Wednesday, January 24, 2018

ആത്മതീര്‍ത്ഥം :--൧൧-ആം സോപാനം
ചിത്തശാന്തയേ ബോധയന്‍ ഗിരം
കബളിതം ത്വയാ ചിത്തമാത്മനാ
പതിനൊന്നാം സോപാനത്തില്‍ ശങ്കരന്‍ ഗുരുസന്നിധിയില്‍ എത്തുന്നതും, ഗുരു സന്യാസ ദീക്ഷ നല്‍കുന്നതും..
ഓംകാരനാഥത്തിന്നടുത്തുള്ള ഗ്രാമത്തിലെ പര്‍വതം തുരന്നുണ്ടാക്കിയ ഗുഹയ്ക്കുള്ളിലെ കാറ്റും വെളിച്ചവുമുള്ള വിശാലമായ തളത്തിന്നുള്ളിലെ മറ്റൊരു ഗുഹയിലാണ് ഗുരു ഗോവിന്ദ ഭഗവദ് പാദര്‍ 'നിജസുഖാനുഭാവരസികനായി' വര്‍ത്തിയ്ക്കുന്നത്.
നിശ്ചലത, ശാന്തി, ത്യാഗം, സത്യനിഷ്ഠ തപസ്സ് എന്നീ ഗുണങ്ങളുള്ള പുഷ്പത്തിന്ടെ പരിമളം തങ്ങി നില്‍ക്കുന്ന ആ പ്രദേശത്തു 'ബ്രഹ്മനിര്‍വാണരസം' ശങ്കരന് അനുഭവപ്പെട്ടു. സാധനയിലും, ശാസ്ത്രവിചാരത്തിലും വര്‍ത്തിയ്ക്കുന്ന സന്യാസിമാര്‍ സ്നേഹത്തോടെ ആ ബാലസന്യാസിയെ ശ്രീഗുരു സന്നിധിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
നിര്‍ന്നിമേഷദൃഷ്ടിയായിരിയ്ക്കുന്ന, അല്ലെങ്കില്‍ വിഷ്ണുവിനെ സദാ ഹൃദയാന്തരംഗത്തില്‍ കണ്ടുകൊണ്ടിരിയ്ക്കുന്ന ആ താപസന്ടെ പാദങ്ങളില്‍ ശങ്കരന്‍ വീണു നമസ്ക്കരിച്ചു. ആ ദിവ്യ വിഗ്രഹത്തെ ശങ്കരന്‍ നോക്കിനിന്നുപോയി.
"മൌനവ്യാഖ്യാ പ്രകടിത പരബ്രഹ്മ തത്ത്വം" എന്ന അനുഭവം ആ സന്നിധിയില്‍ ശങ്കരന് ഉണ്ടായി. ---ശങ്കരന്‍റെ ഹൃദയ സുഷിരം തുറന്നു. ചിത്തം തന്ടെ ഗര്‍ഭത്തില്‍ പ്രവേശിച്ചു. മനസ്സ് തനിക്കുതന്നെ ചിത കൂട്ടി 'ഞാന്‍' എന്ന പ്രത്യയം ശുദ്ധശിവം മാത്രമായി ജ്വലിച്ചു.
'ആര്‍ദ്രം ജ്വലതി ജ്യോതിരഹമസ്മി
ജോതിര്‍ജ്വലതി ബ്രഹ്മാഹമസ്മി
അഹമസ്മി ബ്രഹ്മാഹമസ്മി
യോഹമസ്മി ബ്രഹ്മാഹമസ്മി
അഹമേവാഹം മാം ജുഹോമിസ്വാഹാ'
-----------അഘമര്‍ഷണമന്ത്രം
ശങ്കരന്റെ അനുഭവം, ' ശിവോഹ ശിവോഹം ' ആയി,
'ചിത്' സ്വയം ഹൃദയഗുഹയില്‍ പ്രകാശിക്കുമ്പോള്‍, ആ 'ചിത്തി' നെ തിരിച്ചറിഞ്ഞു 'അതുതന്നെ ഞാന്‍' എന്ന പ്രത്യഭിജ്ഞ ഉണ്ടാകുമ്പോള്‍ ധന്യതയും, ക്രുതക്രുത്യതയും ഉണ്ടാകുന്നു. ഈ സത്യം അറിഞ്ഞവന് മാതാവ്, പിതാവ്, ദേവന്‍, വേദം,യജ്ഞം, തീര്‍ത്ഥം എല്ലാം ആത്മാവുതന്നെ.
പക്വമതിയായ ശിഷ്യനില്‍ ഗുരുകാരുണ്യം, ഗുരുകൃപ ഒഴുകി.
ഗുരുവിന്റെ മൃദുവായ ദൃഷ്ടികള്‍ തന്ടെ മേല്‍ പതിഞ്ഞപ്പോള്‍ മനോജ്ഞമായ ശ്ലോകം കൊണ്ട് ശങ്കരന്‍ ഗുരുവന്ദന നടത്തി.
സര്‍വ വേദാന്തസിദ്ധാന്ത ഗോചരം തമഗോചാരം
ഗോവിന്ദം പരമാനന്ദം സദ്‌ ഗുരും പ്രണതോസ്മ്യഹം
ഗുരു ഒന്നും ചോദിച്ചുമില്ല, ശിഷ്യന്‍ ഒന്നും പറഞ്ഞുമില്ല. ദിവ്യനായ ആ ബാലനെ അടുത്ത ദിവസം നര്‍മ്മദയില്‍ വെച്ച് സന്യാസ ദീക്ഷ നല്‍കി ഗുരു അനുഗ്രഹിച്ചു.
ശങ്കരഭഗവദ് പാദര്‍ തനിക്കു ഗുരുസന്നിധിയില്‍ കിട്ടിയ മഹാനിധിയെ 10 ശ്ലോകങ്ങളായി രചിച്ചു. അതാണ്‌ "നിര്‍വാണ ശതകം" അഥവാ 'ദശശ്ലോകി' എന്ന ആചാര്യരുടെ ആദ്യ വേദാന്ത കൃതി.
'ന ഭൂമിര്‍ ന തോയം ന തേജോ ന വായുര്‍
ന ഖം നേന്ദ്രിയം വാ ന തേഷാം സമൂഹ:
അനൈകാന്തികത്വാത് സുഷുപ്ത്യേകസിദ്ധ-
സ്തദേകോ/വശിഷ്ട: ശിവ::കേവലോ/ഹം
...........................................................................
.......................................................................
ന ശൂന്യം ന ചാശൂന്യമദ്വൈതകത്വാത്
കഥം സര്‍വവേദാന്തസിദ്ധം ബ്രവീമി '

No comments: