Wednesday, December 19, 2018

വാല്മീകി രാമായണം-57
മന്ഥരയും കേകേയ ദേശത്ത് നിന്ന് വന്നതാണ് കൈകേയിയോടൊപ്പം. ഒരു സ്ഥലത്ത് നിന്ന് സാധന സാമഗ്രികളുമായി മറ്റൊരു ദേശത്തേയ്ക്ക് വരുമ്പോൾ ഇതുപോലെ ചില ജന്തുക്കളും അതിനോടൊപ്പം വരും.😀
മന്ഥര മാളികയിലേറി നോക്കിയപ്പോഴോ എല്ലാവരും വലിയ സന്തോഷത്തിലാണ്. സഹിച്ചില്ല അവൾക്ക്. അവിടെ നിന്നിരുന്ന ഒരു ദാസിയോട് ചോദിച്ചു എന്താ വിശേഷം എല്ലാവരും വലിയ സന്തോഷത്തിലാണല്ലോ. ദാസി സന്തോഷത്തോടെ പറഞ്ഞു അറിഞ്ഞില്ലേ രാമനെ പട്ടാഭിഷേകം ചെയ്യാൻ പോകുന്നു ദശരഥ രാജാവ്. ഇതു കേട്ടതും കൂനിയ ആ ശരീരവുമായി അവർ വേഗത്തിൽ പടിയിറങ്ങി. കൈകേയിയുടെ അന്തപുരത്തിൽ പാഞ്ഞെത്തി. കൈകേയി സുഖമായി സ്വർണ്ണ മഞ്ചത്തിൽ ശയനം ചെയ്യുന്നു. എല്ലാ ആദരവോടും കൂടി മന്ഥര വിളിച്ചു 'ഉത്തിഷ്ഠ മൂഡെ കിം സേശേ ഭയം കാ അഭിവർത്തതേ ' ഹേ മൂഡേ എഴുന്നേൽക്കു വലിയ ഭയം വന്നു ചേർന്നിരിക്കുന്നു.
ഉപപ്ലുതം അധോകേന നാത്മാനമവ ബുദ്ധസ്യേ
വലിയ പാപം നിന്റെ തലയിൽ വീഴാൻ പോകുന്നു. നീ എന്തെങ്കിലും അറിഞ്ഞുവോ. ഇങ്ങനെ സുഖലോലുപയായി ഇരുന്നാൽ ചുറ്റും നടക്കുന്നത് എങ്ങനെ അറിയാനാണ്. രാമനെ പട്ടാഭിഷേകം ചെയ്യാൻ പോകുന്ന കാര്യം നീ അറിഞ്ഞുവോ.
ഇത് കേട്ടതും സന്തോഷത്താൽ കഴുത്തിലെ ഒരു മാലയൂരി മന്ഥരയ്ക്ക് കൊടുത്തു. ഇത്രയും നല്ല സന്തോഷ വാർത്ത ഈയടുത്തെങ്ങും കേട്ടിട്ടില്ല. ഇതിനായി തന്നെയാണ് ഞാൻ കാത്തിരുന്നത്. രാമനും ഭരതനും എനിയ്ക്ക് വെവ്വേറെ അല്ല. ഭരതനേക്കാൾ എനിയ്ക്ക് വാത്സല്യം രാമനോടാണ് എന്ന് കൈകേയി. എന്നാൽ ദുസ്സംഗം പോലെ മനുഷ്യനെ തല കീഴാക്കുന്ന ഒന്ന് വേറെയില്ല.
ഇത് പറഞ്ഞ് മാല മന്ഥരയുടെ കൈകളിൽ വച്ചതും മന്ഥര അത് വീശിയെറിഞ്ഞു. എന്നിട്ട് കൈകേയിയുടെ കാതിൽ ദുഷിച്ച കാര്യങ്ങൾ ഓതാൻ തുടങ്ങി. ബുദ്ധിയില്ലേ നിനക്ക് നാളെ രാമൻ രാജാവായാൽ കൗസല്ല്യക്ക് വലിയ സ്ഥാനമാനങ്ങൾ ലഭിക്കും എന്നിട്ട് നിന്നെ കാട്ടിലേയ്ക്ക് പറഞ്ഞയക്കില്ലേ. രാമന് നിന്നോടുള്ള പ്രിയമെല്ലാം വെറും നാടകമാണ്. നാളെ രാജാവായി കഴിഞ്ഞാൽ നിന്റെ ഭരതനേയും കാട്ടിൽ പറഞ്ഞയക്കും. രാമനും ലക്ഷ്മണനും എപ്പോഴും ചേർന്നിരിക്കുന്നതിനാൽ ലക്ഷ്മണനെ ദ്രോഹിക്കില്ല. തൊട്ടടുത്തിരിക്കുന്ന ചെടിയും കൊടിയും പോലെ ലക്ഷ്മണൻ രാമനോടൊപ്പം ഉണ്ടാകും. എന്നാൽ ഭരതന് നിശ്ചയമായും ദ്രോഹം ചെയ്യുന്നതാണ് .
യഥാ ച രാമാ പ്രതിവീമ വാപ്സ്യതേ
പ്രഭൂത രത്നാകര ശൈല സംയുതാം
തഥാ ഗമിഷ്യസി അശുഭം പരാഭവം
സഹൈവദീനാ ഭരതേ ന ഭാമിനീ
പിന്നെയും പിന്നെയും പല തവണയായി ഒരു കളവ് ഉരുവിട്ടാൽ അത് സത്യമാണെന്ന് തോന്നും. ഭഗവാൻ ഗീതയിൽ പറയുന്നു
ധ്യായതോ വിഷയാന് പുംസഃ സംഗസ്തേഷൂപജായതേ
ഒരു വിഷയത്തേ കുറിച്ച് പല ആവർത്തി ചിന്തിച്ചാൽ മനസ്സ് അതിൽ ഒട്ടും.
സംഗാത്സഞ്ജായതേ കാമഃ കാമാത്ക്രോധോഽഭിജായതേ
അടുത്ത പടിയായി അത് എനിക്ക് വേണം എന്ന് തോന്നും. കിട്ടിയില്ലെങ്കിൽ കോപം വരും. Frustrated desire becomes anger.
ക്രോധാദ്ഭവതി സംമോഹഃ .
കോപം വന്നാൽ ബുദ്ധിയിലുള്ള അറിവ് ശാന്തി ധർമ്മ ബോധം എല്ലാം മറയും.
സ്മൃതി ഭ്രംശാദ്ബുദ്ധിനാശോ
ബുദ്ധിനാശാത് പ്രണശ്യതി
അങ്ങനെ പടിപടിയായി താഴേയ്ക്ക് വീഴുന്നു.
Nochurji.......malini dipu

No comments: