Monday, January 01, 2018

ദേവാസുരയുദ്ധത്തെക്കുറിച്ചുള്ള ഒട്ടേറെ കഥകള്‍ നാം കേട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഈ ദേവാസുരയുദ്ധം നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലാണ് നടക്കുന്നതെന്നും പല ആചാര്യന്മാരും പറഞ്ഞു നാം കേട്ടിട്ടുണ്ട്. ഈശ്വരസന്നിധിയിലേക്കുള്ള യാത്രയില്‍ ആധ്യാത്മികതയുടെ പാതയില്‍ ഏതൊരു ഉപാസകനും പലപ്പോഴായി ഈ ദേവാസുരയുദ്ധത്തിന് സാക്ഷ്യം വഹിക്കേണ്ടിവരും. വേദങ്ങളിലാണ് ഈ ദേവാസുരയുദ്ധത്തിന്റെയും ആദിമൂലം നമുക്ക് കാണാനാവുക. ഒരു ഋഗ്വേദം മന്ത്രം കാണൂ,
ഓം സ ഇദ്ദാസം തുവീരവം പതിര്ദന്
ഷളക്ഷം ത്രിശീര്ഷാണം ദമന്യത്.
അസ്യ ത്രിതോ ന്വോജസാ വൃധാനോ
വിപാ വരാഹമയോ അഗ്രയാ ഹന് (ഋഗ്വേദം 10.99.6)
മന്ത്രാര്‍ഥമിങ്ങനെയാണ്, (സഃ പതിഃ =) ശരീരത്തിന്റെ അധിപതിയായ ഇന്ദ്രനെന്ന ആ ജീവാത്മാവ്, (ഇത്=)നിശ്ചയമായും (തുവീരവം =) വലുതായി – ഭയങ്കരമായി ഗര്‍ജ്ജിക്കുന്ന (ഷഡക്ഷം =) ആറു കണ്ണുകളുള്ളതും (ത്രിശീര്ഷാണം =) മൂന്ന് ശിരസ്സുകള്‍ ഉള്ളതുമായ (ദാസം =) അസുരനെ (ദന് =) ഛിന്നഭിന്നമാക്കി (ദമന്യത് =) അടക്കുന്നു. (നു=) ഇപ്പോള്‍ (അസ്യ =) ഇന്ദ്രനെന്ന ഈ ജീവാത്മാവിന്റെ (ഓജസാ =) ബലത്താല്‍ (വൃധാനഃ =) മുന്നേറി (ത്രിതഃ )= മനസ്സ്, വാണി, കര്‍മം ഈ മൂന്നിലും സമൃദ്ധരായ മനുഷ്യന്‍ (അയോ അഗ്രയാ =) ലോഹംകൊണ്ടുള്ള ആയുധത്തിന്റെ മൂര്‍ച്ചയേറിയ അഗ്രഭാഗംപോലുള്ള (വിപാ =) സാത്വികവൃത്തികളുടെ രൂപത്തിലുള്ള നാരായംകൊണ്ട് (വരാഹം =) വരാഹാസുരനെ (ഹന് =) വധിക്കുന്നു.
ആറുകണ്ണുകളും മൂന്നു തലകളുമുള്ള അസുരനെ വധിക്കണമെങ്കില്‍ ഭഗവാന്‍ നമ്മെ സഹായിക്കും, പക്ഷേ ശ്രമം നാം സ്വയം ആരംഭിക്കണം. ദുശ്ചിന്തയാണ് ആ അസുരന്‍. അവന് കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം ഇങ്ങനെ ആറു കണ്ണുകളുണ്ട്. ബ്രഹ്മഹത്യ, അസത്യാചാരം, വ്യഭിചാരം ഇങ്ങനെ മൂന്നു ശിരസ്സുകളുമുണ്ട്. ഈ അസുരന്‍ എപ്പോഴാണോ ആക്രമിക്കുന്നത് അപ്പോള്‍ ചിലരെ അവന്‍ കാമമെന്ന കണ്ണുകളെക്കൊണ്ട് നോക്കി, കാമാസക്തനാക്കുന്നു. ക്രോധമെന്ന കണ്ണുകളെക്കൊണ്ട് നോക്കി ചിലരെ അവന്‍ ക്രോധാവിഷ്ടരാക്കുന്നു. ലോഭമെന്ന കണ്ണിനെക്കൊണ്ടുനോക്കി ലോഭിയാക്കിത്തീര്‍ക്കുന്നു. ഇതുപോലെത്തന്നെ മോഹം, മദം, മാത്സര്യം എന്നീ കണ്ണുകളെക്കൊണ്ടുനോക്കി അതത് ദോഷങ്ങളെക്കൊണ്ട് വലയം ചെയ്യിക്കുന്നു.
അവന്റെ കണ്ണുകളില്‍ അതിനു പറ്റിയ വിഷമയമായ ജാലവിദ്യയുണ്ട്. ഇതിനു പുറമെ ഹത്യയാകുന്ന ശിരസ്സിളക്കി കൊലപാതകത്തിലേക്കും മറ്റ് വിധ്വംസകപ്രവര്‍ത്തനങ്ങളിലേക്കും, അസത്യാചരണമെന്ന ശിരസ്സിളക്കി അസത്യാചരണങ്ങൡലക്കും, വ്യഭിചാരശിരസ്സിളക്കി വ്യഭിചാരത്തിലേക്കും മനുഷ്യനെ ശക്തിയായി വലിച്ചടുപ്പിക്കുന്നു. ഗര്‍ജ്ജിച്ചുകൊണ്ട് ഇവന്‍ മനുഷ്യരെ ഭയാക്രാന്തരാക്കുന്നു, ഇവന്റെ താഡനത്തില്‍നിന്ന് ആരാണ് രക്ഷപ്പെടുക? ഇവനെ വധിക്കണമെങ്കില്‍ ആത്മാവായ ഇന്ദ്രനെത്തന്നെ ശരണം പ്രാപിക്കണം, അതായത് ആത്മാവായ ഇന്ദ്രന്‍ സ്വയം തയ്യാറാകണം. ആത്മാവില്‍ മഹത്തായ ശക്തികള്‍ കുടിയിരിക്കുന്നുണ്ട്.
എപ്പോഴൊക്ക അവന്‍ ദൃഢസങ്കല്പവും ഉത്സാഹവും നിശ്ചയാത്മകബുദ്ധിയും കൈയ്യിലേന്തി രംഗത്തിറങ്ങുന്നുവോ, അപ്പോള്‍ എത്ര വലിയ ശത്രുവിനെപ്പോലും അവന്‍ അരിഞ്ഞുവീഴ്ത്തും.
അര്‍ത്ഥനിര്‍ണയത്തിന് എടുത്തുപയോഗിച്ചിരിക്കുന്ന പദങ്ങള്‍, ഇവിടെ, ഹിംസയെ ദ്യോതിപ്പിക്കുന്നവതന്നെയാണ്. ഉദാഹരണമായി ‘ശത്രുവിനെ അരിഞ്ഞുവീഴ്ത്തുക’ എന്ന ഒരു പ്രയോഗം തന്നെ നോക്കുക. വേദം ഹിംസയെ ന്യായീകരിക്കുകയാണോ ചെയ്യുന്നത് എന്ന് ലഘുബുദ്ധികള്‍ ചിന്തിച്ചേക്കാം. ക്രോധത്തെ അരിഞ്ഞുവീഴ്ത്തണം എന്ന് മന്ത്രം പറയുന്നു. ക്രോധംകൊണ്ടല്ല ക്രോധത്തെ അരിഞ്ഞുവീഴ്ത്താന്‍ പറഞ്ഞത്. ഇനി ക്രോധം വധിക്കപ്പെടുമ്പോള്‍ അവശേഷിക്കുന്നത് എന്താണ്- തെളിഞ്ഞ സാത്വികബോധമാണ്.
അല്ലാതെ വിദ്വേഷത്തിന്റെ രക്തക്കറകളല്ല. അസത്യത്തിനുനേരെ വലിച്ചടുപ്പിക്കുന്ന ശിരസ്സിനെ സത്യത്തെക്കൊണ്ടു മാത്രമേ ഇല്ലാതാക്കാനാവൂ. ചിത്തത്തില്‍ മാലിന്യം കുമിഞ്ഞുകൂടാന്‍ മാത്രമേ വ്യഭിചാരം സഹായിക്കൂ എന്ന നിശ്ചയബുദ്ധികൊണ്ട് വ്യഭിചാരത്തിലേക്ക് വലിച്ചടുപ്പിക്കുന്ന ശിരസ്സിനെ ഉന്മൂലനം ചെയ്താല്‍ പ്രകാശത്തെ ചൂഴ്ന്നുകൊണ്ടുള്ള ആത്മാവിന്റെ ആവരണങ്ങളെ മറികടക്കാന്‍ ഇന്ദ്രനു സാധിക്കുന്നു. ഈ ഹിംസാവൃത്തികളെ നമുക്ക് വൈദികഹിംസ എന്നു പറയാം.
ദുര്‍വിചാരരൂപിയായ അസുരനു പുറമെ മറ്റൊരു അസുരനും കൂടിയുണ്ട്- വരാഹാസുരന്‍. വരാഹം എന്നാല്‍ സാമാന്യമായി കാട്ടുപന്നി എന്നാണ് മനസ്സിലാക്കിവരുന്നത്. പന്നിയുടെ ആഹാരസ്വഭാവം തമോഗുണത്തെ സൂചിപ്പിക്കുന്നു, അതിന്റെ വേഗം രജോഗുണത്തെയും. തമോഗുണവും രജോഗുണവും കൂടിച്ചേരുമ്പോള്‍ തമോഗുണത്തിന് ശക്തി കൂടുതല്‍ ഉണ്ടാവുകയും അത് അനര്‍ത്ഥങ്ങളെ വരുത്തിവെക്കുകയും ചെയ്യുന്നു. മനുഷ്യന്റെ മനസ്സ് യോദ്ധാവാണെങ്കില്‍ ആത്മാവ് സൈന്യാധിപനാണ്. ആത്മാവില്‍നിന്നും ശക്തി ഉള്‍ക്കൊണ്ട് സങ്കല്പം, വാക്ക്, കര്‍മം ഈ ത്രിത്വത്തെക്കൊണ്ട്, സാത്വികവൃത്തികള്‍ വര്‍ധിക്കുകയും, അവയുടെ ശക്തികൊണ്ട് ഇരുട്ടിന്റെ വരാഹാസുരനെ വധിക്കുകയും ചെയ്യുന്നു.
വേദാനുകൂലമായ ഈ ഹിംസയെ വൈദികഹിംസ എന്നാണ് പറയാറെന്നു പറഞ്ഞു. ആയതിനാല്‍ വൈദികപാരമ്പര്യത്തില്‍ പ്രശസ്തമായ ഒരു ചൊല്ലു രൂപപ്പെട്ടു- ‘വൈദികീഹിംസാ ഹിംസാ ന ഭവതി’- വൈദികഹിംസ ഹിംസയല്ല എന്ന്. എന്നാല്‍ വേദാര്‍ഥം മനസ്സിലാക്കാത്ത അജ്ഞാനികള്‍ പിന്നീട് വൈദികയജ്ഞങ്ങളില്‍ മൃഗബലി നടത്തുകയും ഈ ചൊല്ല് തങ്ങളുടെ ആസുരികപ്രവൃത്തികള്‍ക്ക് ന്യായീകരണമായി പറയുവാനും തുടങ്ങി. അസുരന്‍മാരെ പരാജയപ്പെടുത്താന്‍ വൈദികഹിംസകൊണ്ടേ സാധിക്കൂ. ആറു കണ്ണുകളും മൂന്നു തലകളുമുള്ള അസുരനെ നമുക്ക് ഇന്ദ്രന്റെ ശക്തികൊണ്ട് ഉന്മൂലനം ചെയ്യാം.


ജന്മഭൂമി: http://www.janmabhumidaily.com/news761611#ixzz52yVoP0yX

No comments: