Tuesday, January 02, 2018

ഗീതാനുസന്ധാനം:
എന്തുകൊണ്ടായിരിക്കാം യുദ്ധക്കളത്തില്‍വച്ച് ശ്രീകൃഷ്ണന്‍ ഗീതോപദേശം നല്‍കിയത് ? അര്‍ജുനന്‍ തന്നെ അതിനുള്ള പാത്രമായത് എന്തിനായിരിക്കാം ? ഉപദേശം ഉള്‍ക്കൊള്ളാനുള്ള യോഗ്യതയുള്ള ഭീഷ്മര്‍, ധര്‍മപുത്രര്‍, വിദുരര്‍ ഒക്കെ ഉണ്ടായിട്ടും എന്തേ അര്‍ജുനന്‍ ? ജീവിതയുദ്ധത്തിലേര്‍പ്പെടേണ്ട, അനവധി പാര്‍ഥന്മാരെ (പാര്‍ഥന്‍- പ്രഥ്വി- ഭൂമിയുടെ പുത്രന്‍) എല്ലാം ഉദ്ദേശിച്ചാണ് ഗീതയെങ്കില്‍, ‘ന യോത്സ്യ ഇതി= ഞാനിനി യുദ്ധം ചെയ്യുന്നില്ല; എന്നു പറഞ്ഞ് പിന്തിരിയുന്ന അര്‍ജുനനെക്കൊണ്ട് യുദ്ധം ചെയ്യിക്കുക എന്നതില്‍ കവിഞ്ഞ് എന്ത് ലോകോദ്ധാരണമാണ്, ധര്‍മസംസ്ഥാപനമാണ് ഭഗവാന്‍ ചെയ്തത് ? എന്നിങ്ങനെ സംശയങ്ങള്‍ പല കാലത്തായി കണ്ടുവരുന്നു.
എന്തുകൊണ്ട് അര്‍ജുനനെ നിമിത്തമാക്കി:-
തനിക്ക് ഏറ്റവും പ്രിയങ്കരനായ സുഹൃത്ത്, ഭക്തന്‍, സമകാലീലന്‍, ആണ് അര്‍ജുനന്‍. ഒരുപക്ഷേ ഞങ്ങള്‍ രണ്ടുപേരും ഒന്നാണ്. പാണ്ഡവാനാം ധനഞ്ജയ(ഗീത 10.37) എന്നെല്ലാം ശ്രീകൃഷ്ണന്‍ പറയുന്നുണ്ട്. ഇഷ്‌ടോസി മേ ദൃഢമിതി (18.64) പ്രതിജാനേ പ്രിയോസി മേ (18.65), ഭക്തോസി മേ സഖാ ചേതി (4- 1,2,3) എന്നീ വാക്യങ്ങള്‍ ഭഗവാന് അര്‍ജുനനോടുള്ള പ്രതേ്യക താത്പര്യത്തെ ദ്യോതിപ്പിക്കുന്നു. തന്റെ ധര്‍മസംസ്ഥാപന, ജഗതോദ്ധാരണ പദ്ധതിക്ക് ഉത്തമ മാധ്യമം ഇയാള്‍ തന്നെ എന്നത്- ‘യദ്യദാചരതി ശ്രേഷ്ഠ സ്തത്തദേ വേതരോ ജനഃ’ (ഗീത 3.21) എന്ന ശ്ലോകഭാഗത്തിലൂടെ പറയാതെ പറയുന്നു. എന്താണോ ഗുണാധിക്യമുള്ള ശ്രേഷ്ഠവ്യക്തികള്‍ പ്രമാണമായി കരുതുന്നത്, അത് മറ്റുള്ളവര്‍ അനുകരിച്ചുകൊള്ളും. അത്തരക്കാര്‍ സമൂഹത്തിന് മാതൃകയാകും.
ഇവിടെ മനുഷ്യസഹജമായ കുറ്റങ്ങളും കുറവുകളുമുള്ളയാളാണ് അര്‍ജുനന്‍. പക്ഷേ ഉന്നതമായ ഗുണവിശേഷങ്ങളും ഋജുത്വവും തെളിഞ്ഞ ബുദ്ധിയും ധീരതയും ഇദ്ദേഹത്തില്‍ സമ്മേളിച്ചിരിക്കുന്നു. അതിനാല്‍ അദ്ദേഹത്തിന് ഈ യോഗശാസ്ത്രം ഉപദേശിച്ചാല്‍, അര്‍ജുനന്‍ അത് മനസിലാക്കി ആചരിച്ചു തുടങ്ങിയാല്‍, ലോകം അതേറ്റെടുത്തുകൊള്ളും എന്ന് ശ്രീകൃഷ്ണന്‍ നിശ്ചയിച്ചു.
അപ്പോള്‍ ജ്ഞാനദാനത്തിന് സുധീഃ തെളിഞ്ഞ ബുദ്ധിയും സ്ഥൈര്യവും മാത്രമാണോ വേണ്ടത് ? അങ്ങനെയായാല്‍ മാത്രം ജ്ഞാനം ഉപദേശിക്കപ്പെടാമോ ? ശിഷ്യന്‍ ജിജ്ഞാസു ആയിരിക്കുകയും വേണം! ‘അഥാതോ ബ്രഹ്മജിജ്ഞാസ’, അഥാതോധര്‍മ ജിജ്ഞാസ’ എന്നീ പ്രകാരം സംവാദരൂപമുള്ള ഭാരതീയ ഗ്രന്ഥങ്ങളിലെല്ലാം കാണാം. ‘അഥാതോ ഭക്തിം വ്യാഖ്യാസ്യാമഃ (നരഭക്തിസൂത്ര ജിജ്ഞാസയുടെ എല്ലാ ഭാവങ്ങളും ശിഷ്യനില്‍ കണ്ടുതുടങ്ങിയാല്‍, ഗുരുവിനോട് ആ ഭാവത്തോടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുതുടങ്ങിയാല്‍, ഗുരുജ്ഞാനം ഉപദേശിക്കുകയായി.
ഗീത (3.34)ല്‍ ‘തദ്‌വിദ്ധിപ്രണിപാതേന പരിപ്രശ്‌നേന സേവയ”- അതായത് ഗുരുവിനെ ചെന്ന് കണ്ട് തന്റെ അഹംഭാവം (ഈഗോ) മുഴുവന്‍ താഴത്തുവച്ച് നമസ്‌കരിച്ച്, സംശയങ്ങള്‍ ഉന്നയിച്ച്, പഠിക്കുക എന്നു പറഞ്ഞിരിക്കുന്നു. ഇത് തന്നെയല്ലേ കുരുക്ഷേത്രഭൂമിയില്‍ സംഭവിച്ചത് ? ഇതേവരെ; ”സഖേതി മത്വാ… (ഗീത 11.41)” ഹേ സഖാവേ, യാദവാ, കൃഷ്ണാ എന്നിങ്ങനെ ഭഗവാന്റെ മഹിമ എന്തെന്ന് അറിയാതെ, അഭിസംബോധന ചെയ്തു! തന്റെ ഒരു വെറും സാരഥി എന്ന നിലയില്‍ ശ്രീകൃഷ്ണനെ കണ്ടു. അര്‍ജുനന്‍ തന്റെ ഈഗോ താഴെവച്ച് നമസ്‌കരിക്കുന്നു. എന്നിട്ടോ (ഗീത 2.7)
കാര്‍പണ്യദോഷപഹത സ്വഭാവ……..
ശിഷ്യ സ്‌തേഹം ശാധിമാം ത്വാം പ്രചന്നം
അപരാധം ക്ഷമിച്ച്, തന്നെ രക്ഷിച്ചാലും എന്നു കേഴുന്നു. എന്നാല്‍ ഇനി യുദ്ധം ചെയ്യാനില്ല ‘ന യോത്സ്യ ഇതി ഗോവിന്ദ’ എന്നുപറഞ്ഞ് മിണ്ടാതെയിരിക്കാന്‍ തുടങ്ങി. ഇവിടെ മുതലാണ് യഥാര്‍ഥത്തില്‍ ഭഗവദ്ഗീത ആരംഭിക്കുന്നത് എന്ന് പല ഗീതാനുയായികളും പറഞ്ഞിട്ടുണ്ട്.
ഗീതോപദേശം എന്തിന്, യുദ്ധക്കളത്തില്‍ വച്ച്
രണ്ട് ഉദ്ദേശ്യങ്ങളാണ് ഇവിടെ മുതല്‍. ശ്രീകൃഷ്ണന്-അര്‍ജുനന്‍ യുദ്ധം ചെയ്‌തേപറ്റൂ. യുദ്ധസന്നാഹങ്ങളെല്ലാം ഒരുക്കിക്കഴിഞ്ഞു. രണ്ടു സൈന്യത്തിനും നടുവില്‍നിന്ന് സേനാനായകന്‍ ‘ഞാന്‍ യുദ്ധത്തിനില്ല’ എന്നുപറഞ്ഞാല്‍ അയാളെ ഈ ഭാരം ഏല്‍പ്പിച്ചവരുടെ അവസ്ഥ എന്താകും ? ഇങ്ങനെയൊരു നിലപാട് അവരോടുള്ള നിന്ദയാണ്. കൂറുമാറ്റമാണ്. സ്വധര്‍മം വെടിയാന്‍ ഒരുങ്ങുന്നു എന്നര്‍ഥം. യുദ്ധം പാപമല്ലേ ? ഗുരുക്കന്മാരും ബന്ധുക്കളും കൊല്ലപ്പെടുമല്ലോ ? ഇത് ഉചിതമോ ? ഇപ്രകാരം ധര്‍മാധര്‍മ ചിന്തയും കര്‍മമേത് അകര്‍മമേത് എന്നിങ്ങനെയുള്ള സംശയങ്ങളിലും കുടുങ്ങി ‘ശോക സംവിഗ്നമാനസ(ഗീത. 1.47) നായി,
അര്‍ജുനന്‍ വിഷാദരോഗത്തിന് അടിമപ്പെടുന്നു. ഈ വിഷാദമേഘങ്ങള്‍ കുറച്ചുകൂടി, കുമിഞ്ഞുകൂടി, ഇയാള്‍ ഒരു പരുവത്തിലെത്തട്ടെ. എന്നിട്ട്, നല്ലപോലെ ചുട്ടുപഴുത്തിട്ട് അടിച്ചുപരത്താം. എന്ന് കരുതിയാണോ ? ഒന്നാം അധ്യായത്തില്‍ ഭഗവാന് മിണ്ടാട്ടമില്ല. ശ്രീ ഭഗവാനുവാച ”എന്ന പദം കണ്ടുതുടങ്ങുന്നത് രണ്ടാം അധ്യായം മുതല്‍ മാത്രം. അതും കശ്മലാ, ആണും പെണ്ണുംകെട്ടവനെ, എന്നിങ്ങനെ ആഞ്ഞ അടികളോടെ (ഗീത 2.2). അര്‍ജുനന്റെ വിഷാദരോഗത്തെ അനാര്യജുഷ്ടം, അസ്വര്‍ഗ്യം, അകീര്‍ത്തികരം എന്നിങ്ങനെ ഭഗവാന്‍ കളിയാക്കുന്നു. (ഗീത.2.3) ഇത്തരം വിഷാദരോഗം, എല്ലാക്കാലത്തും നല്ലബുദ്ധികളായ യുവതീയുവാക്കളെയും സാമാന്യജനത്തെയുമൊക്കെ ബാധിച്ചിട്ടുണ്ട്. ഇനിയും സാധ്യതയുമുണ്ട്.
അത്യന്തം ശ്രേഷ്ഠനായ (ആര്യനായ) അര്‍ജുനന്റെ ഇത്തരത്തിലുള്ള താഴ്ന്ന നിലപാടുകള്‍, അദ്ദേഹത്തെ അനാര്യനാക്കുന്നു. എന്നു പറയുമ്പോള്‍ തന്നെ, അടിസ്ഥാനപരമായി പാണ്ഡവ കൗരവാദികളില്‍ ഏറ്റവും ശ്രേഷ്ഠനാണ് അര്‍ജുനന്‍ എന്ന ശ്രീകൃഷ്ണന്റെ ബോധ്യം ഒരിക്കല്‍കൂടി വെളിവാകുന്നു.
ഈ കാലഘട്ടത്തില്‍ നമ്മുടെ തലമുറയിലുള്ളവരില്‍ ഭൂരിഭാഗംപേരും പ്രതേ്യകിച്ചും യുവാക്കള്‍ അര്‍ജുനനെപോലെ ശ്രേഷ്ഠന്മാര്‍തന്നെയാണ്. പക്ഷേ ശരിയേത്, തെറ്റേത്, നല്ലത്? തീയത്? ഏത് ശ്രേയസ്സ്‌കരം, ശരിയായ മാര്‍ഗമേത്? എന്നീ കാര്യങ്ങളില്‍ കുറച്ചു കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. ഈ യുദ്ധരംഗത്തെ പശ്ചാത്തലമാക്കുകവഴി, ജീവിതമാകുന്ന യുദ്ധത്തെ പ്രതീകവത്കരിക്കുക എന്നതാണ് രണ്ടാമത്തെ ഉദ്ദേശ്യം. ശോകമോഹാദി ക്ലേശങ്ങളില്‍, എത്ര സാത്വികരായാലും, സുധീരന്മാരായാലും ചെന്നുപെടാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കാനാണ് ഇത്തരം സന്ദര്‍ഭത്തെ രംഗവേദിയാക്കിയത്. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനാകാതെ, ദുഃഖസാഗരത്തില്‍ മുങ്ങിത്താഴുന്ന അവസ്ഥ ആര്‍ക്കും വന്നുചേരാം. ആ സന്ദര്‍ഭത്തിലെല്ലാം ഗീതമാര്‍ഗദര്‍ശകമാണെന്ന സൂചിപ്പിക്കാനായി ഭഗവാന്‍ ഭാരതയുദ്ധത്തെ പശ്ചാത്തലമാക്കി.


ജന്മഭൂമി: http://www.janmabhumidaily.com/news761968#ixzz534b9lXrF

No comments: