Tuesday, January 30, 2018

സ്വാമി അദ്ധ്യാത്മാനന്ദ
ലക്ഷ്യവിചാരം 17

ചോദ്യം: എന്താണോ നടക്കേണ്ടത് അത് നടക്കും. അതേ നടക്കൂ. അപ്പോള്‍ നടക്കുന്നതെന്തും നേരിടാനുള്ള കരുത്തും സ്വസ്ഥതയും ലഭിക്കുന്നതിന് പ്രാര്‍ത്ഥിച്ചാല്‍ പോരെ?
ഉത്തരം : നടക്കേണ്ടതുമാത്രമേ നടക്കൂ. അതായത് ആകത്തുകയില്‍ പദാര്‍ത്ഥ ധര്‍മ്മത്തിനോ അവയുടെ പരിണാമ വ്യവസ്ഥയ്‌ക്കോ വ്യതിയാനം ഉണ്ടാകില്ല. (ഉദാ:അഗ്‌നി ചൂടായിരിക്കും. അത് സമ്പര്‍ക്കത്തില്‍ വരുന്ന ഭൂരിപക്ഷം പദാര്‍ത്ഥങ്ങളേയും ദഹിപ്പിക്കും)
അങ്ങനെ നടക്കേണ്ടത് നടന്നു കാണുമ്പോള്‍ ചിലപ്പോള്‍ (എല്ലാ തലങ്ങളും സമഗ്രമായി കാണാന്‍ കഴിയാതെ പോവുന്ന മനുഷ്യര്‍ക്ക്) അത് അപ്രതീക്ഷിതവും, അസഹനീയവും ആയിത്തോന്നും. അവര്‍ ആകെ തളര്‍ന്നു പോവും. പ്രതിവിധിയെന്ന നിലയില്‍ കരുത്തിനായി പ്രാര്‍ത്ഥനയെ ആശ്രയിക്കാം, പ്രയോജനപ്പെടുത്താം. ഈ കാര്യങ്ങള്‍ ആഴത്തില്‍ അറിയാത്ത തുടക്കക്കാര്‍ക്ക്,  കാര്യസാധ്യത്തിനു പ്രാര്‍ത്ഥിക്കുന്നത് അവരുടെ നിലയില്‍   ആശ്വാസം നല്‍കുമെന്നതാണ് വസ്തുത. 
ചോദ്യം: സ്വാഭാവികമായി സംഭവിക്കേണ്ട ഒരു കാര്യം പ്രാര്‍ത്ഥന കൊണ്ട് വഴിമാറിപ്പോകും എന്ന് വിശ്വസിക്കാന്‍ പ്രയാസം.
ഉത്തരം : പദാര്‍ത്ഥ പരിണതിയുടെ തലത്തില്‍ പ്രാര്‍ത്ഥനയുടെ സ്വാധീനശക്തിയെ അവിശ്വസിക്കേണ്ടതില്ല. വ്യക്തവും (സ്ഥൂലവും) കായികവുമായ ഇടപെടല്‍ പദാര്‍ത്ഥലോകത്തില്‍ പരിണതി (മാറ്റം) സൃഷ്ടിക്കുന്നത് നമുക്ക് അനുഭവമാണല്ലോ. പ്രാര്‍ത്ഥന സൂക്ഷ്മമായ മാനസിക വൃത്തികളുടെ ഇടപെടലല്ലേ? അതിന് സ്വാധീനമില്ലെന്നെങ്ങനെ നിഷേധിക്കും. പ്രാര്‍ത്ഥന കൊണ്ട് ഒരാള്‍ ഉളവാക്കുന്ന സ്വാധീനം അന്യായമായ വ്യവസ്ഥാ വ്യതിചലനം സൃഷ്ടിക്കില്ലെന്ന് ശഠിക്കാം. പ്രാര്‍ത്ഥനകള്‍ ലോക കല്യാണത്തിനുതകുന്നതാവാന്‍ ശ്രദ്ധിക്കണമെന്നു പ്രേരിപ്പിക്കാം. (ദുസ്വാര്‍ത്ഥതയകന്ന പ്രാര്‍ത്ഥനകളേ ഫലിക്കൂ എന്നും പ്രചരിപ്പിക്കാം )
നടക്കേണ്ടതേ നടക്കൂ എന്ന വ്യവസ്ഥാ വാദത്തോടൊപ്പം നടക്കേണ്ടത് എങ്ങിനെ നിശ്ചയിക്കപ്പെടുന്നു എന്ന ചോദ്യം ചോദിക്കണം. ഓരോരുത്തരുടേയും പ്രവൃത്തികള്‍ക്ക് അവിടെ പ്രാധാന്യമുള്ളതുപോലെ പ്രാര്‍ത്ഥനയുടെ ശക്തിയും കുറച്ചു കാണേണ്ടതില്ല. 
(സൂക്ഷ്മമായ വൈദ്യുതകാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് എത്രയോ കാതം അകലെയുള്ള കൃത്രിമ ഉപഗ്രഹങ്ങളൊക്കെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയുടെ കാലത്ത് ചിന്താ തരംഗങ്ങളുടെ ശേഷിയെ കുറച്ചു കാണുന്നത് അന്യായമല്ലേ?) 
എന്തൊക്കെ പ്രാര്‍ത്ഥനകളാവാം എന്ന വിഷയം സവിസ്തരം ചര്‍ച്ച ചെയ്യപ്പെടണം. അവനവന്റെ ലക്ഷ്യ സാക്ഷാത്കാരത്തിന് ഉതകുന്നതും (വാസനാ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും, ശാന്തി വളര്‍ത്തുന്നതിനും സഹായകമായത്); ലോകഹിതം ഉറപ്പാക്കുന്നതുമായ പ്രാര്‍ത്ഥനകള്‍ ഫലിക്കാതെ പോവില്ല. അല്ലാതെ ശത്രുസംഹാര ഹോമം നിര്‍ദ്ദേശിച്ചത് അപരന്റെ നാശം ലക്ഷ്യമാക്കി പ്രാര്‍ത്ഥിച്ചു ചെയ്താല്‍ ഫലിക്കില്ല. (അവനവനിലെ ദ്രോഹ യുക്തമായ കാമക്രോധാദി മനോവൃത്തികള്‍ ജയിക്കാന്‍ ലക്ഷ്യമാക്കി ശത്രു സംഹാര ഹോമം ചെയ്യുന്നത് നല്ലതാണ്. )
അവനവന്റെ നന്മയും ലോകഹിതവും  ലക്ഷ്യമാക്കി ചെയ്ത ചില പ്രാര്‍ത്ഥനകളും ഫലിക്കാതിരുന്ന  അവസ്ഥ ഉണ്ടായിട്ടുണ്ടല്ലോ  എന്ന ചോദ്യവും ഉന്നയിക്കാം.
പ്രവൃത്തികള്‍ ഫലിക്കും പോലെ പ്രാര്‍ത്ഥനകള്‍ ഫലിക്കുന്നതിനും പല ഘടകങ്ങളും അനുകൂലമാവണം. അതെന്തൊക്കെയാണെന്ന് മനസ്സിലാക്കാന്‍  മനുഷ്യന് കഴിഞ്ഞെന്നു വരില്ല. സ്ഥൂലമായ കര്‍മ്മരംഗത്തെന്നതു പോലെ പ്രാര്‍ത്ഥനയുടെ കാര്യത്തിലും, മറിച്ചു സംഭവിച്ചാല്‍ തളരാതിരിക്കാന്‍ പഠിക്കണം. (അതിവൃഷ്ടി കൊണ്ടോ അനാവൃഷ്ടി കൊണ്ടോ കൃഷി നശിച്ചാല്‍ കര്‍ഷകര്‍ തത്ക്കാലം തളരും.  പക്ഷേ അതോടെ അവര്‍ കൃഷിപ്പണി ഉപേക്ഷിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ് ) പ്രാര്‍ത്ഥനക്കനുസരിച്ചല്ല കാര്യങ്ങള്‍ സംഭവിക്കുന്നത് എന്നു വന്നാല്‍ പരമകാരുണികനായ പരമേശ്വരന്റെ ഹിതം മാനിച്ച് മുന്നേറാന്‍ കഴിയണം.
എല്ലാം അറിയുന്ന ഈശ്വരനോടു പ്രാര്‍ത്ഥിക്കേണ്ടതുണ്ടോ എന്ന ചിന്തയും പരിഗണനാര്‍ഹമാണ്. പ്രവൃത്തികള്‍ക്ക് ഫലം വന്നു ചേരും. ഉദാത്ത പ്രാര്‍ത്ഥനകള്‍ പ്രവൃത്തിയെ കൂടുതല്‍ ഉദാത്തവും സഫലവും ആക്കും. ഈശ്വരന്‍ സര്‍വ്വജ്ഞനല്ലാത്തതു കൊണ്ടല്ല പ്രാര്‍ത്ഥനയും പ്രവൃത്തിയും ചെയ്യേണ്ടി വരുന്നത്. അത് നമുക്കറിയാത്തതുകൊണ്ടാണ് !! അത് അറിയുക എന്നത് ലക്ഷ്യമാക്കുന്നവര്‍ അന്തഃകരണ ശുദ്ധിക്കും ലോക നന്മയ്ക്കും പ്രാര്‍ത്ഥിക്കും, പ്രവര്‍ത്തിക്കും. അല്ലാത്തവര്‍ നേട്ടം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കട്ടെ, ഈശ്വരനെ അംഗീകരിച്ച് പ്രാര്‍ത്ഥിക്കട്ടെ. അത് തെറ്റാണ്, അറിവില്ലായ്മയാണെന്ന് നിഷേധിച്ച് അവരുടെ ഈശ്വര ആശ്രയത്വചിന്തയെ അപമാനിക്കാതിരിക്കാം. 'ന ബുദ്ധിഭേദം ജനയേദജ്ഞാനാം കര്‍മ്മസംഗിനാം' (അജ്ഞാനികളും, കര്‍മ്മസംഗികളും ആയവരില്‍ ബുദ്ധിഭേദം ജനിപ്പിക്കരുത്. ) എന്നു ഭഗവദ് ഗീത മൂന്നാം അധ്യായത്തില്‍ ഭഗവാന്‍ ഉപദേശിക്കുന്നത് വിപുലമായ അര്‍ത്ഥത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിന്തിക്കണം. ഈശ്വര വിഷയകമായി അവരില്‍ ഉണര്‍ന്ന ചിന്തയെ അംഗീകരിച്ച് പ്രോത്സാഹിപ്പിക്കാം.
ചോദ്യം : സെമറ്റിക്ക് മതങ്ങളല്ലേ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകും എന്ന് കൂടുതല്‍ അവകാശപ്പെടുന്നത്?
ഉത്തരം : സനാതന ധര്‍മ്മ ചിന്തയിലും പ്രാര്‍ത്ഥനാന്വിത പ്രവൃത്തിയുടെ ഫലം പ്രത്യേക തലത്തില്‍ അംഗീകരിച്ച് അനുവദിക്കുന്നുണ്ട്. അനവധി പ്രാര്‍ത്ഥനകളും ഫലസിദ്ധി പ്രവചനങ്ങളും വൈദീക കാലത്തു തന്നെ പ്രസക്തമായിട്ടുണ്ട്. പ്രാര്‍ത്ഥനാ വിഷയത്തില്‍ സനാതന ധര്‍മ്മചിന്തയുടെ സമീപനവും  സെമറ്റിക് മതങ്ങളുടെ നിരീക്ഷണങ്ങളും ഇപ്പോള്‍ വിസ്തരിച്ച് താരതമ്യം ചെയ്യുന്നില്ല. (അതിനു മാത്രം പഠനം നടത്തിയിട്ടുമില്ല)
രണ്ടു വസ്തുതകള്‍ മാത്രം ശ്രദ്ധിക്കാം.
1) സെമറ്റിക് മതങ്ങളില്‍ പരോക്ഷമായാണെങ്കിലും  ഈശ്വരനെ ഒരു വ്യക്തിവിശേഷമായി പരിചയപ്പെടുത്തുന്നു. പലപ്പോഴും ഭയപ്പെടുത്തി പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിക്കുന്നു. നമ്മുടെ ഈശ്വര സങ്കല്‍പം അന്വേഷിച്ചു പുരോഗമിക്കും തോറും ആഴം വര്‍ദ്ധിക്കുന്നതും, ഒടുവില്‍ അദ്വൈത ബോധ്യത്തില്‍ എത്തിക്കുന്നതുമാണ്. ഈശ്വര ഭയമുണര്‍ത്തുക എന്നത് മുഖ്യരീതിയായിരുന്നില്ല.
 2) വ്യഷ്ടി  സമഷ്ടി താല്‍പര്യങ്ങളുടെ സമരസതയെന്നത് സെമറ്റിക് മതങ്ങള്‍ മുഖ്യ പരിഗണന നല്‍കുന്ന വിഷയമല്ല. 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' തുടങ്ങിയ പ്രാര്‍ത്ഥനകള്‍ സനാതന ധര്‍മ്മചിന്തയുടെ പ്രാര്‍ത്ഥനാ നിര്‍ദ്ദേശത്തെ പുഷ്‌ക്കലമാക്കുന്നു.
സെമറ്റിക് മതസമീപനങ്ങളെ  വിമര്‍ശിക്കുകയോ , വിരോധിക്കുകയോ നമ്മുടെ ലക്ഷ്യമാവേണ്ടതില്ല. എന്നാല്‍ നമുക്കു ലഭ്യമായ സര്‍വ്വോദാര തത്ത്വചിന്തയുടേയും പ്രായോഗിക പാഠങ്ങളുടേയും പ്രാധാന്യവും പ്രയോജനവും നാം മനസ്സിലാക്കണം. ആസ്വദിക്കണം. ഉപയോഗപ്പെടുത്തണം. സമാനാശയരില്‍ വ്യാപകമായി പ്രചരിപ്പിക്കണം. സനാതന ധര്‍മ്മചിന്തയില്‍ കുറവുള്ളതുകൊണ്ടല്ല ആളുകള്‍, പ്രത്യേകിച്ചും യുവജനത അനാരോഗ്യകരമാംവിധം മറ്റു മതങ്ങളില്‍ പോയി ചേക്കേറുന്നത്. അതിന്റെ മനഃശാസ്ത്രം പല പ്രകാരം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സനാതന ധര്‍മ്മചിന്തയുടെ സമഗ്രതയും ആഴവും സൗന്ദര്യവും അവര്‍ അറിയാത്തതാണ് ഒരു പ്രധാന കാര്യം എന്നു മാത്രമേ ഇവിടെ സൂചിപ്പിക്കുന്നുള്ളൂ.

No comments: