Friday, January 19, 2018

തവ ഇദം രൂപം മാനുഷം
അങ്ങയുടെ ഈ രൂപം മനുഷ്യന്റെ രൂപംപോലെയുള്ളതാണ്. രണ്ടുകാലും രണ്ട് കയ്യും രണ്ടു കണ്ണും ഒരു മുഖവും ഉള്ളതാണ്. സൗമ്യമാണ്. ശ്രീശങ്കരാചാര്യര്‍ രൂപത്തിന്റെ വിശേഷണമായി രണ്ടുപാദങ്ങള്‍കൂടി അര്‍ജ്ജുനന് ചേര്‍ക്കാമായിരുന്നു എന്ന ഭാവത്തില്‍ സ്വയം ചേര്‍ത്തിട്ടുണ്ട്:-
''മത്സഖം പ്രസന്നാ''-എന്ന്. (എന്റെ സുഹൃത്തിന്റെ രൂപമാണ്. സൗന്ദര്യം, സൗകുമാര്യം, മാധുര്യം, ലാവണ്യം മുതലായ ദിവ്യഗുണങ്ങള്‍ നിറഞ്ഞു പ്രസന്ന മുഖം ഉള്ളതുമാണ്.) ഈ രൂപം കണ്ടപ്പോള്‍ മാത്രമാണ് എന്റെ മനസ്സിന്റെ വ്യാകുലത മാറിയതും ഭയം മാറി സ്വസ്ഥത കൈവന്നതും.
'ജനാര്‍ദ്ദനാ! എന്ന് അങ്ങയെ ഞാന്‍ വിളിക്കട്ടെ! ജനങ്ങളെ-ആസുര സ്വാഭാവികളെ പീഡിപ്പിക്കുന്നവന്‍ എന്നത്രേ ആ നാമത്തിന്റെ അര്‍ത്ഥം. അസുര രാജാക്കന്മാരെ ചവച്ച് തിന്നുന്നതു കണ്ടപ്പോഴാണ് എനിക്ക് ഭയം വര്‍ധിച്ചത്. ആ ഭയം ഇപ്പോള്‍ തീര്‍ന്നു.
അഷ്ടഭുജരൂപം, ചതുര്‍ഭുജ രൂപം, ദ്വിഭുജരൂപം
ദേവന്മാരെ രക്ഷിക്കാന്‍ വേണ്ടി അസുരന്മാരോടു യുദ്ധം ചെയ്യാന്‍ ഭഗവാന്‍ ഗരുഡന്റെ പുറത്തുകയറി യുദ്ധരംഗത്ത് എത്തിച്ചേരുന്നത്, അഷ്ടഭുജരൂപം ആവിഷ്‌കരിച്ച്, ശംഖ, ചക്രം, ഗദാ, വാള്‍, ശരം, ചാപം (വില്ല്), പരിച, കയര്‍ എന്നീ ദിവ്യായുധങ്ങള്‍ ധരിച്ചുകൊണ്ടാണ്. അസുരരില്‍ വിദ്വേഷഭക്തി വളര്‍ത്തി, അവര്‍ക്ക് സാരൂപ്യമുക്തി കൊടുക്കാന്‍ വേണ്ടിയാണ് അഷ്ടഭുജനാവുന്നത്. അഷ്ടാംഗയോഗികളും അഗ്നിയില്‍ ഹോമം ചെയ്യുന്നവരും ഭഗവാനെ ധ്യാനിക്കുന്നത് നാലുകൈകളില്‍ ശംഖ, ചക്ര, ഗദ പത്മങ്ങള്‍ ധരിച്ച നാരായണരൂപത്തിലാണ്. ആ ചതുര്‍ഭുജരൂപംകണ്ട് അവര്‍ തൃപ്തിയടയുന്നു.
ഉത്തമഭക്തന്മാര്‍ ഭഗവാനെ ബാലഗോപാലനായി, ഇരുകൈകളിലും വെണ്ണയുരുള ധരിച്ച നിലയിലും വേണുഗാനം പൊഴിക്കുന്ന വിധത്തിലും ധ്യാനിക്കുന്നു, പൂജിക്കുന്നു, കീര്‍ത്തിക്കുന്നു. ആലിന്‍ചുവട്ടില്‍ മുരളിയൂതുന്ന രൂപത്തിലും, പശുക്കുട്ടികളോടും ബാലന്മാരോടും കൂടി വൃന്ദാവനത്തില്‍ സഞ്ചരിക്കുന്ന വിധത്തിലും ഗോവര്‍ധനത്തിന്റെ മുകളില്‍ ഇരുന്ന് തമാശകള്‍ പറയുന്ന വിധത്തിലും മരത്തണലത്ത് മധ്യാഹ്നവേളയില്‍ കിടന്ന് വിശ്രമിക്കുന്ന വിധത്തിലും ധ്യാനിക്കുന്നു, പൂജിക്കുന്നു, കീര്‍ത്തിക്കുന്നു, ഭഗവാനെ പ്രത്യക്ഷീകരിക്കുന്നു. ഈ മൂന്നു രൂപവും വാസ്തവത്തില്‍ ഒന്നുതന്നെ.
''സ്ഥൂലമഷ്ടഭുജം പ്രോക്തം
സൂക്ഷ്മം യത്തു ചതുര്‍ഭുജം
പരംദ്ദ്വിഭുജം ജ്ഞേയാ
തസ്മാദേതത്ത്രയം യജേല്‍ (ആനന്ദ സംഹിത)
(എട്ടുകയ്യുള്ള രൂപം സ്ഥൂലരൂപം, നാലു കൈകളുള്ള രൂപം സൂക്ഷ്മം എന്ന് പറയപ്പെടുന്നു. രണ്ടു കയ്യുകളുള്ള രൂപമാണ് എല്ലാ ഭഗവദ്രൂപങ്ങളുടെയും ആവിര്‍ഭാവ കേന്ദ്രം. അതിനാല്‍ കൃഷ്ണരൂപം പരം എന്ന് പറയപ്പെടുന്നു)
അര്‍ജ്ജുനന്‍ വിശദീകരിക്കുന്നത് ഈ ദ്വിഭുജ ശ്രീകൃഷ്ണ രൂപം കണ്ടപ്പോഴാണ് എന്റെ എല്ലാ തെറ്റിദ്ധാരണകളും നശിച്ചതും യഥാര്‍ത്ഥബോധം ഉണ്ടാവുകയും ചെയ്തതുമെന്നാണ്.

No comments: