Sunday, January 21, 2018

പരമാത്മാവിനെ സാക്ഷാത്കരിക്കാനാഗ്രഹിക്കുന്ന സാധകന്‍ തന്നിലാണ് അന്വേഷണം ചെയ്യേണ്ടത്; പുറത്തല്ല. തന്റെ ഹൃദയത്തില്‍തന്നെ ആത്മാവിനെ സാക്ഷാത്കരിക്കണം. കലകളുടെ ഉദ്ഭവത്തെപ്പറ്റി സൃഷ്ടികര്‍ത്താവ് ചേതനനാണ് എന്ന് പറയുന്നു.
പ്രശ്‌നോപനിഷത്ത്
ആറാം പ്രശ്‌നം
ഭരദ്വാജന്റെ  മകനായ സുകേശന്റെ ചോദ്യവും അതിന് പിപ്പലാദമുനിയുടെ ഉത്തരവുമാണ് ആറാം പ്രശ്‌നത്തില്‍.
അഥ ഹൈനം സുകേശാ 
ഭാരദ്വാജഃ പപ്രച്ഛ-
ഭഗവന്‍, ഹിരണ്യനാഭഃ കൗസല്യോ രാജപുത്രോ
മാമുപേതൈ്യതം പ്രശ്‌നമപുച്ഛത ഷോഡശകലാ
ഭാരദ്വാജ പുരുഷം വേത്ഥ 
തമഹം കുമാരമധ്രുവം
നാഹമിമാ വേദ യദ്വഹമിമാമവേദിഷം കഥാതേ
നവക്ഷ്യമിതി സമൂലോ 
വായേഷ പരിശുഷ്യതി
യോളനൃതമാഭിവദതി തസ്മാന്നാര്‍ഹാമ്യനൃതം വക്തും
സതുഷ്ണീം രഥമാരൂഹ്യ 
പ്രവപ്രാജ തം ത്വാ
പൃച്ഛാമി ക്വാസൗ പുരുഷ ഇതി
പിന്നീട് ഭരദ്വാജന്റെ മകനായ സുകേശന്‍ ആചാര്യനോട് ചോദിച്ചു-
ഹിരണ്യനാഭന്‍ എന്ന കോസലരാജപുത്രന്‍ 16 കലകളോടുകൂടിയ പുരുഷനെ അറിയാമോ എന്ന് എന്നോട് ഒരിക്കല്‍ ചോദിച്ചിരുന്നു. എനിക്ക് അറിയില്ല. അറിയാമായിരുന്നുവെങ്കില്‍ ഞാന്‍ നിനക്ക് പറഞ്ഞുതരാതിരിക്കുമോ? അസത്യം പറയുന്നയാള്‍ സമൂലം നശിച്ചുപോകും. അസത്യം പറയാന്‍ എനിക്ക് കഴിയില്ല എന്ന് പറഞ്ഞപ്പോള്‍ ആ രാജകുമാരന്‍ ഒന്നും മിണ്ടാതെ തേരില്‍ കയറി തിരിച്ചുപോയി. ഹിരണ്യനാഭന്‍ ചോദിച്ച ആ ഷോഡശകല പുരുഷനെ എനിക്ക് പറഞ്ഞുതരും. ഈ പുരുഷന്‍ എവിടെയാണ് എന്ന്.
16 കലകളുള്ള പുരുഷനെകുറിച്ച് അറിയണം എന്നുള്ള ചോദ്യമാണ് ഇവിടെ ഉന്നയിക്കുന്നത്. ഈ പുരുഷന്‍ എവിടെയാണ് സ്ഥിതിചെയ്യുന്നത്. തന്നോട് ഹിരണ്യനാഭന്‍ എന്ന രാജകുമാരന്‍ ഉന്നയിച്ച ചോദ്യത്തെ സുകേശന്‍ പിപ്പലാദമുനിയോട് ചോദിക്കുകയാണ്. മുമ്പ് തനിക്ക് ഉത്തരം നല്‍കാന്‍ കഴിയാതിരുന്ന കാര്യത്തെ അനുസ്മരിച്ചാണ് സുകേശന്റെ ചോദ്യം. ഇത്തരത്തില്‍ ഈ പ്രശ്‌നം ആരംഭിച്ചത് വിഷയത്തിന്റെ ഗൗരവവും അറിയാനുള്ള പ്രയാസവും കാണിക്കുവാനാണ്. 16 കലകളുള്ള പുരുഷന്‍ എവിടെയാണെന്നും എങ്ങനെ സാക്ഷാത്കരിക്കണമെന്നും ഈ ചോദ്യത്തിലൂടെ ഉന്നയിക്കുന്നു.
ഈ ചോദ്യം തന്റെ ഉള്ളില്‍ കിടന്ന് ശല്യപ്പെടുത്താന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായെന്നാണ് സുകേശന്റെ വാക്കുകളിലെ ധ്വനി. എല്ലാ ശിഷ്യഗുണങ്ങളും തികഞ്ഞ ആ രാജകുമാരന് പറഞ്ഞുകൊടുക്കാന്‍ തനിക്കായില്ലല്ലോ എന്ന വിഷമവും കൂടെയുണ്ട്. ഈ സംഭവം വിവരിച്ചതുകൊണ്ട് ന്യായമായി ഗുരുവിന്റെ അടുത്ത് വരുന്ന യോഗ്യനായ ശിഷ്യന് വിദ്യ പറഞ്ഞുകൊടുക്കണമെന്നും ഒരിക്കലും അസത്യം പറയരുതെന്നും കാണിക്കുന്നു.
തസ്‌മൈ സഹോവാച ഇഹൈവാന്തഃ ശരീരേ
സോമ്യ സ പുരുഷോ യസ്മിന്നേതാഃ ഷോഡശൂലാഃ
പ്രഭവന്തീതി
പിപ്പലാദമുനി സുകേശനോട് പറഞ്ഞു. 16 കലകളുടേയും ഉദ്ഭവസ്ഥാനമായ പുരുഷന്‍ ഈ ശരീരത്തിനുള്ളില്‍ത്തന്നെയാണ് ഉദിക്കുന്നത്. ഹൃദയ പുണ്ഡരീകത്തിലെ ആകാശത്തിന്റെ നടുവിലാണ് പുരുഷനിരിക്കുന്നത്. വാസ്തവത്തില്‍ കലകളൊന്നുമില്ലാത്തവനാണ് പരമാത്മാവ്. അവിദ്യ നിമിത്തം കലകളോടു കൂടിയാണെന്ന് കാണപ്പെടുന്നു. ആ പുരുഷനെ 'കേവല'നെന്ന് കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണ് കലകള്‍ അവനില്‍നിന്ന് ഉണ്ടാകുന്നുവെന്ന് പറഞ്ഞത്. മറ്റ് ദാര്‍ശനികന്മാരുടെ വാദങ്ങളെ വളരെ ഭംഗിയായി ഖണ്ഡിച്ചുകൊണ്ട് കുറച്ചു വലിയ ഒരു ഭാഷ്യംതന്നെയാണ് ഈ മന്ത്രവുമായി ബന്ധപ്പെട്ട് ആചാര്യസ്വാമികള്‍ എഴുതിയിട്ടുള്ളത്.
പരമാത്മാവിനെ സാക്ഷാത്കരിക്കാനാഗ്രഹിക്കുന്ന സാധകന്‍ തന്നിലാണ് അന്വേഷണം ചെയ്യേണ്ടത്; പുറത്തല്ല. തന്റെ ഹൃദയത്തില്‍തന്നെ ആത്മാവിനെ സാക്ഷാത്കരിക്കണം. കലകളുടെ ഉദ്ഭവത്തെപ്പറ്റി സൃഷ്ടികര്‍ത്താവ് ചേതനനാണ് എന്ന് പറയുന്നു.
സ ഈക്ഷാം ചക്രേ കസ്മിന്നഹമുത്ക്രാന്ത ഉത്ക്രാന്തോ
ഭവിഷ്യാമി കസ്മിന്‍ വാ
 പ്രതിഷ്ഠിതേ പ്രതിഷ്ഠാസ്വാമീതി
ആ പുരുഷന്‍ സൃഷ്ടിയുടെ ഫലം, ക്രമം മുതലായവയെപ്പറ്റി ആലോചിച്ചു. ആര് ശരീരം വിട്ട് പോകുമ്പോഴാണ് ഞാന്‍ പോകുന്നത്? ആര് ശരീരത്തില്‍ നിലനില്‍ക്കുമ്പോഴാണ് ഞാനും നിലനില്‍ക്കുന്നത്? എന്ന്.
വാസ്തവത്തില്‍ ആത്മാവിന് പോക്കോ വരവോ ഒന്നുമില്ല. ആലോചിക്കാന്‍ പോലുമില്ല. ആ വിദ്യയാല്‍ ഉള്ള നാമം, രൂപം തുടങ്ങിയ ഉപാധികളുമായി ചേര്‍ന്നിരിക്കുന്ന അവസ്ഥയെപ്പറ്റിയാണ് ഇവിടെ പറയുന്നത്. ഈ മന്ത്രത്തിന്റേയും ഭാഷ്യം വലുതാണ്. പൂര്‍വ്വപക്ഷത്തിന്റെ വാദമുഖങ്ങളെ തീര്‍ത്തും നിഷ്പ്രഭമാക്കിയാണ് സിദ്ധാന്ത പക്ഷത്തെ അവതരിപ്പിക്കുന്നത്.
ജീവാത്മാവിനെ ശരീരത്തില്‍ നിലനിര്‍ത്തുന്നതും പുറത്തേക്ക് പോകാനായി കാരണമായിരിക്കുന്നതും  ഏതൊന്നാണ് എന്ന് വ്യക്തമാക്കാനായി ഇനി 16 കലകളേയും അവയുടെ ഉദ്ഭവത്തെക്കുറിച്ച് വിവരിക്കുന്നു.

No comments: