Monday, January 29, 2018

മൂന്നാം ഖണ്ഡം-2
അപരവിദ്യയെ വിവരിക്കുന്നു
തദേതത് സത്യം മന്ത്രേഷു കര്‍മ്മാണി കവചോ
യാന്യപശ്യം സ്താനി ത്രേ തായാം ബഹുധാ സംതതാനി
താന്യാചരഥ നിയതാ സത്യകാമാ
ഏഷവഃ പന്ഥാ സുകൃതാസ്യ ലോകേ
വേദമന്ത്രങ്ങളിലൂടെ ഋഷിമാര്‍ ദര്‍ശിച്ച കര്‍മ്മങ്ങള്‍ സത്യമാണ്. അവ മൂന്ന് വേദങ്ങളില്‍ പലതരത്തില്‍ പരന്നുകിടക്കുന്നു. സത്യമായ കര്‍മ്മഫലത്തെ ആഗ്രഹിക്കുന്ന നിങ്ങള്‍ അവയെ ആചരിക്കൂ. സുകൃതത്തിന്റെ ഫലം കിട്ടാനുള്ള വഴി ഇതാണ്.
കവികള്‍ എന്നാല്‍ ക്രാന്തദര്‍ശികളായവര്‍, ഋഷികള്‍ എന്നര്‍ത്ഥം. വസിഷ്ഠന്‍ തുടങ്ങിയ ഋഷിമാര്‍ വേദമന്ത്രങ്ങളിലൂടെ പ്രകാശിപ്പിക്കപ്പെട്ട അഗ്നിഹോത്രം മുതലായ കര്‍മ്മങ്ങളെ ദര്‍ശിച്ചിട്ടുണ്ട്. പുരുഷാര്‍ത്ഥങ്ങളെ നല്‍കുന്നതിനാല്‍ അവ സത്യമാണ്.   ഋഗ്വേദത്തിലെ ഹൗത്രം മുതലായ കര്‍മ്മങ്ങളെ ദര്‍ശിച്ചിട്ടുണ്ട്. പുരുഷാര്‍ത്ഥങ്ങളെ നല്‍കുന്നതിനാല്‍ അവ സത്യമാണ്. ഋഗ്വേദത്തിലെ ഹൗത്രം, യജുര്‍വേദത്തിലെ ആധ്വര്യവം, സാമവേദത്തിലെ ഔദ്ഗാത്രം എന്നിങ്ങനെയുള്ള അഗ്നിഹോത്ര കര്‍മ്മങ്ങളാണവ. ത്രേതായം എന്നത് മൂന്ന് വേദങ്ങള്‍ എന്നും ത്രേതായുഗത്തിലെന്നും പറയാം. നല്ല കര്‍മ്മഫലം ആഗ്രഹിക്കുന്നവര്‍ ഇവയെ വേണ്ടപോലെ അനുഷ്ഠിക്കണം. മൂന്ന് വേദങ്ങളിലും വിധിച്ച അഗ്നിഹോത്രം മുതലായ കര്‍മ്മങ്ങള്‍ ചെയ്യുകതന്നെ വേണം.
വേദങ്ങളിലും വേദാംഗങ്ങളിലും പറഞ്ഞ അപരവിദ്യയെയാണ് ഇവിടെ വിവരിക്കുന്നത്. കര്‍മ്മാനുഷ്ഠാനവും അവയുടെ ഫലവുമാണ് അപരവിദ്യയില്‍. ഇത് അനുഷ്ഠിച്ച് വിരക്തി വന്നാല്‍ പിന്നെ പരവിദ്യയിലേക്ക് കടക്കാനുള്ള യോഗ്യതയായി. പിന്നെ മോക്ഷവും നേടാം. അതുകൊണ്ട് ആദ്യം കര്‍മമാര്‍ഗത്തെക്കുറിച്ച് വിവരിക്കുകയാണ്.
കര്‍മ്മങ്ങളില്‍ ശ്രേഷ്ഠമായ അഗ്നിഹോത്രത്തെ പറയുന്നു-
യദാ ലേലായതേ ഹ്യര്‍ച്ചിഃ സമിദ്ധേ ഹവ്യവാഹനേ
തദാജ്യഭാഗാവന്തരേണ ഹുതീഃ പ്രതിപാദയേത്
ചമതകളാല്‍ നന്നായി ജ്വലിച്ച് ഇളകിക്കൊണ്ടിരിക്കുന്ന അഗ്നിജ്വാലകളില്‍ ആജ്യഭാഗങ്ങളുടെ മധ്യത്തില്‍ ആഹുതികളെ ചെയ്യണം (സമര്‍പ്പിക്കണം). മദ്ധ്യത്തിലെ ആവാപസ്ഥാനത്ത് ദേവതകള്‍ക്ക് ആഹുതി നടത്തണം.
അഗ്നിഹോത്രം കര്‍മ്മങ്ങളില്‍ വച്ച് വളരെ പ്രധാനപ്പെട്ടതും നിത്യം ചെയ്യേണ്ടതുമാണ്. അഗ്നിഹോത്രത്തിനുള്ള ആഹവനീയാഗ്നിയുടെ ദക്ഷിണ, ഉത്തരഭാഗങ്ങളില്‍ 'അഗ്നയേ സ്വാഹാ' 'സോമായ സ്വാഹാ' എന്ന മന്ത്രങ്ങളാല്‍ ദര്‍ശമെന്നും പൂര്‍ണമാസമെന്നും പേരുള്ള രണ്ട് ആജ്യ ആഹുതികള്‍  സമര്‍പ്പിക്കുന്നു. ഇതു രണ്ടിന്റേയും മധ്യഭാഗമാണ് ആവാപസ്ഥാനം. അവിടെയാണ് മറ്റു യാഗങ്ങള്‍ ചെയ്യുന്നത്. അല്ലെങ്കില്‍ മറ്റു ദേവതകള്‍ക്ക് ഹോമിക്കുന്നത്. ഈ ആഹുതികള്‍ ഹോതാവിന് ഇഷ്ടലോകങ്ങളെയും ഫലങ്ങളെയും നല്‍കും. വളരെ ശ്രദ്ധയോടെ ചെയ്യേണ്ടവയാണ് ഈ ആഹുതി കര്‍മ്മങ്ങള്‍. 
കര്‍മ്മമാര്‍ഗ്ഗം അനുഷ്ഠിക്കാന്‍ പ്രയാസമാണ് പിഴവുണ്ടാകും.
യസ്യാനി ഹോത്രമദര്‍ശപൗര്‍ണ്ണമാസ-
മചാതുര്‍മാസ്യമനാഗ്രയണമതിഥിവര്‍ജിതം ച
അഹുതമവൈശ്വദേവമവിധിതാ ഹുത-
മാസപ്തമാം സ്തസ്യ ലോകാന്‍ ഹിനസ്തി
ആരുടെ അഗ്നിഹോത്രമാണോ ദര്‍ശം, പൂര്‍ണമാസം, ചാതുര്‍മാസ്യം, ആഗ്രയണം, അതിഥിപൂജനം, ഹോമം, വൈശ്യദേവം എന്ന ഏഴുകര്‍മ്മങ്ങളില്‍ ഏതെങ്കിലും ഒന്ന് ഇല്ലാത്തതായും വിധിയനുസരിച്ചല്ലാതെ തെറ്റായി ഹോമിക്കുന്നത് അയാളുടെ എല്ലാ ലോകങ്ങളും ഇല്ലാതാകുന്നു. (ഹരിക്കുന്നു). 
അഗ്നിഹോത്രം വേണ്ടപോലെ ചെയ്താല്‍ ഭൂ, ഭുവഃ സൂവാ, മഹഃ ജനഃ തപഃ, സത്യം എന്നീ ലോകങ്ങളില്‍ എത്താന്‍ കഴിയും. എന്നാല്‍ പിഴവ് പറ്റിയാല്‍ ഇവ നഷ്ടപ്പെടും. ഊര്‍ദ്ധ്വ ഗതി ഇല്ലാതാകും. അതുകൊണ്ടുതന്നെ കര്‍മ്മമാര്‍ഗ്ഗം എളുപ്പമല്ല. അഗ്നിഹോത്രം തെറ്റായി ചെയ്താല്‍ താന്‍ ഉള്‍പ്പെടെയുള്ള പിതൃപുത്ര പരമ്പരകള്‍ നഷ്ടപ്പെടുമെന്നോ അല്ലെങ്കില്‍ 7 തലമുറകള്‍ക്ക് ദോഷമുണ്ടാകുമെന്നോ കരുതാം.
ദര്‍ശം എന്ന കര്‍മ്മം ജീവിച്ചിരിക്കുന്ന കാലമത്രയും ചെയ്യേണ്ടതാണ്. ഇല്ലെങ്കില്‍ അഗ്നിഹോത്രത്തിന് ന്യൂനതയായി. പൗര്‍ണ്ണമാസാദികള്‍ക്കും ഇതുപോലെതന്നെ. പൗര്‍ണ്ണമാസം ചാതുര്‍മാസ്യം എന്നീ കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുക, ശരത് മുതലായ ഋതുക്കളില്‍ പുത്തരികൊണ്ട് ആശ്രയന്തം ചെയ്യാതിരിക്കുക, അതിഥിയെ പൂജിക്കാതിരിക്കുക, ഹോമം വിധിപ്രകാരമാകാതിരിക്കുക, വൈശ്വദേവ കര്‍മ്മം നടത്താതിരിക്കുക തുടങ്ങിയവകൊണ്ട് ഏഴ് ലോകങ്ങളുടെ നാശമുണ്ടാകും. കര്‍മ്മം ശരിയായി ചെയ്താല്‍ മാത്രമേ സത്യലോകം വരെയുള്ള 7 ലോകങ്ങള്‍ ലഭിക്കൂ.
കര്‍മ്മമാര്‍ഗം ഇത്രയും പ്രയാസമുള്ളതും വേണ്ടത്ര ശ്രദ്ധയുണ്ടായില്ലെങ്കില്‍ വിപരീത ഫലത്തെ തരുന്നതുമാണെന്ന് കാണിക്കുവാനാണ് ഇങ്ങനെ പറഞ്ഞത്. സാധകനായ ഒരാള്‍ കര്‍മമാര്‍ഗത്തില്‍പ്പെട്ട് കുടുങ്ങിപോകാതിരിക്കുവാനാണ് ഉപനിഷത്ത് ഇക്കാര്യത്തെ ഇവിടെ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വേണ്ടപോലെ കര്‍മ്മമാര്‍ഗത്തെ കര്‍മയോഗമായി അനുഷ്ഠിക്കുന്നയാള്‍ക്ക് ചിത്തശുദ്ധി കൈവരിച്ച് ആത്മാന്വേഷണത്തിനായി മുന്നോട്ട് പോകാനും ആത്മസാക്ഷാത്കാരം നേടാനുമാകും.
(തുടരും)
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ ഫോണ്‍: 9495746977)

No comments: