Wednesday, January 31, 2018



കര്‍മ്മാനുഷ്ഠാനത്തില്‍ കുടുങ്ങിയവരെപ്പറ്റി പറയുന്നു
അവിദ്യായാമന്തരേ വര്‍ത്തമാനാഃ
സ്വയംധീരാഃ പണ്ഡിതം മന്യമാനാഃ
ജങ്ഘന്യമാനാഃ പരിയന്തി മൂഢാഃ
അന്ധേനൈവ നീയമാനാ യഥാന്ധാഃ

അറിവില്ലായ്മയുടെ നടുക്ക് നില്‍ക്കുന്നവരും തന്നെത്താന്‍ ധീരന്മാരെന്നും പണ്ഡിതന്മാരെന്നും കരുതുന്നവരായ മൂഢന്മാര്‍ അനര്‍ത്ഥങ്ങളാല്‍ വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെട്ടവരായി അന്ധനാല്‍ നയിക്കപ്പെടുന്ന അന്ധന്മാരെപ്പോലെ ചുറ്റിത്തിരിയുന്നു.
അജ്ഞാനത്തിന്റെ ഒത്ത നടുക്കാണെങ്കിലും  ഇവര്‍ക്ക് അഹങ്കാരത്തിന് ഒരു കുറവുമില്ല. സ്വയം ധീരനെന്നും പണ്ഡിതനെന്നും വിശേഷിപ്പിക്കും ഈ അവിവേകികള്‍. ഒട്ടും കണ്ണുകാണാത്ത മറ്റുള്ളവരും വഴികാണിച്ചുകൊടുക്കുംപോലെയിരിക്കും ഇത്. വേദവിഹിതമായ കര്‍മ്മാനുഷ്ഠാനത്തില്‍ മാത്രം മുഴുകുന്നവര്‍ അറിവില്ലായ്മയില്‍പ്പെട്ട് ഉഴലുന്നവരാണ്. വലിയ കേമന്മാരെന്ന് കരുതുന്ന ഇവര്‍ക്ക് സംസാരദുരിതങ്ങള്‍ വിട്ടൊഴിയുന്നില്ല. കര്‍മ്മങ്ങള്‍ ലക്ഷ്യമോ അവയ്ക്കുള്ള പ്രധാന മാര്‍ഗ്ഗമോ അല്ല. അവയില്‍ താല്‍പ്പര്യം കുറയണം, വിരക്തി വരണം. ജീവിതകാലം മുഴുവന്‍ കര്‍മ്മാനുഷ്ഠാനത്തില്‍ മുഴുകുന്നത് പാഴ്‌വേലയാണ്. വൈദികമായ കര്‍മ്മങ്ങളുടെ ആചരണം ആദ്യഘട്ടത്തില്‍ ഉപകാരപ്പെടും. പക്ഷേ അവയില്‍ കുടുങ്ങിപ്പോകാന്‍ പാടില്ല. ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ ഗുണന പട്ടിക പഠിക്കണം. എന്നാല്‍ കോളജിലോ മറ്റോ എത്തുമ്പോഴും ഇത് നിരന്തരം ഉരിവിടേണ്ടതില്ലല്ലോ. കര്‍മ്മാനുഷ്ഠാനങ്ങളില്‍ പെട്ട് പോയാല്‍ അത് കല്ലിലും മുള്ളിലും തട്ടിവീണുള്ള കുരുടന്മാരുടെ യാത്രപോലെയാകും. ജരാരോഗ മരണങ്ങളാകുന്ന അനര്‍ത്ഥ പരമ്പരയില്‍പ്പെട്ട് വലയും.
അവിദ്യായാം ബഹുധാ വര്‍ത്തമാനാഃ
വയം കൃതാര്‍ത്ഥാ ഇത്യഭിമന്യന്തിബാലാഃ
യത് കര്‍മ്മിണോ ന പ്രവേദയന്തിരാഗാത്
തേനാതുരാഃ ക്ഷീണലോകാശ്ച്യവന്തേ
അറിവില്ലായ്മയില്‍ പലതരത്തില്‍ പെട്ടുകിടക്കുന്ന അവിവേകികള്‍ ഞങ്ങള്‍ കൃതകൃത്യരാണെന്ന് അഭിമാനിക്കുന്നു. കര്‍മ്മാസക്തരായവര്‍ കര്‍മ്മഫലത്തിലെ ആഗ്രഹംമൂലം തത്വത്തെ അറിയുന്നില്ല. അതിനാല്‍ കര്‍മ്മഫലം ക്ഷയിക്കുമ്പോള്‍ ദുഃഖിതരായി സ്വര്‍ഗ്ഗം മുതലായ ലോകങ്ങളില്‍നിന്ന് പുറത്താകുന്നു.
അജ്ഞാനംമൂലം കര്‍മ്മങ്ങളിലും കര്‍മ്മഫലങ്ങളിലും ആസക്തരാകുന്ന മൂഢന്മാര്‍ കൃതാര്‍ത്ഥരാണെന്ന് സ്വയം കരുതുന്നു. സ്വര്‍ഗ്ഗാദിലോകങ്ങള്‍ നേടാനുള്ള ആഗ്രഹത്താല്‍ തത്ത്വം അറിയാന്‍ പ്രയത്‌നിക്കുകയോ അറിയുകയോ ചെയ്യുന്നില്ല. സ്വര്‍ഗ്ഗനേട്ടം അഭിമാനമായിക്കരുതുന്നവരും കൃതാര്‍ത്ഥരായി കണക്കാക്കുന്നവരുമാണിവര്‍. ശ്രേഷ്ഠമായ ജ്ഞാനത്തിനുള്ള പരിശ്രമം നടത്തുന്നില്ല. സ്വര്‍ഗ്ഗാദിസുഖങ്ങള്‍ കര്‍മ്മഫലം തീരുമ്പോള്‍ ക്ഷയിക്കും. പിന്നെ വീണ്ടും ഭൂമിയിലേക്ക് വരണം. ജനനമരണ ചക്രത്തില്‍നിന്ന് മോചനമില്ല. സുകൃതക്ഷയം പുണ്യലോകങ്ങളില്‍ നിന്ന് താഴേക്ക് പതിപ്പിക്കും. വീണ്ടും പുണ്യം നേടി കയറിച്ചെന്നാലും പിന്നേയും താഴേക്ക് തന്നെ.
കര്‍മ്മത്തില്‍ കുടുങ്ങിയ കര്‍മ്മഠന്മാരെ ബാലന്മാര്‍  എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കുട്ടികളെപ്പോലെ ജീവിതത്തിന്റെ ഗൗരവം മനസ്സിലാക്കാതെ രാഗങ്ങളില്‍പ്പെട്ട് കര്‍മ്മങ്ങളെ ചെയ്തുകൊണ്ടേയിരിക്കും ഇവര്‍. രാഗങ്ങള്‍ അഥവാ ആഗ്രഹങ്ങള്‍ തീര്‍ത്താല്‍ തീരാത്തതായതുകൊണ്ട് ഇക്കൂട്ടരുടെ കര്‍മ്മങ്ങളിലുള്ള പെടാപ്പാടും അവസാനിക്കുന്നില്ല. അത് അറ്റമില്ലാതെ നീളും. തങ്ങള്‍ കരുതുന്നതിനേക്കാള്‍ ശ്രേഷ്ഠമായതുണ്ടെന്ന് പോലും അംഗീകരിക്കാന്‍ തയ്യാറാവുകയുമില്ല. പിന്നെയെങ്ങനെ തത്ത്വത്തെ അറിയും? അടുത്ത മന്ത്രത്തിലും ഈ ആശയത്തെ ഒന്നുകൂടി വിവരിക്കുന്നു.
ഇഷ്ടാപൂര്‍ത്തം മന്യമാനാവരിഷ്ഠം
നാന്യ ച്ഛ്രേയോ വേദയന്തേ പ്രമൂഢാഃ
നാകസ്യ പൃഷ്‌ഠേ തേ സുകൃതിളനുഭൂത്വാ-
ഇമം ലോകം ഹീനതരം മാ വിശന്തി
ശ്രുതിസ്മൃതികള്‍ വിധിക്കുന്നതായ ഇഷ്ടാപൂര്‍ണകര്‍മ്മങ്ങള്‍ മാത്രം കേമമായിക്കരുതുന്ന വലിയ മൂഢന്മാര്‍ ആത്മജ്ഞാന രൂപമായ ശ്രേയസ്സിനെ അറിയുന്നില്ല. അവര്‍ സ്വര്‍ഗത്തിലെ പുണ്യമനുഭവിച്ചതിനുശേഷം മനുഷ്യലോകത്തിലോ താഴ്ന്ന നിലവാരമുള്ള മറ്റു ലോകങ്ങളിലോ ചെന്നുചേരുന്നു.
ഇഷ്ടാപൂര്‍ണങ്ങളാണ് പുരുഷാര്‍ത്ഥം നേടാനുള്ള വഴിയെന്നു കരുതി അതില്‍ മുഴുകുന്നവര്‍ക്കുള്ള താക്കീതാണ് ഇത്. വേദത്തില്‍ പറയുന്ന യാഗം മുതലായവ 'ഇഷ്ടം' സ്മൃതി ഗ്രന്ഥങ്ങളില്‍ പറയുന്ന കിണര്‍, കുളം നിര്‍മാണം മുതലായവ പൂര്‍ണം. ഇവ ചെയ്താല്‍ ഏറ്റവും ശ്രേഷ്ഠമായതിനെ നേടാമെന്ന് കരുതിയെങ്കില്‍ തെറ്റി. ഭാര്യ മക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവയിലൊക്കെ അമിതമായി കൂടിച്ചേര്‍ന്നവര്‍ക്ക് സുഖഭോഗങ്ങളില്‍ മതിമറക്കുന്നതിനാല്‍ ശരിയായ ശ്രേയസ്സായ ആത്മജ്ഞാനത്തിനെക്കുറിച്ച് അറിയാനോ പ്രയത്‌നിക്കാനോ ആകില്ല. ആത്മജ്ഞാനം  നേടുന്നകാര്യം പിന്നെ പറയുകയേ വേണ്ട. കര്‍മ്മഫലത്തിന്റെ ഊക്കനുസരിച്ച് സ്വര്‍ഗത്തിലെത്താം, പുണ്യം തീര്‍ന്നാല്‍ തിരിച്ചുവരണം. മനുഷ്യലോകം കിട്ടുമെന്നൊന്നും ഉറപ്പില്ല. നമ്മുടെ കയ്യിലിരുപ്പ് പോലെ ആകും പിന്നെത്തെ ജനനം. ചിലപ്പോള്‍ മൃഗങ്ങളായോ പക്ഷികളായോ, കൃഷികീടങ്ങളായോ മരങ്ങളായോ ഒക്കെ താഴ്ന്ന യോനികളിലായിരിക്കാം പിറന്നുവീഴുക. അതിനാല്‍ ഇപ്പോഴത്തെ നമ്മുടെ ജീവിതത്തെ കരുതലോടെ മുന്നോട്ട് കൊണ്ടുപോകുക. ആത്മജ്ഞാനം നേടലാകട്ടെ നമ്മുടെ ലക്ഷ്യം.

No comments: