Tuesday, January 30, 2018

ഇത്തരത്തിലൊരു വിശേഷണത്തിന് അര്‍ഹമായ ക്ഷേത്രമാണ് തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. കോട്ടയത്തു നിന്ന് ആറു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ മറ്റൊരു വിശേഷണം, ഏറ്റവും ആദ്യം പള്ളിയുണരുന്നത് ഇവിടുത്തെ ഭഗവാന്‍ ആണെന്നതാണ്.
കംസനിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞു നില്‍ക്കുന്ന കൃഷ്ണനാണ് ഇവിടെ വാഴുന്നത്.പടിഞ്ഞാറേയ്ക്കാണ് ദര്‍ശനം.  നല്ല വിശപ്പ്. നിവേദ്യം മുടങ്ങരുത്. അതിപ്പോള്‍ ഗ്രഹണമല്ല, അതിനേക്കാള്‍ വലുതെന്തെങ്കിലും സംഭവിച്ചാലും. 
പുലര്‍ച്ചെ രണ്ടുമണിക്ക് പള്ളിയുണര്‍ത്തും. രണ്ടരയ്ക്ക് നടതുറക്കും. മൂന്നരയ്ക്ക് ഉഷപ്പായസം നിവേദിക്കും. 
നല്ല വിശപ്പോടെയല്ലേ ഭഗവാന്‍ നില്‍ക്കുന്നത്? കൃത്യസമയത്ത് നിവേദിച്ചില്ലെങ്കില്‍ ഭഗവാന്റെ അരമണി ഊര്‍ന്നു പോകുമെന്നാണ് സങ്കല്‍പ്പം അഷ്ട കോണുകളില്‍ സൂര്യരശ്മി പതിക്കുന്നതിനനുസരിച്ചാണ് ക്ഷേത്രത്തിലെ ചടങ്ങുകള്‍. കൃത്യനിഷ്ഠയ്ക്കാണ് പ്രാധാന്യം. നിവേദ്യങ്ങള്‍ കൃത്യമായി നടക്കേണ്ടതുകൊണ്ടു തന്നെ ഗ്രഹണ ദിവസവും നട അടയ്ക്കില്ല. 
പുലര്‍ച്ചെ മേല്‍ശാന്തിക്കോ മറ്റു പൂജാരിമാര്‍ക്കോ നട തുറക്കാന്‍ പറ്റാത്ത തരത്തില്‍ അപൂര്‍വമായ സാഹചര്യമുണ്ടായാല്‍ ബലം പ്രയോഗിച്ചു പോലും ആര്‍ക്കും നടതുറക്കാന്‍ ഭഗവാന്റെ അനുമതിയുണ്ടെന്ന സങ്കല്‍പ്പവുമുണ്ട്. അതിനായി നാലമ്പലത്തിന്റെ ഭിത്തിയില്‍ മഴു വച്ചിട്ടുണ്ട്. 
സൂര്യ, ചന്ദ്രന്മാരുടെ ഗ്രഹണസമയത്ത് നട തുറന്നിരിക്കുന്ന ലോകത്തിലെ തന്നെ ഏക ക്ഷേത്രമാണിത്. 
       ഇന്ന് വൈകിട്ട് 5.58 മുതല്‍ രാത്രി 8.30 വരെയാണ് സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം. മറ്റ് ക്ഷേത്രങ്ങള്‍ ഗ്രഹണസമയത്ത് അടച്ചിടുമ്പോള്‍ തിരുവാര്‍പ്പില്‍ മാത്രം നട തുറന്നിരിക്കും. ദേവചൈതന്യത്തിനു കോട്ടമൊന്നും സംഭവിക്കുന്നില്ല. അതേസമയം മറ്റ് ക്ഷേത്രങ്ങളില്‍  ഗ്രഹണസമയത്ത് നട തുറക്കില്ല.  ഗ്രഹണസമയത്ത് ബിംബം തന്നെ പൂര്‍ണ്ണമായി മറയ്ക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. 
ഇന്ന് ചന്ദ്രഗ്രഹണം: ക്ഷേത്രാചാരങ്ങള്‍ ക്രമീകരിക്കണം
ഇന്ന് രാഹുഗ്രസ്ത ചന്ദ്രഗ്രഹണം. ഇത് ദൃശ്യവും ആചരണീയവുമാണ്. 99.8 ശതമാനം സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ് ഇന്ന് അനുഭവപ്പെടുക. ഗ്രഹണസ്പര്‍ശം വൈകിട്ട് 5.18 ന് സൂര്യാസ്തമയത്തിന് മുമ്പാകയാല്‍ ദൃശ്യമല്ല. ഗ്രഹണമദ്ധ്യം വൈകിട്ട് 6 മണി 57 മിനിട്ട്. ഗ്രഹണമോക്ഷം രാത്രി എട്ട് മണി 30 മിനിട്ട്. അതിനാല്‍ സൂര്യാസ്തമയം മുതല്‍ ഗ്രഹണം അവസാനിക്കുന്നതുവരെ ക്ഷേത്രങ്ങള്‍ അടച്ചിടുകയും തൈപ്പൂയ മഹോത്സവം നടക്കുന്ന ക്ഷേത്രങ്ങള്‍ ഇത് പരിഗണിച്ച് ക്ഷേത്രാചാരങ്ങള്‍ ചിട്ടപ്പെടുത്തുകയും വേണം. 
എന്നാല്‍ കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് ഗ്രഹണ സമയം ബാധകമല്ല. മേടക്കൂറുകാര്‍ക്ക് സുഖാനുഭവമുണ്ടാകുമെന്നാണ് ഗ്രഹണഫലം. ഇടവത്തിന് ധനലാഭം, മിഥുനം-ധനനാശം, കര്‍ക്കടകം-ദ്രവ്യനാശം, ദേഹപീഡ, ചിങ്ങം-വ്രണമുണ്ടാകും, കന്നി- ഐശ്വര്യം, തുലാം-ദേഹപീഡ, വൃശ്ചികം-മനോദുഃഖം, ധനു-സുഖം, മകരം-ഭാര്യാനാശം, കുംഭം-മരണഭയം, മീനം-മാനഹാനി എന്നിങ്ങനെയാണ് ഓരോ കൂറുകാര്‍ക്കുമുള്ള ഗ്രഹണഫലമെന്ന് അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ.കെ. ബാലകൃഷ്ണ വാര്യരും ജന.സെക്രട്ടറി രഘുനാഥ പണിക്കരും അറിയിച്ചു.

No comments: