Sunday, January 21, 2018

'ജ്ഞാത്വാ ശാസ്ത്രവിധാനോക്തം കര്‍മ്മകര്‍തൃമിഹാര്‍ഹസി'' (ഗീത) അര്‍ത്ഥം: അര്‍ജുനാ ശാസ്ത്രത്തെ പ്രമാണമാക്കൂ. ശാസ്ത്രവിധിക്കനുസരിച്ച് കര്‍മ്മം ചെയ്യൂ. പക്ഷെ ഏതു ശാസ്ത്രം? ഭൗതികശാസ്ത്രം? ആദ്ധ്യാത്മിക ശാസ്ത്രം? നമ്മുടെ ജീവിതം ശാസ്ത്രാധിഷ്ഠിതമാണോ?പ്രപഞ്ചവിസ്തൃതിയില്‍ മഹാഭൂരിപക്ഷം ബഹിരാകാശം ആണ്. അത് ശൂന്യവുമാണ്. എന്നാല്‍ ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ബഹിരാകാശമുള്‍പ്പെടെയെല്ലാം വസ്തു ആണ്. എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ഏതോ അതാണ് നാശമില്ലാത്തത്. ''രാജവിദ്യാ രാജഗുഹ്യം പവിത്രമിദമുത്തമം പ്രത്യക്ഷാവഗമാ ധര്‍മ്മം സസുഖം കര്‍തൃമവ്യയാ'' അര്‍ത്ഥം: ഈ അറിവ് രഹസ്യങ്ങളുടെ രഹസ്യമാണ്, വിദ്യകളുടെ രാജാവാണ്. പഠിക്കാനും പ്രയോഗിക്കാനും വളരെയെളുപ്പം. എന്നാല്‍ ആത്യന്തികമായ പ്രപഞ്ചവീക്ഷണത്തെ (ഈ അറിവിനെ) ഉള്‍ക്കൊള്ളാന്‍ ആധുനിക ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല. കാരണം കണ്‍കണ്ട തെളിവുകളെ ആശ്രയിച്ചുനില്‍ക്കുന്ന ഇന്ദ്രിയാതിഷ്ഠിതമായ അറിവാണ് ശാസ്ത്രം. ആധുനികശാസ്ത്രം എത്തിനില്‍ക്കുന്നത് അത്യന്തം അത്ഭുതകരമായ ലോകത്താണ്. ഇരിക്കുന്നിടത്തിരുന്ന് ചൂണ്ടുവിരലമര്‍ത്തിയാല്‍ കണ്‍മുന്നില്‍ തെളിയുന്ന ലോകം. അതുകണ്ട് നാം അന്ധാളിച്ചു നില്‍ക്കുന്നു, ആന്തരികമായ അന്തസ്സാരശൂന്യത. ഗീത നല്‍കുന്നത് ആന്തരിക അനുഭവജ്ഞാനമാണ്. ഒന്ന് പരാവിദ്യയെന്നും രണ്ടാമത് അപരാവിദ്യയെന്നും പറയപ്പെടുന്നു. എല്ലാ ഭൗതികമാറ്റങ്ങളുടെയും സൂത്രധാരന്‍ ആധുനിക ശാസ്ത്രമാണ്. പക്ഷെ ശാന്തിയില്ല, സുഖമില്ല, സമാധാനമില്ല. ഇന്ന് ശാസ്ത്രം കൂടുതല്‍ അറിവു നേടുന്നുവെങ്കിലും, ഓരോ കണ്ടുപിടിത്തവും കൂടുതല്‍ ആഴത്തിലും വേഗത്തിലും അപകടത്തിലേക്കുള്ള യാത്രയിലാണ്. ശരീരം പിണ്ഡം മാത്രമല്ലെന്ന് നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തി. അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം ഇവയൊന്നും ഇന്നും സയന്‍സിനു പിടികിട്ടിയിട്ടില്ല. ഈയിടെ പ്രാണമയകോശം പിടികിട്ടിയതായി അവകാശമുണ്ട്. പൂര്‍വ്വികര്‍ പഞ്ചഭൂതസിദ്ധാന്തത്തെ ത്രിമാനസങ്കല്‍പത്തിലൂടെ വേര്‍തിരിച്ചു തന്നു: ശ്രീവനം, തപോവനം, മഹാവനം എന്നിങ്ങെന. സൂക്ഷ്മ പ്രപഞ്ചത്തെ കൈകാര്യം ചെയ്യുന്ന ക്വാണ്ടം തിയറിയും സ്ഥൂലപ്രപഞ്ചത്തെ അറിയാനുള്ള റിലേറ്റിവിറ്റി തിയറിയും ഉണ്ടെങ്കിലും ജീവന്‍ എന്താണ് എന്ന് ഇപ്പോഴും ഒറ്റവാക്കില്‍ ശാസ്ത്രത്തിനുത്തരമില്ല. തുടര്‍സ്പന്ദനമാണെന്നും ബ്രഹ്മമാണെന്നും ശൂന്യമല്ലെന്നും പൂര്‍വസൂരികള്‍ പറഞ്ഞുവച്ചു. ഒരു സ്പന്ദനത്തിന് മൂന്നു ഗുണങ്ങളുണ്ടാവുമെന്നും അവ വികസ്വരത,(രജസ്) സമത (സ്വത്വം) ഉള്‍വലിവ് (തമസ്സ്) ഉണ്ടെന്നും പറഞ്ഞു. ഇവയില്‍നിന്ന് പഞ്ചഭൂതം ഉണ്ടാവുന്നു. ബ്രഹ്മത്തിന്റെ അതിസാന്ദ്രതയില്‍ വികാസം തുടര്‍ന്നുകൊണ്ടിരിക്കും. പുതിയ പ്രപഞ്ചം ഉണ്ടാകാം. ചിലത് ഇല്ലാതാകാം. ഭൗതിക പ്രകൃതി എട്ടായി നിര്‍വചിക്കപ്പെട്ടിരിക്കുന്നു. ഖര/ദ്രവ/വാതക/ദ്രവ്യ/അഗ്നി/സത്ത്/മനസ്സ്/ബുദ്ധി/അഹങ്കാരം. ''എന്റെ ആദ്യ സ്പന്ദനമാണ് സര്‍വ്വ ഭൂതങ്ങളുടെയും സൃഷ്ടിബീജം. പക്ഷെ ശാസ്ത്രത്തിനതറിയില്ല'' കര്‍മ്മം അലയിളക്കമാണ്. ശബ്ദരൂപം പ്രാപിക്കുമ്പോള്‍ ആ+ഊ+മ്=ഓം. സകല ചരാചരങ്ങളും ഓരോ മഹാസ്പന്ദനത്തിന്റെയും അവസാനം ലയിക്കുന്നു. അടുത്ത സ്പന്ദനം തുടങ്ങുമ്പോള്‍ അവയെ ഞാന്‍ വീണ്ടും ഉത്ഭവിപ്പിക്കും. സത്തുതന്നെ പ്രകൃതി. ''ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യാഭി ധീയതേ ഏതദ്യോവേന്തിതം പ്രാഹുഃ ക്ഷേത്രജ്ഞ- ഇതി തദ്വിതഃ പരമമായ അറിവാണ് ഈശ്വരന്‍. ഈശ്വരനും ക്ഷേത്രവുമായുള്ള (പ്രകൃതിയും പുരുഷനും) സംയോഗത്താലാണ് പ്രപഞ്ചത്തില്‍ സ്ഥാവര ജംഗമങ്ങള്‍ ഉണ്ടാകുന്നത് (ഗീത). അതിനാല്‍ ശാസ്ത്രത്തെ പ്രമാണമാക്കണം. അത് ഭൗതികശാസ്ത്രം മാത്രമല്ല എന്നും ആറ്റം മുറിക്കുന്തോറും അത്ഭുതമെന്നു ഋഷി പറഞ്ഞു. ഇതിനെ വിവരണാതീതമെന്നും കാലാതീതമെന്നും പറഞ്ഞു. അതിനെ ഡിവൈന്‍ പവര്‍ എന്നും വിളിച്ചു. അവ്യക്ത പ്രകൃതിയിലെ പഞ്ചഭൂതങ്ങള്‍, വ്യക്തപ്രകൃതിയിലെ കണ്‍കണ്ട സത്യങ്ങള്‍. രണ്ടും ഒന്നിച്ചു സംരക്ഷിക്കപ്പെടുകയും പവിത്രസങ്കല്‍പത്തോടെ സമീപിക്കുകയും സൂക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ നമ്മള്‍ ഭൂവില്‍ നിലനില്‍ക്കില്ല എന്ന് പൂര്‍വസൂരികള്‍ പറഞ്ഞിരിക്കുന്നു...janmabhumi

No comments: