Thursday, January 18, 2018

ഷഡ്പീഠപൂജയിൽ ആധാരശക്തിയെന്നത് മൂലാധാര, സ്വാധിഷ്ഠാനപത്മത്തിലും, ആദികൂർമ്മമെന്നത് ഹൃദയപത്മത്തിലും, അനന്തൻ എന്നത് വിശുദ്ധിചക്രത്തിലും, പൃഥ്വിയെന്നത് ആജ്ഞാ ചക്രത്തിലുമായിട്ടാണ് സങ്കല്പിക്കുന്നത്.ഈ പൃഥ്വിയെന്നതലത്തിന്റെ ഉപരിയാണ് സ്ഥൂലസൂക്ഷ്മമായ പ്രപഞ്ചത്തിന്റെ പ്രതീകമായ പത്മമെന്ന പീഠം വരുന്നത്.ആധാരശക്തി, മൂലപ്രകൃതി, ആദികൂർമ്മം, അനന്തൻ ഇവയാകട്ടെ ഈ പത്മത്തെ താങ്ങി നിർത്തുന്ന തണ്ടായും സൂചിപ്പിക്കുന്നു.
ആധാരശക്തിയെന്നത് പ്രപഞ്ചത്തിന്റെ ആധാരവും,മൂലപ്രകൃതിയെന്നത് ഉയരുന്ന കുണ്ഡലനീശക്തിയും,പൃഥ്വിയെന്നത് പത്മത്തിന്റെ അധ:സ്തലമാകുന്നു.പീഠമെന്നത് സാധകനുടെ ഭൗതികദേഹത്തെ മുഴുവനായി പൃഥ്വിഭൂതാത്മകമായി കല്പിക്കുകയാണ്. പൂജയി ലെ നാലുകാലുള്ള,നാലുകോണുകളുള്ള ചതുരശ്രമാകുന്നപീഠവും പൃഥ്വിഭൂതസൂചകം തന്നെയാണല്ലോ.
പ്രകാശഭാഗമായിട്ടാണ് നാം ആധാരശക്ത്യാദി പത്മാന്തപീഠങ്ങളെ വിഭാവനം ചെയ്യുന്നതെങ്കിൽ താഴേക്ക് വിടരുന്ന പത്മമായും, വിമർശഭാഗമായിട്ടാണ് വിഭാവനമെന്നാൽ താഴെ നിന്ന് ഉയർന്നുയർന്നു നില്ക്കുന്ന പത്മമായും കരുതണം. യഥാർത്ഥത്തിൽ ഇവ രണ്ടും ഒന്നു തന്നെയാണെന്നു മാതൃ ഗർഭസൃഷ്ടിവിന്യാസത്തിൽ നിന്ന് വ്യക്തമാകും.
ഷഡാധാര പ്രതിഷ്ഠയുടെ പഠനത്തിൽ കൂടുതൽ ഇക്കാര്യങ്ങൾ വ്യക്തമാകുന്നതാണ്. ഇവിടെ ആധാരശിലയിലും, നിധികുംഭത്തിലും, പത്മകൂർമ്മങ്ങളിലും, യോഗനാളത്തിലുമെല്ലാം പൃഥ്വിവി, അപ്പ്, അഗ്നി, വായു, ആകാശം എന്നീ പഞ്ചആധാരപത്മങ്ങളെ തന്നെയാണ് സൂചിപ്പിക്കുന്നത്.
ആധാരശക്തി, മൂലപ്രകൃതി, ആദികൂർമ്മം, അനന്തൻ, പൃഥ്വിവി എന്നിവയെ പത്മമെന്ന
പീഠത്തിന്റെ താഴെയാണ് പൂജിക്കുക.പൃഥ്വിവിയെ താങ്ങി നിർത്തുന്ന അനന്തന്റെ സ്ഥാനം വിശുദ്ധിചക്രത്തിലാണ്.ഈ അനന്തന്റെ താഴെയാണ് ആദികൂർമ്മമെന്നത്.കൂർമ്മമെന്നത് പ്രാണശക്തിയുടെ പ്രതീകമാണ്. പ്രാണപ്രതീകമായ പ്രപഞ്ചത്തെ താങ്ങി നിർത്തുന്ന പ്രതീകമാണിത്. പ്രാണായാമ യോഗാനുഷ്ഠാന പ്രതീകമായ പാലാഴിമഥനത്തിലെ മന്ദരപർവ്വതത്തെ താങ്ങുന്നതും ആദികൂർമ്മമാണല്ലോ?നാഡീ ചലനത്തെ നിയന്ത്രിക്കുന്ന ഈ പ്രാണശക്തി തന്നെയാണ് പിണ്ഡാണ്ഡമാകുന്ന ശരീരത്തേയും നില നിർത്തുന്നത്.ഈ കൂർമ്മശക്തിയുടെ കേന്ദ്രസ്ഥാനം ഹൃദയമാകുന്നു. ഈ ഹൃദയസ്ഥാനമെന്നത് ഭൗതികഹൃദയമല്ല എന്ന് സൂചനയുണ്ടുതാനും.
പതജ്ഞലി സൂത്രഭാഷ്യത്തിലെ കൂർമ്മനാഡിയുടെ പ്രാധാന്യവും ഇതേ അവസരത്തിൽ ചിന്തിക്കേണ്ടതുണ്ട്.
പഞ്ചഉപപ്രാണനിൽ ഒന്നായ കൂർമ്മൻ എന്നത് ശ്രീചക്രത്തിലെ പഞ്ചമാവരണത്തിലെ സർവ്വാർത്ഥസാധകചക്രത്തിലെ പത്ത് കോണുകളിലായുള്ളതിൽഏഴാമതായി സർവ്വമൃത്യുപ്രശമനി എന്ന ശക്തിയോടാണ് ഭാവന ചെയ്യുന്നത്.പ്രാണശക്തിയുടെ മേലുള്ള പൂർണ്ണപ്രതീകം തന്നെയായ
കൂർമ്മശ്രീചക്രമെന്നത് ശ്രീ ചക്രോപാസനയിൽ അതിവിശിഷ്ടം തന്നെയാണെന്ന് ഇവയിൽ നിന്നും വ്യക്തമാകുന്നു....pradeepkumar

No comments: