Sunday, April 07, 2019

ശ്രീമദ് ഭാഗവതം 113*
അഹരഹ: തൽ പോഷണ പാലന ലാളന പ്രീണന അനുധ്യാനേന
മാൻകുട്ടിയെ പോഷിപ്പിക്കുക, പാലിക്കുക, അതിനെ വാത്സല്യത്തോട് കൂടെ ലാളിക്കാ ഇങ്ങനെ കുറേ ദിവസായി. ഓരോ ദിവസം കഴിയുന്തോറും അദ്ദേഹത്തിന്റെ തപസ്സ് ഒക്കെ വിട്ടു വിട്ട് വന്നു. സന്ധ്യാവന്ദനം ധ്യാനം അനുഷ്ഠാനം ഒക്കെ പോയി. സദാ ഈ മാൻകുട്ടിയുടെ കൂടെ ആയി. നിത്യമായ വസ്തുവിനെ വിട്ട് അനിത്യമായ വസ്തുവിൽ മനസ്സ് വന്നു. പക്ഷേ അനിത്യമായ വസ്തു അതിന്റെ സ്വഭാവത്തിനെ കാണിക്കും. അത് നില്ക്കില്ല്യ. അത് എന്നെങ്കിലുമൊക്കെ വിട്ടു പോകും. ഈ മാൻകുട്ടിയുടെ മേലേയുള്ള ആകർഷണം പ്രബലമായി തീർന്നു.
ഒരു ദിവസം ഭരതന് പശ്ചാത്താപം തോന്നി. മാൻകുട്ടിയെ ചിന്തിച്ച് ചിന്തിച്ചുഎന്റെ തപസ്സ് എല്ലാം പോയി. കൊട്ടാരം ഒക്കെ വിട്ടു വന്നത് ഈ മാൻകുട്ടിയെ വളർത്താനാണോ? ഞാൻ ധ്യാനിക്കട്ടെ. നിർബന്ധമായി മനസ്സിനെ പിടിച്ചു ധ്യാനത്തിൽ ഇരുത്തി. ഈ മാൻകുട്ടി കുറച്ച് വലുതായിരിക്കണു. അതിന് അല്പം കൊമ്പ് മുളച്ചണ്ട്. മൂർച്ചയില്ലാത്ത കൊമ്പ്. ആ കൊമ്പും കൊണ്ട് വന്ന് മുതുകിൽ ഉരസി.
അപരുഷ വിഷാണാഗ്രേണ ലുഠതി.
ഇങ്ങനേ പതുക്കെ വന്ന് ഉരസുമ്പോ സുഖം.
അടുത്ത ദിവസം മുതൽ ധ്യാനിക്കാനിരിക്കുമ്പോ ഈ മാൻകുട്ടി വന്ന് ഉരച്ചില്ലേ ന്നാണ് ചിന്ത. ധ്യാനം അല്ല. എല്ലാം പോയി.
ഇത് നമ്മുടെ കഥയാട്ടോ. നാമം ജപിക്കാനിരിക്കുമ്പോ പേരക്കുട്ടി വന്ന് മടിയിൽ ഇരിക്കും. ഭരതന് മാൻകുട്ടി, നമുക്ക് പേരക്കുട്ടി. നമ്മളെ മുഖത്ത് നോക്കി ചീത്ത പറയാൻ പാടില്ലല്ലോ എന്ന് വിചാരിച്ചിട്ടാവും ശുകബ്രഹ്മ മഹർഷി കഥയൊക്കെ ണ്ടാക്കി പറയണത്. നമ്മുടെ പേരക്കുട്ടി ആയിരിക്കും മടിയിൽ ഇരിക്കാ. ജപിക്കാൻ സമ്മതിക്കില്ല്യ. കുട്ടി മടിയിൽ വന്നിരിക്കുമ്പോ ഒരു സുഖം. അടുത്ത ദിവസം മുതൽ ജപിക്കാനിരിക്കുമ്പോ അവൻ വരണ്ടോ ന്നാണ് നോട്ടം.
ഭരതൻ കുറച്ച് ദിവസം ഈ മാൻകുട്ടിയെ ചിന്തിച്ചു. കുറച്ച് കഴിഞ്ഞ് ഈ മാൻകുട്ടി എവിടേക്കോ പോയി. അപ്പൊ വിഷമമായി. യ്യോ കാട്ടിലുള്ള വല്ല മൃഗങ്ങളും പിടിക്കോ. സന്ധ്യാവന്ദനത്തിന് ഇരുന്നാൽ ഇതന്നെ വിചാരം. നമ്മളുടെ കഥ ഒക്കെ നോക്കാ. പലപ്പോഴും അങ്ങനെയാ. കുട്ടിയെ സ്കൂളിൽ അയച്ചാൽ യ്യോ വൈകുന്നേരം വരണല്ലോ. എത്രയോ കുട്ടികൾ വരണ്ട്. നമ്മളുടെ കുട്ടി ആവുമ്പോ വൈകുന്നേരം ആകുന്തോറും ടെൻഷനാ. വൈകുന്നേരം വരണല്ലോ കുട്ടി തനിച്ച് പോയിരിക്കണു. എന്താപ്പോ. സദാ അതിനെ കുറിച്ച് ചിന്ത.
അതുപോലെ ഈ മാൻകുട്ടി കാട്ടില് പോയാൽ വരുന്നതുവരെ ഭരതന് വിചാരം. കുറച്ച് ദിവസം അത് വന്നില്ല്യ. അതിനെ ചിന്തിച്ച് തന്നെ വ്യാധിഗ്രസ്ഥനായി കിടപ്പായി.
ശ്രീനൊച്ചൂർജി
*തുടരും..
Lakshmi Prasad

No comments: