Sunday, January 21, 2018

കഥകളിക്കായി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് നരിപ്പറ്റ നാരായണന്‍ നമ്പൂതിരി. സ്‌കൂള്‍ പഠനത്തോടൊപ്പം തുടങ്ങിയ കഥകളിയില്‍ ഇന്നും സജീവം. അരങ്ങുകള്‍ക്ക് ആര്‍ജവമുള്ള കലാകാരന്മാരെ സംഭാവന ചെയ്ത പേരൂര്‍ ഗാന്ധിസേവാസദനത്തിന്റെ പുത്രന്‍ നരിപ്പറ്റ നാരായണന്‍ നമ്പൂതിരിക്ക് എഴുപത്. കീഴ്പടം കുമാരന്‍ നായര്‍ എന്ന അധ്യാപകനു കീഴില്‍ തെളിഞ്ഞ നരിപ്പറ്റ എന്ന ചുരുക്കപ്പേരില്‍ വിഖ്യാതനായ ഈ നമ്പൂതിരി കഥകളി അരങ്ങില്‍ നിറഞ്ഞതുപോലെ നല്ല അധ്യാപകനുമാണ്. ധാരാളം വിദേശികളെ മുദ്രയുടെയും രസാഭിനയത്തിന്റെയും വഴിയെ നടത്തി. കഥകളി എന്ത് എന്ന് പുറംലോകത്തെ പഠിപ്പിച്ചു.
കഥകളിക്കു വളക്കൂറുള്ള കാറല്‍മണ്ണയില്‍ ജനിച്ചവര്‍ മികച്ച ആസ്വാദകരാവും എന്നതില്‍ സംശയിക്കാനില്ല. ഒട്ടേറെ ഗുരുക്കന്മാരുള്ള ഗ്രാമമാണ് കാറല്‍മണ്ണ. അവിടെ നിന്നും അകലെയല്ല വെള്ളിനേഴിയും. പ്രശസ്തരായ നിരവധി ആചാര്യന്മാര്‍ ഇവിടെ വളര്‍ന്നു. അവരെ പ്രോത്സാഹിപ്പിക്കാന്‍ നാട്ടു പ്രഭുക്കന്മാരും ഉത്സാഹിച്ചു. ഭൂപരിഷ്‌കരണത്തിന്റെ പിടിയിലമരും വരെ കലയുടെ അരങ്ങുകള്‍ കുറച്ചൊന്നുമായിരുന്നില്ല കാറല്‍മണ്ണയില്‍. അതു പോലെ തന്നെ കളരികളും.
പാടത്തുപണിയെടുക്കുന്നവര്‍വരെ ആട്ടപ്രകാരം ഹൃദിസ്ഥമാക്കിയവരെന്നാണ് പറയുക. മനകളിലെ പത്തായപ്പുരയിലും ക്ഷേത്രങ്ങളിലെ അഗ്രശാല (ഊട്ടുപുര)യിലും ചൊല്ലിയാട്ടക്കളരികള്‍ ഉണ്ടായിരുന്നു. അതെല്ലാം കലാകേരളത്തിന്റെ മഹാമുദ്രകളായിരുന്നു. എത്രയെത്ര കലാനിപുണന്മാര്‍ ഇവിടെ വളര്‍ന്നു. അക്കൂട്ടത്തില്‍ ശ്രദ്ധേയനാണ് നരിപ്പറ്റ. കലാരസികനായ അച്ഛന്‍, നാരായണനേയും അടുത്തുള്ള കുട്ടികളേയും ചേര്‍ത്ത് കഥകളി കളരി തുടങ്ങി. അവിടെ അടുത്ത ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു ഗുരു. അദ്ദേഹം വടക്കേ മലബാറുകാരായിരുന്നു. അരങ്ങേറ്റം കൃഷ്ണ വേഷവുമായിട്ടായിരുന്നു. തുടര്‍ന്നാണ് മറ്റൊരാശാനുകീഴില്‍ പഠനം തുടര്‍ന്നത്. തേക്കിന്‍ കാട്ടില്‍ രാവുണ്ണി മേനോന്റെ ശിഷ്യന്‍ പത്താംക്ലാസില്‍ പഠനത്തോടൊപ്പമാണ് സദനത്തില്‍ നിന്നും കഥകളി പഠനം തുടങ്ങിയത്. കഥകളിക്ക് പുലര്‍ച്ചെ മൂന്ന് മണിക്ക് അഭ്യാസം തുടങ്ങും. രാത്രി എട്ടുമണിവരെ. ഇതിനിടയില്‍ സ്‌കൂള്‍ പഠനവും. രണ്ടും ഒന്നിച്ചു നയിച്ച് പരീക്ഷാവിജയവും നേടി. ഹിന്ദി പഠിക്കാന്‍ പുറപ്പെട്ടെങ്കിലും അതില്‍ പരാജയപ്പെട്ടു. കുമാരന്‍ നായരാശാനുകീഴില്‍ കഥകളിയില്‍ ശ്രദ്ധ ചെലുത്തുകയായിരുന്നു പിന്നീട്.
മികച്ച ഗുരുവിനെ ലഭിച്ചതാണ് നരിപ്പറ്റയുടെ വലുപ്പം. ഒരു വിദ്യാര്‍ത്ഥി അവശ്യം അറിഞ്ഞിരിക്കേണ്ടതെന്തെന്ന് അദ്ദേഹം പഠിപ്പിച്ചു. കഥകളിയുടെ വികാസ പരിണാമങ്ങള്‍ക്ക് എക്കാലത്തേയും മുതല്‍ക്കൂട്ടായ പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴില്‍ പഠിച്ചുവളര്‍ന്ന കീഴ്പടം കുമാരന്‍ നായര്‍ പഠനം പൂര്‍ത്തിയായി അരങ്ങുകളില്‍ സജീവമായ സമയത്ത് മദിരാശിയില്‍ ചെന്നു ചേര്‍ന്നു. കഥകളിയും ഡാന്‍സും ഒന്നിച്ചുകൊണ്ടുപോയിരുന്നു. എംജിആറിനെവരെ നൃത്തം പഠിപ്പിക്കുകയുണ്ടായി. കുറച്ചുകാലം കേരള കലാമണ്ഡലത്തിലും അധ്യാപകനായി. അവിടെനിന്നും സദനത്തില്‍ എത്തിയ സമയത്താണ് നരിപ്പറ്റയുടെ പഠനകാലം. വിവിധകലകളുമായി ഇടപഴകി വന്നതിന്റെ ആര്‍ജവം കുമാരന്‍ നായരില്‍ തികഞ്ഞുനിന്ന കാലത്താണ് നരിപ്പറ്റയും അഭ്യാസം നേടിയത്.
ഈ സമയത്താണ് ഹനുമാന്റെ അഷ്ടകലാശം കീഴ്പടം ചിട്ടപ്പെടുത്തിയത്. ഓരോ കഥാപാത്രത്തേയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ വളര്‍ത്തിയെടുത്തു. വായനയുടേയും ചിന്തയുടേയും ശക്തി ഓരോ അരങ്ങിലും ആശാന്‍ തെളിയിക്കുകയായിരുന്നു. അതാണ് നരിപ്പറ്റയുടേയും വഴി. തന്റേതായ പലതും അരങ്ങില്‍ കാണിക്കുക എന്ന പ്രത്യേകതയാല്‍ ധാരാളം ആസ്വാദകരെ ലഭിച്ചു. സ്‌കോളര്‍ഷിപ്പ് നേടിയും നരിപ്പറ്റ പഠനം പൂര്‍ത്തിയാക്കി. കുറച്ചുകാലം സദനത്തില്‍ ഏകാധ്യാപകനായും പ്രവര്‍ത്തിച്ചു.
എണ്‍പതുകളിലാണ് നരിപ്പറ്റ ശ്രീകൃഷ്ണപുരത്ത് എത്തിയത്. നെടുമ്പിള്ളി കൃഷ്ണന്‍ നമ്പൂതിരിയുടെ കലാ മോഹത്താല്‍ ഒട്ടേറെ പേരെ കഥകളിലോകത്ത് എത്തിച്ചു. അദ്ദേഹത്തിന്റെ വിദേശബന്ധവും നരിപ്പറ്റയുടെ സിദ്ധിയെ വളര്‍ത്തി. ഈശ്വരമംഗലം ക്ഷേത്രത്തിന്റെ അഗ്രശാലയില്‍ സായിപ്പന്മാര്‍ക്കും കഥകളി പഠിക്കാമായിരുന്നു. അക്കാലം മുതല്‍ വിദേശ യാത്രയും ആരംഭിച്ചു. കഥകളി കളിക്കുക മാത്രമായിരുന്നില്ല ആ യാത്രയുടെ ഉദ്ദേശ്യം. കഥകളി എന്ന കലയെ പുറംനാട്ടുകാര്‍ക്ക് പഠിപ്പിച്ചു. അരങ്ങും ശില്‍പ്പശാലകളും സജീവമായി.
കുറച്ചുകാലം കണ്ണൂരിലെ ചെറുകുന്നില്‍ ആസ്തികാലയത്തില്‍ പഠിപ്പിച്ചു. ഇക്കാലത്താണ് രാജുമോഹന്‍ എന്ന വിദ്യാര്‍ത്ഥിയെ ലഭിച്ചത്. ഇന്ന് അദ്ദേഹം കോട്ടക്കല്‍ നാട്യസംഘത്തിലെ ആശാനാണ്. നരിപ്പറ്റ, തൃശൂരില്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും സജീവമായി. ആറുവര്‍ഷക്കാലം. 2015 വരെ പലപ്പോഴായി ഭാഷാ സ്വാധീനവും ഈ കലാകാരനെ വിശാലനാക്കി. കീഴ്പടം വിഭാവനം ചെയ്ത അനവധി തുടര്‍ച്ചകള്‍ക്ക് നരിപ്പറ്റ പിന്‍ഗാമിയായി. അസാധ്യ മെയ്‌വഴക്കത്താലും നൃത്തവശ്യതയാലും ഹനുമാന്‍, ബ്രാഹ്മണന്‍, ദുര്യോധനന്‍, ഹംസം തുടങ്ങിയ നിരവധി കഥാപാത്രങ്ങളെ തന്റേതായ വിധത്തില്‍ പൊ
ലിപ്പിച്ചെടുത്തു. കീഴ്പടം ആശാനെപ്പോലെ അഷ്ടകലാശം അതിലാഘവത്തോടെ കാണിക്കാനുള്ള വശ്യത നരിപ്പറ്റയിലും  നിറഞ്ഞുനില്‍ക്കുന്നു. കുമാരന്‍ നായരുടെ ലവണാസുരവധത്തിലെ ഹനുമാന്‍ ഒരനുഭവമായിരുന്നു. ഭക്തിയാല്‍ കാണികളെ കണ്ണീരണിയിക്കുന്ന ഹനുമാനായിരുന്നു അത്. ആ ഹനുമാനൊപ്പം കുശലവന്മാരായി, സദനം കൃഷ്ണന്‍കുട്ടിയും നരിപ്പറ്റയും. കോട്ടക്കല്‍ ശിവരാമന്റെ സീതയും ചേര്‍ന്ന മറ്റൊരു ടീം ഇതുപോലെ കാണില്ല.
ആശാന്‍ തീര്‍ത്ത ഓരോ അരങ്ങിനേയും നരിപ്പറ്റയും സജീവമാക്കി. കഥകളി എന്ന കലയെ ഹൃദയത്തോടു ചേര്‍ത്ത് നടന്ന അനേകരില്‍ നരിപ്പറ്റ നാരായണന്‍ നമ്പൂതിരിക്കും ഇടമുണ്ട്. നാട്ടുകാരേയും 
പുറംനാട്ടുകാരേയും കഥകളിയോടു ചേര്‍ത്തു നിര്‍ത്തുവാന്‍ കഴിഞ്ഞത് ഒരു ജന്മപുണ്യമാണ്.  സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരത്തിനെല്ലാം ഇദ്ദേഹവും അര്‍ഹനാണ്. ജനുവരി 26ന് അദ്ദേഹത്തിന്റെ 70-ാം പിറന്നാള്‍ ജന്മനാടായ കാറല്‍മണ്ണയില്‍ കൊണ്ടാടും. അധ്യാപികയായ ആര്യയാണ് ഭാര്യ. മക്കളായ രജിതയും ഗിരിജയും കലാരംഗത്ത് സജീവമാണ്.

No comments: