Tuesday, January 23, 2018

കാനപ്രം കേശവന്‍ നമ്പൂതിരി
ഗീതാദര്‍ശനം
Wednesday 24 January 2018 2:30 am IST
യാഗം, പൂജ മുതലായ വൈദിക-താന്ത്രിക കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍. ശ്രീകൃഷ്ണനെത്തന്നെയാണ് യജിക്കുന്നതും പൂജിക്കുന്നതും എന്ന ഭാവത്തില്‍ തന്നെ ചെയ്യുക
ഈ ജന്മത്തിലോ കഴിഞ്ഞ ജന്മങ്ങളിലോ വേദാധ്യയനം, യജ്ഞം, പൂജ, തപസ്സ്, തീര്‍ത്ഥയാത്ര പുണ്യക്ഷേത്രദര്‍ശനം മുതലായ പുണ്യകര്‍മ്മങ്ങള്‍ ചെയ്തിരിക്കണം. എന്നാല്‍ മനസ്സിലെ കാമ, ക്രോധ, മദ, മാത്സര്യാദി മാലിന്യങ്ങളും പാപങ്ങളും നശിക്കും; സംശയമില്ല. ആ സന്ദര്‍ഭത്തില്‍ ഭഗവദ്ഭക്തന്മാരെ കണ്ടുകിട്ടുകയാണെങ്കില്‍, അവരുടെ മുഖത്തില്‍നിന്ന് ഭഗവത്തത്ത്വവിജ്ഞാനവും അതുവഴി ഭക്തിയും ലഭിക്കും. ഭക്തി എന്ന ആ മഹാരാജ മാര്‍ഗ്ഗഗത്തിലൂടെ സഞ്ചരിച്ച് ഭഗവത്പദം പ്രാപിക്കുകയും ചെയ്യാം. കര്‍മ്മയോഗം, ധ്യാനയോഗം, ജ്ഞാനയോഗമാര്‍ഗ്ഗങ്ങള്‍ വഴിയിലൂടെ സഞ്ചരിക്കുന്നവര്‍ ഭക്തിമാര്‍ഗ്ഗത്തില്‍ എത്തിച്ചേര്‍ന്നതിനുശേഷം ഭഗവത് പദത്തിലെത്തും. അതിനാല്‍ വേദവചനങ്ങളും ശരിയാണ്; ഭഗവാന്റെ തിരുവായ്‌മൊഴിയും ശരിയാണ്.
ഗീതാ മഹാശാസ്ത്രത്തിന്റെ 
സാരമാണ് 
അടുത്ത ശ്ലോകം (11-55)
അദ്വൈതാചാര്യനായ ശ്രീശങ്കരാചാര്യ ഈ ശ്ലോകത്തിന് അവതാരിക എഴുതുന്നത് ഇങ്ങനെയാണ്- ''അധുനാ സര്‍വ്വസ്യ ഗീതാശാസ്ത്രസ്യ സാരഭൂതഃ അര്‍ത്ഥഃ നിശ്രേയസാര്‍ഥഃ അനുഷ്‌ഠേയത്വേന സമുച്ചിത്യ ഉച്യതേ-'' (ഇപ്പോള്‍ ഗീതാശാസ്ത്രത്തിലെ മുഴുവന്‍ ഉപദേശങ്ങളുടെയും മോക്ഷപ്രാപ്തി പരമപദ പ്രാപ്തിയാകയാല്‍ അതിനുവേണ്ടി മനുഷ്യര്‍ക്ക് അനുഷ്ഠിക്കാന്‍ പാകത്തില്‍ ചുരുക്കിപ്പറയുന്നു).
ഗീതയുടെ ഭാഷ്യകാരന്മാരായ ആചാര്യന്മാര്‍ മിക്കവരും ഇതേ രീതിയില്‍ തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ചിലര്‍ ശ്ലോകത്തിന്റെ വിവരണത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത് എന്നുമാത്രം. അഞ്ചുകാര്യങ്ങളാണ് നമുക്ക് അനുഷ്ഠിക്കാന്‍ വേണ്ടി ഭഗവാന്‍ നിര്‍ദ്ദേശിക്കുന്നത്.
(1) മത്കര്‍മ്മകൃത്
ലൗകികവും ആത്മീയവുമായ എല്ലാ ഇന്ദ്രിയ വ്യാപാരങ്ങളും ചേഷ്ടകളും ഭഗവാന് ആരാധനയായിത്തീരുംവിധം തന്നെ അനുഷ്ഠിക്കുക. ഇതാണ് ഒന്നാമത്തേത്, തനിക്ക് വേണ്ടി ഒന്നും ലേശംപോലും ചെയ്യരുത്. ശ്രീകൃഷ്ണനോട് ബന്ധപ്പെടുത്തിക്കൊണ്ടുവേണം സകല പ്രവൃത്തികളും ചെയ്യാന്‍. ഇങ്ങനെ ചെയ്താല്‍ ഏതു പ്രവൃത്തിയും ഭഗവത് കര്‍മ്മമായി മാറുന്നു. ഉദാഹരണമായി പറയാം. തിരുനാമം ജപിച്ചുകൊണ്ടുതന്നെ ഉറക്കം ഉണരുക. പല്ലു തേക്കുകയും നാക്കു വടിക്കുകയും ചെയ്യുന്നത് ശുദ്ധമായ നാക്കും പല്ലും കൊണ്ട് നാമം ജപിക്കാനും, ഭഗവാന് നിവേദിച്ച പ്രസാദം സ്വീകരിക്കുവാനും വേണ്ടിയാണെന്ന അവബോധത്തോടെ ചെയ്യുക. രാവിലെയുള്ള നടത്തം ഭഗവാന് ക്ഷേത്രത്തില്‍ ചെന്ന് പ്രദക്ഷിണ രൂപത്തില്‍ ചെയ്യുക. ജോലി സ്ഥലത്തേക്ക് പോകുമ്പോഴും വിദ്യാലയങ്ങളിലേക്ക് പോകുമ്പോഴും ഡോക്ടറുടെ അടുത്ത ക്യൂവില്‍നില്‍ക്കുമ്പോഴും ഉപാംശുവായി നാമം ജപിക്കുക.
യാഗം, പൂജ മുതലായ വൈദിക-താന്ത്രികകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍, ശ്രീകൃഷ്ണനെത്തന്നെയാണ് യജിക്കുന്നതും പൂജിക്കുന്നതും എന്ന ഭാവത്തില്‍ തന്നെ ചെയ്യുക. അംബരീഷ മഹാരാജാവും മറ്റും ആ രീതിയിലാണ് ചെയ്തത് എന്ന് ഓര്‍ക്കുക. എല്ലാം ഭഗവാന് ആരാധനയായിത്തന്നെയാണ്, സ്വര്‍ഗാദിലോകങ്ങള്‍ കിട്ടാന്‍ വേണ്ടിയല്ല ചെയ്യേണ്ടത്. അഷ്ടാംഗയോഗം ശീലിക്കുമ്പോള്‍ ഭഗവാനെ ഹൃദയത്തില്‍ കാണാമെന്ന് ഒരു ആഗ്രഹത്തോടെ ചെയ്യുക. അല്ലാതെ അഷ്‌ടൈശ്വര്യ സിദ്ധിയോ, ഇതര ലോകപ്രാപ്തിയോ ഫലമായിക്കരുതരുത്. ഗീത, ഭാഗവതം എന്നീ ഭഗവദീയ ഗ്രന്ഥങ്ങള്‍ പഠിക്കുക പ്രഭാഷണങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുക-ഇങ്ങനെ ഈ പട്ടിക നീണ്ടുപോകും. ''മയി സര്‍വാണി കര്‍മ്മാണി സംന്യാസ്യാധാത്മ ചേതസാ'' മൂന്നില്‍ 30-ാം ശ്ലോകത്തില്‍ ഈ കാര്യം കാണാം.

No comments: