Wednesday, January 17, 2018

അന്‍പത്തിരണ്ട് ഇനം പാരമ്പര്യ നെല്‍വിത്തുകള്‍ സംരക്ഷിക്കുന്നു എന്നതാണ് രാമേട്ടനിലെ കര്‍ഷകന്റെ ജീവിതമഹത്വം. ആറ് മാസം മൂപ്പുള്ള വെളിയന്‍, ചേറ്റുവെളിയന്‍, മണ്ണുവെളിയന്‍, ചെന്താടി, മുണ്ടകന്‍, ചെമ്പകം എന്നിവയും അഞ്ച് മാസം മൂപ്പുള്ള മരത്തൊണ്ടി, ചെന്നല്‍തൊണ്ടി, ചെന്നെല്ല്, കണ്ണിചെന്നെല്ല്, പാല്‍വെളിയന്‍, അടുക്കന്‍, കോതണ്ടന്‍, വെള്ളിമുത്ത്, കുറുമ്പാളി, സുഗന്ധനെല്ലുകളായ ഗന്ധകശാല, ജീരകശാല, ഉരണികയ്മ, മുള്ളന്‍കയ്മ എന്നിവ രാമേട്ടന്റെ പാടത്ത് സമൃദ്ധമായി വിളയുന്നു. നാല് മാസം മൂപ്പുള്ള പാല്‍തൊണ്ടി, ഓണമൊട്ടന്‍, കല്ലടിയാരന്‍, ഓക്കന്‍പുഞ്ച എന്നിവയും മൂന്ന് മാസം മൂപ്പുള്ള പുന്നാടന്‍ തൊണ്ടി, തൊണ്ണൂറാം തൊണ്ടി, തൊണ്ണൂറാം പുഞ്ച, ഞവര എന്നിവയും രാമേട്ടന് മാത്രം സ്വന്തം. ഓരോ പ്ലോട്ടുകളിലും നമ്പറിട്ട് പേരെഴുതി കൃത്യതയോടെ കൃഷി ചെയ്യുന്നു. 
വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍നിന്നും രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കമ്മനയിലെ ചെറുവയല്‍ രാമന്റെ തലക്കര തറവാടായി. മുമ്പ് 25ല്‍ അധികം അംഗങ്ങളുണ്ടായിരുന്ന കൂട്ടുകുടംബം. ഇന്ന് രാമേട്ടനും ഭാര്യ ഗീതയും മകന്‍ രാജേഷും അവരുടെ ഭാര്യ രജിതയുമാണ് ഇവിടെ താമസം. വന്‍മരങ്ങള്‍ മാനംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന തപോവന ഭൂമിയിലാണ് രാമേട്ടന്റെ പുല്ല്'കൊട്ടാരം'. നെല്‍കൃഷി ധാരാളമുള്ളതിനാല്‍ പുല്ലുവീട് മതി രാമേട്ടന്.. കാവും ദൈവത്തറയുമെല്ലാം ഇവിടെയുണ്ട്. 40 ഏക്കര്‍ കുടുംബസ്വത്തില്‍ 18 ഏക്കര്‍ കരഭൂമി, 22 ഏക്കര്‍ പാടശേഖരം. ഭൂമി മക്കളായ രമണി, രമേശന്‍, രാജേഷ്, രജിത എന്നിവര്‍ക്കായി വീതിച്ചുനല്‍കി. എല്ലാവരും കൃഷിയെടുക്കുന്നു. ജൈവകൃഷി രീതി മാത്രം പിന്തുടരുന്ന തലക്കര തറവാട് നാടിന്റെ അഭിമാനം കൂടിയാണ്.
 ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ, ബ്രിട്ടീഷുകാര്‍ക്ക് പേടിസ്വപ്‌നമായിരുന്ന തലക്കര ചന്തുവിന്റെ കുടുംബാംഗങ്ങളാണ്  തങ്ങളെന്ന് സ്വാഭിമാനം ഇവര്‍ പറയുന്നു. പഴശ്ശിരാജാവിന്റെ പടയാളികളായിരുന്ന കുറിച്യര്‍ ബ്രിട്ടീഷ് പടയുമായി ഏറ്റുമുട്ടുന്ന അവസരത്തിലും ഒരു സംഘം യുദ്ധത്തിനു പോകുമ്പോള്‍ മറ്റൊരു സംഘം കൃഷിയിലേര്‍പ്പെടുക പതിവാക്കിയിരുന്നു. 
പാടവരമ്പും പാഠശാല
ജൈവവൈവിദ്ധ്യ ബോര്‍ഡിന്റെ പുരസ്‌കാരങ്ങളും ആദരവും ഏറ്റുവാങ്ങിയ രാമേട്ടനില്‍ നിന്ന് കാര്‍ഷിക ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പഠിക്കാനുണ്ട്.  സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ സര്‍വ്വകലാശാലകളില്‍ കൃഷിയുമായി ബന്ധപ്പെട്ട് ക്ലാസ്സുകളെടുക്കുന്ന രാമേട്ടന്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പ്രൊഫസര്‍ കൂടിയാണ്.തൃശ്ശര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ജനറല്‍ കൗണ്‍സിലിലേക്ക് കര്‍ഷിക പ്രതിനിധിയായും തിഞ്ഞെടത്തിട്ടുണ്ട്.ഗവേഷകരുമായി സ്വന്തം പാടവരമ്പത്ത് സംവദിക്കലാണ് ഇദ്ദേഹത്തിന്റെ രീതി.     അഞ്ചാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച് കുടംബനാഥന്റെ ഇംഗിതത്തിന് വഴങ്ങി കാര്‍ഷികവൃത്തി ഏറ്റെടുക്കേണ്ടിവന്ന രാമേട്ടന്‍ മക്കള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്നതില്‍ ഒരു കുറവും വരുത്തിയില്ല. 
1968 ല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കണ്ണൂര്‍ ഡിഎംഒ ഓഫീസില്‍ ലഭിച്ച സ്ഥിരജോലിയും കാര്‍ഷികവൃത്തിയ്ക്കു വേണ്ടി ഉപേക്ഷിച്ചു. മനസ്സില്ലാ മനസ്സോടെയായിരുന്നു ആ തീരുമാനം. 40 കാലികളും പത്ത് പശുവും പത്ത് പൂട്ടുകാളകളും ഉണ്ടായിരുന്ന തറവാട്ടില്‍ നിന്നു വിട്ടുപോകാന്‍ പിതാവിന്റെ അനുമതി വേണമായിരുന്നു. നേരിട്ട് സംസാരിക്കാനാവാത്തതിനാല്‍ വാതിലിനുപിന്നില്‍ മറഞ്ഞുനിന്നാണ് കാര്യം ധരിപ്പിച്ചത്. ഒരു മൂളല്‍ മാത്രമായിരുന്നു മറുപടി. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും അഭ്യര്‍ത്ഥന നടത്തി. മിണ്ടാട്ടമില്ല. ഒരാഴ്ച്ച കഴിഞ്ഞ് ഒന്നുകൂടി ആവര്‍ത്തിച്ചു. മറുപടിയൊരു പൊട്ടിത്തെറി ആയിരുന്നു. കൃഷിയും സ്ഥലവുമൊന്നും വേണ്ടെങ്കില്‍ സ്ഥലം വിട്ടോ എന്ന അന്ത്യശാസനം. അതോടെ എല്ലാ സ്വപ്‌നവും പൊലിഞ്ഞു. പിന്നീടങ്ങോട്ട് നല്ലൊരു കര്‍ഷകനാകാനുള്ള ശ്രമമായിരുന്നു. അത് വെറുതെയായില്ല. വിത്തുകൈമാറ്റം, ആകാശവാണിയിലെ കാര്‍ഷിക പരിപാടികള്‍ ഇവയിലെല്ലാം ഈ അറുപത്തൊമ്പതുകാരന്‍ സജീവമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും ഇദ്ദേഹത്തെ തേടിയെത്തുന്നു. സന്ദര്‍ശകരില്ലാത്ത ദിവസമില്ല എന്നുതന്നെ പറയാം. കൃഷി വകുപ്പ് തന്നെ ഒരു സന്ദര്‍ശക ബുക്ക് രാമേട്ടന് നല്‍കിയിട്ടുണ്ട്. 
1135 മീറ്റര്‍ നീളത്തിലും ഒന്നേകാല്‍ മീറ്റര്‍ ആഴത്തിലും സ്വന്തം കൃഷിയിടത്തില്‍ രാമേട്ടന്‍ നിര്‍മ്മിച്ച മഴക്കുഴികള്‍ ആരെയും അതിശയിപ്പിക്കും. മണ്ണൊലിപ്പ് തടയുന്നതോടൊപ്പം സ്വാഭാവിക ജലസംഭരണവും ഇവിടെ സാധ്യമാകുന്നു. ഗോത്രാചാരങ്ങള്‍ കൃത്യമായി പാലിച്ചുവരുന്ന രാമേട്ടന് പുതുതലമുറ പലതും കൈവിടുന്നു എന്ന മനോവിഷമം വല്ലാതെ അലട്ടുന്നുമുണ്ട്. മകം നാളില്‍ കതിര്‍ കുളിപ്പിക്കല്‍, വിളനാട്ടി ഉത്സവം, കൊയ്ത്തുത്സവം, കൊയ്ത്ത് കൂട്ടല്‍ ഉത്സവം, ഉച്ചാല്‍, തുലാംപത്ത് ഇതെല്ലാമാണ് രാമേട്ടന്റെ വിശേഷദിവസങ്ങള്‍. പിറന്നാള്‍ ആഘോഷങ്ങള്‍ക്കുപരി ഗോത്രോത്സവങ്ങളാണ് രാമേട്ടന്റെ ആഘോഷ ദിനങ്ങള്‍. ഈശ്വരപ്രീതിക്കുവേണ്ടി ചെയ്യുന്ന എല്ലാ ചടങ്ങുകളും സമ്പദ് സമൃദ്ധിയും ഐശ്വര്യവും കുടുംബത്തിലെത്തിക്കുമെന്നാണ് ഗോത്ര വിശ്വാസം.
ഇതിനോടകം സര്‍ക്കാര്‍ തലത്തിലും, സ്വകാര്യ മേഖലയില്‍ നിന്നുമായി നിരവധി പുരസ്‌കാരങ്ങള്‍ക്ക് ചെറുവയല്‍ രാമന്‍ അര്‍ഹനായി.  എങ്കിലും കേന്ദ്ര കാര്‍ഷിക ക്ഷേമ മന്ത്രാലയം 2015 ല്‍ നല്‍കിയ പ്ലാന്റ് ജീനോം സേവ്യര്‍ ദേശീയ പുരസ്‌കാരമാണ് ഏറ്റവും വിലപ്പെട്ടതായി കരുതുന്നത്. 
നമ്മുടെ കാര്‍ഷിക പാരമ്പര്യം അന്യം നിന്നുപോകാതിരിക്കുന്നത് രാമേട്ടനെപോലുള്ള കര്‍ഷകര്‍ ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു എന്നതുകൊണ്ടാണ്. ഇന്നത്തെ യുവതലമുറ ഇവരെപ്പോലുള്ളവരെയാണ് മാതൃകയാക്കേണ്ടതും. ..janmabhumi

No comments: