Tuesday, April 02, 2019

വെണ്ണക്കണ്ണൻ
പണ്ട്, ജ്ഞാനിയായ ഒരു സന്യാസി വിവേകിയും ജിജ്ഞാസുവും ആയ ഒരു രാജാവിനെ അനുഗ്രഹിക്കാൻ രാജധാനിയിലെത്തി. രാജാവ് വേണ്ടപോലെ അതിഥിയെ സത്ക്കരിച്ചിരുത്തി. കുശലാന്വേഷണങ്ങൾക്കു ശേഷം രാജാവ് ചോദിച്ചു. എനിക്ക് എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന മൂന്നു സംശയങ്ങൾ ഉണ്ട്. ഞാൻ അവ അങ്ങയോട് ചോദിച്ചാൽ അവിവേകമെന്ന് തെറ്റിദ്ധരിക്കരുതേ. അറിവില്യായ്മയായി കരുതി ക്ഷമിക്കണേ. മഹാത്മാവായ സന്യാസി സമ്മതം മൂളി.
രാജാവ് ചോദിച്ചു: മഹർഷേ, ഈശ്വരൻ അഥവാ ഈശ്വര ശക്തി ശരിക്കും എവിടെയാണ്?
മഹർഷി പറഞ്ഞു:
രാജാവേ, കുറച്ച് പാലും കുറച്ച് തൈരും രണ്ടു പാത്രങ്ങളിലായി കൊണ്ടുവരാമെങ്കിൽ ഞാനിതിന് ഉത്തരം പറയാം.
പാലും തൈരും കൊണ്ടുവന്നു. മഹർഷി പറഞ്ഞു:
രാജാവേ, ഈ പാലിൽ വെണ്ണയുണ്ടെന് അങ്ങയ്ക്കറിയാമല്ലോ? ഈ തൈ രാക്കി മാറ്റിയതിലും വെണ്ണയുണ്ട്. നമുക്ക് ഈ തൈരൊന്ന് കലക്കാം.
സാധാരണ രാജധാനിയിൽ തൈരു കലക്കുന്ന സ്ത്രീ തന്നെ വന്ന് തൈരു കലക്കി വെണ്ണ മാറ്റിവെച്ചു.
മഹർഷി പറഞ്ഞു:
രാജാവേ, ഈ വെണ്ണ പാലിന്റെ ഓരോ തുള്ളിയിലും നമ്മുടെ കണ്ണുകൾക്ക് ഗോചരമല്ലാതെ എങ്ങനെ സ്ഥിതി ചെയ്തിരുന്നുവോ അതുപോലെ ഈശ്വരചൈതന്യം പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്നു. പാലിനെ തൈരാക്കി കടഞ്ഞ് വെണ്ണയെടുക്കുന്ന പോലെ, നമ്മുടെ മനസ്സിനെ സത്സംഗത്താൽ ഈശ്വരോൻമുഖമാക്കി ഭഗവദ് സ്മരണ ഏതെങ്കിലും പ്രകാരത്തിൽ അഭ്യസിക്കണം. വെണ്ണ വേർതിരിഞ്ഞ് പ്രത്യക്ഷമായ പോലെ, സർവ്വവ്യാപിയായ ഭഗവാൻ, നമ്മൾ സ്മരിക്കുന്ന രൂപത്തിൽ നമ്മുടെ മനസ്സിൽ തെളിയുന്നു, ആ ശക്തി അനുഭവപ്പെടുന്നു. നിർഗുണബ്രഹ്മത്തെ ധ്യാനിച്ചാൽ നിർഗുണനായി, രൂപരഹിതനായി സച്ചിദാനന്ദമായി നമ്മുടെ ഉള്ളിൽ പ്രകാശിക്കുന്നു.
രാജാവിന്റെ കണ്ണുകളിൽ പ്രകാശം കണ്ട മഹർഷി രണ്ടാമത്തെ ചോദ്യം ചോദിക്കാൻ അനുമതി നൽകി.
ആപ്പാൾ എന്റെ ചെറിയ മനസ്സിൽ തോന്നിയത് ഞാൻ കൃഷ്ണനോട് പറഞ്ഞു:
വെറുതെയാണോ കൃഷ്ണ , കൃഷ്ണന് വെണ്ണ കൃഷ്ണൻ എന്ന പേരു വന്നത്? വെണ്ണ കക്കുകയും തിന്നുകയും ചെയ്യുന്നതു കൊണ്ട് മാത്രമല്ല, പാലിൽ വെണ്ണ എന്നപോലെ പ്രപഞ്ചത്തിൽ നിറഞ്ഞു നില്ക്കുന്നതു കൊണ്ടും കൂടിയാണ് അല്ലേ? പുഞ്ചിരിയല്ലാതെ വല്ല ഉത്തരവും തരുമോ?
കൃഷ്ണൻ അതാ വെണ്ണയും തിന്ന് പതിവുപോലെ നമ്മളെ നോക്കി ചിരിച്ചു നിൽക്കുന്നു. ആ ചിരിയിൽ അടങ്ങിയ എല്ലാ സന്ദേശങ്ങളും നമ്മുടെ മനോധർമ്മം പോലെ വ്യാഖ്യാനിക്കാൻ ആ പാൽപ്പുഞ്ചിരി തന്നെ നിർദ്ദേശിക്കുന്നു. നമുക്ക് മതിവരുവോളം നമസ്ക്കരിക്കാം.
അല്ലാതെ മറ്റെന്തു കരണീയം?
ഗ്രീകൃഷ്ണാർപ്പണ മസ്തു ..
savithri puram

No comments: