ഓം ഭദ്രാ കര്‍ണ്ണേഭിഃ..... എന്ന ശാന്തി മന്ത്രമാണ് മുണ്ഡകോപനിഷത്തിന്റെയും ശാന്തിമന്ത്രം. കാത് കൊണ്ട് നല്ലതിനെ കേള്‍ക്കാനും കണ്ണുകൊണ്ട് നല്ലതിനെ കാണാനും കഴിയണം. ആരോഗ്യത്തോടുകൂടിയ അവയവങ്ങളാണ് ദീര്‍ഘകാലം നന്നായി ജീവിക്കണം. ഇന്ദ്രനും സൂര്യനും ഗരുഡനും ബൃഹസ്പതിയും നമുക്ക് സ്വസ്തിയെ നല്‍കട്ടെ. പ്രശ്‌നോപനിഷത്തില്‍ ഈ ശാന്തിമന്ത്രം നേരത്തെ വിവരിച്ചിരുന്നു.
മുണ്ഡകം-1- ഖണ്ഡം-1
ഓം ബ്രഹ്മാ ദേവാനാം
പ്രഥമ: സംബഭൂവ
വിശ്വസ്യ കര്‍ത്താ
ഭുവനസ്യ ഗോപ്താ
സബ്രഹ്മവിദ്യം സര്‍വ്വവിദ്യാ
പ്രതിഷ്ഠാ-
മഥര്‍വ്വായ ജ്യേഷ്ഠപുത്രായ
പ്രാഹ
ദേവന്മാരില്‍ വച്ച് ഏറ്റവും ആദ്യം ബ്രഹ്മാവ് ഉണ്ടായി. ലോകത്തിന്റെ സ്രഷ്ടാവും രക്ഷിതാവുമായ അദ്ദേഹം എല്ലാ വിദ്യകള്‍ക്കും ആധാരമായ ബ്രഹ്മവിദ്യയെ മൂത്തമകനായ അഥര്‍വ്വന് ഉപദേശിച്ചു.
ബ്രഹ്മവിദ്യാ സമ്പ്രദായ പ്രവര്‍ത്തകരായ ആചാര്യ പരമ്പരയെ ആദ്യം തന്നെ പരന്ന് ആത്മസാക്ഷാത്കാരത്തെ നേടാനുള്ള ബ്രഹ്മവിദ്യയെ സ്തുതിക്കാന്‍ വേണ്ടിയാണ്. ഗുരുശിഷ്യ പരമ്പരയായി പറഞ്ഞുകൊടുത്തും കേട്ടു മനസ്സിലാക്കിയതാണ് ഈ അറിവ്.
ബ്രഹ്മവിദ്യയുടെ മഹത്വത്തെ സ്തുതിക്കുന്നതിലൂടെ ഈ അറിവില്‍ ആനന്ദവും താല്‍പ്പര്യം തോന്നി കൂടുതല്‍ പേര്‍ യോഗ്യരായി എത്തും. സ്വയംഭുവനായി (സ്വയമായി) ഉണ്ടായ ബ്രഹ്മാവാണ് ആദ്യ ഗുരു. ഇന്ദ്രന്‍ തുടങ്ങിയ ദേവന്മാരെക്കാല്‍ ധര്‍മ്മം, ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം എന്നീ ഗുണങ്ങള്‍കൊണ്ട് കേമനാണ് ബ്രഹ്മാവ്. ഇവിടെ ബ്രഹ്മ ശബ്ദം പുല്ലിംഗമായതിനാല്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് എന്നറിയണം. ബ്രഹ്മം എന്ന പരംപൊരുളല്ല. വിവിധങ്ങളായിത്തീര്‍ന്ന് വിളങ്ങുന്ന ഈ വിശ്വാസത്തിന്റെ സൃഷ്ടികര്‍ത്താവും അങ്ങനെയുണ്ടായതായ ഭുവനത്തിന്റെ രക്ഷിതാവുമാണ് അദ്ദേഹം. അറിവുകളില്‍വച്ച് ഏറ്റവും വലിയ അറിവായ ബ്രഹ്മവിദ്യയെ ലോകത്തില്‍ പ്രചരിപ്പിക്കാന്‍ സൃഷ്ടികളില്‍ ആദ്യമുണ്ടായ അര്‍ത്ഥന് ഉപദേശിച്ചുകൊടുത്തു. ബ്രഹ്മാവിന്റെ വിവിധ സൃഷ്ടികളിലെ ഒരു സൃഷ്ടി ആദ്യം ജനിച്ചതിനാലാണ് അഥര്‍വ്വനെ 'ജ്യേഷ്ഠപുത്രന്‍' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
ബ്രഹ്മത്തെ അറിയാനുള്ള വിദ്യ ബ്രഹ്മവിദ്യ-ബ്രഹ്മാവിനാല്‍ ഉപദേശിച്ചതിനാല്‍ ബ്രഹ്മവിദ്യ എന്ന പേരു വന്നു. എല്ലാ അറിവിന്റെയും നിലനില്‍പ്പിന് കാരണമായതിനാലും എല്ലാ വിദ്യകളെകൊണ്ടും അറിയേണ്ടതിനെ ഇതുകൊണ്ട് അറിയാന്‍ കഴിയും എന്നതിനാലാണ് ബ്രഹ്മവിദ്യയെ 'സര്‍വ്വവിദ്യാ പ്രതിഷ്ഠാം' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
അഥര്‍വ്വണേ യാം
പ്രവദേത ബ്രഹ്മാ
അഥര്‍വ്വാ താം പുരുവാചാംഗിരേ ബ്രഹ്മവിദ്യാം
സ ഭാരദ്വാജായ സത്യവഹായപ്രാഹ
ഭാരദ്വാജോങ്ഗിരസേ പരാവരാം.
ബ്രഹ്മാവ് അഥര്‍വ്വന് ഉപദേശിച്ച ബ്രഹ്മവിദ്യ അദ്ദേഹം അംഗിരനും ഇയാളില്‍നിന്ന് ഭരദ്വാജ ഗോത്രത്തില്‍ പെട്ട സത്യവഹനും ലഭിച്ചു. അപ്രകാരം മുതിര്‍ന്നവരില്‍ നിന്ന് ഇളയവര്‍ അറിഞ്ഞുപോന്ന ഈ വിദ്യയെ സത്യവഹന്‍ അംഗിരസ്സിന് ഉപദേശിച്ചു.
ഗുരുശിഷ്യ പരമ്പരയാണ് ഇത.് ഈ അറിവ്. തന്റേതാണെന്ന് ഒരാളും അവകാശപ്പെട്ടില്ല. എല്ലാവരും അവരവരുടെ ആചാര്യന്റെ കൃപയെയാണ് പറഞ്ഞത്. പരാവരാ എന്നതിന് 'മൂത്തവരില്‍നിന്ന് താഴെയുള്ളവര്‍' എന്നും പരങ്ങളും ആവരണങ്ങളും (ഉല്‍കൃഷ്ടങ്ങളും അല്ലാത്തവയും) എന്നും അര്‍ത്ഥമെടുക്കാം. ശ്രേഷ്ഠവും അല്ലാത്തതുമായ വിദ്യകള്‍ക്ക് ആശ്രയമായത് ബ്രഹ്മവിദ്യയാണ്. ആത്മാസാക്ഷാത്കാരം നേടിയ പരമാനന്ദത്തില്‍ മുഴുകിയ ആചാര്യന്‍മാരെ ജിജ്ഞാസുക്കള്‍ സമീപിച്ച് ഈ അറിവിനെ നേടി. എന്നിട്ട് അടുത്ത തലമുറയിലേക്ക് പകര്‍ന്നുകൊടുത്തു. മുമ്പുള്ളവരില്‍നിന്ന് പിന്നീട് വന്നവരായ പിമ്പുള്ള ശിഷ്യര്‍ പഠിച്ചു.
ശൗനകോ ഹ വൈ
മഹാശാലോങ്ഗിരസം
വിധിവദുപസന്തഃ പപ്രച്ഛ
കസ്മിന്‍ നു ഭഗവോ വിജ്ഞാതേ
സര്‍വ്വഷിദം വിജ്ഞാതം ഭവതീതി
വലിയ ഗൃഹസ്ഥനായ ശൗനകന്‍ അംഗിരസ്സിനെ ശാസ്ത്രവിധി പ്രകാരം സമീപിച്ച് ചോദിച്ചു. ഭഗവന്‍, ഏതൊന്നറിഞ്ഞാലാണ് ഇക്കാണുന്നതെല്ലാം അറിയാന്‍ കഴിയുന്നത് എന്ന്. 'മഹാശാലന്‍' എന്നാല്‍ വലിയ യജ്ഞശാലകള്‍ പണിത് വളരെയധികം യാഗങ്ങള്‍ ചെയ്തയാള്‍ എന്ന് അര്‍ത്ഥം. ഗൃഹസ്ഥന്‍, ധര്‍മ്മമാണ് യജ്ഞാനുഷ്ഠാനം. നിഷ്‌കാമ കര്‍മ്മാനുഷ്ഠാനത്തിലൂടെ ചിത്തശുദ്ധിയെ നേടിയ ശൗനകന്‍ അറിയാനുള്ള ദാഹം തീര്‍ക്കാനായി അംഗിരസ്സിനെ സമിത് പാണിയായി വിധിപ്രകാരം സമീപിച്ച് ചോദിച്ചു. ഒന്നിനെ അറിഞ്ഞാല്‍ എല്ലാം അറിയാന്‍ കഴിഞ്ഞതിനെ പറഞ്ഞുതരണമെന്നാണ് ഗുരുവിനോട് അപേക്ഷിച്ചത്. സ്വര്‍ണത്തെ അറിഞ്ഞാല്‍ സ്വര്‍ണ്ണത്തിലുണ്ടാക്കിയ എല്ലാം സ്വര്‍ണ്ണമാണെന്ന് അറിയുന്നതുപോലെയാണിത്. പ്രപഞ്ചകാരണമായ ഒന്നിനെ അറിഞ്ഞാല്‍ ഈ പ്രപഞ്ചം അതുതന്നെയാണ് എന്ന് മനസ്സിലാക്കാം. ഗൃഹസ്ഥനെ ശിഷ്യനായി ഇവിടെ പറയാന്‍ കാരണം അവര്‍ക്കും അറിയേണ്ട കാര്യങ്ങളാണ് ഉപനിഷത്തിലെന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ്.
No comments:
Post a Comment