Sunday, January 21, 2018

സജ്ജനസഹവാസംതന്നെ എന്തിനും പ്രതിവിധി. അതു പ്രത്യക്ഷപ്പെട്ടതാണ് കൃഷ്ണജന്മം. കൃഷ്ണന്റെ ബഹുമുഖസഹവാസമാണ് യുധിഷ്ഠിരാദികള്‍ക്കു ലഭിയ്ക്കുന്നത്. സഖാവും, സുഹൃത്തും, അമ്മാവന്റെ മകനും, പൂജ്യനും, ഭൃത്യനും, ഗുരുവും, ആത്മാവുമൊക്കെയായി പെരുമാറിപ്പോന്നു അര്‍ജുനസഖന്‍! ഇതിലേറെ മഹാഭാഗ്യമെന്ത്?
രൂപലാവണ്യവും വാക്ചാതുര്യവും തുണച്ചിരുന്ന അപൂര്‍വഗന്ധര്‍വനായിരുന്നുവത്രേ നാരദമഹര്‍ഷി, സ്ത്രീഹൃദയത്തിനു വരണപാത്രവും.
ഒരിയ്ക്കല്‍ മരീച്യാദിപ്രജാപതിമാര്‍ ദേവലോകത്തുവെച്ചു സത്രവേളയില്‍ ഹരികഥ കീര്‍ത്തനം ചെയ്യാനായി ഗന്ധര്‍വന്മാരേയും അപ്‌സരസ്സുകളേയും വിളിച്ചുകൂട്ടി. അതറിഞ്ഞു നാരദന്‍ സ്ത്രീകളുടെ മധ്യേ ഗാനാലാപനം ചെ യ്തുകൊണ്ട് അവിടേക്കു ചെന്നുവത്രെ. ആ അവിവേകവും അനാദരവും തീരെ സമ്മതമാകാതെ, പ്രജാപതിമാര്‍ നാരദനെ ശൂദ്രദാസിയില്‍ പിറക്കട്ടെയെന്നു ശപിച്ചുപോലും. 
ശൂദ്രജന്മത്തിലും താന്‍ ബ്രഹ്മജ്ഞരെ പരിചരിച്ചിരുന്നു. അവരുടെ സഹവാസത്താല്‍ ബ്രാഹ്മപുത്രത്വം നേടുകയും ചെയ്തു.
സജ്ജനസഹവാസംതന്നെ എന്തിനും പ്രതിവിധി. അതു പ്രത്യക്ഷപ്പെട്ടതാണ് കൃഷ്ണജന്മം. കൃഷ്ണന്റെ ബഹുമുഖസഹവാസമാണ് യുധിഷ്ഠിരാദികള്‍ക്കു ലഭിയ്ക്കുന്നത്. സഖാവും, സുഹൃത്തും, അമ്മാവന്റെ മകനും, പൂജ്യനും, ഭൃത്യനും, ഗുരുവും, ആത്മാവുമൊക്കെയായി പെരുമാറിപ്പോന്നു അര്‍ജുനസഖന്‍! ഇതിലേറെ മഹാഭാഗ്യമെന്ത്? ആ കൃഷ്ണപരമാത്മാവ് പ്രസാദിക്കട്ടെ എന്നുപറഞ്ഞു നാരദമുനി ധര്‍മകഥനം നിര്‍ത്തി.
ഗൃഹസ്ഥന്‍ സംന്യാസിയെപ്പറ്റി ഉദ്ബുദ്ധനാകണം
് നാലാശ്രമങ്ങളുണ്ട്, അവയുടെ ക്രമം ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിങ്ങനെയും; എന്നാല്‍ ഇവിടെ നാരദന്‍ ഗൃഹസ്ഥചര്യ വിട്ടു മറ്റു മൂന്ന് ആശ്രമങ്ങളേയുമാണ് ആദ്യമായി വിവരിച്ചത്. അതില്‍ സംന്യാസവിവരണംകൊണ്ട് മനുഷ്യജീവിതത്തെ എവിടംവരെ നയിക്കാം, എങ്ങനെ പരിസമാപിപ്പിക്കണം എന്നു ഭംഗിയായി വിവരിച്ചുകഴിഞ്ഞു.  
ഗൃഹസ്ഥാശ്രമികള്‍ ജീവിയ്ക്കുന്നതും ഈ ചുവടുപിടിച്ചുകൊണ്ടു വേണം. ഇതു സാധ്യമാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഇനിയുള്ള കാര്യങ്ങള്‍ നാരദനിലൂടെ വ്യാസദേവന്‍ വെളിപ്പെടുത്തുന്നത്. ധര്‍മവിവരണത്തിലെ മര്‍മപ്രധാനമായ ഭാഗമാണിത്. 
ഗൃഹസ്ഥജീവിതം ഫലപ്രദവും ധര്‍മബദ്ധവും സുഭഗവുമാകുന്നതിലാണ് മറ്റെല്ലാ ആശ്രമങ്ങളും പുഷ്ടിപ്പെട്ടുവരുക. ബ്രഹ്മചാരികളോ വാനപ്ര സ്ഥരോ സംന്യാസിമാരോ ആരോഗ്യപരമായി അവരവരുടെ ജീവിതക്രമങ്ങള്‍ പിന്തുടരുന്നില്ലെങ്കില്‍, അതിനുകാരണം ഗൃഹസ്ഥന്മാരിലുള്ള വൈകല്യങ്ങളും ശ്രദ്ധക്കുറവുംതന്നെയെന്നു നാരദവിവരണങ്ങള്‍ എടുത്തുപറയുന്നു. ഈയൊരു ഭാഗമെങ്കിലും ഗൃഹസ്ഥവൃന്ദം ശ്രദ്ധവെച്ചു പഠിയ്ക്കുമെങ്കില്‍ എത്ര നന്നായി!
ഗൃഹസ്ഥന്മാര്‍ വലിയ വൈവിധ്യമാണ് എന്നും കാഴ്ചവെയ്ക്കുക. 
ജ്ഞാനകുതുകികളാകാം ചിലര്‍. തത്ത്വജ്ഞാനം പ്രതിപാദിക്കുന്ന ശാസ്ത്രങ്ങള്‍ അവര്‍ക്കു കൂടുതല്‍ പ്രിയങ്കരമാണ്. ചിലര്‍ വേദശാസ്ത്രങ്ങള്‍ പഠിക്കുന്നതിലാകാം ശ്രദ്ധാലുക്കള്‍. മറ്റുചിലര്‍ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കാന്‍ പുറപ്പെട്ടെന്നും വരാം. രുചിഭേദംതന്നെ ഇതിലും പ്രമാണം.
സദസ്സില്‍വെച്ചോ കര്‍മാനുഷ്ഠാനത്തിന്റെ ഭാഗമായോ ആദരസത്കാരങ്ങള്‍ ചെയ്യേണ്ടിവരുമ്പോള്‍ ജ്ഞാനനിഷ്ഠര്‍ക്കുവേണം മുന്‍ഗണന നല്കാന്‍. ഉത്തമശ്രേഷ്ഠര്‍, പിന്നെ അതില്‍ക്കുറഞ്ഞവര്‍, ഇങ്ങനെയാകണം ക്രമം. യജ്ഞപ്രസാദം, പിതൃപ്രസാദം എന്നിവ നല്കുമ്പോഴും ഇതനുസരിയ്ക്കണം.
കര്‍മഠത്വം ശരിയല്ല വിചാരശീലംവേണം
ഗൃഹസ്ഥന്മാര്‍ വെറും കര്‍മഠന്മാരാകുന്നതു ശരിയല്ല, വിവേകവും വൈരാഗ്യവും ഊട്ടിയുറപ്പിയ്ക്കുന്ന ആത്മജ്ഞാനത്തിലും ആത്മനിഷ്ഠന്മാരിലും അവര്‍ വേണ്ടത്ര ശ്രദ്ധപതിപ്പിയ്ക്കണമെന്ന് ഊന്നിപ്പറയുകയല്ലേ നാരദനും വ്യാസദേവനും ചെയ്യുന്നത്. ആര്‍ എവിടെ എന്താശ്രമത്തില്‍പ്പെട്ടാലും, തന്റെ ജീവിതം വിവേകത്തിനു വിധേയമാകണമെന്നു തെളിയാന്‍ ഇനിയെന്തുവേണം?”
ദേവകര്‍മം, പിതൃകര്‍മം എന്നിങ്ങനെ രണ്ടാണ് ഗൃഹസ്ഥന്മാര്‍ അനുസരിയ്ക്കുന്നത്. ശ്രാദ്ധമൂട്ടുന്നതു രണ്ടാമത്തേതില്‍പ്പെടും. മരണവും മരണാനന്തരദശയും ആധാരമാക്കി, മരിച്ചവരുടെ ഓര്‍മ ആനയിയ്ക്കുന്നതാണ് ശ്രാദ്ധാവസരങ്ങള്‍. അത് എത്രയും ലളിതമേ ആകാവൂവത്രെ. കൂടുതല്‍ പേരെ അതിനു വിളിച്ചുകൂട്ടരുതെന്നും നാരദമഹര്‍ഷി പറയുന്നു. കാരണം, വന്നവരെ ആദരിയ്ക്കുന്നതിലാകും കൂടുതല്‍ ശ്രദ്ധ.  ഇത്തരം വ്യതിയാനം ഒഴിവാക്കണം. 
കര്‍മാചരണത്തിന്റെ ഉദ്ദേശമെന്ത്? അതു സമാജീയഗണനകള്‍ക്കു വഴിമാറിക്കൊടുക്കരുതെന്നതു സുപ്രധാനമാണ്. ഇത്തരം വിലയിരുത്തലുകള്‍ മൂലം കര്‍മനിഷ്ഠയെ പവിത്രമാക്കയും പരിഷ്‌കരിയ്ക്കയുമല്ലേ വ്യാസദേവന്‍ ചെയ്യുന്നത്. വിവേകവൃദ്ധിതന്നെ എവിടേയുമുള്ള ലക്ഷ്യം, നേട്ടം. ഗൃഹസ്ഥന്മാര്‍ ഇതു മറന്നുപോകരുത്.
നിത്യം, നൈമിത്തികം എന്നിങ്ങനെ രണ്ടുവിധത്തിലാണ് കര്‍മാചരണം. പുണ്യകാലാവസരങ്ങള്‍ നോക്കി സത്കര്‍മങ്ങള്‍ ചെയ്യുന്ന സമ്പ്രദായവുമുണ്ട്. 
സത്കര്‍മമെന്താണെന്ന് അറിഞ്ഞിരി്‌ക്കേണ്ടതത്രെ. ഭഗവാനെ ലക്ഷ്യമാക്കി ചെയ്യുന്നതെന്തോ അതു സത്പാത്രത്തില്‍ നല്കുക. സാധനസാമഗ്രികളുടെ ആവശ്യം ഈശ്വരന്നില്ലതന്നെ. പ്രാണനും ദേഹവുമായി സഞ്ചരിക്കുന്ന ജീവരാശികള്‍ക്കാണ് പലതുമാവശ്യം. അതുകൊണ്ട് അവര്‍ക്കു കൊടുക്കുക. 
പക്ഷേ ഒരു കാര്യം ഓര്‍മവെക്കണം. ദേവന്മാരില്‍നിന്നും തുടങ്ങി, പക്ഷിമൃഗാദികളിലെല്ലാം സാക്ഷാത് ശ്രീഹരിതന്നെയാണ് അധിവസി്ക്കുന്നത്. അതിനാല്‍ നല്കുന്നതെന്തും ഹരിയ്ക്കുതന്നെയാണ് ചെല്ലുക. ഭക്തിയേയും ഭക്തിസമര്‍പ്പണത്തേയും കൂടുതല്‍ സാരവത്തും അര്‍ഥവത്തുമാക്കുന്നു ഇത്തരം നവീകൃതഭാവങ്ങള്‍!

No comments: