവാ രണ്ടാമത്തെ മാത്രയായ ഉകാരത്തോടുകൂടിയ ഓങ്കരത്തെ ഉപാസിക്കുന്നയാള്‍ മനസ്സില്‍ ആത്മഭാവത്തെ പ്രാപിക്കുന്നു. മരണാനന്തരം യജ്ജുസ്സ് അന്തരീക്ഷത്തിലെ സോമ (ചന്ദ്ര)ലോകത്തിലേക്ക് കൊണ്ടുപോകുന്നു. സോമലോകത്തിലെ ഐശ്വര്യങ്ങള്‍ അനുഭവിച്ച് വീണ്ടും മനുഷ്യലോകത്തിലേക്ക് തിരിച്ചുവരുന്നു.
രണ്ടാമത്തെ മാത്രയായ ഉകാരം യജൂര്‍വേദ രൂപമാണ്. ഈ ഉപാസനയിലെ ഫലം യജ്ജുസ്സുകളാല്‍ മനോദേവതയ്ക്ക് ആധാരമായ ചന്ദ്രലോക പ്രാപ്തിയാണ്. അവിടെയുള്ള ഐശ്വര്യങ്ങള്‍ അനുഭവിച്ചുകഴിഞ്ഞാല്‍ വീണ്ടും മനുഷ്യലോകത്ത് വരണം. പിന്നെ തത്ത്വവിചാര്യം ചെയ്ത് ജീവിതലക്ഷ്യത്തെ പൂര്‍ത്തീകരിക്കാന്‍ അവസരം കിട്ടും. മനസ്സിലെ സങ്കല്‍പങ്ങളും വാസനകളും പൂര്‍ണമായും ഇല്ലാതാകാത്തവരാണ് രണ്ടാമത്തെ മാത്രയെ ഉപാസിക്കുന്നവര്‍ എന്ന് പറയാം. രണ്ടാമത്തെ മാത്ര സ്വപ്നത്തിലെ സൂക്ഷ്മ പ്രപഞ്ചത്തേയും മനസ്സിനേയും അതിലഭിമാനിക്കുന്ന 'തൈജസ'നേയും കുറിക്കുന്നു.

No comments: