Thursday, January 25, 2018

'വൈരം' എന്നാല്‍ ശത്രുതാഭാവമാണ്. ഭക്തിയോഗം ശീലിക്കുന്ന വ്യക്തി ഇങ്ങോട്ട് ഉപദ്രവം ചെയ്യുന്നവരെപ്പോലും ശത്രുവായി കണക്കാക്കരുത്; പ്രതികരണം ചെയ്യരുത്. ലൗകികതലത്തില്‍ സഹായിക്കുകയില്ല. മാത്രമല്ല, ഉപദ്രവം മാത്രമേ ചെയ്യുകയുള്ളൂ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. വൈദികന്മാരും മീമാംസകന്മാരും തത്ത്വചിന്തകന്മാരും  ഭഗവദ് ഭക്തന്മാരെ ദ്രോഹിക്കും. ഹിരണ്യകശിപു, തന്റെ മകനായ പ്രഹ്ലാദനെ വധിക്കാന്‍ ശ്രമിച്ചത് ഭഗവാനോടുള്ള വിരോധംകൊണ്ടാണ്. അസുരബാലന്മാരെ ഉപദേശിച്ച്, അവരെ കൃഷ്ണഭക്തന്മാരായി മാറ്റാന്‍ ശ്രമിച്ചുവെന്നതാണ് പ്രഹ്ലാദനില്‍ ആരോപിക്കപ്പെട്ട കുറ്റം. പക്ഷേ, വൈരഭാവത്തില്‍ പ്രഹ്ലാദന്‍ ഒന്നു നോക്കുകപോലും ചെയ്തില്ല.
ഇങ്ങനെ മറ്റുള്ളവരുടെ ഉപദ്രവം കണക്കാക്കാതെ അവരുടെ സുഹൃത്തായി വര്‍ത്തിക്കുകയാണ് ഒരു ഉത്തമഭക്തന്‍ പറയുന്നത്. മറ്റുള്ളവരെ സഹായിക്കുക എന്നത് നല്ല ശീലമാണ് എന്ന് പറയാറുണ്ട്. ധനമോ വസ്തുക്കളോ യഥാശക്തി നാം കൊടുത്ത് സഹായിക്കാറുണ്ട്. ഇത് താഴ്ന്ന നിലവാരത്തിലുള്ള സഹായം മാത്രമാണ്. എല്ലാവരേയും-ദുഷ്ടന്മാരേയും വിശിഷ്ടന്മാരേയും മിത്രങ്ങളേയും ശത്രുക്കളേയും-ഭഗവന്നാമ കഥാ സങ്കീര്‍ത്തനാദികള്‍കൊണ്ട് ഭഗവത് പദത്തിലെത്തിക്കുകയാണ് ഒരു കൃഷ്ണഭക്തന്‍ ചെയ്യുന്നത്. നരസിംഹ മൂര്‍ത്തിയോടു പ്രഹ്ലാദബാലന്‍ ശാഠ്യം പിടിക്കുന്നത് നോക്കേണ്ടതാണ്.
''തനെതാന്‍ വിഹായ കൃപണാന്‍
വിമുമുക്ഷ ഏകഃ''
(=അങ്ങയുടെ കൃപയ്ക്ക് യോഗ്യതയുള്ള ഈ അസുരബാലന്മാര്‍ക്ക് മോക്ഷം കൊടുത്തതിനുശേഷം മാത്രമേ എനിക്ക് മോക്ഷം വേണ്ടൂ.) 'സര്‍വ്വഭൂതസമഃ'' -ഇങ്ങനെയാണ് സമത്വം പരിശീലിപ്പിക്കേണ്ടത്.
ഇങ്ങനെ സര്‍വസ്വവും ഭഗവാനുവേണ്ടി സമര്‍പ്പിച്ചുകൊണ്ട്, ഓരോ നിമിഷവും ഭഗവാനേയും ഭക്തന്മാരെയും ഭക്തന്മാരല്ലാത്തവരെയും സേവിക്കുന്ന ഭക്തന്‍ നിശ്ചയമായും ഭഗവല്ലോകം പ്രാപിക്കും
''മാമുപേത്യ പുനര്‍ജന്മ...
നാപ്നുവന്തി; സംസിദ്ധിംപരമാഗതാഃ''
അവര്‍ക്ക് വീണ്ടും പ്രപഞ്ചത്തിലേക്ക് തിരിച്ചുവരേണ്ട കാര്യമില്ല.
പതിനൊന്നാം അധ്യായം കഴിഞ്ഞു
ഈ അധ്യായത്തിലെ
 പ്രതിപാദ്യസംഗ്രഹം
പാര്‍ത്ഥസാരഥിയായ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ ആവശ്യം സ്വീകരിച്ച്, ഈ വിധത്തില്‍ വിലസുന്ന എല്ലാ രൂപങ്ങളും തന്റെ ദേഹത്തില്‍ കാട്ടിക്കൊടുത്തു. അതുകണ്ടപ്പോള്‍ അര്‍ജ്ജുനന് ആദ്യം അദ്ഭുതവും പിന്നീട് ഭയവും പിന്നീട് സന്തോഷവും ഉണ്ടായി. സര്‍വേശ്വരനായ കൃഷ്ണനെ, തന്റെ സുഹൃത്തെന്ന് തെറ്റിദ്ധരിച്ച് ചെയ്തുപോയ അപരാധങ്ങള്‍ പൊറുക്കണേ എന്നു പ്രാര്‍ത്ഥിക്കുകയും എത്രയോ വട്ടം പ്രദക്ഷിണം വെക്കുകയും ചെയ്തു. ഭഗവാന്റെ ചതുര്‍ഭുജരൂപം കാട്ടിത്തരാന്‍ പ്രാര്‍ത്ഥിച്ചു. ആ രൂപം കണ്ടിട്ടും അര്‍ജ്ജുനന് ഭയവും വിറയും അസ്വസ്ഥതയും മുഴുവന്‍ നശിച്ചില്ല. അപ്പോള്‍ തന്റെ നിത്യസത്യവും മാറ്റമില്ലാത്തതും മനുഷ്യരൂപം പോലെ രണ്ടു കയ്യും രണ്ടു കാലും രണ്ടു കണ്ണുകളും ഉള്ള സച്ചിദാനന്ദ വിഗ്രഹം കാട്ടിക്കൊടുത്തു. അര്‍ജ്ജുനന്  അപ്പോഴാണ് മനസ്സിന് സ്വസ്ഥത കിട്ടിയത്; ശ്വാസം ക്രമത്തിലായത്. എന്റെ ഈ രൂപം വേദാധ്യയനം കൊണ്ടോ, യജ്ഞങ്ങള്‍ ചെയ്തിട്ടോ, ദാനങ്ങള്‍ ചെയ്തിട്ടോ, ഉഗ്രതപസ്സുകള്‍ ചെയ്തിട്ടോ ദേവന്മാര്‍ക്കോ യോഗികള്‍ക്കോ ഋഷികള്‍ക്കോ കാണാന്‍ സാധിക്കില്ല എന്ന് ഭഗവാന്‍ പറഞ്ഞു. അനന്യഭക്തി ഒന്നുകൊണ്ടുമാത്രമേ എന്നെ കാണാനും എന്റെ തത്വം അറിയാനും എന്റെ ലോകത്തില്‍ എത്തിച്ചേരാനും കഴിയുകയുള്ളൂ എന്നും ഉറപ്പിച്ചു പറഞ്ഞു. പിന്നെ ഭക്തിയുടെ അഞ്ചു ഘടകങ്ങളും ഉപദേശിച്ചു.kanapram

No comments: