ഈശ്വരസ്നേഹം.
ഈ പ്രപഞ്ചം ആ ജഗത്പിതാവിനു സ്വന്തമാണ്. അദ്ദേഹത്തിന്റെ ഇച്ഛയുടെ പ്രത്യക്ഷസാക്ഷാത്കാരമാണ് ഈ പ്രപഞ്ചം. നിരാകാരിയായ അദ്ദേഹം ഓരോ അണുവിലും തന്റെ സാന്നിധ്യത്തെ നിമിഷംപ്രതി അറിയിച്ചു കൊണ്ടിരിക്കുന്നു.
ഈ ഭൂമിയുടെ സ്ഥിരവാസികള്‍ നമ്മളല്ല. നമ്മുടെ യഥാര്‍ത്ഥ വാസസ്ഥലം ആ സ്നേഹമയനായ ആ ഈശ്വരന്‍റെ തിരുമാറിലാണ്. ഇവിടെ അദ്ദേഹത്തിന്റെ ഇച്ഛാനുസരണം വിരുന്നു വന്നതേയുള്ളൂ.കരുണാമൂര്‍ത്തിയായ അദ്ദേഹം ഓരോ ജീവാത്മാവിന്റെ പ്രവര്‍ത്തനത്തിലും അതീവശ്രദ്ധ പുലര്‍ത്തുന്നു. സൂക്ഷ്മ, കാരണ ലോകങ്ങള്‍ക്കും അപ്പുറത്ത് വസിക്കുന്ന സ്നേഹസമ്പന്നനായ ആ പിതാവ് തന്റെ ഗേഹം വിട്ടുപോന്ന ഓരോ ജീവാത്മാവിനു വേണ്ടിയും ക്ഷമയോടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു.
ഈശ്വരന്‍ നമ്മെ സ്നേഹിക്കുന്നത് പോലെ നമ്മള്‍ തിരിച്ചങ്ങോട്ട് സ്നേഹിക്കുന്നുണ്ടോ? സ്നേഹമയമായ ഈ പ്രപഞ്ചത്തില്‍ സ്നേഹം മാത്രമേ കൊടുത്താല്‍ തിരിച്ചതിന്റെ ഇരട്ടിയില്‍ ലഭിക്കുകയുള്ളൂ.ഈശ്വരന്‍ നമ്മെ സ്നേഹിക്കുന്നുണ്ട്. അപ്പോള്‍ അദ്ദേഹത്തിന് അതിന്റെ ഇരട്ടിയില്‍ തിരിച്ചു കൊടുക്കാന്‍ നാം ബാധ്യസ്ഥരല്ലേ? എന്നിട്ടും എന്തേ സ്വാര്‍ത്ഥതല്പരരായ നാം നമ്മുടെ ധനത്തിനും ,പദവിക്കും വേണ്ടി മാത്രം ഈശ്വരനെ വിളിക്കുന്നു,സ്നേഹിക്കുകയാണ് എന്ന് പറയുന്നു. ഇതാണോ ഈശ്വരനോടുള്ള യഥാര്‍ത്ഥ സ്നേഹം. നാം അവനെ നമ്മുടെ പേരിനും പ്രശസ്തിക്കും ബന്ധുക്കള്‍ക്കും മാത്രമല്ലേ കാവല്‍ കാക്കാന്‍ നമ്മുടെ ജീവിതത്തില്‍ ക്ഷണിക്കുന്നത്. അതിനു വേണ്ടിയല്ലേ മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നതും.
ബഹുഭൂരിപക്ഷം ജനങ്ങളും തങ്ങളുടെ ഓരോ സ്ഥൂല പ്രപഞ്ചവിജയത്തിലും ഈശ്വരനെ മറന്നു,സ്വയം മതിമറന്നു അത് തന്റെ മാത്രം വിജയമാണെന്നു ആഹ്ലാദിക്കുന്നു.ചുരുക്കം ചിലരാകട്ടെ ആ വിജയത്തിനു ഈശ്വരന് നന്ദി കാണിക്ക മൂലം ചെലുത്തുന്നു. എന്നാല്‍ ആ പിതാവിന് ആവശ്യമായിട്ടുള്ളതോ അവനവന്‍റെ ആത്മീക ഉന്നമനവും അതിലൂടെ ആ ആത്മാവിനായി തുറക്കുന്ന തന്‍റെ സാമ്രാജ്യത്തിലെ വിശുദ്ധ കവാടവുമാണ്. .
ആ ജഗത്പിതാവ് സദാജാഗരൂകനാണ്.ഓരോ ജീവാത്മാവും താന്‍ ആ പരമാത്മാവിനെ കണക്കറ്റു സ്നേഹിക്കുന്നുണ്ട് എന്ന് പ്രഖ്യാപിക്കുമ്പോഴും ആ സ്നേഹം താന്‍ സൃഷ്‌ടിച്ച പ്രപഞ്ചവസ്തുക്കളോടോ അതോ തന്നെ മാത്രം ആണോഎന്ന് അദ്ദേഹം സ്വയം അറിയുന്നു. നമ്മുടെ ഓരോ ഉറച്ച പ്രഖ്യാപനത്തിലും അദ്ദേഹം പരീക്ഷ കൊണ്ട് നമ്മുടെ യഥാര്‍ത്ഥ സ്നേഹം ഏതു തരത്തിലാണെന്നു കാണിപ്പിച്ചു നമ്മെ ലജ്ജിതരാക്കിത്തീര്‍ക്കുന്നു. സദാവൈരാഗിയാണെങ്കില്‍പ്പോലും അദ്ദേഹം നമ്മുടെ സ്നേഹം മാത്രമേ കൊതിക്കുന്നുള്ളു.എന്നാല്‍ നമ്മളോ കുട്ടികളെപ്പോലെ അദ്ദേഹം നമുക്ക് തന്ന കളിപ്പാട്ടങ്ങളില്‍ മാത്രം ശ്രദ്ധിച്ചു സദാമുഴുകുകയാണ്.
നമ്മള്‍ മാത്രമേ വിവേചനപരമായി ധനികനെന്നോ ദരിദ്രനെന്നോ ചിന്തിക്കാറുള്ളു. അഹംഭാവമില്ലാത്ത പ്രപഞ്ചപിതാവിന് മക്കള്‍ എല്ലാം തുല്യര്‍ മാത്രമാണ്. അദ്ദേഹം എല്ലാവരെയും തുല്യതയോടെ സ്നേഹിക്കുന്നു. എന്നാല്‍ നമ്മളോ പേരും പ്രശസ്തിയുള്ളവര്‍ക്കും മാത്രം ആ സ്നേഹം വാരിവിതറുന്നു.എന്നാല്‍ അതില്ലാത്തവരെ നികൃഷ്ടതയോടെ നോക്കുന്നു. ഇതാണോ നമുക്ക് ഈശ്വരനോടുള്ള സ്നേഹം?
എത്രയോ ജന്മങ്ങള്‍ നമ്മള്‍ ജീവാത്മാക്കള്‍ എടുത്തിരിക്കുന്നു.ഇന്നത്തെ അച്ഛനമ്മമാര്‍, സഹോദരങ്ങള്‍,മറ്റു ബന്ധുജനങ്ങള്‍ എല്ലാം പോയ ജന്മത്തില്‍ അപരിചിതരായിരുന്നു.അതെ പോലെ മുജന്മത്തിലെ അപരിചിതരായി കരുതിയവര്‍ ഇന്ന് നമുക്ക് മേല്‍പ്പറഞ്ഞ രീതിയില്‍ ബന്ധുക്കളായിത്തീര്‍ന്നിരിക്കുന്നു. അപ്പോള്‍ വിശേഷാല്‍ ഭേദം കാണുന്നത് തികച്ചും തെറ്റല്ലേ? അതുകൊണ്ട് ഒരു ചിലര്‍ക്ക് മാത്രം സ്നേഹം വാരിവിതറുന്നതും മറ്റുള്ളവര്‍ക്ക് നിഷേധിക്കുന്നതും പ്രപഞ്ചസ്രഷ്ടാവിന്‍റെ നിയമസംഹിതയ്ക്ക് എതിരല്ലേ?
പ്രപഞ്ചത്തിനു നിയമം ഒന്നേയുള്ളൂ.അതാണ് പരസ്പരം സ്നേഹിക്കുക. .അത് കൊടുക്കാന്‍ അറിയാത്തവര്‍ ജീവിതത്തില്‍ എത്ര തന്നെ ഉന്നതി കൈവരിച്ചാലും ആ വിജയം അപൂര്‍ണ്ണമായിത്തന്നെ കരുതാവുന്നതാണ്.
Monday, 10 June 2013
വിശ്വരൂപം
വിശ്വരൂപം
ഇത് ഈയിടെയിറങ്ങിയ ഒരു സിനിമയെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടല്ല. ഇത് ഇന്നലെ അഭിനയിച്ചു പോയവര്‍ക്കും ,ഇന്ന് അഭിനയിച്ചു തകര്‍ത്തു കൊണ്ടിരിക്കുന്നവര്‍ക്കും നാളെ അഭിനയിക്കുന്നവര്‍ക്കും ഈ ലേഖനം സമര്‍പ്പിക്കുന്നു.
ഇതുവരെയെഴുതിയ ലേഖനങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു രീതി ഈ ലേഖനത്തില്‍ അവലംബിക്കേണ്ടതായുണ്ട്.എന്തുകൊണ്ടെന്നാല്‍ ഈ പ്രപഞ്ചം കേവലം നാടകം മാത്രമായതു കൊണ്ടാണ്.
ഇവിടെയുള്ള സര്‍വ്വാത്മാക്കളും ആ പരമാത്മാവിന്റെ ഇച്ഛയിന്‍പ്രകാരം അദ്ദേഹം തന്നെ സൃഷ്ടിച്ച ഈ പ്രപഞ്ചത്തില്‍ അഭിനേതാക്കളായി എത്തിയിരിക്കുകയാണ്. ഈ പ്രപഞ്ചനാടകത്തില്‍ കാലവും,ദേശവും യവനികകളാകുന്നു. ഭൂമി അരങ്ങാകുന്നു. ഇവിടത്തെ ജീവിക്കുന്ന ഓരോ ആത്മാവും നടന്മാരാകുന്നു. ഈ നാടകത്തിന്‍റെ കര്‍ത്താവ് സാക്ഷാല്‍ ജഗത്പിതാവുമാകുന്നു. ഈ നാടകത്തിന്‍റെ ഉദ്ദേശ്യം ഞാനും എന്‍റെ പിതാവും കാലദേശത്തിനതീതരായി ഒന്നാണ് എന്ന ശാശ്വതസത്യം നമ്മള്‍ എപ്പോഴും മറക്കാതിരിക്കുക എന്നതാണ്.
എന്നാല്‍ പഞ്ചഭൂതകൂടില്‍ കയറിയ ശേഷം ഞാന്‍ എന്‍റെ പിതാവിനെ നിങ്ങളിലും നിങ്ങള്‍ നിങ്ങളുടെ പിതാവിനെ എന്നിലും കാണുന്നില്ല. കാലദേശ യവനികകള്‍ നമ്മെ പരസ്പരം വിഭജിക്കുകയായി.നാമങ്ങള്‍ ഇല്ലാത്ത നാം പല നാമങ്ങള്‍ ധരിച്ചു. ഇല്ലാത്ത അതിര്‍ത്തികള്‍ ഉണ്ടാക്കിയെടുത്തു. ഏകമായതും,രൂപവും, ഭാവവും,നാമവുമില്ലാത്ത ആ പരമേശ്വരനെ പല രൂപത്തിലും,നാമത്തിലും,ഭാവത്തിലും അഭിസംബോധന ചെയ്തു.എന്നിട്ടും ആ പരമപിതാവ് ആ ഭക്തിയില്‍ നിര്‍വൃതി പൂണ്ട് ആ രൂപങ്ങളിലും ഭാവങ്ങളിലും നമ്മളറിയാതെ തന്നെ വന്നു താലോലിക്കുകയും നമ്മുടെ സങ്കടം ചെവി കൊള്ളുകയുമാണ്.
ഈ നാടകത്തില്‍ നമ്മള്‍ തന്നെ മിത്രങ്ങളെ ഉണ്ടാക്കിയെടുക്കുന്നു. അതുപോലെ ശത്രുക്കളെയും ഉണ്ടാക്കിയെടുക്കുന്നു. ശത്രുവിന്‍റെ ശത്രുവിനെ മിത്രമാക്കാന്‍ തുനിയുന്നു. അതിനു വഴിവിട്ട രീതികള്‍ അവലംബിക്കുന്നു. അവസാനം ജയമോ പരാജയമോ ഒരു കൂട്ടം സത്ദുഷ്ടകര്‍മ്മഫലങ്ങള്‍ പേറി തളര്‍ന്നു മതിയാക്കി സമയം ആഗതമാകുമ്പോള്‍ സൂക്ഷ്മ ലോകത്തു ചില കാലം വസിക്കാന്‍ യാത്രയാകുന്നു.. ഇവിടെ ഓരോ ജീവാത്മാവും സൂക്ഷ്മലോകത്തില്‍ നിന്നും സ്ഥൂലകര്‍മ്മഫലം അനുഭവിക്കാന്‍ വേണ്ടി വീണ്ടും പിറവിയെടുക്കുമ്പോഴും ഇങ്ങനെ ഇച്ഛിക്കുന്നുണ്ടാവാം വീണ്ടും മറ്റൊരു പിറവി വരുത്തരുതെയെന്ന്‍. പക്ഷെ അതെങ്ങനെ കഴിയും? നമ്മള്‍ വീണ്ടും വീണ്ടും മറക്കുകയല്ലേ ആ മുകളില്‍പ്പറഞ്ഞ നാടകോദ്ദേശ്യം.!!! അതിനു പറ്റിയില്ലെങ്കിലും പരസ്പരസ്നേഹം പങ്കു വെയ്ക്കാന്‍ നാം എന്തേ ഭയക്കുന്നു? നമ്മുടെ എന്തെങ്കിലും നഷ്ടപ്പെടുമെന്നു ഓര്‍ത്താണോ?ഭഗവത് ഗീതയുടെ സാരാംശം എല്ലാവര്‍ക്കും അറിയാമല്ലോ? ഈ പ്രപഞ്ചത്തില്‍ ഒന്നും കൊണ്ട് വന്നിട്ടില്ല അത് പോലെ ഒന്നും കൊണ്ടും പോകുന്നില്ല. ഈ പഞ്ചഭൂത നിര്‍മ്മിതമായ ഈ മായപ്രപഞ്ചവും അതിലെ നശ്വരങ്ങളായ വസ്തുക്കളും സൃഷ്ടിച്ചവന്‍ അവന്‍,പരിപാലിക്കുന്നവന്‍ അവന്‍ ,അതിനെ കൃത്യമായ കാലം വരുമ്പോള്‍ സംഹരിക്കുന്നവനും അവന്‍, അതിനെ സംഹരിച്ച ശേഷം ആ പ്രപഞ്ചത്തെ തിരോധാനം ചെയ്യിക്കുന്നവനും അവന്‍,അവസാനം ആ ആത്മാക്കളെ അനുഗ്രഹിച്ചു തന്നിലേയ്ക്കു ആവാഹിക്കുന്നവനും അവന്‍ തന്നെ.ഇത് നേരത്തെ അറിഞ്ഞവന്‍ ഈ നാടകത്തില്‍ വെറും സാക്ഷിയായി നില കൊണ്ട് ആ പിതാവിന്‍റെ നേരിട്ടുള്ള അനുഗ്രഹത്തിന് പാത്രീഭൂതരാകുന്നു. വേര് ചിലരോ എല്ലാവരിലും ഈശ്വരചൈതന്യം ദര്‍ശിച്ചുഎല്ലാവരെയും സ്നേഹിച്ചു ആ പരമേശ്വരന്റെ പരമപദത്തിനു തങ്ങളെ പ്രാപ്തരാക്കുന്നു. എന്നാല്‍ ബഹുഭൂരിപക്ഷമോ ഈ മായകാഴ്ചകളില്‍ മുങ്ങിനീരാടി തളര്‍ന്നവശരായി വീണ്ടും വീണ്ടും അഭിനയിക്കാന്‍ വരുകയും ചെയ്യുന്നു (ജനിക്കുകയും,മരിക്കുകയും ചെയ്യുന്നു.) എങ്കിലും ധര്‍മ്മച്യുതി ഏര്‍പ്പെടുന്ന കാലഘട്ടത്ത്,കാരുണ്യവാനായ ആ പരമ പിതാവ് ആ സനാതന സത്യം അറിയിക്കാനും, കര്‍മ്മബന്ധങ്ങളില്‍പ്പെട്ടു ഉഴറുന്ന തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് സാന്ത്വനമേകാനും തന്നിലെത്തന്നെ ഭിന്നരല്ലാത്ത ചിലരെ നിയുക്തരാക്കുന്നു.
ഈ തുടര്‍നാടകത്തില്‍ ഈ യുഗം പ്രത്യേകിച്ച് ഈ കാലഘട്ടം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇത് മുന്‍കൂട്ടി അറിഞ്ഞ പുണ്യപുരുഷന്മാര്‍ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
ഈ തുടര്‍നാടകത്തില്‍ ഈ യുഗം പ്രത്യേകിച്ച് ഈ കാലഘട്ടം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇത് മുന്‍കൂട്ടി അറിഞ്ഞ പുണ്യപുരുഷന്മാര്‍ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
നാം ഏറെക്കാലമായി ആകാംഷയോടെ കാത്തിരിക്കുന്ന ആ ദിവ്യാത്മാവ് ദക്ഷിണഭാരതത്തില്‍ നിന്നും ഉദിച്ചുയരും. ആ കാലം മാത്രം അതിവിദൂരമല്ല. വൈഷ്ണവതേജസ്സുള്ള ആ യുവാവ് സര്‍വ്വവിദ്യാദിശാസ്ത്രങ്ങളിലും അഗാധപാണ്ഡിത്യം നേടിയവനായിരിക്കും .ഭാരതം അതിന്റെ നഷ്ടപ്പെട്ട പ്രതാപവും പൈതൃകവും ആ യുവാവിന്റെ നേതൃത്വത്തില്‍ വീണ്ടെടുക്കുയും ലോകത്തിനു തന്നെ ഭാരതം മാതൃകയായിത്തീരുകയും ചെയ്യും. അദ്ദേഹത്തിന്റെ ആഗമനം ഏര്‍പ്പെടുത്തിയ ആ പ്രഭാവം സമസ്ത മേഖലകളിലും പല നൂറ്റാണ്ടുകള്‍ക്കു ഭാരതത്തെ ലോകഭൂപടത്തില്‍ ഒന്നാമതാക്കിത്തീര്‍ക്കും.
Sunday, 12 May 2013
മരണം പിന്നെ ജനനം പിന്നെ മരണം
യമദേവന്‍ പറഞ്ഞു ;
നൂറ്റാണ്ട് വാഴുന്ന പുത്രപൌത്രാദികള്‍, പശുക്കള്‍, ആനകള്‍, കുതിരകള്‍, പൊന്ന്,പരിചരിക്കാന്‍ സ്ത്രീകള്‍ , തേരുകള്‍ ഈ ഭൂമിയിലെ പരന്നുക്കിടക്കുന്ന രാജ്യത്തെയും വാങ്ങിച്ചുകൊള്‍ക,നീ എത്ര കൊല്ലങ്ങള്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നുവോ അത്രയും കൊല്ലങ്ങള്‍ നിനക്ക് ജീവിക്കാം.പക്ഷെ നചികേതസ്സേ മരണത്തെക്കുറിച്ചു മാത്രം ചോദിക്കരുത്.
നചികേതസ്സ് മുതല്‍ രമണമഹര്‍ഷി വരെ ആ സത്യത്തെ അന്വേഷിച്ചു അറിയപ്പെട്ടവരായിരുന്നു. നചികേതസ്സ് മരണ ദേവനുമായി സംവാദം നടത്തിയെങ്കില്‍ രമണമഹഋഷി മരണത്തിനെ ഓരോ അണുവിലും ഉള്‍ക്കൊണ്ട് അതിനെ അനുഭവിച്ചു ജയിച്ചവനായിരുന്നു .മരണം എന്ന അവസ്ഥയെപ്പറ്റി സിദ്ധാര്‍ഥന്‍ ചിന്തിച്ചിരുന്നില്ലായെങ്കില്‍ ബുദ്ധനായിത്തീരുമായിരുന്നില്ല. ലോകത്തില്‍ ഇത്രയും മതങ്ങളും(അഭിപ്രായങ്ങളും),ദൈവങ്ങളും ഉണ്ടാകുമായിരുന്നില്ല.ആ മരണത്തിനു ജനനം തന്നെയുണ്ടാകുമായിരുന്നില്ല. ദക്ഷസംഹിതയ്ക്കും , മനുസ്മൃതിയ്ക്കും മരണത്തിനു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ല. .ചണ്ടാലനായാലും, ചക്രവര്‍ത്തിയായാലും മരണം എല്ലാവര്‍ക്കും ഒരു പോലെ. മരണത്തിനു ലിംഗ ,ജാതി,മത,ജീവ,ദേശ,കാല ഭേദമില്ല.പ്രകൃതിയുടെ നിയമസംഹിതയില്‍ മരണം അനിവാര്യമാണ്. എന്തുകൊണ്ടെന്നാല്‍ പരിണാമപ്രക്രിയയില്‍ മരണം ഒരു തുടര്‍പ്രതിഭാസമാണ്.പുഴുവിന്റെ ആത്മാവ് തന്റെ ശരീരത്തെ നഷ്ടപ്പെടുത്തി വേറൊരു ഉയര്‍ന്ന ശരീരത്തെ എടുക്കുന്നു.ഇങ്ങനെ കോടാനുകോടി ജീവജാലങ്ങള്‍ പരിണാമപ്രക്രിയയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു.എന്നാല്‍ മനുഷ്യന്‍ മാത്രം എന്തേ തന്നെ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല!.(ഈ പ്രക്രിയയില്‍ ജഡവസ്തുവില്‍ നിന്നും ജീവവസ്തുവിലെയ്ക്കും,ജീവവസ്തുവില്‍ നിന്നും മനോവസ്തുവിലെയ്ക്കും മനോവസ്തുവില്‍ നിന്നും ബോധവസ്തുവിലെയ്ക്കുമുള്ള പ്രയാണത്തില്‍ ആത്യന്തികമായി മനുഷ്യന്‍ തന്നെ നഷ്ടപ്പെടുത്തി പൂര്‍ണ്ണത(ഈശ്വത്വം) കൈവരിക്കേണ്ടതായുണ്ട്. അത് തന്നെയാണ് ഈശ്വരേച്ഛയും.)
ശരീരത്തില്‍ ദിനംപ്രതി പുതിയ കോശങ്ങള്‍ ഉണ്ടാകുകയും പഴയവ നശിച്ചു പോകുകയും ചെയ്യുന്നു. ഒരു ജീവന്റെ വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ഇത് സംഭവിക്കുന്നു.എന്നാല്‍ ഈ അവസ്ഥയ്ക്ക് കാലക്രമേണ മാറ്റം സംഭവിക്കുകയും പുതിയ കോശങ്ങളുടെ വളര്‍ച്ച ക്രമേണ മന്ദഗതിയിലാകുകയും ചെയ്യുന്നു. ഇങ്ങനെ ദിനംപ്രതി ശരീരം മരണത്തിലേയ്ക്ക് പതുക്കെ പതുക്കെനീങ്ങിക്കൊണ്ടിരിക്കുന്നു. ഈ കോശങ്ങളുടെ ജനനത്തിനും വളര്‍ച്ചയ്ക്കും പ്രാണോര്‍ജ്ജം അത്യന്താപേഷിതമാണ്.ഈ പ്രാണോര്‍ജ്ജത്തിനു ഹേതു സൂക്ഷ്മശരീരവുമാകുന്നു.
പ്രാണന്‍ കുടികൊള്ളുന്ന സൂക്ഷ്മശരീരമാണ് ഈ ഭൌതീകശരീരത്തിന്‍റെ ആധാരം. സൂക്ഷ്മശരീരത്തെ പ്രാണോര്‍ജ്ജം സ്ഥൂലശരീരവുമായി ബന്ധിപ്പിക്കുന്നു.പഞ്ചഭൂതാധിഷ്ടിതമായ ഈ പ്രപഞ്ചത്തെ ഭൌതീകശരീരം മൂലം സൂക്ഷ്മശരീരം അറിയുന്നു. സ്ഥൂലശരീരത്തില്‍ എന്തെങ്കിലും കാരണത്താല്‍ ത്രിദോഷങ്ങള്‍ ബാധിക്കപ്പെടുമ്പോള്‍ ആ അവയവത്തിലുള്ള പ്രാണന് ചിലപ്പോള്‍ പരിഹാരം ചെയ്യാന്‍ സാധ്യമാവാതെ വരുന്നു.അപ്പോള്‍ അത് നിവര്‍ത്തി ചെയ്യാന്‍ അധികം പ്രാണശക്തി മറ്റു ഭാഗത്തില്‍ വരുത്തി അധികമായി ചിലവാക്കേണ്ടി വരുന്നു. ഇത് ചിലപ്പോള്‍ ഹ്രസ്വപരിവാഹത്തിനു ഇട വരുത്തുന്നു. ഇത് ഹ്രസ്വനേരത്തില്‍ മാത്രമെങ്കില്‍ വേദന എന്ന് ഇതിനെ വിളിക്കാം.അത് അവയവം മുഴുവനും വ്യാപിച്ചും,കാല സമയം അധികരിച്ചും പോയാല്‍ രോഗമായി മാറുകയും, ഈ രോഗം പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ സ്വയം ശരീരം മെനക്കെട്ട് ശരീരത്തിലെ പ്രാണോര്‍ജ്ജം മുഴുവനുമായി ചിലവാക്കുമ്പോള്‍ സൂക്ഷ്മശരീരത്തെ സ്ഥൂലശരീരവുമായി ബന്ധിപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്ക് ശക്തി നഷ്ടപ്പെടുകയും അവസാനമായി സൂക്ഷ്മശരീരം സ്ഥൂലശരീരത്തില്‍ നിന്ന് വേര്‍പ്പെട്ടു പോകുകയും ചെയ്യും. ഇതാണ് മരണം.
മരണസമയമടുക്കുമ്പോള്‍ നമ്മുടെ ചിന്ത എങ്ങനെയെന്നു തീരുമാനിക്കുന്നത്. നമ്മുടെ പ്രകൃതമനുസരിച്ചായിരിക്കും സത്പ്രവൃത്തികളാലും, ഈശ്വരചിന്തയാലും ജീവിച്ച വ്യക്തിക്ക് ആ മരണ സമയത്ത് ഈശ്വരചിന്തയാല്‍ നിറഞ്ഞിരിക്കും. സ്ഥൂല ശരീരബന്ധം വേര്‍പ്പെടുത്തിയ ജീവാത്മാവിനു സുഖദുഃഖങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യമല്ല. എങ്കിലും പോയ കാലത്തെ മങ്ങിയ ഓര്‍മ്മകള്‍ വേറൊരു ശരീരത്തില്‍ പ്രവേശിക്കുന്നത് വരെ അത് നിലനിര്‍ത്തും. മരണം എന്നത് അവസാനവാക്കല്ല. പരബ്രഹ്മത്തില്‍ വിലയം പ്രാപിക്കുന്നത് വരെ ഇത് തുടര്‍ന്ന് കൊണ്ടിരിക്കും.
ജീവന്‍റെ പരിണാമപ്രക്രിയയില്‍ താഴ്ന്ന പൂര്‍ണ്ണതയില്‍ നിന്നും ഉയര്‍ന്ന പൂര്‍ണ്ണതയാണ് ലക്ഷ്യമെന്നു മുമ്പത്തെ ലേഖനത്തില്‍ സൂചിപ്പിച്ചുവല്ലോ? അപ്പോള്‍ മനുഷ്യനായി തീര്‍ന്ന ആ ജീവന്‍ മരണശേഷം വീണ്ടും നായയോ പൂച്ചയായോ പുനര്‍ജ്ജനിക്കുക അസാധ്യമാണ്. എന്നാല്‍ തീര്‍ത്തും അങ്ങനെപ്പറയാന്‍ സാധ്യവുമല്ല. എന്ത് കൊണ്ടെന്നാല്‍ കര്‍മ്മഫലാനുഫലങ്ങളാണ് അടുത്ത ജന്മത്തെ നിശ്ചയിക്കുന്നത്.ജീവന് പൂര്‍ണ്ണത കൈവരിക്കാന്‍ തടസ്സം നില്‍ക്കുന്നത് ചെയ്തുകൂട്ടുന്ന കര്‍മ്മങ്ങള്‍ ആണല്ലോ? അത് കൊണ്ട് ആ കര്‍മ്മഫലങ്ങള്‍ വേഗത്തില്‍ത്തീര്‍ക്കാന്‍ വേണ്ടി മനുഷ്യജീവന്‍ മറ്റു ജീവജാലങ്ങളായി ചില സമയങ്ങളില്‍ പിറക്കേണ്ടി വരും.എന്നാല്‍ ഇത് താല്‍ക്കാലിക ജന്മം മാത്രമാണ്.പ്രപഞ്ചവസ്തുക്കള്‍ക്ക് മാത്രമേ നിയമം ബാധകമുള്ളു, ആത്മാവിനില്ലല്ലോ? ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട ജീവന്‍ സൂക്ഷ്മലോകത്ത് ചില കാലം തങ്ങുന്നു. ചിലപ്പോള്‍ സൂക്ഷ്മ ലോകത്ത് പ്രവേശിച്ച ജീവന്‍ അടുത്ത നിമിഷം തന്നെ വേറൊരു വയറ്റില്‍ പിറവിയെടുക്കുന്നു.ചിലപ്പോള്‍ പല നൂറ്റാണ്ടുകള്‍ കര്‍മ്മഫലമായി സൂക്ഷ്മലോകത്തു തന്നെ വസിച്ചെന്നും വരാം. ഇത് നിശ്ചയിക്കുന്നതാകട്ടെ സൂക്ഷ്മലോകത്തെ ദേവതകളാണ്. ഏകദേശം അവയങ്ങള്‍ പൂര്‍ണ്ണത പ്രാപിച്ച ശിശുവില്‍ മുന്‍നിശ്ചയിക്കപ്പെട്ട പ്രകാരം ബ്രഹ്മരന്ധ്രത്തിലൂടെ പ്രവേശിച്ച ജീവന് പഴയ കാല സ്മൃതികള്‍ ഉണ്ടായിരിക്കും.ജനിച്ചു വീണയുടന്‍ ആ സ്മൃതികള്‍ മെല്ലെ മായാന്‍ തുടങ്ങും. എങ്കിലും ചില പഴയ ജന്മസ്മരണകള്‍ കുട്ടി സംസാരിച്ചു തുടങ്ങുന്നത് വരെ നിലനിര്‍ത്തും.
അങ്ങനെ സഞ്ചിതകര്‍മ്മഫലങ്ങളുടെ ഭാണ്ഡം പേറി വന്ന ആ ആത്മാവ് പുതുതായി കര്‍മ്മങ്ങള്‍ ചെയ്യാന്‍ വീണ്ടും ജനിക്കുന്നു, വീണ്ടും ജീവിക്കുന്നു,വീണ്ടും മരിക്കുന്നു.
അപ്പോള്‍ ഈ ചാക്രികപ്രക്രിയ കേവലം നാടകമാണോ? അതെ ഇത് നാടകം തന്നെയാണ്. സാക്ഷാല്‍ ജഗത്പിതാവിന്‍റെ പ്രപഞ്ചനാടകം. അതിനെക്കുറിച്ച് അടുത്ത ലേഖനത്തില്‍ വിശദമാക്കാം.
Wednesday, 8 May 2013
മരണം
വായുരനിലമമൃതം അഥേദം
ഭസ്മാന്തം ശരീരം
ഓം ക്രതോ സ്മര
ക്ലീബേ സ്മര,കൃതം സ്മര
-ഈശാവാസ്യോപനിഷദ്.
ചിലര്‍ സത്യമായ മരണത്തെ കുറിച്ചു പറയാനും ആലോചിക്കാനും ഭയപ്പെടുന്നു. ഇതെന്തോ തനിക്കു സംഭവിക്കാത്തതാണെന്ന മട്ടില്‍. അതിനു പകരമായി നശ്വരമായ ശരീരത്തെ കുറിച്ചു ആലോചിക്കുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. പലര്‍ ഇങ്ങനെ ചിന്തിക്കുന്നു. ജീവിക്കുന്ന കാലമോ ഹ്രസ്വം, അത് മാത്രം സത്യം! .ജനിക്കുന്നതിനു മുമ്പ് ഞാന്‍ ആരെന്നു അറിയില്ല. മരിച്ച ശേഷം ഞാന്‍ എന്തായിത്തീരുമെന്നറിയില്ല. അതു കൊണ്ട് ആയ കാലം നമുക്ക് ആഘോഷിക്കാം’. ഹാ കഷ്ടം! ആര്‍ഷസംസ്കാരത്തില്‍ ഊറ്റം കൊള്ളുന്നവരേ,ഇതിനാണോ നിങ്ങള്‍ ഈ കര്‍മ്മഭൂമിയായ ഭാരതത്തില്‍ അവതരിച്ചത് ?
മരണം എന്നു നടക്കും എന്നതറിയാത്തതാണ് മരണത്തിന്റെ വിജയം. അത് തന്നെയാണ് ഇന്ദ്രിയസുഖങ്ങളില്‍ നമ്മെ നയിക്കാന്‍ പ്രേരിപ്പിക്കുന്നതും .എന്നാല്‍ കുത്തഴിഞ്ഞ ജീവിതമാര്‍ഗ്ഗം അവലംബിക്കുമ്പോള്‍ത്തന്നെ ഇന്ദ്രിയങ്ങളുടെ അമിതോപയോഗം മൂലം നിങ്ങളുടെ ശക്തിയെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ മരണത്തെയും വാര്‍ദ്ധക്യത്തെയും കൂടുതല്‍ കൂടുതല്‍ നിങ്ങളിലെയ്ക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നത് ആരും അതു ഓര്‍ക്കാറില്ല!.ഇത് തന്നെയല്ലേ നമ്മുടെ പരാജയവും.!
നിങ്ങള്‍ ഈ മരണശേഷം എങ്ങനെ ഈ ജീവന്‍ ഒറ്റയ്ക്ക് ഈ ലോകത്തില്‍ വന്നുവോ അത് പോലെ ഒറ്റയ്ക്ക് ഈ ലോകത്തിനു വിടയും ചൊല്ലുന്നു. അവിടെ നിങ്ങളുടെ ബന്ധുക്കളും മിത്രങ്ങളും കൂടെ അനുഗമിക്കുന്നില്ല.എല്ലാ സ്വത്തുകളും വിട്ടെറിഞ്ഞ് വരുന്ന നിങ്ങള്‍ ഒരു ഭാണ്ഡം മാത്രമേ കൊണ്ട് വരാന്‍ അനുവാദമുള്ളു.അത് ഭൂമിയില്‍ ചെയ്ത ധര്‍മ്മാധര്‍മ്മങ്ങളുടെ കണക്കു മാത്രം. എന്നാല്‍ തനിക്കു വീണ്ടും പിറക്കാന്‍ ഒരു ഗര്‍ഭപാത്രം കണ്ടെത്തി വീണ്ടും പിറക്കുന്നു. ഇവിടെ കലിംഗ യുദ്ധത്തില്‍ വീരവാളേന്തി മരണം പ്രാപിച്ച ജീവന്‍ കാലദേശങ്ങള്‍ക്ക് ഉള്‍പ്പെട്ട പ്രപഞ്ചത്തില്‍ വീണ്ടും വേറൊരു കാലത്തില്‍ വേറൊരു ദേശത്തില്‍ ജനിച്ചു അഫ്ഗാന്‍ യുദ്ധത്തില്‍ യന്ത്രതോക്കുകളുമായി വീണ്ടും പോരാടുന്നു.
മരണം എപ്പോള്‍ നടക്കുമെന്ന ഭയത്താല്‍ നിമിഷംപ്രതി മരിച്ചുകൊണ്ടിരിക്കുന്നതിനെക്കാള്‍ വലിയ മരണം തന്നെ ഒന്നുമില്ല. ഒരു സ്ത്രീ തന്റെ പ്രസവവേദന അനുഭവിക്കുന്നതിനേക്കാള്‍ വലിയ വേദനയാണോ ഈ മരണവേദന? ഒരിക്കലുമായിരിക്കുകയില്ല.!
മരണത്തെ ജയിക്കാന്‍ എന്താണ് മാര്‍ഗ്ഗം?ജനിക്കാതിരിക്കണം.ജനിച്ചാല്‍ മരണം സുനിശ്ചിതം!.മര്‍ത്ത്യലോകത്തില്‍ ജനനമരണ ചക്രത്തില്‍പ്പെട്ടുഴലുന്ന ജീവാത്മാവിന് എന്നാണു ഇതില്‍ നിന്നും മോചനം ലഭിക്കുക. മരണത്തെ വെല്ലാന്‍ ഒരു ഉപായമുണ്ട്. പക്ഷെ നമ്മള്‍ അതറിഞ്ഞാലും ,കേട്ടാലും അത് പ്രായോഗികമാക്കാന്‍ പോകുന്നില്ല. താന്‍ (ആത്മാവ്) എന്നും മരിക്കാത്തവന്‍ ആണെന്നു അറിയുക.ശരീരാഭിമാനം വെടിയുക.സ്വശരീരത്തിലും ,മറ്റു ശരീരങ്ങളിലുമുള്ള അഭിമാനം വെടിയുക. ആത്മാവെന്നതില്‍ അഭിമാനിക്കുക, പക്ഷെ ആത്മാവെന്നതില്‍ അഭിമാനമുണ്ടായാല്‍ ശരീരാഭിമാനം തീര്‍ച്ചയായും അവിടെ ഉണ്ടായിരിക്കില്ല. പിന്നെ മരണത്തെപ്പറ്റി ആ ആത്മാവ് വ്യാകുലപ്പെടുകയുമില്ല. എല്ലാ കര്‍മങ്ങള്‍ക്കും താന്‍ വെറും ഒരു സാക്ഷിയാണെന്നറിഞ്ഞ ആള്‍ പഞ്ചഭൂത ശരീരം വെടിഞ്ഞ ശേഷം വേറൊരു ശരീരം(ജന്മം) സ്വീകരിക്കുകയില്ല. ജനിക്കാത്ത ആത്മാവിനെവിടെ വീണ്ടും ഇനിയൊരു മരണം? ഞാന്‍ മുമ്പു പറഞ്ഞില്ലേ ,നമ്മള്‍ അതറിഞ്ഞാലും ,കേട്ടാലും പ്രായോഗികമാക്കാന്‍ പോകുന്നില്ല എന്ന്! .ഈശ്വരസൃഷ്ടിയില്‍ പ്രകൃതി പരസ്പര വിരുദ്ധാശയങ്ങളുടെ സമ്മേളനമാണ്. ഒന്നുകില്‍ ആത്മാവെന്നറിഞ്ഞു ഈ ജനനമരണചക്രത്തില്‍ നിന്നും പിന്മാറുക. അല്ലെങ്കില്‍ വീണ്ടും ജനിക്കുക, വീണ്ടും മരിക്കുക. ഇത് നിങ്ങളാണ് സ്വയം തീരുമാനിക്കേണ്ടത്, ഈശ്വരന് ഇതില്‍ പങ്കില്ല. ആ മഹാത്മാവ് നിങ്ങള്‍ക്ക് ഈ തീരുമാനം വിട്ടു തന്നിരിക്കുകയാണ്.
ഈ ലേഖനം വീണ്ടും പുനര്‍ജ്ജനിക്കും. എന്തിനെന്നാല്‍ സത്യത്തില്‍ മരണം എന്താണെന്നു കൂടുതല്‍ വ്യക്തമാക്കാന്‍ വേണ്ടിയാണ്..
No comments:
Post a Comment