Wednesday, December 26, 2018

*ഭഗവദ്ഗീത*
          *(യഥാരൂപം)*

*അന്താരാഷ്‌ട്ര കൃഷണാവബോധസമിതിയുടെ സ്ഥാപകാചാര്യൻ* *കൃഷ്ണകൃപാമൂർത്തി* *ദിവ്യപൂജ്യ ശ്രീ ശ്രീമദ് അഭയചരണാരവിന്ദ*  *ഭക്തിവേദാന്തസ്വാമി പ്രഭുപാദർ*

           *അദ്ധ്യായം 13*
    *ശ്ലോകങ്ങള്‍ 8-12*

         *ശ്ലോകം  8*

*അമാനിത്വമദംഭിത്വമഹിംസാ ക്ഷാന്തിരാർജവം*       

*ആചാര്യോപാസനം ശൗചം സ്ഥൈര്യമാത്മവിനിഗ്രഹഃ*

        *ശ്ലോകം  9*

*ഇന്ദ്രിയാർഥേഷു വൈരാഗ്യമനഹങ്കാര ഏവ ച*

 *ജന്മമൃത്യുജരാവ്യാധി ദുഃഖദോഷാനുദർശനം*   

           *ശ്ലോകം  10*

*അസക്തിരനഭിഷ്വങ്ഗഃ പുത്രദാരഗൃഹാദിഷു*   

*നിത്യം ച സമ ചിത്തത്വമിഷ്ടാനിഷ്‌ടോപപത്തിഷു*

          *ശ്ലോകം  11*

*മയി ചാനന്യയോഗേന ഭക്തിരവ്യഭിചാരിണീ*

*വിവിക്തദേശസേവിത്വമരതിർജനസംസദി* 

           *ശ്ലോകം  12*

*അധ്യാത്മജ്ഞാനനിത്യത്വം തത്ത്വജ്ഞാനാർഥദർശനം* 

*ഏതജ്ജ്ഞാനമിതി പ്രോക്തമജ്ഞാനം യദതോ ഽന്യഥാ*

         *അർത്ഥം*

*വിനയം, ഗർവ്വില്ലായ്മ, അഹിംസ, ക്ഷമ, ലാളിത്യം, ഒരു യഥാർത്ഥ ആത്മീയ ഗുരുവിനെ സമീപിക്കൽ, ശുചിത്വം, സ്ഥൈര്യം, ആത്മസംയമം, ഇന്ദിയവിഷയങ്ങളിൽ അനാസക്തി, മിഥ്യാഹങ്കാരമില്ലായ്മ, ജനനമരണങ്ങൾ, വാർദ്ധക്യം, രോഗം എന്നീ പരിണാമങ്ങളുടെ ദുഃഖാത്മകതയെക്കുറിച്ചുള്ള ബോധം, വൈരാഗ്യം, മക്കൾ, ഭാര്യ ഗൃഹം മുതലായവയിൽ നിന്നുള്ള മുക്തി, സുഖദുഃഖങ്ങളിൽ അക്ഷോഭ്യത; എന്നിൽ സ്ഥിരവും നിഷ്കളങ്കവുമായ ഭക്തി; ഏകാന്തമായ സ്ഥലത്തു ജീവിക്കാനുള്ള ആഗ്രഹം; ആൾക്കൂട്ടത്തിൽ നിന്നു വേറിട്ടുനിൽക്കൽ; ആത്മസാക്ഷാത്കാരത്തിന്റെ പ്രാധാന്യമറിയൽ; തത്ത്വചിന്തയിലൂടെ നിരപേക്ഷതത്ത്വത്തെക്കുറിച്ചന്വേഷിക്കൽ എന്നിവ എല്ലാം ജ്ഞാനമാണെന്നും ഇവയല്ലാതെ ഉള്ളവ എല്ലാം അജ്ഞാനമാണെന്നും ഞാൻ പ്രഖ്യാപിക്കുന്നു.*

           *ഭാവാർത്ഥം*

   *ഈ ജ്ഞാനപ്രക്രിയയെ കർമ്മക്ഷേത്രത്തിന്റെ ഒരു പ്രതിപ്രവർത്തനമെന്ന് ബുദ്ധി കുറഞ്ഞവർ ചിലപ്പോൾ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ വാസ്തവത്തിൽ ഇതാണ് ജ്ഞാനത്തിന്റെ യഥാർത്ഥ പ്രക്രിയ. ഇതിനെ സ്വീകരിക്കുന്നതുകൊണ്ട് നിരപേക്ഷിതത്ത്വത്തെ സമീപിക്കാനുള്ള അവസരം കിട്ടുന്നു. മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ ഇരുപത്തിനാല് ഭൗതികമൂലകങ്ങളുടെ പ്രതിപ്രവർത്തനമല്ലിത്, മറിച്ച്, അവയുടെ ബന്ധനത്തിൽ നിന്ന് മോചനം നേടാനുള്ള ഉപായമാണ്. ഇരുപത്തിനാല് മൂലകങ്ങളാൽ നിർമ്മിക്കപ്പെട്ട ശരീരത്തിൽ കുടുങ്ങിപ്പോയ ജീവാത്മാവിന് ഇപ്പറഞ്ഞ ജ്ഞാനപ്രകിയ മോചനമാർഗ്ഗമാണ്. ജ്ഞാന പ്രകിയകളുടെ വിവരണത്തിൽ ഏറ്റവും പ്രാധാന്യമുള്ളതെന്തിനെന്ന് പതിനൊന്നാം ശ്ലോകത്തിന്റെ ആദ്യവരിയിൽത്തന്നെ വ്യക്തമാക്കുന്നുണ്ട്, ‘മയി ചാനന്യയോഗേന ഭക്തിരവ്യ ഭിചാരിണി’ എന്ന്. ജ്ഞാനപ്രകിയയുടെ അവസാന ലക്ഷ്യം, കറകളഞ്ഞ ഭക്തിയുതഭഗവത് സേവനമാണ്. അതുകൊണ്ട് അതീന്ദ്രിയമായ ഭഗവത് സേസവനത്തിലെത്തിച്ചേരുന്നില്ലെങ്കിൽ അഥവാ അതിന് സാധിച്ചില്ലെങ്കിൽ മുമ്പ് പറഞ്ഞ പത്തൊമ്പത് സദ്ഗുണങ്ങളും പാഴാകുന്നു. തികഞ്ഞ കൃഷ്ണാവ ബോധത്തോടെ, ഭക്തിപൂർവ്വം സേവനമനുഷ്ഠിക്കുന്നവരിലാകട്ടെ, മറ്റു പത്തൊമ്പത് ഗുണങ്ങളും സ്വാഭാവികമായി വളർന്നു വരും.ശ്രീമദ് ഭാഗവതം (5.8.12) പറയുന്നു. ‘യസ്യാസ്തിഭക്തിർ ഭഗവത്യ കിഞ്ചന സർവൈർഗുണൈസ്തത്ര  സമാസതേ  സുരാഃ ഭഗവത് സേസവന നിരതരിൽ ജ്ഞാനത്തിന്റേതായ എല്ലാ നല്ല ഗുണങ്ങളും തഴച്ചുവളരുമെന്നർത്ഥം. എട്ടാം ശ്ലോകത്തിൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ ഒരു ആദ്ധ്യാത്മികാചാര്യനെ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ഭക്തിപൂർവ്വം സേവനമനുഷ്ഠിക്കുന്നവർക്കും ഇത് അത്യാവശ്യമാണ്. അഭിമതനായൊരു ആചാര്യനെ അംഗീകരിക്കലത്രേ ആദ്ധ്യാത്മിക ജീവിതത്തിന്റെ ആരംഭം. ഈ ജ്ഞാനപ്രക്രിയയാണ് യഥാർത്ഥ മാർഗ്ഗമെന്ന് പരമദിവ്യോത്തമപുരുഷനായ ഭഗവാൻ കൃഷ്ണൻ സ്വയം നിർദ്ദേശിച്ചിരിക്കെ, അതിനു പുറമേയുള്ള ഊഹാപോഹങ്ങൾ നിരർത്ഥകങ്ങൾതന്നെ.*

       *ഇനി മേൽപ്പറഞ്ഞ ജ്ഞാനസാധനകളെ ഓരോന്നായി എടുത്തു നോക്കാം. മറ്റുള്ളവർ, തന്നെ ബഹുമാനിക്കണമെന്ന ദുർമോഹമില്ലാതിരിക്കലാണ് വിനയം. ജീവിതത്തെക്കുറിച്ചുള്ള ഭൗതികസങ്കല്പം അന്യരുടെ ആദരം പിടിച്ചുപറ്റാനുള്ള വ്യഗ്രതയുണ്ടാക്കുന്നു. ഈ ശരീരമല്ല താനെന്ന് ബോദ്ധ്യപ്പെട്ട പൂർണ്ണജ്ഞാനിയായ ഒരാൾക്ക് ശരീരത്തെ സംബന്ധിച്ചുള്ള മാനാപമാനങ്ങൾ ഒരിക്കലും പ്രശ്നമാകുന്നില്ല. മനുഷ്യൻ ഈ ഭൗതിക തൃഷ്ണയിലാകൃഷ്ടനാകാൻ പാടില്ല. മതസംബന്ധമായി പ്രശസ്തി നേടണമെന്ന് പലരും ആഗ്രഹിക്കാറുണ്ട്. അങ്ങനെ മതസിദ്ധാന്തങ്ങളെ നിഷ്കൃഷ്ടമായി പഠിക്കാതെ ചിലർ അവയ്ക്ക് വഴങ്ങാത്ത ഓരോ സംഘടനകളിൽച്ചെന്നുപെടുകയും തങ്ങൾ മതാചാര്യരാണെന്ന പ്രശസ്തി നേടാനുദ്യമിക്കുകയും ചെയ്യുന്നു. ആദ്ധ്യാത്മികശാസ്ത്രതത്തിലുള്ള പുരോഗതിയറിയാൻ ഓരോരുത്തരും ഒരു ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഈ പരിശോധനകൾകൊണ്ട് ഒരാൾക്ക് തന്റെ പുരോഗതിയെക്കുറിച്ച വിലയിരുത്താം.*

         *ശാരീരികമായ ഹിംസ, അഥവാ ഉപദ്രവംചെയ്യാതിരിക്കലാണ് അഹിംസ എന്ന് സാമാന്യേന വിശ്വസിക്കപ്പെടുന്നു. ഇത് തികച്ചും ശരിയല്ല. യഥാർത്ഥത്തിൽ അഹിംസയെന്നാൽ പരദ്രോഹംചെയ്യാതിരിക്കലാണ്. സാമാന്യജനങ്ങൾ, ജീവിതം ഭൗതികമെന്ന സങ്കല്പത്തിൽ കുടുങ്ങിയവരാണ്. അതുകൊണ്ടവർക്ക് നിരന്തരം ഭൗതികക്ലേശങ്ങള നുഭവിക്കേണ്ടിവരുന്നു. ജനങ്ങളെ ആദ്ധ്യാത്മികബോധത്തിലേയ്ക്കുയർത്താൻ ശ്രമിക്കാത്തവർ ഹിംസാനിരതരെന്നു തന്നെ കരുതാം. ജനങ്ങൾക്ക് യഥാർത്ഥ ജ്ഞാനം പകർന്നുകൊടുക്കാൻ ശ്രമിക്കേണ്ടതാണ്. അതുകൊണ്ട് ഭൗതികബന്ധങ്ങളൊഴിഞ്ഞ് ഉദ്ബുദ്ധുക്കളാകണം. അതാണ് അഹിംസ.*

      *തന്നെ മറ്റുള്ളവർ പുച്ഛിക്കുന്നതും അപമാനിക്കുന്നതും എല്ലാം പൊറുക്കാൻ പരിശീലിക്കണം, ഇതാണ് ക്ഷമ. ആദ്ധ്യാത്മികജ്ഞാനത്തിൽ പുരോഗമിക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് അന്യരിൽ നിന്ന് ഒട്ടേറെ നിന്ദകളും അപമാനങ്ങളും ഏല്ക്കേണ്ടിവന്നേയ്ക്കാം. ഭൗതികപ്രകൃതിയുടെ സ്വാഭാവികമായ ഘടനയനുസരിച്ച് അങ്ങനെ വന്നേ തീരൂ. ജ്ഞാനാർജ്ജനത്തിൽ തത്പരനായിരുന്ന പ്രഹ്ളാദനെന്ന അഞ്ച്വയസ്സുകാരനുപോലും താൻ വളർത്തിയെടുത്ത ഭക്തിയിൽ വെറുപ്പ് തോന്നിയ സ്വപിതാവിൽ നിന്ന് ഉപ്രദവങ്ങളേല്ക്കേണ്ടിവന്നു. തന്നെ കൊല്ലാൻ അച്ഛൻ പല പ്രകാരം ശ്രമിച്ചെങ്കിലും പ്രഹ്ളാദൻ ക്ഷമിച്ചതേയുള്ളൂ. ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ പുരോഗതിക്ക് എണ്ണമറ്റു തടസ്സങ്ങൾ ഉണ്ടായേയ്ക്കാം, അതെല്ലാം ക്ഷമിച്ച് മുന്നേറാനുള്ള നിശ്ചയദാർഢ്യം നമുക്ക് വേണം.*

   *യഥാർത്ഥ സത്യം യാതൊരു നയകൗശലവും കൂടാതെ ശത്രു വിനോടുപോലും ആർജ്ജവത്തോടെ തുറന്നുപറയാനുള്ള കഴിവാണ് ലാളിത്യം. ഒരാദ്ധ്യാത്മികാചാര്യനെ സ്വീകരിക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്തതാണിത്.*
 *വിശ്വാസ്യനായ ഒരു ആദ്ധ്യാത്മിക ഗുരുവിന്റെ ഉപദേശം കൂടാതെ ആർക്കും ആദ്ധ്യാത്മികശാസ്ത്രത്തിൽ ഉദ്ഗതി സാദ്ധ്യ മല്ലതാനും. ഗുരുവിനെ ശിഷ്യൻ അത്യന്തം വിനയത്തോടെ സമീപിക്കുകയും അദ്ദേഹത്തിന് വേണ്ടുന്ന പരിചര്യകളെല്ലാം ചെയ്യു കയും വേണം. അങ്ങനെ ശുശ്രൂഷിക്കുന്ന ശിഷ്യനിൽ ഗുരുവിന് പ്രീതിയുണ്ടാവും; അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ ആ ശിഷ്യന് വേണ്ടു വോളം ലഭിക്കുകയുംചെയ്യും. വിശ്വാസ്യനായ ഒരു ഗുരു കൃഷ്ണന്റെ പ്രതിനിധിയാണ്. അദ്ദേഹത്തിന്റെ അനുഗ്രഹത്തിന് പാത്രീഭവിച്ച ശിഷ്യന്, വിധിപൂർവ്വനിബന്ധനകൾ അനുസരിച്ചില്ലെങ്കിൽപ്പോലും സത്വരമായ പുരോഗതിയുണ്ടാവും. മറിച്ച് ഗുരുവിനെ ഉള്ളഴിഞ്ഞ് സേവിക്കുന്ന ശിഷ്യന് ഒരു നിബന്ധനകളും നിയമങ്ങളും പാലിക്കാൻ പ്രയാസ മില്ലാതായിത്തീരും.*

     *ആദ്ധ്യാത്മികജീവിതപുരോഗതിക്ക് ഒഴിച്ചുകൂടാത്ത ഒന്നാണ് ശൗചം. ശൗചം രണ്ടു വിധമുണ്ട്, ബാഹ്യവും ആഭ്യന്തരവും. ബാഹ്യ ശൗചം കുളികൊണ്ടുതന്നെ നിറവേറ്റാം. ആന്തരമായതിന് നിരന്തരം കൃഷ്ണ സ്മരണയും, “ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ" എന്ന മന്ത്രജപവുമാണ് ഉപാധികൾ. മനസ്സിൽ അടിഞ്ഞുകൂടിയ മുൻജന്മ കർമ്മങ്ങളുടെ പൊടിപടലങ്ങളെ ഈ പ്രക്രിയകൊണ്ട് തുടച്ചുമാറ്റാൻ കഴിയും.*

    *സൈഥര്യമെന്നത് ആദ്ധ്യാത്മികജീവിതത്തിൽ മുന്നേറാനുള്ള ദൃഢനിശ്ചയം തന്നെ. ഈ നിശ്ചയദാർഢ്യമില്ലാത്ത ഒരാൾക്ക് പ്രകടമായ പുരോഗതി സാദ്ധ്യമല്ല. ആദ്ധ്യാത്മികപുരോഗതിക്ക് ദോഷകരമായ ഒന്നും അംഗീകരിക്കാതിരിക്കലാണ് ആത്മനിയന്ത്രണം. ഒരാൾ ഇതുമായി യോജിച്ചുപോകണം. ആദ്ധ്യാത്മികപുരോഗതിക്ക് തടസ്സമാകുന്നതെന്തും ഉപേക്ഷിച്ചേ കഴിയൂ. യഥാർത്ഥമായ ത്യാഗമിതാണ്. കരുത്തേറിയവയാണിന്ദ്രിയങ്ങൾ; അവയ്ക്കക്കെപ്പോഴും അതതു വിഷയങ്ങളെ അനുഭവിക്കണമെന്നാണ് വാശി. ഈ ആവശ്യമില്ലാത്ത വാശിക്ക് നാം വഴങ്ങിപ്പോകരുത്.ശരീരത്തെ സജ്ജമാക്കി സൂക്ഷിക്കുന്നതിനുവേണ്ടി മാത്രമേ ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്താവൂ. സുപ്രധാനവും നിയന്ത്രിക്കാൻ ഏറ്റവും പ്രയാസമുള്ളതുമായ ഇന്ദ്രിയം നാവാണ്. ഇതിനെ നിയന്ത്രിച്ചവന് മറ്റുള്ള ഇന്ദ്രിയങ്ങളേയും നിയന്ത്രിക്കാൻ സാധിക്കും. രുചിക്കുകയും സ്പന്ദിക്കുകയുമാണ് നാവിന്റെ പ്രവൃത്തികൾ. അതുകൊണ്ട് ക്രമാനുസൃതമായി നിയന്ത്രിക്കപ്പെട്ടാൽ അത് കൃഷ്ണന് നിവേദിച്ച ഭോജ്യപാനങ്ങളാസ്വദിക്കുന്നതിലും ഹരേ കൃഷ്ണ മന്ത്രോച്ചാരണത്തിലും സദാ ഏർപ്പെട്ടുകൊള്ളും. കൃഷ്ണന്റെ അഴകേറിയ രൂപമല്ലാതെ യാതൊന്നും കണ്ണിന് മുമ്പിൽപ്പെടാതെ സൂക്ഷിക്കുന്ന പക്ഷം നേത്രങ്ങളേയും നിയന്ത്രിക്കാനാവും. കൃഷ്ണന്റെ ചരിത്രങ്ങൾ കേൾക്കുന്നതിൽ കാതുകളും, ഭഗവാന് അർപ്പിച്ച പൂക്കളുടെ ഗന്ധം ശ്വസിക്കുന്നതിൽ നാസികയും ഏർപ്പെടട്ടെ. ഇതാണ് ഭക്തിപൂർവ്വകമായ സേവനത്തിന്റെ പ്രകിയ. ഈ ഭക്തിയുതസേവനത്തെ ശാസ്ത്രീയമായി പ്രതിപാദിക്കുകയാണ് ഇവിടെ ഭഗവദ്ഗീത ചെയ്തിട്ടുള്ളത്. ഭക്തിയുതസേവനമാണ് ഒരേ ഒരു പ്രധാനപ്പെട്ട ലക്ഷ്യം. ഭഗവദ്ഗീതയ്ക്ക് ഭാഷ്യം ചമച്ച ചില ബുദ്ധിശൂന്യന്മാർ മറ്റു വിഷയങ്ങളിലേയ്ക്ക് വായനക്കാരുടെ ശ്രദ്ധയെ തിരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഭക്തിപൂർവ്വംചെയ്യുന്ന ഭഗവത് സേവനം മാത്രമാണ് വാസ്തവത്തിൽ ഭഗവദ്ഗീതയിലെ പ്രതിപാദ്യം.*

    *ഈ ശരീരമാണ് താനെന്നു കരുതുന്നതാണ്. മിഥ്യാഹംഭാവം. താൻ ശരീരമല്ല, ആത്മാവാണെന്നറിയുമ്പോൾ അയാൾ തന്റെ യഥാർത്ഥ അഹംഭാവത്തിലേയ്ക്ക് വരുന്നു. തീർച്ചയായും അഹംഭാവ മെന്നൊന്നുണ്ട്, എന്നാൽ മിഥ്യാഹംഭാവത്തെയാണിവിടെ തള്ളിപ്പറഞ്ഞിരിക്കുന്നത്. യഥാർത്ഥ അഹംഭാവത്തെയല്ല. ബൃഹദാരണ്യകോപനിഷത്ത് (1-4-10) പ്രഖ്യാപിക്കുന്നു: ‘അഹം ബഹ്മാസ്മി’ - ഞാൻ ബ്രഹ്മമാണ്, ആത്മാവാണ്. ഈ അഹം ബോധം ആത്മസാക്ഷാത്കാരം നേടിയ മുക്താവസ്ഥയിലും നിലനില്ക്കുന്നുണ്ട്. ഞാനെന്ന ഈ ഭാവമാണ് അഹംഭാവം. നശ്വരമായ ശരീരത്തെക്കുറിച്ച് ഉണ്ടാവുന്ന അഹംഭാവമാണ് മിഥ്യാഹംഭാവം. ഈ അഹംബോധത്തെ ശാശ്വതമായ ആത്മാവുമായി ബന്ധപ്പെടുത്തുമ്പോൾ അത് സത്യാഹംബോധമായി മാറുകയും ചെയ്യും. അഹം എന്ന ഭാവം ഉപേക്ഷിക്കണമെന്നു പറയുന്ന തത്ത്വചിന്തകരുണ്ട്, പക്ഷേ അത് സാദ്ധ്യമല്ലതന്നെ. നമ്മുടെ വ്യക്തിത്വമാണല്ലോ, ഈ അഹം. എന്നാൽ ശരീരമാണ് താൻ, എന്ന മിഥ്യാവബോധമാണ് ഉപേക്ഷിക്കേണ്ടത്.*

    *ജനനമരണങ്ങൾ, വാർദ്ധക്യം, രോഗം എന്നിവയിൽ നിന്നുളവാകുന്ന ക്ലേശങ്ങളെക്കുറിച്ച് നാം ഓർമ്മിക്കണം. വൈദികസാഹിത്യങ്ങളിൽ ജനനത്തെ വിവരിച്ചു കാണുന്നുണ്ട്. ജനിക്കാത്തവരുടെ ലോകവും ഗർഭസ്ഥശിശുവിന്റെ ചുറ്റുപാടുകളും അതിന്റെ ദുരിതാനുഭവങ്ങളും ഉള്ളിൽത്തട്ടുമാറ് ശ്രീമദ് ഭാഗവതത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. ജനനം പീഡാനുഭവങ്ങൾ നിറഞ്ഞതാണെന്ന് വ്യക്തമായി നാം മനസ്സിലാക്കണം. ഗർഭാശയത്തിൽ ഭൂണാവസ്ഥയിലിരിക്കെ, എന്തെല്ലാം കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നുവെന്ന് ജനനാനന്തരം മറന്നുപോകുന്നതുകൊണ്ട് മാത്രമാണ്, ഈ ജനനമരണപ്രക്രിയയ്ക്ക് ഒരറുതിവരുത്താൻ നാം ശ്രമിക്കാത്തത്. മരണസമയത്തുമുണ്ട് നാനാവിധ ക്ലേശങ്ങൾ, ഇതും ആധികാരികഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. ഇവ ചർച്ചാവിഷയമാക്കേണ്ടതാണ്. രോഗം, വാർദ്ധക്യം, എന്നിവയെക്കുറിച്ചാകട്ടെ ഏവർക്കും അനുഭവത്തിൽ നിന്നറിയാം. രോഗിയാവാനോ കിഴവനാവാനോ ആഗ്രഹിക്കുന്നവരില്ല. എങ്കിലും ഈ അവസ്ഥാന്തരങ്ങളിൽ നിന്ന്‍  ഒഴിഞ്ഞ് മാറാൻ വയ്യതാനും. ഇങ്ങനെ ജനനമരണവാർദ്ധക്യരോഗാദിപീഡകളുടെ അനുസ്മരണമൂലം ഭൗതികജീവിതത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസമില്ലാതാകുമ്പോഴേ നമുക്ക് ആദ്ധ്യാത്മികപുരോഗതിക്കാവശ്യമായ പ്രചോദനം ലഭിക്കുകയുള്ളൂ.*

     *സ്വഗൃഹത്തോടും ഭാര്യാമക്കളോടും വിരക്തി എന്നതിന്, അവരോട് സ്നേഹമില്ലായ്മ, എന്നർത്ഥമാക്കിക്കൂടാ. സ്വാഭാവികമായി സ്നേഹഭാജനങ്ങളാണവർ. പക്ഷേ ആദ്ധ്യാത്മിക പുരോഗതിക്ക് വിഘ്നമായിത്തീരുന്ന പക്ഷം അവരിലുള്ള താത്പര്യം ഉപേക്ഷിക്കണം. ഒരു കുടുംബത്തെ സന്തുഷ്ടമാക്കാനുള്ള ഉത്തമോപായം കൃഷ്ണാവബോധമാണ്. ഒരാളിൽ അത് പൂർണ്ണമായുണ്ടെങ്കിൽ, തന്റെ ഗൃഹത്തെ അദ്ദേഹത്തിന് തികച്ചും സന്തോഷഭരിതമാക്കാം. ഈ കൃഷ്ണാവ ബോധപ്രകിയ കൃഷ്ണന് നിവേദിച്ച ഭക്ഷണം മാത്രം കഴിക്കുകയും 'ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ" എന്ന മന്ത്രോച്ചാരണം തുടരുകയും ഭഗവദ്ഗീത, ശ്രീമദ് ഭാഗവതം മുതലായ സദ്ഗ്രന്ഥങ്ങൾ വായിച്ച് ചർച്ചചെയ്യുകയും വിഗ്രഹാരാധനയിലേർപ്പെടുകയും ചെയ്താൽ മാത്രം മതിയാകും. ഇവ നാലും മതി, ഒരാളെ സന്തുഷ്ടനാക്കാൻ. കുടുംബാംഗങ്ങളെ ഈ വിധത്തിൽ പരിശീലിപ്പിക്കണം. പ്രഭാതത്തിലും പ്രദോഷത്തിലും കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്നിരുന്ന "ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ" എന്ന് ഉരുവിടട്ടെ. ഈ നാല് നിബന്ധനകളെ മുൻനിർത്തിക്കൊണ്ട് കുടുംബജീവിതത്തിൽ കൃഷ്ണാവബോധം വളർത്തിയെടുക്കാൻ കഴിയുമെങ്കിൽ ഗാർഹസ്ഥ്യത്തിൽ നിന്ന് സംന്യാസത്തിലേയ്ക്ക് പോകേണ്ട ആവശ്യമില്ല. മറിച്ച് ആദ്ധ്യാത്മിക പുരോഗതിയെ ത്വരിതപ്പെടുത്തുന്നതോ, അതിന് ഇണങ്ങുന്നതോ അല്ലെങ്കിൽ ഗാർഹിക ജീവിതത്തെ ത്യജിക്കുക തന്നെ വേണം. അർജുനൻ ചെയ്തതുപോലെ, കൃഷ്ണനെ സാക്ഷാത്കരിക്കാനോ സേവിക്കാനോ വേണ്ടി എല്ലാം ബലി കഴിക്കാം. സ്വന്തം കുടുംബാംഗങ്ങളെ കൊല്ലാൻ അർജുനൻ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നിട്ടും തന്റെ കൃഷ്ണസാക്ഷാത്കാരത്തിന് അവർ പ്രതിബന്ധമുണ്ടാക്കുന്നതായറിഞ്ഞപ്പോൾ കൃഷ്ണന്റെ നിർദ്ദേശം സ്വീകരിച്ച് അവരെ പോരിൽ ഹിംസിച്ചു. ഏതു വിധത്തിലും ഗാർഹിക ജീവിതത്തിന്റെ സുഖദുഃഖങ്ങളിൽ ആസക്തരാവാതെയിരിക്കുകയാണ് വേണ്ടത്. എന്തെന്നാൽ ഈ ലോകത്തിൽ ആർക്കും തികച്ചും സന്തുഷ്ടനോ തികച്ചും ദുഃഖിതനോ ആകുവാൻ വയ്യ.*

     *ഭൗതികജീവിതത്തിന്റെ ഒഴിച്ചുകൂടാത്ത ഘടകങ്ങളാണ് സന്തോഷവും സന്താപവും. ഭഗവദ്ഗീതയിൽ ഉപദേശിച്ചതുപോലെ അവയെ സഹിക്കാൻ ശീലിക്കണം. ഈ സുഖദുഃഖങ്ങളുടെ പോക്കു വരവുകൾ നമുക്ക് നിയന്ത്രിക്കാനാവില്ല. ഭൗതികജീവിതത്തിൽ അനാസക്തനായി രണ്ടു നിലയിലും സമതുലിതാവസ്ഥ പുലർത്തണം. സാമാന്യേന ഇഷ്ടലാഭത്തിൽ എത്രയും സന്തുഷ്ടരും അനിഷ്ടം നേരിട്ടാൽ അത്രതന്നെ ദുഃഖിതരുമാണ് നമ്മൾ. എന്നാൽ ആദ്ധ്യാത്മിക തലത്തിൽ ഉറച്ചു നിന്നാൽ ഇവ നമെ അലട്ടുകയില്ല. ആ നിലയിലെത്താൻ നിരന്തരം ഭക്തിയുതസേവനത്തിലേർപ്പെടുകതന്നെ വേണം. ഏകാഗ്രമായ കൃഷ്ണഭക്തിസേവനമെന്നാൽ ഒമ്പത് വിധം ഭക്തിപ്രകിയകളിലേർപ്പെടലാണ്. കീർത്തനം, ശ്രവണം, പൂജനം, പ്രണാമം എന്നു തുടങ്ങി അവയെ ഒമ്പതാമദ്ധ്യായത്തിന്റെ ഒടുവിലത്തെ ശ്ലോകത്തിൽ വിവരിച്ചിട്ടുണ്ട്. ഈ പ്രകിയയാണ് നാം അനുഷ്ഠിക്കേണ്ടത്.*

     *ആദ്ധ്യാത്മികജീവിതത്തോടിണങ്ങിച്ചേർന്നവർ ഭൗതികതയിൽ ആസക്തരായവരോട് കൂട്ടുകൂടാൻ സ്വാഭാവികമായി ഇഷ്ടപ്പെടുകയില്ല, അയാളുടെ സ്വഭാവത്തിന് വിരുദ്ധമാണത്. ആവശ്യമായി തോന്നാത്ത സഹവാസം വെടിഞ്ഞ് ഏകാന്തതയിൽ ജീവിക്കാൻ തനിക്ക് എത്രമാത്രം താത്പര്യമുണ്ടെന്ന് ഭക്തൻ ഒരാത്മപരിശോധന നടത്തുന്നത് നന്ന്. വ്യർത്ഥവിനോദങ്ങൾക്കോ, സിനിമാപ്രദർശനങ്ങൾക്കോ സാമൂഹ്യാഘോഷങ്ങൾക്കോ പോകാൻ അയാൾക്ക് ആഗ്രഹമുണ്ടാവില്ല. അതെല്ലാം സമയം പാഴാക്കാനുള്ള ഉപായങ്ങൾ മാത്രമാണെന്ന് അയാൾക്കറിയാം. അനേകം പണ്ഡിത ഗവേഷകരും തത്ത്വചിന്തകരും ലൈംഗിക ജീവിതത്തെക്കുറിച്ചും മറ്റും പഠനം നടത്താറുണ്ട്. എന്നാൽ ഭഗവദ്ഗീതയനുസരിച്ച് അത്തരം ഗവേഷണങ്ങൾക്കൊന്നും യാതൊരു വിലയുമില്ല. അവയിൽ കഴമ്പില്ല തന്നെ. തത്ത്വജ്ഞാന നിഷ്ഠമായ വിവേകത്തോടെ, ആത്മാവിനെപ്പറ്റി ഗവേഷണം ചെയ്യാനാണ് ഗീത നിർദ്ദേശിക്കുന്നത്. ആത്മാവിനെക്കുറിച്ചാവണം മനുഷ്യന്റെ ഗവേഷണം എന്നാണിവിടെ നിർദ്ദേശിക്കുന്നത്.*

    *ആത്മസാക്ഷാത്കാരത്തെ സംബന്ധിച്ചിടത്തോളം, ഭക്തിയോഗം വിശേഷിച്ചും, പ്രായോഗികമാണെന്ന് ഭഗവദ്ഗീത വ്യക്തമാക്കുന്നു. ഭക്തിയുടെ കാര്യത്തിൽ പരമാത്മാവിനും ജീവാത്മാവിനുമുള്ള പരസ്പരബന്ധത്തെക്കുറിച്ചാണ് ആദ്യം ആലോചിക്കേണ്ടത്. ഈ രണ്ടും ഒന്നാവാൻ നിവൃത്തിയില്ല; ഭക്തിയെ മുൻനിർത്തിക്കൊണ്ടുള്ള ജീവിത സിദ്ധാന്തത്തിൽ, വിശേഷിച്ചും വ്യക്തിഗതാത്മാവ് പരമാത്മാവിന് ചെയ്യുന്ന സേവനം ശാശ്വതമാണ് എന്നിവിടെ വ്യക്തമാക്കിയിരിക്കുന്നു. അതുകൊണ്ട് ഭക്തി അഥവാ ഭക്തിയുതസേവനവും ശാശ്വതം തന്നെ. ഈ വസ്തുത ഒരാൾ വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ടതാണ്.*

      *ശ്രീമദ് ഭാഗവതം ഇങ്ങനെ പറയുന്നു. ‘വദന്തി തത്തത്ത്വവിദ സ്തത്ത്വം യജ്ജഞാനമദ്വയം’ (12,11) ആത്മസാക്ഷാത്കാരം ബ്രഹ്മം, പരമാത്മാവ്, ഭഗവാൻ എന്നിങ്ങനെ മൂന്ന് വിവിധ ഘട്ടങ്ങളായുണ്ടെന്ന് നിരപേക്ഷ തത്ത്വദർശികൾ അറിയുന്നുണ്ട്. നിരപേക്ഷതത്ത്വത്തിന്റെ സാക്ഷാത്കാരത്തിലെ അന്തിമപദമാണ് ഭഗവാൻ. അതിനാൽ പരമപുരുഷ ജ്ഞാനത്തിന്റെ ആ ഉന്നതതലത്തിലെത്തിച്ചേർന്ന് ഭഗവദ് ഭക്തിയുതസേവനത്തിലേർപ്പെടാം, അതാണ് ജ്ഞാനത്തിന്റെ പരി പൂർണ്ണത.*

     *ചുവട്ടിൽ നിന്ന് ഏറ്റവുമുയർന്ന നിലയിലേയ്ക്കെത്തിക്കുന്ന സോപാനശ്രേണിപ്പോലെയുള്ള ഒന്നാണ് വിനയപരിശീലനത്തിലാരംഭിച്ച് പരമതത്ത്വത്തിന്റെ - പരമപുരുഷന്റെ - സാക്ഷാത്കാരം വരെ നീണ്ടുപോകുന്ന ഈ പ്രകിയാപരമ്പര. ഈ സോപാനങ്ങളിലൂടെ ആദ്യത്തെ നിലയിലെത്തിയവരുണ്ട്, രണ്ടാം നിലയിലും മൂന്നാം നിലയിലും എത്തിയവരുമുണ്ട്. എന്നാൽ കൃഷ്ണനെക്കുറിച്ചുള്ള തികഞ്ഞ ജ്ഞാനമാകുന്ന മുകൾ നിലയിൽ എത്തിച്ചേരുന്നതുവരെ ഒരാൾ ജ്ഞാനത്തെ സംബന്ധിച്ചിടത്തോളം താഴ്ന്ന പടികളിൽത്തന്നെ. ഈശ്വരനോട് മത്സരിക്കാനും അതേസമയം ആദ്ധ്യാത്മികപുരോഗതി നേടാനും ഉദ്യമിക്കുന്നവർക്ക് നിരാശയ്ക്കേ വഴിയുള്ളൂ. വിനയം കൂടാതെ യഥാർത്ഥമായുള്ള ജ്ഞാനം ലഭ്യമല്ലെന്നത് വ്യക്തമാണ്, താൻ തന്നെ ഈശ്വരനെന്ന വിചാരമത്രേ ഗർവ്വിന്റെ ഉച്ചകോടി. ഭൗതികപ്രകൃതിയുടെ കർക്കശനിയമങ്ങളാൽ പല തവണ അടിച്ചമർത്തപ്പെട്ടിട്ടും അജ്ഞാനത്താൽ ജീവാത്മാവ് ഓർത്തുപോകുന്നു. ഞാനാണ് ഈശ്വരൻ എന്ന്, ആ നിലയ്ക്ക് അമാനിത്വം അല്ലെങ്കിൽ വിനയം അറിവിന്റെ ആദ്യ സോപാനമാണ്. താൻ ഭഗവാന്റെ ആശ്രിതനെന്ന് മനസ്സിലാക്കി മനുഷ്യൻ വിനീതനായി വർത്തിക്കണം. മറിച്ച് അദ്ദേഹത്തോട് മത്സരിച്ചാൽ ഭൗതികപ്രകൃതിക്കധീനപ്പെട്ടുപോകും, ഈ സത്യം അറിഞ്ഞ് ബോദ്ധ്യപ്പെടണം.*

 *ഹരേ  കൃഷ്ണ ഹരേ  കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ*     
*ഹരേ രാമ  ഹരേ  രാമ  രാമ രാമ ഹരേ ഹരേ*

  *🙏 ഹരേ..കൃഷ്ണ 🙏*

No comments: