Wednesday, January 31, 2018

ബ്രഹ്മചൈതന്യൈകദേശസ്ഥമായി സ്ഥിതിചെയ്യുന്ന മൂലപ്രകൃതിയെന്ന മായാശക്തിയുടെ ചേഷ്ടനിമിത്തം ശബ്ദസ്പര്‍ശ രൂപരസഗന്ധങ്ങളെന്ന അഞ്ചുവിഷയങ്ങള്‍ അഞ്ചു ഭൂതങ്ങളായും ആ ഭൂതങ്ങള്‍ അനേകഭേദഭിന്നചരാചര (സ്ഥാവരജംഗമ) രൂപ പ്രപഞ്ചമായുംഭവിച്ചു. ഈ പ്രപഞ്ചകല്പനയ്ക്ക് കാരണം പഞ്ചഭൂത സമ്മിശ്രമായും പിണ്ഡാകാരമായുമിരിക്കുന്ന ശരീരം തന്നെയാണ് .
chattampi swamiji.
വിശ്വ വിസ്മയ പുസ്തകത്തിലെന്നക്ഷരമൊന്നു കുറിക്കുവാൻ
നിത്യവും കർമ്മ തൂലികയൊന്നു മുക്കി ഞാൻ സ്നേഹമഷി തന്നിൽ
സത്യസൗന്ദര്യ കാവ്യമാകണമെന്നുടെ പൊന്നക്ഷരം ....
വിശ്വ പ്രേമത്തിന്നാനന്ദമെന്നും മുറ്റി നില്ക്കണമതിങ്കലേ
ഏക ചൈതന്യ പാദത്തിലതുപദ്മമായി വിളങ്ങിടാൻ
എൻ നിതാന്ത ഹൃദ്സ്പന്ദനത്തിലായ്
മുങ്ങി നീരണമെന്നുമേ ....
പഞ്ചഭൂതങ്ങളൊന്നായ് മാറുന്ന
വിസ്മയാനന്ദ നിമിഷത്തിൽ
നിന്റെ കാരുണ്യ സ്പർശമാമെന്റെ
അക്ഷരമുയിരാർന്നിടാൻ
നീ ക്ഷണിക്കുമോ നിൻ അനന്തമാം
നീലിമയിൽ വസിക്കുവാൻ
നിൻ മഹത്വങ്ങളെല്ലാമെന്നുടെ
സത്ഗുണപാഠമായിടാൻ
ജീവിതോത്സവ വേദികൾ നാഥാ
സ്നേഹപൂർണ്ണമായ്ത്തീർന്നിടാൻ
നീയെഴുതിയ നിയതികളെല്ലാം
ചിത്രവർണ്ണങ്ങളാകണേ
കണ്ണിമയൊന്നു മൂടി ഞാനെന്നും
ഇന്ദ്രിയങ്ങളടക്കിയും
ജീവതാള നിബിഡമായ നിൻ
സുന്ദരകാവ്യം കാണുന്നു .....
നിർമ്മമ ഭാവ രൂപമെങ്കിലും
നിർഗ്ഗുണ തേജസ്സെങ്കിലും
ജൈവലോകത്തിൻ സ്പന്ദനം
തവ സ്നേഹധാരയിലാശ്രയം
ഈ പ്രപഞ്ചത്തിൻ ജീവകോശങ്ങളേകമാം സ്നേഹധാരയാ ലൂട്ടി പോറ്റുന്ന ആദി ചൈതന്യ രൂപാ നിന്നുടെ
സർഗ്ഗ സൗന്ദര്യ കാവ്യത്തിൽ
ഞാനുമെന്നുടെ ജീവിതാക്ഷരം
സാരമോടെ കുറിച്ചീടാൻ
താവക സ്നേഹസ്പന്ദനമെന്റെ
ജീവകോശങ്ങൾ നുകരട്ടേ.
bhadra
"ഇതി തേ ജ്ഞാനമാഖ്യാതം ഗുഹ്യാദ്ഗുഹ്യതരം മയാ
വിമൃശ്യൈതദശേഷേണ യഥേച്ഛസി തഥാ കുരു."
(ഭഗവത് ഗീത 18 / 63 )
ഇപ്രകാരം രഹസ്യങ്ങളില്‍വെച്ച് ഏറ്റവും രഹസ്യമായ ജ്ഞാനം ഞാന്‍ നിനക്കുപദേശിച്ചു കഴിഞ്ഞു. അതിനെക്കുറിച്ച് പൂര്‍ണ്ണമായി വിമർശനം ചെയ്ത് നീ ആഗ്രഹിക്കുന്നതുപോലെ ചെയ്യൂ. ഗീതയിൽ അവസാനം പറഞ്ഞിരിക്കുന്നത് എപ്രകാരമാണ്. ഈ സ്വാതന്ത്യം വേറെ എവിടെയാണ് അനുഭവിക്കാൻ കഴിയുക?
അഖണ്ഡ പരിപൂര്‍ണ്ണസച്ചിദാനന്ദമായി പ്രകാശിക്കുന്ന ബ്രഹ്മവസ്തുവില്‍, രജ്ജുവില്‍ സര്‍പ്പം, സ്ഥാണുവില്‍ പുരുഷന്‍, കാനലില്‍ ജലം, മുത്തുച്ചിപ്പിയില്‍ രജതം, ആകാശത്തില്‍ കൃഷ്ണവര്‍ണ്ണം മുതലായവ ആരോപിതങ്ങളായി തോന്നുന്നതുപോലെ മൂലപ്രകൃതി എന്നൊരു ശക്തി വിവര്‍ത്തമായി ചേഷ്ടിച്ചു. ആ മൂലപ്രകൃതിയില്‍നിന്ന്, ബ്രഹ്മസന്നിധാന വിശേഷത്താല്‍ സത്ത്വം രജസ്സ്, തമസ്സ് ഇങ്ങനെ മൂന്നു വികൃതഗുണങ്ങള്‍ ഉണ്ടായി.അവയില്‍ സത്ത്വം ഉത്തമവും, രജസ്സ് മദ്ധ്യമവും, തമസ്സ് അധമവുമാകുന്നു...chattampi swamiji
ഭഗവാൻ ഗീതയിൽ അർജ്ജുനനോട് എന്തുകൊണ്ട് യുദ്ധം ചെയ്യാൻ പറഞ്ഞു? അത് അക്രമത്തിനുള്ള പ്രേരണയല്ലേ? ഭഗവദ് ഗീതക്കെതിരെ സംസാരിക്കുന്ന ആളുകൾ പ്രധാനമായും ഉന്നയിക്കുന്ന ചോദ്യങ്ങളാണിത്.
ഭഗവാൻ ഗീതയിൽ അർജ്ജുനനോട് യുദ്ധം ചെയ്യാൻ പറഞ്ഞു. പക്ഷേ, ഒരു വ്യത്യാസമുണ്ട്; അത് യോഗമായി ചെയ്യാനാണ് പറഞ്ഞത്, സ്ഥിതപ്രജ്ഞനായിരുന്നുകൊണ്ട് ചെയ്യാനാണ് പറഞ്ഞത്, നിയതി എന്തോ അതിനെ സ്വീകരിക്കൂ എന്നാണു പറഞ്ഞത്.
ആത്മസാക്ഷാത്കാരമാണല്ലോ ഓരോ ജീവന്റെയും പരമമായ ലക്‌ഷ്യം. മനോവാസനകളാണ് ഒരുവന്റെ കർമ്മം നിശ്ചയിക്കുന്നത്. സകല വാസനകളും പോയി, മനസ്സ് നല്ല തെളിനീരുപോലെ ആയാൽ മാത്രമേ ശാന്തിസ്വരൂപമായ ആത്മതത്വം പ്രകാശിക്കുകയുള്ളൂ. കർമ്മവാസനകൾ നിഷ്കാമകർമ്മത്തിലൂടെ, യോഗമായി ചെയ്യുന്നതുകൊണ്ടു മാത്രമേ ഒഴിഞ്ഞുപോവുകയുള്ളൂ.
യുദ്ധം ചെയ്യുകയെന്നതാണ് ഒരു ക്ഷത്രിയനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രബലമായ വാസന. അർജ്ജുനൻ ഒരു ക്ഷത്രിയനായിരുന്നതുകൊണ്ടും, യുദ്ധവാസന പ്രബലമായിരുന്നതുകൊണ്ടും ഈ വാസനയെ തുടച്ചുനീക്കാൻ യുദ്ധം ഭഗവദ് സമർപ്പിതമായി (യോഗം) ചെയ്യാൻ ഭഗവാനാവശ്യപ്പെട്ടു.
അർജ്ജുനനെ നിമിത്തമാക്കിക്കൊണ്ട് സകല ലോകർക്കും വേണ്ടിയാണ് ഗീത ഉപദേശിക്കപ്പെട്ടത്. അർജ്ജുനന് യുദ്ധമാണെങ്കിൽ മറ്റു മനുഷ്യർക്ക് മറ്റുപല കർമ്മങ്ങളും. ജീവിതായോധനത്തിലേർപ്പെടുന്ന ഓരോ മനുഷ്യനും വ്യത്യസ്തയ വാസനകൾ രൂഢമൂലമായിക്കിടക്കുന്നു. വാസനകൾ നീങ്ങിക്കിട്ടാൻ അതാത് കർമ്മങ്ങൾ യോഗമായി ചെയ്ത് വാസനകളെ തുടച്ചുനീക്കണം...sudha bharat


കര്‍മ്മാനുഷ്ഠാനത്തില്‍ കുടുങ്ങിയവരെപ്പറ്റി പറയുന്നു
അവിദ്യായാമന്തരേ വര്‍ത്തമാനാഃ
സ്വയംധീരാഃ പണ്ഡിതം മന്യമാനാഃ
ജങ്ഘന്യമാനാഃ പരിയന്തി മൂഢാഃ
അന്ധേനൈവ നീയമാനാ യഥാന്ധാഃ

അറിവില്ലായ്മയുടെ നടുക്ക് നില്‍ക്കുന്നവരും തന്നെത്താന്‍ ധീരന്മാരെന്നും പണ്ഡിതന്മാരെന്നും കരുതുന്നവരായ മൂഢന്മാര്‍ അനര്‍ത്ഥങ്ങളാല്‍ വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെട്ടവരായി അന്ധനാല്‍ നയിക്കപ്പെടുന്ന അന്ധന്മാരെപ്പോലെ ചുറ്റിത്തിരിയുന്നു.
അജ്ഞാനത്തിന്റെ ഒത്ത നടുക്കാണെങ്കിലും  ഇവര്‍ക്ക് അഹങ്കാരത്തിന് ഒരു കുറവുമില്ല. സ്വയം ധീരനെന്നും പണ്ഡിതനെന്നും വിശേഷിപ്പിക്കും ഈ അവിവേകികള്‍. ഒട്ടും കണ്ണുകാണാത്ത മറ്റുള്ളവരും വഴികാണിച്ചുകൊടുക്കുംപോലെയിരിക്കും ഇത്. വേദവിഹിതമായ കര്‍മ്മാനുഷ്ഠാനത്തില്‍ മാത്രം മുഴുകുന്നവര്‍ അറിവില്ലായ്മയില്‍പ്പെട്ട് ഉഴലുന്നവരാണ്. വലിയ കേമന്മാരെന്ന് കരുതുന്ന ഇവര്‍ക്ക് സംസാരദുരിതങ്ങള്‍ വിട്ടൊഴിയുന്നില്ല. കര്‍മ്മങ്ങള്‍ ലക്ഷ്യമോ അവയ്ക്കുള്ള പ്രധാന മാര്‍ഗ്ഗമോ അല്ല. അവയില്‍ താല്‍പ്പര്യം കുറയണം, വിരക്തി വരണം. ജീവിതകാലം മുഴുവന്‍ കര്‍മ്മാനുഷ്ഠാനത്തില്‍ മുഴുകുന്നത് പാഴ്‌വേലയാണ്. വൈദികമായ കര്‍മ്മങ്ങളുടെ ആചരണം ആദ്യഘട്ടത്തില്‍ ഉപകാരപ്പെടും. പക്ഷേ അവയില്‍ കുടുങ്ങിപ്പോകാന്‍ പാടില്ല. ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ ഗുണന പട്ടിക പഠിക്കണം. എന്നാല്‍ കോളജിലോ മറ്റോ എത്തുമ്പോഴും ഇത് നിരന്തരം ഉരിവിടേണ്ടതില്ലല്ലോ. കര്‍മ്മാനുഷ്ഠാനങ്ങളില്‍ പെട്ട് പോയാല്‍ അത് കല്ലിലും മുള്ളിലും തട്ടിവീണുള്ള കുരുടന്മാരുടെ യാത്രപോലെയാകും. ജരാരോഗ മരണങ്ങളാകുന്ന അനര്‍ത്ഥ പരമ്പരയില്‍പ്പെട്ട് വലയും.
അവിദ്യായാം ബഹുധാ വര്‍ത്തമാനാഃ
വയം കൃതാര്‍ത്ഥാ ഇത്യഭിമന്യന്തിബാലാഃ
യത് കര്‍മ്മിണോ ന പ്രവേദയന്തിരാഗാത്
തേനാതുരാഃ ക്ഷീണലോകാശ്ച്യവന്തേ
അറിവില്ലായ്മയില്‍ പലതരത്തില്‍ പെട്ടുകിടക്കുന്ന അവിവേകികള്‍ ഞങ്ങള്‍ കൃതകൃത്യരാണെന്ന് അഭിമാനിക്കുന്നു. കര്‍മ്മാസക്തരായവര്‍ കര്‍മ്മഫലത്തിലെ ആഗ്രഹംമൂലം തത്വത്തെ അറിയുന്നില്ല. അതിനാല്‍ കര്‍മ്മഫലം ക്ഷയിക്കുമ്പോള്‍ ദുഃഖിതരായി സ്വര്‍ഗ്ഗം മുതലായ ലോകങ്ങളില്‍നിന്ന് പുറത്താകുന്നു.
അജ്ഞാനംമൂലം കര്‍മ്മങ്ങളിലും കര്‍മ്മഫലങ്ങളിലും ആസക്തരാകുന്ന മൂഢന്മാര്‍ കൃതാര്‍ത്ഥരാണെന്ന് സ്വയം കരുതുന്നു. സ്വര്‍ഗ്ഗാദിലോകങ്ങള്‍ നേടാനുള്ള ആഗ്രഹത്താല്‍ തത്ത്വം അറിയാന്‍ പ്രയത്‌നിക്കുകയോ അറിയുകയോ ചെയ്യുന്നില്ല. സ്വര്‍ഗ്ഗനേട്ടം അഭിമാനമായിക്കരുതുന്നവരും കൃതാര്‍ത്ഥരായി കണക്കാക്കുന്നവരുമാണിവര്‍. ശ്രേഷ്ഠമായ ജ്ഞാനത്തിനുള്ള പരിശ്രമം നടത്തുന്നില്ല. സ്വര്‍ഗ്ഗാദിസുഖങ്ങള്‍ കര്‍മ്മഫലം തീരുമ്പോള്‍ ക്ഷയിക്കും. പിന്നെ വീണ്ടും ഭൂമിയിലേക്ക് വരണം. ജനനമരണ ചക്രത്തില്‍നിന്ന് മോചനമില്ല. സുകൃതക്ഷയം പുണ്യലോകങ്ങളില്‍ നിന്ന് താഴേക്ക് പതിപ്പിക്കും. വീണ്ടും പുണ്യം നേടി കയറിച്ചെന്നാലും പിന്നേയും താഴേക്ക് തന്നെ.
കര്‍മ്മത്തില്‍ കുടുങ്ങിയ കര്‍മ്മഠന്മാരെ ബാലന്മാര്‍  എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കുട്ടികളെപ്പോലെ ജീവിതത്തിന്റെ ഗൗരവം മനസ്സിലാക്കാതെ രാഗങ്ങളില്‍പ്പെട്ട് കര്‍മ്മങ്ങളെ ചെയ്തുകൊണ്ടേയിരിക്കും ഇവര്‍. രാഗങ്ങള്‍ അഥവാ ആഗ്രഹങ്ങള്‍ തീര്‍ത്താല്‍ തീരാത്തതായതുകൊണ്ട് ഇക്കൂട്ടരുടെ കര്‍മ്മങ്ങളിലുള്ള പെടാപ്പാടും അവസാനിക്കുന്നില്ല. അത് അറ്റമില്ലാതെ നീളും. തങ്ങള്‍ കരുതുന്നതിനേക്കാള്‍ ശ്രേഷ്ഠമായതുണ്ടെന്ന് പോലും അംഗീകരിക്കാന്‍ തയ്യാറാവുകയുമില്ല. പിന്നെയെങ്ങനെ തത്ത്വത്തെ അറിയും? അടുത്ത മന്ത്രത്തിലും ഈ ആശയത്തെ ഒന്നുകൂടി വിവരിക്കുന്നു.
ഇഷ്ടാപൂര്‍ത്തം മന്യമാനാവരിഷ്ഠം
നാന്യ ച്ഛ്രേയോ വേദയന്തേ പ്രമൂഢാഃ
നാകസ്യ പൃഷ്‌ഠേ തേ സുകൃതിളനുഭൂത്വാ-
ഇമം ലോകം ഹീനതരം മാ വിശന്തി
ശ്രുതിസ്മൃതികള്‍ വിധിക്കുന്നതായ ഇഷ്ടാപൂര്‍ണകര്‍മ്മങ്ങള്‍ മാത്രം കേമമായിക്കരുതുന്ന വലിയ മൂഢന്മാര്‍ ആത്മജ്ഞാന രൂപമായ ശ്രേയസ്സിനെ അറിയുന്നില്ല. അവര്‍ സ്വര്‍ഗത്തിലെ പുണ്യമനുഭവിച്ചതിനുശേഷം മനുഷ്യലോകത്തിലോ താഴ്ന്ന നിലവാരമുള്ള മറ്റു ലോകങ്ങളിലോ ചെന്നുചേരുന്നു.
ഇഷ്ടാപൂര്‍ണങ്ങളാണ് പുരുഷാര്‍ത്ഥം നേടാനുള്ള വഴിയെന്നു കരുതി അതില്‍ മുഴുകുന്നവര്‍ക്കുള്ള താക്കീതാണ് ഇത്. വേദത്തില്‍ പറയുന്ന യാഗം മുതലായവ 'ഇഷ്ടം' സ്മൃതി ഗ്രന്ഥങ്ങളില്‍ പറയുന്ന കിണര്‍, കുളം നിര്‍മാണം മുതലായവ പൂര്‍ണം. ഇവ ചെയ്താല്‍ ഏറ്റവും ശ്രേഷ്ഠമായതിനെ നേടാമെന്ന് കരുതിയെങ്കില്‍ തെറ്റി. ഭാര്യ മക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവയിലൊക്കെ അമിതമായി കൂടിച്ചേര്‍ന്നവര്‍ക്ക് സുഖഭോഗങ്ങളില്‍ മതിമറക്കുന്നതിനാല്‍ ശരിയായ ശ്രേയസ്സായ ആത്മജ്ഞാനത്തിനെക്കുറിച്ച് അറിയാനോ പ്രയത്‌നിക്കാനോ ആകില്ല. ആത്മജ്ഞാനം  നേടുന്നകാര്യം പിന്നെ പറയുകയേ വേണ്ട. കര്‍മ്മഫലത്തിന്റെ ഊക്കനുസരിച്ച് സ്വര്‍ഗത്തിലെത്താം, പുണ്യം തീര്‍ന്നാല്‍ തിരിച്ചുവരണം. മനുഷ്യലോകം കിട്ടുമെന്നൊന്നും ഉറപ്പില്ല. നമ്മുടെ കയ്യിലിരുപ്പ് പോലെ ആകും പിന്നെത്തെ ജനനം. ചിലപ്പോള്‍ മൃഗങ്ങളായോ പക്ഷികളായോ, കൃഷികീടങ്ങളായോ മരങ്ങളായോ ഒക്കെ താഴ്ന്ന യോനികളിലായിരിക്കാം പിറന്നുവീഴുക. അതിനാല്‍ ഇപ്പോഴത്തെ നമ്മുടെ ജീവിതത്തെ കരുതലോടെ മുന്നോട്ട് കൊണ്ടുപോകുക. ആത്മജ്ഞാനം നേടലാകട്ടെ നമ്മുടെ ലക്ഷ്യം.
ഒമ്പതാമധ്യായത്തില്‍
സതതം കീര്‍ത്തയന്തോ മാം
യതന്തശ്ചദൃഢവ്രതാഃ
നമസ്യന്തശ്ചമാം ഭക്ത്യാ
നിത്യയുക്താ ഉപാസതേ (9-14)
(=ബ്രഹ്മാവും പരമാത്മാവും ഭഗവാനുമായ എന്നെ അത്യധിക സ്‌നേഹത്തോടെ എന്റെ രൂപവും ഗുണഗണങ്ങളും ലീലകളും ഉള്‍ക്കൊള്ളുന്ന നാമങ്ങളെ കീര്‍ത്തിച്ചുകൊണ്ട്, എന്നെ വന്ദിക്കുകയും സ്തുതിക്കുകയും ചെയ്തുകൊണ്ടും എന്റെ ക്ഷേത്രം, പൂങ്കാവനം, നിവേദ്യ വസ്തുക്കള്‍ ഇവ നിര്‍മിച്ചുകൊണ്ടും (യതന്തശ്ച) എന്റെ ജന്മദിനം, ഏകാദശി എന്നീ വ്രതങ്ങള്‍ അനുഷ്ഠിച്ചും തന്റെ ലീലകള്‍ മൂലം പരമപവിത്രമായ പുണ്യസ്ഥലങ്ങളിലേക്ക് യാത്രകള്‍ ചെയ്തും, ഞാനുമായുള്ള ബന്ധം ക്ഷണനേരംപോലും വിട്ടുകളയാതെ, എന്നെ ഉപാസിച്ചുകൊണ്ടിരിക്കുന്നു.
പത്താമധ്യായത്തില്‍
മച്ചിത്താ മദ്ഗത പ്രാണാഃ
ബോധയന്തഃ പരസ്പരം
കഥയന്തശ്ച മാം നിത്യം
തുഷ്യന്തി ചരമന്തിച. (10-9)
(=എന്റെ ഭക്തന്മാരുടെ മനസ്സ് എപ്പോഴും എന്നില്‍തന്നെ ഉറപ്പിച്ചു നിര്‍ത്തും. എന്നെ ഓര്‍ക്കാതെ ഒരു നിമിഷംപോലും അവര്‍ക്ക് ജീവിക്കാന്‍ കഴിയുകയില്ല. (മദ്ഗത ജീവനാഃ ഇതിയാവത്-ശ്രീശങ്കരന്‍) അവര്‍ എപ്പോഴും എന്റെ മറ്റു ഭക്തന്മാരുമായി എന്റെ ഗുണങ്ങളും രൂപങ്ങളും ലീലകളും ചര്‍ച്ച ചെയ്യും. ഭക്തി കുറഞ്ഞവരെ വിളിച്ചുവരുത്തി എന്റെ അവതാരങ്ങളും ലീലകളും രൂപഭേദങ്ങളും സംഭാഷണ വിഷയമാക്കും. അപ്പോള്‍ വക്താവായ ഭക്തന്‍ സന്തോഷിക്കും. ശ്രോതാക്കളായ ഭക്തന്മാര്‍ അഭൗതികമായ ആനന്ദം അനുഭവിക്കുകയും ചെയ്യും.)
മേല്‍പ്പറഞ്ഞ പ്രകാരം ബ്രഹ്മധ്യാനത്തെയും പരമാത്മോപാസനയെയും ഭക്തിയേയും മാറി മാറി നിര്‍ദ്ദേശിക്കുന്നതായി അര്‍ജ്ജുനന് തോന്നി. പതിനൊന്നാമധ്യായത്തില്‍ ഭഗവാന്‍ തന്റെ ഐശ്വര്യം കാട്ടിക്കൊടുക്കുകയും ചെയ്തത്, ഭഗവാന്റെ ഉപാസനയ്ക്കുവേണ്ടി തന്നെയാണ്. ''മത് കര്‍മ്മകൃത്'' എന്നുതുടങ്ങുന്ന ശ്ലോകത്തില്‍ ഭക്തിയുടെ അഞ്ചുഘടകങ്ങള്‍ വിവരിക്കുകയും ചെയ്തത്. അതിന് മുന്‍പത്തെ ശ്ലോകത്തില്‍ (54) അനന്യഭക്തികൊണ്ടുമാത്രമേ എന്നെ അറിയാനും (ജ്ഞാതും) എന്നെ കാണാനും (ദ്രഷ്ടും) എന്റെ ലോകത്തില്‍ എത്തിച്ചേരാനും കഴിയൂ. (പ്രമേഷ്ടും)എന്നും തീര്‍ത്തുപറഞ്ഞു. അപ്പോള്‍ അര്‍ജ്ജുനന് സംശയമുണ്ടായി...kanapram
അമ്മ ജന്മം നല്‍കിയാല്‍ പിന്നെ ശരീരവളര്‍ച്ചക്കായി മനുഷ്യന്‍ ആദ്യം ആശ്രയിക്കുന്നത് അമ്മയുടെ പാല്‍, പിന്നെ ആശ്രയിക്കുന്നതാകട്ടെ പശുവിന്റെ പാലും. ജനനാല്‍പരം കുറച്ചുകാലത്തേക്ക് ലഭിക്കുന്നത് ഗോമാതാവിന്റെ പാലാണ്. അതിനാല്‍ ഗോമാതാവ് അമ്മയ്ക്കു തുല്യം പൂജനീയയാണ്. (നമ്മുടെ ശരീരത്തിന്റെ അസ്തിത്വത്തിനാധാരമായ ഒരു ഘടകം തരുന്ന രീതിയില്‍ ഗണിച്ചാലും)ആടും എരുമയും പാലുതരുന്നുണ്ട്. അത് നമ്മില്‍ പലരും ഉപയോഗിക്കുന്നുമുണ്ട്. ഭാരതീയ ഗ്രന്ഥങ്ങളില്‍ ആട്ടിന്‍പാലും എരുമപ്പാലും ചില രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് പറയുന്നു.  എന്നാല്‍ ആഹാരമായി ഭാരതീയര്‍ സ്ഥിരം ഉപയോഗിച്ചിരുന്നത് പശുവിന്‍പാല്‍ മാത്രമായിരുന്നു. അതിനാലത്രെ പശുവിന് മാത്രം മാതൃസ്ഥാനം ലഭിച്ചത്. ആധുനിക ശാസ്ത്രം, അമ്മയുടെ പാലിനോട് ഏറ്റവും അടുത്തസ്ഥാനം നല്‍കിയിരിക്കുന്നതും പശുവിന്‍ പാലിനാണ്.
അതിഥിപൂജ: മാതൃ-പിതൃ-ആചാര്യ ദേവോ ഭവ എന്ന് ഉപദേശിച്ചതിനുശേഷം അതിഥി ദേവോ ഭവ എന്നു പറയുമ്പോള്‍ ദിവസം (തിഥി) നോക്കാതെ ഗൃഹത്തിലേക്കാഗതനാവുന്ന വ്യക്തിയും ഈശ്വരനും തുല്യനാകുന്നു എന്നര്‍ത്ഥം വരുന്നു. അതിനാല്‍ പൂജനീയനാണ്. മാനവമൈത്രിയുടെ മഹത് സന്ദേശം സഹസ്രാബ്ദങ്ങളായി ഭാരതം നടപ്പിലാക്കിയത് ഈ സന്ദേശത്തിന്റെ ആചാരമായാണ്.
സര്‍പ്പപൂജ: സര്‍പ്പപൂജ പ്രധാനമായും നടത്തുന്നത് എല്ലാമാസത്തിലേയും ആയില്യ ദിവസവും. വര്‍ഷത്തില്‍ ഒരിക്കല്‍ പത്താമുദയ ദിവസത്തിലുമാണ്. ശാസ്ത്രീയമായ ഒരു വിശകലനം ആയില്യത്തിന് സാധ്യമാണോ എന്നറിയില്ല. എന്നാല്‍ സൂര്യന്‍ മേടസംക്രാന്തി കഴിഞ്ഞ് (അതായത് ഭൂഭ്രമണ നിയമപ്രകാരം ഭൂമി ഭ്രമണചക്രത്തിന്റെ ആരംഭ ബിന്ദു കഴിഞ്ഞ് പത്ത് ഡിഗ്രിയില്‍ നില്‍ക്കുന്ന ദിവസമാണ് പത്താമുദയം. ജ്യോതിഷാചാരപ്രകാരം സൂര്യന്റെ ഏറ്റവും ഉച്ചസ്ഥിതി ഇതാണ്. അത്യത്ഭുതകരമായ വസ്തുത സൂര്യന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്നതും. (ജനുവരി 3) ഏറ്റവും അകലുന്നതും (ജൂലൈ 3) അല്ലാത്ത മറ്റൊരു ബിന്ദുവാണിത്. ഈ ദിനത്തിലാണ് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ സൂര്യന്റെ ചൂടനുഭവപ്പെടുന്നത്. ഒരുപക്ഷേ താപം സഹിക്കാതെ പുറത്തേക്ക് വരുന്ന ഈ പാമ്പുകളെ ഉദ്ദേശിച്ചായിരിക്കും സര്‍പ്പപൂജ. അറിയപ്പെടുന്ന വിഷഹാരിയായ മഞ്ഞള്‍പ്പൊടിയാണ് ഈ പൂജക്കുപയോഗിക്കുന്നത്. പണ്ട് ഓരോ വീട്ടിലും ഓരോ സര്‍പ്പക്കാവുണ്ടായിരുന്നു. ആധുനിക ശാസ്ത്രപ്രകാരം അതൊരു പരിസ്ഥിതി സംരക്ഷിത ശക്തിയായി വര്‍ത്തിച്ചിരുന്നു എന്ന് ലോകപരിസ്ഥിതി സംഘടനയും അംഗീകരിക്കുന്നു. വിവിധ വന്‍ വൃക്ഷങ്ങള്‍, സൂക്ഷ്മാണുക്കള്‍, ചെറുജീവികള്‍, സസ്യലതാദികള്‍, കുളം, സര്‍പ്പവിഗ്രഹം ഇവ ചേര്‍ന്നതാണ് സര്‍പ്പക്കാവ്. കേരളത്തിലെ സര്‍പ്പക്കാവുകള്‍ ഒരു ബയോറിസര്‍വ് ആയിട്ടാണ് ആധുനിക ശാസ്ത്രം കാണുന്നത്. ഇത് സംരക്ഷിക്കുവാനുള്ള ഏറെ സംരംഭങ്ങള്‍ അന്താരാഷ്ട്രാതലത്തില്‍ തന്നെ നടന്നുവരുന്നു. പല രോഗങ്ങള്‍ക്കും ശാന്തി ലഭിക്കുവാന്‍ സര്‍പ്പക്കാവുകളില്‍ ദിവസവും കുറേനേരം ചിലവഴിച്ചാല്‍ മതിയാകും, എന്നും ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ഉപദേശിക്കാറുണ്ട്.
തുളസീപൂജ: തുലാമാസത്തില്‍ 9 ദിവസം നീണ്ടുനില്‍ക്കുന്ന തുളസി പൂജ പണ്ട് കേരളത്തില്‍ പതിവുണ്ടായിരുന്നു. ഒമ്പതാംദിനത്തില്‍ തുളസിത്തറയില്‍ ഒരു നെല്ലിമരക്കൊമ്പും ചേര്‍ത്താണ് പൂജ. അന്നത്തെ സന്ധ്യാപൂജ കഴിഞ്ഞാല്‍ തുളസിക്കു ചുറ്റും നെല്ലിക്കയില്‍ തന്നെ തിരിവച്ച് വിളക്കു കത്തിച്ച് കുളം, കിണര്‍, തൊഴുത്ത്, സര്‍പ്പക്കാവ് എന്നിവിടങ്ങളില്‍ വയ്ക്കാറുണ്ട്. ഗൃഹത്തിനു ചുറ്റുപാടുമായി നമുക്കുണ്ടാകേണ്ട ശാരീരബന്ധമുദ്ദേശിച്ചായിരിക്കാം ഈ കര്‍മ്മങ്ങള്‍.
വിളക്കുവെച്ചുള്ള പൂജ: വിളക്കുവെച്ച് ഏതു ദേവനേയും അതിലാവാഹിച്ച് പൂജ നടത്താവുന്നതാണ്. വിളക്കില്‍ ഇടേണ്ട തിരിയുടെ എണ്ണത്തെക്കുറിച്ച് വ്യക്തമായ വിവരണമുണ്ട്.
ഏകവര്‍ത്തിര്‍ മഹാവ്യാധിഃ ദ്വിവര്‍ത്തിസ്തു മഹാധനം
ത്രിവര്‍ത്തിര്‍ മോഹാലസ്യം ചതുര്‍വര്‍ത്തിര്‍ ദരിദ്രതാ
പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാത് ദ്വിവര്‍ത്തിസ്തുസുശോഭനം
ഒറ്റതിരി വ്യാധിക്കു കാരണമാകുന്നു, രണ്ടുതിരിയാകട്ടെ ധനലാഭത്തിനും മൂന്നുതിരി അത്യാഗ്രഹത്തിനും ആലസ്യത്തിനും നാലുതിരി ദാരിദ്ര്യത്തിനും അഞ്ചുതിരി ശുഭലാഭത്തിനും കാരണമാകുന്നു. രണ്ടു തട്ടുള്ള വിളക്ക് ശോഭനവുമാണ്.
പൂര്‍ണകുംഭപൂജ: അതിഥികളെയും ശ്രേഷ്ഠന്മാരെയും സ്വീകരിക്കുമ്പോഴാണ് പൂര്‍ണകുംഭ സ്വീകരണം നല്‍കുന്നത് 'നിറഞ്ഞ' സംതൃപ്തി, സന്തോഷം, ചൈതന്യം, ദ്രവ്യം എന്നിവയെ സൂചിപ്പിക്കുന്നതാണ് 'പൂര്‍ണ' കുംഭം. കുംഭത്തില്‍ (കുടത്തില്‍) സാധാരണയായി ജലമെടുക്കുന്നു. വലിയ കുടമാണെങ്കില്‍ അതിനകത്ത് ഒന്നും എടുക്കരുത് അതായത് നിറച്ചും വായു ഉണ്ടായിരിക്കണം എന്നര്‍ത്ഥം. പ്രപഞ്ച ചൈതന്യത്തിന്റെ മംഗളകരമായ ആസ്തിത്വത്തെ സ്തുതിക്കുന്ന ഋഗ്വേദശ്ലോകങ്ങളാണ് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുമ്പോള്‍ ചൊല്ലാറുള്ളത്.
ദാനദക്ഷിണാചാരങ്ങള്‍: ദാനം ചെയ്യുക അഥവാ ഉള്ളവന്‍ അര്‍ഹിക്കുന്നവന് കൊടുക്കുക എന്നത് ഭാരതീയ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. പശുദ്ദാനം, ഭൂമിദാനം, വസ്ത്രദാനം, അന്നദാനം, കന്യാദാനം എന്നിങ്ങനെ ദാനങ്ങള്‍ നമ്മുടെ നിത്യ സംഭാഷണത്തില്‍പോലും കടന്നിട്ടുണ്ട്. നേത്രദാനവും രക്തദാനവും അതിന്റെ തന്നെ ഭാഗമാണ്.
പുരാതനകാലത്ത് ഭാരതമെമ്പാടും, മധ്യഭാരതത്തില്‍ ഇന്നും കുളം, കിണര്‍ ഇവ ദാനം ചെയ്യുന്നത് അതിമഹത്തായ ആചാരമായി കണക്കാക്കുന്നു. മാനവരാശിയുടെയും പക്ഷിമൃഗാദികളുടെയും നന്മയ്ക്ക് ഇത് ഉതകുന്നു. വിനോഭാബാവേ ഭൂമിദാനം (പാവപ്പെട്ടന്‍) നടത്തിയിരുന്നത് പൂര്‍വ്വാചാര്യന്മാരുടെ കാലടികള്‍ പിന്തുടര്‍ന്നായിരുന്നു.
ഉള്ളവര്‍ ഇല്ലാത്തവനു കൊടുക്കുവാനും സമൂഹത്തില്‍ ദാരിദ്ര്യത്തിന്റെ വേദന കുറയ്ക്കുവാനും വേണ്ടിയുള്ള മഹത്വമേറിയ ആചാരമാണിത്. അന്നദാനം വിശപ്പകറ്റാനും വസ്ത്രദാനം ഉടുതുണിക്കും ഭൂമിദാനം കൃഷിക്കും പാര്‍പ്പിടത്തിനും ക്ഷേത്രദാനം സാമൂഹ്യനന്മയുടെ ആത്മീയ പ്രസരണത്തിനും ദ്രവ്യദാനം ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കുവാനും ഉതകുന്നു.
ഗൃഹസ്ഥനും രാജാവും ധനവാന്മാരും ഈ ദാനകര്‍മ്മങ്ങളാചരിക്കാറുണ്ട്.
വൈവിദ്ധ്യങ്ങളും അന്തര്‍ഗതമായ ഏകാത്മതയും :
വളരെയേറെ സമുദായങ്ങള്‍ ഭാഷാപരമായി സാധര്‍മ്മ്യം ഉള്ളവയാണ്. എങ്കിലും രണ്ടു ഭാഷകള്‍ പഠിക്കുന്നവരുടെ ശതമാനം സമുദായങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 64.2% വരെ കൂടുതലാണ്. ലിപിയുടെ എണ്ണത്തിന്റെ കാര്യത്തില്‍ പോലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. ഷെഡ്യൂള്‍ഡ് ഭാഷകള്‍ ഉപയോഗിക്കുന്ന ലിപികളുടെ എണ്ണം പതിനൊന്നാണ്. പക്ഷേ പല സമൂഹങ്ങളും വ്യക്തമായ സ്വത്വത്തിനു വേണ്ടി അവരുടെ നഷ്ടപ്പെട്ട ലിപികള്‍ വീണ്ടും കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് രഘുനാഥ് മര്‍മു എന്ന സാന്താള്‍ സമൂഹത്തിലെ മഹാത്മാവ്  ഓല്‍ ചികി എന്ന സാന്താള്‍ ലിപി കണ്ടെത്തി. വെസ്റ്റ്ബംഗാള്‍ ഗവണ്‍മെന്റ് അതിനെ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. 
 പക്ഷേ ആകൃതിപര (മോര്‍ഫോളജിക്കല്‍) വും ജനിതക(ജെനറ്റിക്‌സ്) പരവും ആയ ലക്ഷണങ്ങള്‍ ഏതെങ്കിലും ചില സമൂഹങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായി കാണുന്നില്ല. ഇതു സംബന്ധിച്ചു ശേഖരിച്ച വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ജനിതക-ആകൃതിപരലക്ഷണങ്ങളുടെ മാറ്റങ്ങള്‍ സമൂഹങ്ങള്‍ തമ്മിലുള്ളതിനേക്കാള്‍ സമൂഹങ്ങള്‍ക്കുള്ളില്‍ത്തന്നെയാണെന്നാണ്. സാമൂഹ്യഘടനയുടെ തലത്തിലാകട്ടെ കുല (ക്‌ളാന്‍) ത്തിന്റെ ഘടന തൊട്ട് വിവാഹരീതികള്‍, വിവാഹ പ്രതീകങ്ങള്‍ തുടങ്ങിയവയിലെല്ലാം തന്നെ വലിയ വ്യത്യാസങ്ങള്‍ കാണുന്നു. ഈ വ്യത്യസ്തതകള്‍ പലതും ആകട്ടെ ഒരേ സമുദായത്തിലെ തന്നെ വിവിധ വിഭാഗങ്ങളുടെ പദവി, ശക്തി, പ്രാമുഖ്യം എന്നിവയുമായി ബന്ധപ്പെട്ടതാണ്.
അടിസ്ഥാന സാമൂഹ്യശ്രേണിയിലെ  സ്ഥാനം നിശ്ചയിക്കുന്ന കാര്യത്തില്‍ പരിശുദ്ധി, അശുദ്ധി (അയിത്തം, തീണ്ടല്‍) എന്നീ ആശയങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അവയാകട്ടെ തൊട്ടുകൂടാത്തവര്‍ എന്ന അഞ്ചാം വിഭാഗസഹിതമായ ചാതുര്‍വര്‍ണ്ണ്യ പദ്ധതിയ്ക്കധീനവുമാണ്. എങ്കിലും ഈ ചാതുര്‍വര്‍ണ്ണ്യം സര്‍വവ്യാപകമല്ല. 68.5 ശതമാനത്തിനു മാത്രമേ അതിനേക്കുറിച്ചു ധാരണയുള്ളൂ. വനവാസി വിഭാഗം, അല്ലെങ്കില്‍ അതിലെ മിക്ക വിഭാഗങ്ങളും, ഈ വ്യവസ്ഥിതിയ്ക്കു വെളിയിലാണു താനും. 104 സമുദായങ്ങളില്‍ ദ്വിവര്‍ണ്ണ വിഭാഗങ്ങളുണ്ട്. ഉദാഹരണത്തിന് 54 സമുദായങ്ങള്‍ തങ്ങള്‍ ഒരേ സമയം ബ്രാഹ്മണരും ക്ഷത്രിയരുമാണെന്ന് സ്വയം കരുതുന്നു. ഏറെ കൗതുകകരമായ കാര്യം 584 മുസ്‌ളീം സമുദായങ്ങളിലെ 53 എണ്ണം വര്‍ണ്ണപദ്ധതിയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ച് ഇപ്പോഴും ധാരണയുള്ളവരാണെന്നതാണ്. അതില്‍ത്തന്നെ 12 സമുദായക്കാര്‍ തങ്ങള്‍ ബ്രാഹ്മണര്‍ ആണെന്നു സ്വയം കരുതുന്നുമുണ്ട്. ക്രിസ്ത്യന്‍ സമുദായങ്ങളുടെ ഇടയിലും സ്ഥിതി ഇങ്ങിനെ തന്നെ. 339 ക്രിസ്ത്യന്‍ സമുദായങ്ങളില്‍ 76 എണ്ണം തങ്ങള്‍ വര്‍ണ്ണവ്യവസ്ഥയില്‍ പെടുന്നവരാണെന്നു സ്വയം കരുതുന്നു.
ഒരു സമുദായത്തിലെ തന്നെ ശ്രേണീവിഭജനങ്ങള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്. എങ്കിലും  ഇപ്പോള്‍ കൗതുകമുണര്‍ത്തുന്നത് ഈ തരംതിരിവുകള്‍ ക്രമേണ മാഞ്ഞുപോകുന്നു എന്നതും രാജനൈതികകൂട്ടായ്മകളുണ്ടാകുന്നതു വഴി അതാതുസമൂഹത്തിന്റെ പൊതുസ്വത്വത്തില്‍ ഊന്നല്‍ വരുന്നു എന്നതുമാണ്. 
  മതസമ്പ്രദായപരമായ ബന്ധപ്പെടലുകളും (അഫീലിയേഷന്‍) സ്ഥിരം (സ്റ്റാറ്റിക്) അല്ല. അദ്വൈതം തൊട്ടു മന്ത്രവാദം വരെയുള്ള പല തലങ്ങളും രൂപങ്ങളും ഹിന്ദുയിസത്തിനുണ്ട്.
സര്‍വേയില്‍ 70 തരം പരമ്പരാഗത ഗ്രാമീണതൊഴിലുകള്‍ കണ്ടെത്തുകയുണ്ടായി. കരകൗശലത്തൊഴിലുകളിലേര്‍പ്പെട്ട സമുദായങ്ങള്‍ രാജ്യമാസകലം പരന്നുകിടക്കുന്നു. തോല്‍പ്പണിക്കാര്‍ (ചമര്‍), ഭിക്ഷാടനം നടത്തുന്ന താപസര്‍ (ജോഗികള്‍), കുടമുണ്ടാക്കുന്നവര്‍ (കുംഭകാര്‍), എണ്ണച്ചക്കാട്ടുന്നവര്‍ (കാലുക്കള്‍), ക്ഷുരകര്‍ (നൈ) എന്നിവര്‍ വ്യാപകമായി കാണപ്പെടുന്ന തൊഴില്‍സമുദായങ്ങളില്‍ ചിലതാണ്. ശ്രദ്ധേയമായ മറ്റൊരു കാര്യം ഈ തൊഴിലാളുന്ന സമുദായങ്ങളൊന്നും തന്നെ സ്ഥിരം (സ്റ്റാറ്റിക്) ആയിരുന്നില്ല എന്നതാണ്.
 വംശ സിദ്ധാന്തത്തിലൂന്നിയ 
വിഭജന ചട്ടക്കൂടുകള്‍: ഇന്ത്യന്‍ ജനതയെ പഠിക്കാന്‍ പരക്കെ അറിയപ്പെടുന്നതും കൂടുതല്‍ ആഴത്തിലുള്ളതുമായ ഒരു സമീപനം, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യക്തതയാര്‍ന്ന, വംശീയ വിഭജനപദ്ധതിയാണ്. എച്ച്. എച്ച്. റിസ്‌ളേയുമായാണ് മുഖ്യമായും ഇതു ബന്ധപ്പെട്ടിരിക്കുന്നത്. ഈ പാശ്ചാത്യപണ്ഡിതന്‍ നടത്തിയ തരംതിരിക്കല്‍ (ഹിന്ദുക്കള്‍ ടര്‍ക്കോ- ഇറാനിയന്‍, ഇന്‍ഡോ-ആര്യന്‍, സ്‌കിഥോ- ദ്രവീഡിയന്‍, ആര്യോ- ദ്രവീഡിയന്‍, മങ്‌ഗോളോ- ദ്രവീഡിയന്‍, മംഗളോയിഡ്, ദ്രവീഡിയന്‍ എന്ന ഏഴുതരം വ്യത്യസ്തവംശങ്ങളില്‍പെട്ടവരാണ്) ഈ ലേഖനത്തിന്റെ അഞ്ചാം ഭാഗത്തില്‍ സൂചിപ്പിച്ചതാണ്.
 എന്താണ് വംശസിദ്ധാന്തം? - ഈ സിദ്ധാന്തം മനുഷ്യന്റെ എല്ലിന്‍കൂട്, ബാഹ്യപ്രകൃതി എന്നീ ശാരീരിക പ്രത്യേകതകളെക്കുറിച്ചുള്ള പഠനത്തിലൂന്നിയ ഒരു ആശയമാണ്. തലയോട്ടിയുടെ ഉള്‍ഭാഗത്തിന്റെ ആകൃതിയും, വലുപ്പവും, മുഖം, മൂക്ക്, താടിയെല്ലുകള്‍, പല്ലുകള്‍, കണ്‍പുരികങ്ങളുടെ പരിണാമം, കവിളെല്ലുകളുടെ മുമ്പോട്ടുള്ള തള്ളല്‍, താടിയെല്ലുകളുടെ തള്ളല്‍, ആകെയുള്ള ആകാരസ്ഥിതി (സ്റ്റേച്ചര്‍), ദേഹഘടന, അവയവങ്ങള്‍ തമ്മിലുള്ള അനുപാതവും അവയുടെ ഖണ്ഡങ്ങളും ചേര്‍ന്നതാണ് എല്ലിന്‍കൂടിന്റെ പ്രത്യേകതകള്‍. തൊലിയുടെ നിറം, രോമത്തിന്റെ രൂപവും നിറവും, കണ്ണിന്റെ നിറവും മടക്കുകളും, ചുണ്ടുകളുടെ രുപവും വളവുതിരിവുകളും, അരക്കെട്ടിലും തുടയിലും അസാധാരണമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് (സ്റ്റ്യാറ്റോപീജിയ) എന്നിവ ബാഹ്യപ്രകൃതിയില്‍ പെടുന്നു. മേല്‍പറഞ്ഞ എല്ലാ ഘടകങ്ങളുടെയും പഠനം ഒരുമിച്ച് ഒരേ സമയത്തു തുടങ്ങി എന്നു കരുതേണ്ട. എങ്കിലും തലയോട്ടി (ക്രേനിയല്‍/ സെഫാലിക്) സംബന്ധമായ സൂചകങ്ങള്‍ (ഇന്‍ഡക്‌സ്) ആദ്യം മുതലേ വംശീയ വിഭജന പദ്ധതികളുടെ പ്രധാനഘടകമായിരുന്നു. ഈ സൂചകം തലയോട്ടിയുടെ വീതിയും നീളവും തമ്മിലുള്ള അനുപാതമാണ് - വിശാലശിരസ്സ് (ബ്രാച്ചി- 80% +), മധ്യമവലിപ്പം (മെസോ- 75-80 %), ദീര്‍ഘശിരസ്സ് (ഡോലിക്കോ- 75% ല്‍ താഴെ). ഇതുപോലെ മൂക്കിന്റെ വീതിയും ഉയരവും തമ്മിലുള്ള അനുപാതം കൊണ്ട് മനുഷ്യരെ പ്‌ളാറ്റിറൈന്‍ (വീതികൂടിയത്- 85%, അതിലും കൂടുതലോ), മെസോറൈന്‍ (75-80 %, മധ്യവലിപ്പം), ലെപ്‌റ്റോറൈന്‍ (70%-ത്തില്‍ താഴെ, ഇടുങ്ങിയ മൂക്ക്) എന്നു മൂന്നായി തരം തിരിക്കാമെന്നും ഈ ആശയത്തിന്റെ വക്താക്കള്‍ വിശ്വസിക്കുന്നു...vamanan
ആത്മതീര്‍ത്ഥം :--സോപാനം 12
കഥമഹം തവ പാദപങ്കജജേ
രതിമവാപ്നുയാം ബ്രൂഹി സദ്ഗുരോ
ഗുരുമഹിമ, ശങ്കരന് ആത്മവിദ്യ ലഭിയ്ക്കുന്നതു, മുമുക്ഷുക്കളെ ഉപദേശിക്കാനായി ഗുരു ശങ്കരനെ കാശിക്കു അയക്കുന്നത്, നര്‍മദയിലെ വെള്ളപ്പൊക്കം എന്നിവ ഇതില്‍ പ്രതിപാദിച്ചിരിയ്ക്കുന്നു.
വേദാന്തമെന്ന ശാസ്ത്രം ഗുരുപരമ്പരയില്‍ പെട്ടവരില്‍ നിന്ന് തന്നെ പഠിയ്ക്കണം. പുസ്തകത്തില്‍ക്കൂടെ ലഭിച്ച ജ്ഞാനം പോരാ വേദാന്തം പഠിപ്പിയ്ക്കാന്‍. ആത്മജ്ഞാനമാണ് പാണ്ഡിത്യം.
'ആത്മാവിനെ അറിഞ്ഞു താന്‍ ബ്രഹ്മമാണെന്നും ശരീരമാല്ലെന്നും തനിയ്ക്ക് ജനനമരണാദി ദോഷങ്ങള്‍ ഇല്ലെന്നും അറിഞ്ഞു ആത്മശാന്തിയെ നിരന്തരം അനുഭവിയ്ക്കുന്ന ആചാര്യന് മാത്രമേ ശിഷ്യന് അത് കൊടുക്കാന്‍ കഴിയൂ.'
ആചാര്യര്‍ വിവേകചൂഡാമണിയില്‍ പറയുന്നു--ഒരു വിളക്കില്‍ നിന്ന് മാത്രമേ മറ്റൊരു വിളക്ക് കൊളുത്തിയെടുക്കാന്‍ കഴിയൂ.
വേദാന്തത്തിന്റെ ലക്‌ഷ്യം സംസാരത്തിന്റെ അത്യന്തോപരമണമാണ്. അല്ലാതെ ബുദ്ധിയുടെ വിസ്മയിപ്പിക്കാവുന്ന കസര്‍ത്തല്ല.
ഗോവിന്ദഭഗവദ പാദര്‍ ശങ്കരന് സമ്പ്രദായമനുസരിച്ച് ഉപദേശിച്ചു.
ബ്രഹ്മനിഷ്ടനായ ആ ഋഷിവര്യന്‍ മിക്കവാറും മൌനിയായിരുന്നു. ഗുരു സ്വന്തം ഹൃദയത്തില്‍ അനുഭവിച്ചറിഞ്ഞ സത്യം ഉത്തമ ശിഷ്യനെ ഉണര്‍ത്താനായും സമസ്ത ജഗത്തിന് വേണ്ടിയും സ്മരിച്ചു ബോധിപ്പിച്ചു.ആദിശങ്കരന്‍ വളരെ പെട്ടെന്ന് ഉപനിഷത്തുക്കളുടെയും, ഭഗവദ് ഗീതയുടെയും ബ്രഹ്മസൂത്രങ്ങളുടെയും പൂട്ടുതുറക്കാനുള്ള സൂക്ഷ്മ ദര്‍ശന പാടവമാകുന്ന താക്കോല്‍ സമ്പാദിച്ചു. പ്രാചീന ഗ്രന്ഥങ്ങളെല്ലാം വളരെ വേഗത്തില്‍ ഗ്രഹിച്ചു. ഗുരു പലപ്പോഴും ശിഷ്യന്ടെ അതി മധുരമായ വാഗ്ധോരണി കേട്ട് വിസ്മയാവിഷ്ടനായി ഇരുന്നു.
തുടരും ....
**ആത്മോപദേശശതകം

പ്രൊഫസർ.ജി ബാലകൃഷ്ണൻ നായരുടെ, ശ്രീ നാരായണഗുരുദേവകൃതികൾ സമ്പൂർണ്ണ വ്യാഖ്യാനം എന്ന കൃതിയിൽ നിന്ന് എടുത്ത് ചേർത്തതാണ് ഇവിടെക്കൊടുത്തിരിയ്ക്കുന്ന അർത്ഥം.
(ഒന്നു മുതൽ അഞ്ചു വരെ മുൻപ് നൽകിയിട്ടുണ്ട്)

ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേകവികൽപ്പമാകയാലാ-
രുണരുവതുള്ളൊരു നിർവ്വികാരരൂപം.6

ഉണരണം=ഉറങ്ങിയിട്ട് ഉണരണം; ഇന്നി ഉറങ്ങണം=വീണ്ടും ഉറങ്ങണം; ഭുജിച്ചീടണമശനം=ആഹാരം കഴിയ്ക്കണം; പുണരേണം=ദാമ്പത്യ സുഖമനുഭവിയ്ക്കണം; എന്നിവണ്ണം=എന്നിപ്രകാരം; അണയുമനേകവികൽ‌പ്പം=അനേക സങ്കൽ‌പ്പങ്ങൾ വന്നു ചേരും; ആകയാൽ= ഈ സങ്കൽ‌പ്പവലയത്തിൽ പെട്ടുഴലുന്നതു നിമിത്തം; ആരുണരുവത്=സത്യം കണ്ടുണരാൻ ആർക്കു കഴിയും; ഉള്ള്=ചിത്തത്തിന്റെ യഥാർത്ഥ സ്ഥിതി; ഒരു നിർവ്വികാര രൂപം=അതിശയകരമാം വണ്ണം നിർവികാരമാണ്.

ഉറങ്ങിയിട്ട് ഉണരണം,വീണ്ടും ഉറങ്ങണം,ആഹാരം കഴിയ്ക്കണം,ദാമ്പത്യ സുഖമനുഭവിയ്ക്കണം എന്നിപ്രകാരം അനേക സങ്കൽ‌പ്പങ്ങൾ വന്നു ചേരും.ഈ സങ്കൽ‌പ്പവലയത്തിൽ പെട്ടുഴലുന്നതു നിമിത്തം സത്യം കണ്ടുണരാൻ ആർക്കു കഴിയും?ചിത്തിന്റെ യഥാർത്ഥ സ്ഥിതി അതിശയകരമാം വണ്ണം നിർവികാരമാണ്

ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാൽ
പ്രണവമുണർന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയിൽ മൂർത്തി നിർത്തിടേണം.7

ഉണരരുതിന്നി=ഉറങ്ങിയിട്ട് അജ്ഞാനമറയിൽ നിന്നും ഉണർന്നു വരുന്ന ജീവിതം ഇനിമേൽ അംഗീകരിയ്ക്കരുത്; അറിവായ് ഉറങ്ങിടാതിരുന്നീടണം=അതു സാധിയ്ക്കണമെങ്കിൽ താനുൾപ്പെടെ എല്ലാം ബ്രഹ്മമെന്നറിഞ്ഞ് സ്വരൂപ ബോധം സദാ നിലനിർത്തണം; ഇതിനിന്നയോഗ്യനെന്നാൽ=ഈ ആത്മാനുഭവത്തിനു കരുത്തില്ലെങ്കിൽ; പ്രണവമുണർന്ന്= ബ്രഹ്മ സാക്ഷാത്കാരം നേടി; പിറപ്പൊഴിഞ്ഞ് വാഴും=ജീവന്മുക്തരായി കഴിയുന്ന; മുനിജനസേവയിൽ=പരമഹംസന്മാരുടെ പരിചരണത്തിൽ; മൂർത്തിനിർത്തിടേണം=ദേഹത്തേയും മനസ്സിനേയും വിനിയോഗിയ്ക്കണം.

ഉറങ്ങിയിട്ട് അജ്ഞാനമറയിൽ നിന്നും ഉണർന്നു വരുന്ന ജീവിതം ഇനിമേൽ അംഗീകരിയ്ക്കരുത്.അതു സാധിയ്ക്കണമെങ്കിൽ താനുൾപ്പെടെ എല്ലാം ബ്രഹ്മമെന്നറിഞ്ഞ് സ്വരൂപ ബോധം സദാ നിലനിർത്തണം. ഈ ആത്മാനുഭവത്തിനു കരുത്തില്ലെങ്കിൽ
ബ്രഹ്മ സാക്ഷാത്കാരം നേടി ജീവന്മുക്തരായി കഴിയുന്ന പരമഹംസന്മാരുടെ പരിചരണത്തിൽ ദേഹത്തേയും മനസ്സിനേയും വിനിയോഗിയ്ക്കണം

ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും
വെളിവുരുവേന്തിയകം വിളങ്ങീടേണം.8*

ഒളിമുതലാം പഴമഞ്ചുമുണ്ട്=രൂപം തുടങ്ങിയ പഴങ്ങൾ അഞ്ചും ഭക്ഷിച്ച്; നാറും നളികയിലേറി =മലഭാണ്ഡമായ ദേഹമാകുന്ന കൂട്ടിൽ താമസമാക്കി; നയേന മാറിയാടും =നയമായ് സദാ‍ അതൃപ്തി പ്രകടമാക്കുന്ന; കിളികളേയഞ്ചും=ജ്ഞാനേന്ദ്രീയങ്ങളാകുന്ന അഞ്ചു കിളികളേയും; അരിഞ്ഞ് കീഴ്മറിയ്ക്കും=കീഴടക്കി നശിപ്പിയ്ക്കുന്ന; വെളിവുരുവേന്തി=ജ്യോതിർമയമായ ആത്മാനുഭൂതി നേടി; അകം വിളങ്ങിടേണം= ചിത്തം പ്രസന്നമാകണം.

രൂപം തുടങ്ങിയ പഴങ്ങൾ അഞ്ചും ഭക്ഷിച്ച്, മലഭാണ്ഡമായ ദേഹമാകുന്ന കൂട്ടിൽ താമസമാക്കി, നയമായ് സദാ‍ അതൃപ്തി പ്രകടമാക്കുന്ന ജ്ഞാനേന്ദ്രീയങ്ങളാകുന്ന അഞ്ചു കിളികളേയും കീഴടക്കി നശിപ്പിയ്ക്കുന്ന ജ്യോതിർമയമായ ആത്മാനുഭൂതി നേടി ചിത്തം പ്രസന്നമാകണം.

ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടിവന്നു പടർന്നുയർന്നു മേവും
തരുവിനടിക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം.9*

ഇരുപുറവും=ഇരുഭാഗത്തും; വരുമാരവസ്ഥയെ=പരന്നു തെളിയുമാറുള്ള അനുഭവത്തോട് കൂടി; അഥവാ തെളിഞ്ഞു ആറ് അവസ്ഥാവിശേഷങ്ങളെ ഉളവാക്കിക്കൊണ്ട്; പൂത്തൊരു കൊടി വന്ന്=പൂവു നിറഞ്ഞതു പോലെ പ്രകാശമേന്തിയ കുണ്ഡലിനീലത ഉയർന്ന്; പടർന്നുയർന്നു മേവും=പരന്നു പ്രസരിച്ചനുഭവപ്പെടുന്ന; തരുവിനടിയ്ക്ക്=സുഷുംനാ നാഡിയാകുന്ന മരത്തിനു ചുവട്ടിൽ; തപസ്സുചെയ്തുവാഴും=മനസ്സിനെ ഏകാഗ്രപ്പെടുത്തിക്കഴിയുന്ന; നരന്=സത്യാന്വേഷിയായ മനുഷ്യന്; വരാ നരകം= ഒരിയ്ക്കലും ദുഃഖിക്കേണ്ടി വരുന്നില്ല; നിനച്ചിടേണം=ആലോചിച്ചുറയ്ക്കണം

ഇരുഭാഗത്തും പരന്നു തെളിയുമാറുള്ള അനുഭവത്തോട് കൂടി, അഥവാ തെളിഞ്ഞു ആറ് അവസ്ഥാവിശേഷങ്ങളെ ഉളവാക്കിക്കൊണ്ട് പൂവു നിറഞ്ഞതു പോലെ പ്രകാശമേന്തിയ കുണ്ഡലിനീലത ഉയർന്നുപരന്നു പ്രസരിച്ചനുഭവപ്പെടുന്ന സുഷുംനാ നാഡിയാകുന്ന മരത്തിനു ചുവട്ടിൽ, മനസ്സിനെ ഏകാഗ്രപ്പെടുത്തിക്കഴിഞ്ഞു കൂടുന്ന സത്യാന്വേഷിയായ മനുഷ്യന് ഒരിയ്ക്കലും ദുഃഖിക്കേണ്ടി വരുന്നില്ല. ആലോചിച്ചുറയ്ക്കണം.

“ഇരുളിലിരുപ്പവനാര്? ചൊൽക നീ”യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു “നീയുമാരെ”-
ന്നരുളുമിതിൻ പ്രതിവാക്യമേകമാകും.10*

ഇരുളിൽ ഇരുപ്പവൻ=അജ്ഞാനമാകുന്ന ഇരുട്ടിൽ മറഞ്ഞിരിയ്ക്കുന്ന; നീയാര്=നീയാരാണ്; ചൊൽക=പറയുക; എന്നു=എന്നിങ്ങനെ; ഒരുവൻ ഉരപ്പതു കേട്ട്= ഒരാൾ ചോദിയ്ക്കുന്നതു കേട്ട്; താനും=ഉത്തരം പറയേണ്ടയാളും; ഏവം=അതുപോലെ; അവനോട്=ചോദ്യം ചോദിച്ചയാളിനോട്; അറിവതിനായ്=അയാളാരെന്നറിയാനായി; നീയുമാര്=നീയാരാണ്; എന്നരുളും= എന്നിങ്ങനെ തിരിച്ച് ചോദിയ്ക്കും; ഇതിൻ=ഈ രണ്ട് ചോദ്യത്തിനുമുള്ള; പ്രതിവാക്യം=ഉത്തരം; ഏകമാകും=ഒന്നു തന്നെയാണ്.

‘അജ്ഞാനമാകുന്ന ഇരുട്ടിൽ മറഞ്ഞിരിയ്ക്കുന്ന നീയാരാണ്? പറയുക ‘എന്നിങ്ങനെ ഒരാൾ ചോദിയ്ക്കുന്നതു കേട്ട് ഉത്തരം പറയേണ്ടയാളും, അതുപോലെ ചോദ്യം ചോദിച്ചയാളിനോട് അയാളാരെന്നറിയാനായി, ‘നീയാര്’‘?എന്നിങ്ങനെ തിരിച്ച് ചോദിയ്ക്കും.ഈ രണ്ട് ചോദ്യത്തിനുമുള്ള ഉത്തരം ഒന്നു തന്നെയാണ്

‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹമ്പൊരുളും തുടർന്നിടുന്നു.11*

അകമേ=അന്തർമുഖമായി ഏകാഗ്രപ്പെട്ട്; ആരായുകിൽ=സത്യം അന്വേഷിച്ചറിഞ്ഞാൽ; ‘അഹമഹ‘മെന്നരുളുന്നതൊക്കെ=ഞാൻ ഞാൻ എന്നിങ്ങനെ എല്ലാരിലും പ്രകടമാകുന്ന അനുഭവം; പലതല്ല=അനേകമല്ല; അതേകമാകും=അത് ഒരേ ബോധവസ്തു തന്നെയെന്ന് തെളിയും; അകലും അഹന്ത= സത്യാനുഭവത്തോടെ ഇല്ലാതായിമറയുന്ന ഈ ജീവാത്മഭാവം; അനേകമാകയാൽ=ഉപാധി ഭേദമനുസരിച്ച് പലതായി വേർതിരിയുന്നതുകൊണ്ട്; അഹം പൊരുളും=ഈ ജീവാത്മാവിന്റെ തത്വമായി വിളങ്ങുന്ന സത്യവും; ഈ തുകയിൽ തുടർന്നിടുന്നു=ഈ വിധം അനേകമായി വേർതിരിഞ്ഞപോലെ കാണാനിടവരുന്നു.

അന്തർമുഖമായി ഏകാഗ്രപ്പെട്ട് സത്യം അന്വേഷിച്ചറിഞ്ഞാൽ ഞാൻ, ഞാൻ എന്നിങ്ങനെ എല്ലാരിലും പ്രകടമാകുന്ന അനുഭവം
അനേകമല്ല. അത് ഒരേ ബോധവസ്തു തന്നെയെന്ന് തെളിയും.സത്യാനുഭവത്തോടെ ഇല്ലാതായിമറയുന്ന ഈ ജീവാത്മഭാവം ഉപാധി ഭേദമനുസരിച്ച് പലതായി വേർതിരിയുന്നതുകൊണ്ട് ഈ ജീവാത്മാവിന്റെ തത്വമായി വിളങ്ങുന്ന സത്യവും ഈ വിധം അനേകമായി വേർതിരിഞ്ഞപോലെ കാണാനിടവരുന്നു.

തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-
കലകളുമേന്തുമഹന്തയൊന്നു കാൺക!
പൊലിയുമിതന്യ പൊലിഞ്ഞുപൂർണ്ണമാകും
വലിയൊരഹന്ത വരാ വരം തരേണം.12*

ദുരന്തം= ജീർണ്ണിച്ചു നശിയ്ക്കുന്ന; തൊലിയുമെലുമ്പുമലം=തൊലി, എല്ല്, പലതരം അഴുക്കുകൾ ഇവ ചേർന്ന ദേഹത്തേയും; അന്തഃകലകളും=സങ്കൽ‌പ്പത്തിന്റെ വിവിധ ഘട്ടങ്ങളായ ബുദ്ധി, മനസ്സ്, ചിത്തം എന്നീ അന്തഃകരണ ഘടകങ്ങളേയും; എന്തും=ഉണ്ടാക്കി അനുഭവിയ്ക്കുന്നത്; അഹന്ത ഒന്നു= ‘ഞാൻ‘എന്ന അഹംബോധം ഒന്നു മാത്രമാണ്; കാൺക=ചിന്തിച്ചു നോക്കുക; ഇതു പൊലിയും=സത്യാനുഭവത്തോടെ ഈ അഹന്ത ഇല്ലാതാകും; അന്യ പൊലിഞ്ഞു=അവിദ്യ നശിച്ച്; പൂർണ്ണമാകും=ഈ അഹംബോധം പൂർണ്ണ ബ്രഹ്മത്തെ പ്രാപിയ്ക്കും; വലിയൊരഹന്ത=അതുകൊണ്ട് ശക്തിമത്തായ അഹംകാരം; വരാവരം തരേണം=വരാതിരിയ്ക്കാൻ കാരുണ്യത്തോടെ അനുഗ്രഹിയ്ക്കണം

ജീർണ്ണിച്ചു നശിയ്ക്കുന്ന തൊലി; എല്ല്; പലതരം അഴുക്കുകൾ ഇവ ചേർന്ന ദേഹത്തേയും;സങ്കൽ‌പ്പത്തിന്റെ വിവിധ ഘട്ടങ്ങളായ ബുദ്ധി; മനസ്സ്; ചിത്തം; എന്നീ അന്തഃകരണ ഘടകങ്ങളേയും ഉണ്ടാക്കി അനുഭവിയ്ക്കുന്നത് ‘ഞാൻ‘എന്ന അഹംബോധം ഒന്നു മാത്രമാണ്.ചിന്തിച്ചു നോക്കുക.സത്യാനുഭവത്തോടെ ഈ അഹന്ത ഇല്ലാതാകും. അവിദ്യ നശിച്ച് ഈ അഹംബോധം പൂർണ്ണ ബ്രഹ്മത്തെ പ്രാപിയ്ക്കും.അതുകൊണ്ട് ശക്തിമത്തായ അഹംകാരം വരാതിരിയ്ക്കാൻ കാരുണ്യത്തോടെ അനുഗ്രഹിയ്ക്കണം

ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിൻ
മഹിമയുമറ്റു മഹസ്സിലാണിടേണം.13*

ത്രിഗുണമയം=സത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു മായാഗുണങ്ങൾ കൂടിച്ചേർന്നുണ്ടായിരിയ്ക്കുന്ന പ്രപഞ്ചമാകുന്ന; തിരുനീറണിഞ്ഞൊരീശന്ന്=ദിവ്യഭസ്മം പൂശി വിലസുന്ന പരമാത്മാവിന്; അകമലരിട്ട് വണങ്ങി=ഹൃദയ പുഷ്പം അർപ്പിച്ചു നമസ്കരിച്ച്; അക്ഷമാറി=മനസ്സടങ്ങി; സകലമഴിഞ്ഞു=സങ്കൽ‌പ്പങ്ങൾ ഒടുങ്ങി; തണിഞ്ഞു=വാസന നശിച്ച്; കേവലത്തിൻ മഹിമയുമറ്റു=സകലവും താൻ തന്നെയാണെന്നുള്ള ഉത്കടാനുഭൂതിയുളവാക്കുന്ന മഹത്തത്ത്വ സാക്ഷാത്കാരവും; ഈശ്വരാഹന്തയുടെ ഒളിസ്ഥലമായ അവ്യക്താവസ്ഥയും പിന്നിട്ട് ; മഹസ്സിലാണിടേണം=ജ്യോതിസ്വരൂപമായ അദ്വയ പരമാത്മ സത്തയിൽ ഏകീഭവിയ്ക്കണം.

സത്വം, രജസ്സ്;തമസ്സ് എന്ന മൂന്നു മായാഗുണങ്ങൾ കൂടിച്ചേർന്നുണ്ടായിരിയ്ക്കുന്ന പ്രപഞ്ചമാകുന്ന ദിവ്യഭസ്മം പൂശി വിലസുന്ന പരമാത്മാവിന് ഹൃദയ പുഷ്പം അർപ്പിച്ചു നമസ്കരിച്ച്; മനസ്സടങ്ങി, സങ്കൽ‌പ്പങ്ങൾ ഒടുങ്ങി, വാസന നശിച്ച്, സകലവും താൻ തന്നെയാണെന്നുള്ള ഉത്കടാനുഭൂതിയുളവാക്കുന്ന മഹത്തത്ത്വ സാക്ഷാത്കാരവും ഈശ്വരാഹന്തയുടെ ഒളിസ്ഥലമായ അവ്യക്താവസ്ഥയും പിന്നിട്ട്; ജ്യോതിസ്വരൂപമായ അദ്വയ പരമാത്മ സത്തയിൽ ഏകീഭവിയ്ക്കണം.

ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിയ്ക്കു കരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം.14*

ത്രിഭുവനസീമകടന്നു തിങ്ങി വിങ്ങും=മൂന്നു ലോകങ്ങളേയും കടന്ന് ഇടതിങ്ങി നിറഞ്ഞ് നിൽക്കുന്നതും; ത്രിപുടി മുടിഞ്ഞ്=അറിവ്; അറിയപ്പെടുന്ന വസ്തു; അറിയുന്നവൻ എന്ന ഭേദമില്ലാത്തതും; തെളിഞ്ഞിടുന്ന ദീപം=അനുഭവസ്വരൂപമായി സ്വയം പ്രകാശിച്ചു വിളങ്ങുന്നതുമായ ബോധ സത്യം; കപടയതിയ്ക്കു കരസ്ഥമാകുവീല=രാഗദ്വേഷങ്ങൾ പോകാത്ത കപടസന്യാസിയ്ക്ക് അനുഭവപ്പെടുകയില്ല; എന്നുപനിഷദ്യുക്തി രഹസ്യം ഓർത്തിടേണം=എന്ന് ഉപനിഷത്തുക്കൾ പ്രഖ്യാപിച്ചിട്ടുള്ളതോർത്ത് അർപ്പണബുദ്ധിയോടെ സാധനകൾ അനുഷ്ടിയ്ക്കേണം.

മൂന്നു ലോകങ്ങളേയും കടന്ന് ഇടതിങ്ങി നിറഞ്ഞ് നിൽക്കുന്നതും, അറിവ്; അറിയപ്പെടുന്ന വസ്തു, അറിയുന്നവൻ എന്ന ഭേദമില്ലാത്തതും അനുഭവസ്വരൂപമായി സ്വയം പ്രകാശിച്ചു വിളങ്ങുന്നതുമായ ബോധ സത്യം രാഗദ്വേഷങ്ങൾ പോകാത്ത കപടസന്യാസിയ്ക്ക് അനുഭവപ്പെടുകയില്ല എന്ന് ഉപനിഷത്തുക്കൾ പ്രഖ്യാപിച്ചിട്ടുള്ളതോർത്ത് അർപ്പണബുദ്ധിയോടെ സാധനകൾ അനുഷ്ടിയ്ക്കേണം.

പരയുടെ പാലുനുകർന്ന ഭാഗ്യവാന്മാർ‌-
ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും.15*

പരയുടെ=ആത്മാവിനോടടുപ്പിയ്ക്കുന്ന പരാവിദ്യയിലൂടെ പരപ്രകൃതി നേടി; പാലു നുകർന്ന=നിരന്തരമായ ആത്മാനന്ദമനുഭവിയ്ക്കുന്ന; ഭാഗ്യവാന്മാർക്ക്=ജ്ഞാനികൾക്ക്; ഒരു പതിനായിരമാണ്ട്=പതിനായിരം വർഷം; ഒരൽ‌പ്പനേരം=നിമിഷം പോലെ കടന്നു പോകും. അറിവ്=ബോധം; അപരപ്രകൃതിക്കധീനമായാൽ-ജഡത്വത്തിനു ശക്തി കൂട്ടുന്ന അപരാവിദ്യയിലൂടെ അപരപ്രകൃതിയ്ക്കു വശപ്പെട്ടു പോയാൽ; അരനൊടി=അരനിമിഷം; ആയിരമാണ്ടുപോലെ തോന്നും=ആയിരം വർഷം പോലെ നീണ്ടു പോകുന്നതായി അനുഭവപ്പെടും.

ആത്മാവിനോടടുപ്പിയ്ക്കുന്ന പരാവിദ്യയിലൂടെ പരപ്രകൃതി നേടി നിരന്തരമായ ആത്മാനന്ദമനുഭവിയ്ക്കുന്ന ജ്ഞാനികൾക്ക്,പതിനായിരം വർഷം നിമിഷം പോലെ കടന്നു പോകും.ബോധം ജഡത്വത്തിനു ശക്തി കൂട്ടുന്ന അപരാവിദ്യയിലൂടെ അപരപ്രകൃതിയ്ക്കു വശപ്പെട്ടു പോയാൽ അരനിമിഷം ആയിരം വർഷം പോലെ നീണ്ടു പോകുന്നതായി അനുഭവപ്പെടും.


അധികവിശാലമരുപ്രദേശമൊന്നായ്-
നദിപെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളിൽ വീണുതുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം.16*

അധികവിശാലമരുപ്രദേശമൊന്നായ്=വളരെ വിസ്തൃതമായ മരുഭൂമിയിൽ നിറയെ; നദിപെരുകുന്നതു പോലെ=നദി ഒഴുകി നിറയുന്നതു പോലെ; നാദം വന്നു=ഹൃദയാകാശത്തിൽ ദിവ്യനാദം ഇരമ്പി വന്നു; ശ്രുതികളിൽ വിണു=വ്യക്തമായി കേൾക്കാനിട വന്നു; അക്ഷി തുറക്കും=ജ്ഞാനോദയമുണ്ടാകും; എന്നും=അതുകൊണ്ട് എപ്പോഴും; യതമിയലും=മനസ്സിനെ അടക്കി നിയന്ത്രിച്ച്; യതിവര്യനായിടെണം=യോഗിയായി ജീവിതം നയിയ്ക്കേണ്ടതാണ്.

വളരെ വിസ്തൃതമായ മരുഭൂമിയിൽ നിറയെ നദി ഒഴുകി നിറയുന്നതു പോലെ ഹൃദയാകാശത്തിൽ ദിവ്യനാദം ഇരമ്പി വന്നു വ്യക്തമായി കേൾക്കാനിട വന്നു ജ്ഞാനോദയമുണ്ടാകും.അതുകൊണ്ട് എപ്പോഴും മനസ്സിനെ അടക്കി നിയന്ത്രിച്ച് യോഗിയായി ജീവിതം നയിയ്ക്കേണ്ടതാണ്.


അഴലെഴുമഞ്ചിതളാർന്നു രണ്ടു തട്ടായ്-
ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
നിഴലുരുവായെരിയുന്നു നെയ്യതോ മുൻ-
പഴകിയ വാസന; വർത്തി വൃത്തിയത്രേ.17*

അഴലെഴും=ചൂടുപരത്തി കത്തുന്ന; അഞ്ചിതളാർന്നു=അഞ്ചു നാളങ്ങളോട് കൂടിയ; രണ്ടു തട്ടായ്=രണ്ട് തട്ടുകളുള്ള; ചുഴലും=കറങ്ങിക്കൊണ്ടിരിയ്ക്കുന്ന; അനാദിവിളക്ക് തൂക്കി=ആദിയില്ലാത്ത ഒരു വിളക്കു തൂക്കി; ആത്മാ=ബോധസ്വരൂപനായ ആത്മാവ്; നിഴലുരുവായ്=നിഴൽ ശരീരത്തിനുള്ളിൽ സ്ഥിതി ചെയ്ത്; എരിയുന്നു=എരിഞ്ഞുകൊണ്ടിരിയ്ക്കുന്നു; നെയ്യതോ=ഈ വിളക്കിനെരിയാനുള്ള നെയ്യാകട്ടേ; മുൻപഴകിയ വാസന=മുൻ‌കാലങ്ങളിൽ ആർജിച്ച കർമ്മ വാസനയാണ്; വർത്തി=എരിയാനുള്ള തിരി; വൃത്തിയത്രേ=ചിത്ത സങ്കൽ‌പ്പങ്ങൾ തന്നെയാണ്.

ചൂടുപരത്തി കത്തുന്ന അഞ്ചു നാളങ്ങളോട് കൂടിയ രണ്ട് തട്ടുകളുള്ള കറങ്ങിക്കൊണ്ടിരിയ്ക്കുന്ന ആദിയില്ലാത്ത ഒരു വിളക്കു തൂക്കി ബോധസ്വരൂപനായ ആത്മാവ് നിഴൽ ശരീരത്തിനുള്ളിൽ സ്ഥിതി ചെയ്ത് എരിഞ്ഞുകൊണ്ടിരിയ്ക്കുന്നു. ഈ വിളക്കിനെരിയാനുള്ള നെയ്യാകട്ടേ മുൻ‌കാലങ്ങളിൽ ആർജിച്ച കർമ്മ വാസനയാണ്. എരിയാനുള്ള തിരി ചിത്ത സങ്കൽ‌പ്പങ്ങൾ തന്നെയാണ്.

അഹമിരുളല്ലിരുളാകിലന്ധരായ് നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാർക്കുമോതിടേണം.18*

അഹം=ഞാൻ ഞാൻ എന്നു സകലരിലും സ്ഫുരിയ്ക്കുന്ന അനുഭവം; ഇരുളല്ല=ഇരുട്ടല്ല; അഥവാ ജഡമല്ല; ഇരുളാകിൽ=അത് ജഡമായിരുന്നെങ്കിൽ; അന്ധരായ്=അനുഭവമില്ലാത്തവരായ്; നാം=നാമെല്ലാം; അഹം അഹം എന്ന്=ഞാനുണ്ട്; ഞാനുണ്ട് എന്ന്; അറിയാതിരുന്നിടേണം=അനുഭവിയ്ക്കുമായിരുന്നില്ല; അറിവതിനാൽ=ഞാനുണ്ട്; ഞാനുണ്ട് എന്നനുഭവിയ്ക്കുന്നതു കൊണ്ട്; അഹം=ഞാൻ; അന്ധകാരമല്ലെന്ന്=ജഡമല്ലെന്ന്; അറിവതിന്=ധരിയ്ക്കുന്നതിന്; ഇങ്ങനെ=ഇപ്രകാരം യുക്തിയുക്തം; ആർക്കും ഓതിടേണം=ആർക്കും ഉപദേശിയ്ക്കണം.

ഞാൻ ഞാൻ എന്നു സകലരിലും സ്ഫുരിയ്ക്കുന്ന അനുഭവം ഇരുട്ടല്ല. അഥവാ ജഡമല്ല. അത് ജഡമായിരുന്നെങ്കിൽ അനുഭവമില്ലാത്തവരായി നാമെല്ലാം ഞാനുണ്ട്; ഞാനുണ്ട് എന്ന് അനുഭവിയ്ക്കുമായിരുന്നില്ല. ഞാനുണ്ട്; ഞാനുണ്ട് എന്നനുഭവിയ്ക്കുന്നതു കൊണ്ട് ഞാൻ ജഡമല്ലെന്ന് ധരിയ്ക്കുന്നതിന് ഇപ്രകാരം യുക്തിയുക്തം ആർക്കും ഉപദേശിയ്ക്കണം.

അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
ജഡമിതു സർവ്വമനിത്യമാം; ജലത്തിൻ-
വടിവിനെ വിട്ടു തരംങ്ഗമന്യമാമോ?19

അടിമുടിയറ്റം=കാൽ, തല, അഗ്രം അഥവാ കീഴ്മേൽ, അവസാനം, അതുണ്ട് ഇതുണ്ട് അതുണ്ട്=അതുവേറെ ഇതുവേറെ മറ്റേതുവേറെ; എന്നടിയിടും=എന്നിങ്ങനെ അളന്നു കുറിച്ചു പലതാക്കിക്കാണും; ഉള്ളതെല്ലാം=യദാർത്ഥത്തിൽ ഉള്ളതായി കാണപ്പെടുന്നതെല്ലാം; ആദിമസത്ത=ആദികാരണമായ അഖണ്ഡബോധം തന്നെയാണ്. ജഡമിതു സർവം=പലതായിക്കാണപ്പെടുന്ന ജഡ ദൃശ്യങ്ങൾ മുഴുവൻ; അനിത്യമാം=മാഞ്ഞു മറയുന്നവ തന്നെയാണ്; തരംഗം=തിര; ജലത്തിൻ വടിവിനെ വിട്ട്=വെള്ളത്തിലെ ഒരു വടിവെന്നതിൽക്കവിഞ്ഞ്; അന്യമാമോ? മറ്റെന്തെങ്കിലുമാവാൻ പറ്റുമോ?

കാൽ, തല, അഗ്രം അഥവാ കീഴ്മേൽ, അവസാനം, അതുവേറെ, ഇതുവേറെ, മറ്റേതുവേറെ എന്നിങ്ങനെ അളന്നു കുറിച്ചു പലതാക്കിക്കാണും. യഥാർത്ഥത്തിൽ ഉള്ളതായി കാണപ്പെടുന്നതെല്ലാം ആദികാരണമായ അഖണ്ഡബോധം തന്നെയാണ്.പലതായിക്കാണപ്പെടുന്ന ജഡ ദൃശ്യങ്ങൾ മുഴുവൻ മാഞ്ഞു മറയുന്നവയാണ്. തിര, വെള്ളത്തിലെ ഒരു വടിവിൽക്കവിഞ്ഞ് മറ്റെന്തെങ്കിലുമാവാൻ പറ്റുമോ?


ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതു സർവ്വമൂഹഹീനം;
ജളനു വിലേശയമെന്നു തോന്നിയാലും
നലമിയലും മലർമാല നാഗമാമോ?20

ഉലകിനു=പ്രപഞ്ചത്തിന്; വേറൊരു സത്തയില്ല=അഖണ്ഡബോധവസ്തുവിൽ നിന്നു ഭിന്നമായ നിലനിൽ‌പ്പില്ല; അതുണ്ടെന്ന്=ഭിന്നമായ നിലനിൽ‌പ്പുണ്ടെന്ന്; ഉലകരുരപ്പതു=ജനങ്ങൾ കരുതുന്നത്; സർവം ഊഹഹീനം=തികച്ചും യുക്തിഹീനമാണ്; ജളന്=ചിന്താശക്തിയില്ലാത്ത മഠയന് വിലേശയമെന്നു തോന്നിയാലും=സർപ്പമാണെന്നു തോന്നാൻ ഇടയായാലും; നലമിയലും=മനോഹരമായ; മലർമാല=പൂമാല ; നാഗമാമോ=യഥാർത്ഥത്തിൽ പാമ്പായി മാറുമോ?

പ്രപഞ്ചത്തിന് അഖണ്ഡബോധവസ്തുവിൽ നിന്നു ഭിന്നമായ നിലനിൽ‌പ്പില്ല. ഭിന്നമായ നിലനിൽ‌പ്പുണ്ടെന്ന് ജനങ്ങൾ കരുതുന്നത് തികച്ചും യുക്തിഹീനമാണ്.ചിന്താശക്തിയില്ലാത്ത മഠയന് സർപ്പമാണെന്നു തോന്നാൻ ഇടയായാലും മനോഹരമായ പൂമാല യഥാർത്ഥത്തിൽ പാമ്പായി മാറുമോ?