Sunday, January 14, 2018

നിത്യജീവിതവുമായി ആചാരാനുഷ്ഠാനങ്ങള്‍ക്ക്, വിശിഷ്യ ഹിന്ദു ആചാരാനുഷ്ഠാനങ്ങള്‍ക്ക്, അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ജീവിതവുമായി ബന്ധപ്പെട്ട സകല സങ്കീര്‍ണ്ണതകളും വൈവിദ്ധ്യങ്ങളും ഇവയും ഉള്‍ക്കൊള്ളുന്നു. ഈ ആചാരാനുഷ്ഠാനങ്ങള്‍ക്കു രൂപം കൊടുക്കുന്ന കാലത്ത് പ്രപഞ്ചപ്രക്രിയകളുമായി ബന്ധപ്പെട്ട് മനുഷ്യനുണ്ടായിരുന്ന അറിവുകള്‍ അവയുടെ ഘടനകളെ സ്വാധീനിച്ചിട്ടുണ്ട്. തത്ത്വചിന്ത(Philosophy), ചരിത്രം (History), പുരാവസ്തുശാസ്ത്രം(Archaeology), ഭൗമശാസ്ത്രം(Geology), ഗണിതശാസ്ത്രം (Mathematics), ജനിതകശാസ്ത്രം(Genetics), സാമൂഹ്യശാസ്ത്രം(Sociology), ജീവ-ജന്തുശാസ്ത്രങ്ങള്‍ (Biology-Zoology), രസതന്ത്രം(Chemistry),ജ്യോതിശ്ശാസ്ത്രം (Astronomy), മനശ്ശാസ്ത്രം(Psychology), സൗന്ദര്യശാസ്ത്രം(Aiesthetics), ആയുര്‍വേദം, സിദ്ധവൈദ്യം എന്നീ വൈദ്യശാസ്ത്ര (Medical Science) ങ്ങള്‍, മുതലായവയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങള്‍ (Components) ഓരോ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇഴ ചേര്‍ന്നിരിക്കുന്നു. 
ഉദാഹരണത്തിന് തുളസിയുടെയും രുദ്രാക്ഷത്തിന്റെയും പൂജാഹോമകലശാദി അനുഷ്ഠാനങ്ങള്‍ക്കുപയോഗിക്കുന്ന മറ്റു പല ദ്രവ്യങ്ങളുടെയും ഔഷധഗുണങ്ങള്‍ നമ്മില്‍ പലര്‍ക്കും അറിയാം. ഉപവാസത്തിന്റെ പ്രയോജനവും നമുക്കറിയാം. വൈദിക യാഗവേദിയുടെ നിര്‍മ്മാണത്തിന് ജ്യാമിതി (Geomtery)യിലെ ത്രികോണത്തിന്റെ വശങ്ങളും കര്‍ണ്ണവും തമ്മിലുള്ള ബന്ധം ഉപയോഗിച്ചിരുന്നു. പക്ഷേ, താരതമ്യേന ആധുനിക കാലഘട്ടത്തില്‍ ജീവിച്ച പൈത്താഗറസ്സ് ആണ് ഇതു കണ്ടെത്തിയതെന്നാണ് ഇന്നും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്. വേദത്തിലെ ശുല്‍ബ (ചരട്) സൂത്രങ്ങളില്‍ ഇത്തരം ഗണിതവിധികള്‍ കാണാം. യാഗവേദിയും ഗണിതവുമായുള്ള ബന്ധത്തെപ്പറ്റി ദത്ത (1932), സെന്‍ & ബാഗ് (1983), സേയ്ഡന്‍ബര്‍ഗ് (1983), സരസ്വതി അമ്മ (2007) എന്നിവരുടെ പഠനങ്ങളില്‍ കാണാം. ആശ്വലായനന്‍, ബൗധായനന്‍, ആപസ്തംബന്‍ എന്നിവരെഴുതിയ ഗൃഹ്യസൂത്രങ്ങളില്‍ ദര്‍ശപൂര്‍ണ്ണമാസം എന്ന ഇഷ്ടി (ഒരു യാഗരൂപം) യെ വിവരിക്കുന്നുണ്ട്. ഇന്നും നടപ്പുള്ളതുമാണ് ഇത്. പേരു സൂചിപ്പിക്കുന്നതുപോലെ കറുത്തവാവ്, വെളുത്തവാവ് എന്നീ ചാന്ദ്രപ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടതാണിത്. ഇതിനു വേണ്ടി തയ്യാറാക്കുന്ന യാഗവേദിയുടെ വിസ്തീര്‍ണ്ണം ഗ്രഹണപരിവൃത്തിയായ പതിനെട്ടുവര്‍ഷത്തെ സൂചിപ്പിക്കുന്ന 3339 എന്ന ഋഗ്വേദസംഖ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നു മാത്രമല്ല ഈ വേദിയ്ക്ക് മേല്‍പറഞ്ഞ പരിവൃത്തിയിലെ ചന്ദ്രഗതിയുടെ രൂപവുമാണത്രെ. ( Archaeo - Astronomical Significance of the Vedic Darsa Purna Masa Altar, R. N. Iyengar and V. H. Satheesh Kumar, Indian Journal of History of Science, 2012). തന്ത്രശാസ്ത്രത്തിലെ പ്രസിദ്ധമായ പൂജായന്ത്രമാണല്ലോ ശ്രീചക്രം. ശ്രീ ശങ്കരഭഗവത്പാദര്‍ ഭാരതത്തിന്റെ നാലുഭാഗത്തും സ്ഥാപിച്ച മഠങ്ങളില്‍ ഇത് ഇന്നും പൂജിക്കപ്പെടുന്നു. ശ്രീരാമകൃഷ്ണ പരമഹംസര്‍ (ഫലഹാരിണീ കാളീപൂജയുടെ പ്രാധാന്യത്തെപ്പറ്റി ശ്രീരാമകൃഷ്ണമിഷന്റെ സാരഥ്യം വഹിച്ചിരുന്ന സ്വാമി ഗഭീരാനന്ദ പ്രബുദ്ധഭാരതയില്‍ എഴുതിയ ലേഖനം), രമണമഹര്‍ഷി (തങ്കത്തില്‍ പണിത, വലിപ്പമുള്ള ഒരു ശ്രീയന്ത്രം മഹര്‍ഷി കൈവശം വെച്ചിരുന്നതായി കപാലിശാസ്ത്രികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്), എഴുത്തച്ഛന്‍, ചട്ടമ്പി സ്വാമികള്‍ (ശ്രീചക്രപൂജാകല്‍പം) മുതലായ മഹാരഥര്‍ തന്ത്രദര്‍ശനമനുസരിച്ചുള്ള പ്രപഞ്ചപ്രക്രിയയുടെ ഈ ജ്യാമിതീയ രൂപത്തിന്റെ ആരാധകരായിരുന്നു. 
ഇത്രയും പ്രാധാന്യമുള്ള ഈ ചക്രത്തിന്റെ ഗണിതപരമായ പ്രത്യേകതകളെക്കുറിച്ചു പഠിച്ച അഹലഃമിറലൃ ജമ്മഹീ്ശരവ ഗൗഹമശരവല്  എന്ന റഷ്യന്‍ പണ്ഡിതന്‍ പുരാതനകാലത്തെ ഹിന്ദുഗണിതശാസ്ത്രജ്ഞരുടെ കഴിവിനെ വാനോളം പുകഴ്ത്തിയിട്ടുണ്ട്. (Sri Yatnra and Its Mathematical Properties, Indian Journal of History of Science, 1984, 19(3):279-92). കൂര്‍മ്മപ്രസ്താരത്തിലുള്ള ശ്രീചക്രനിര്‍മ്മാണത്തിന് ഗോളഗണിതം (Spherical Trigonomtery) കുടിയേ തീരൂ. ഈ യന്ത്രഗണിതത്തില്‍ Golden Ratio എന്ന ഗണിതശാസ്ത്രപ്രസിദ്ധമായ സുവര്‍ണ്ണാനുപാതവും അന്തര്‍ഭവിപ്പിച്ചിട്ടുണ്ടത്രെ. (George Gheverghese Joseph, The Crest of the Peacock  Non- European Roots of Mathematics). ഹഠയോഗപ്രക്രിയ വഴി ഹൃദയസ്പന്ദനം പോലും ഇച്ഛാനുസരണം നിര്‍ത്താന്‍ കഴിവാര്‍ന്ന ഒരു യോഗിയെ ആധുനിക ഈ.സി.ജി യന്ത്രമുപയോഗിച്ചു പരീക്ഷിച്ച് ബോദ്ധ്യപ്പെട്ടതായി Vasant G. Rele F. C. P. S, L.M &S (The Mysterious Kundalini)  പറയുന്നു. 
നാഡീവ്യൂഹത്തെപ്പറ്റി ഏതോ തരത്തിലുള്ള ശാസ്ത്രീയാവബോധം ഹഠയോഗികള്‍ക്കുണ്ടായിരുന്നു എന്ന് ഇതില്‍ നിന്നും നമുക്ക് അനുമാനിക്കാം. 'ഒരു തുള്ളി മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കാതെ ഉന്മത്തനാകാനുള്ള കഴിവ് നമ്മില്‍ത്തന്നെ പ്രകൃത്യാ ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ചിരിക്കുകയാണ് ഇസ്രയേലി ജൈവരസതന്ത്രജ്ഞനായ റാഫേല്‍ മെഖോളവും (Raphel Mechoulam) അദ്ദേഹത്തിന്റെ ഗവേഷണ സംഘവും. ശരീരവ്യവസ്ഥയില്‍ നിന്ന് ആനന്ദതന്മാത്രകള്‍ വേര്‍തിരിച്ചിരിക്കുകയാണ് ഇവര്‍. ധ്യാനം, യോഗ എന്നിവയില്‍ ഏര്‍പ്പെടുന്നവരില്‍ ഇത്തരം തന്മാത്രകളുടെ അളവ് ഗണ്യമായി കൂടുന്നതായി ഈ ശാസ്ത്രസംഘം കണ്ടെത്തിയിരിക്കുന്നു. ആരോഗ്യത്തിനും ജീവിതസൗഖ്യത്തിനും രോഗപ്രതിരോധത്തിനും അത്യതിസാധാരണമായ സംഭാവനയാണ് ഈ തന്മാത്രകള്‍ നല്‍കുന്നത്. 
ഈ തന്മാത്രയ്ക്ക് ശാസ്ത്രലോകം ആനന്ദമൈഡ് എന്നു പേരിട്ടു. പേരിന് സംസ്‌കൃതഭാഷയിലെ ആനന്ദ (പരമാനന്ദം) എന്ന വാക്കിനോട് കടപ്പെട്ടിരിക്കുന്നു. ഇതില്‍ നിന്ന് ആനന്ദത്തിന്റെ രസതന്ത്രം വായിച്ചെടുക്കാം. . . സന്തോഷത്തിലുപരി ആനന്ദമൈഡ് ഓര്‍മ്മ, പ്രചോദനം, ഉയര്‍ന്ന ചിന്താശേഷി, ചലന നിയന്ത്രണം എന്നീ പ്രക്രിയകളില്‍ മുഖ്യപങ്കു വഹിക്കുന്നു. അര്‍ബുദകോശങ്ങളുടെ പെരുകല്‍ ഈ തന്മാത്ര തടയുന്നു. വിഷാദങ്ങള്‍ക്കും വ്യാകുലതകള്‍ക്കുമെതിരെ ശരീരത്തെ സുസജ്ജമാക്കുന്നു. . .'(ജീവശാസ്ത്ര അധ്യാപകനായ പി. കെ ഭാര്‍ഗവന്‍, മാതൃഭൂമി, 2017 ഡിസംബര്‍ 18 തിങ്കള്‍). ഉത്തേജക ദ്രവ്യങ്ങളുടെ (സ്ത്രീയും പുരുഷനും അന്യോന്യം ഉത്തേജകങ്ങളാണല്ലോ) സഹായത്താല്‍ ഉണ്ടാകുന്ന ഇതിനെ കാമാനന്ദം എന്ന് ത്രികദര്‍ശനത്തില്‍ വിളിക്കുന്നു. ഉപാധികളുടെ സഹായമില്ലാതെ തന്നെ ആനന്ദത്തിന്റെ ഈ തലത്തിലും ഉപരിതലങ്ങളിലും എത്താനുള്ള ഉപായങ്ങള്‍ ഹഠയോഗം, തന്ത്രം, കാശ്മീരദേശത്തെ ത്രികം എന്നീ മാര്‍ഗങ്ങളില്‍ പറയുന്നുണ്ട്. ആയുര്‍വേദത്തില്‍ യോഗതന്ത്രസാധകര്‍ ഉപയോഗിക്കേണ്ട ഒരു പ്രത്യേക ലേഹ്യത്തെപ്പറ്റി പറയുന്നുണ്ട്. ആദ്ധ്യാത്മിക സാധനയില്‍ രസഗന്ധകങ്ങളുടെ പ്രയോഗവിധികള്‍ സിദ്ധഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. ഹൈന്ദവാചാരാനുഷ്ഠാനങ്ങളുടെ ശാസ്ത്രബന്ധത്തിന് ഇത്തരത്തില്‍ നിരവധി തെളിവുകളുണ്ട്. തന്മൂലം ഇവയുടെ പൊരുള്‍ അറിയാന്‍ മേല്‍പ്പറഞ്ഞ പല ശാസ്ത്രശാഖകളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള സമീപനം (Multi Desciplined Approach) കൂടിയേ തീരൂ. 
(തുടരും)
 വാമനന്‍

No comments: