*ശ്രീമദ് ഭാഗവതം 6*
ശ്രവണം ചെയ്യുമ്പോ പരീക്ഷിത്ത് എന്തെങ്കിലുമൊക്കെ സാധന ചെയ്തുവോ. സാധനയെ കുറിച്ച് ശുകാചാര്യർ പരീക്ഷിത്തിന് പറഞ്ഞു കൊടുക്കുന്നുവെന്നല്ലാതെ ഒരു സാധനയും ചെയ്യാൻ പരീക്ഷിത്തിന് സമയം ഇല്ല്യ. ഏഴാമത്തെ ദിവസം മരിച്ചു പോവാൻ പോണ ആള് എന്ത് സാധന ചെയ്യും. ജപിക്കാൻ പറ്റ്വോ പ്രാണായാമം ചെയ്യാൻ പറ്റ്വോ. പക്ഷേ ഇതൊക്കെ ശുകാചാര്യർ പറഞ്ഞു കൊടുക്കുണു. അത് പരീക്ഷിത്തിന് വേണ്ടിയല്ല നമുക്ക് വേണ്ടിയാണ്. പക്ഷേ പരീക്ഷിത്തിന് സാധന ചെയ്യാൻ സമയണ്ടോ. അദ്ദേഹം ഏഴുദിവസം രാവും പകലും വെള്ളം പോലും കുടിക്കാതെ കേട്ടുവെന്നാണ്. ജലപാനം ഇല്ലാതെ കേട്ടു .പക്ഷേ കുടിച്ചു കൊണ്ടേ ഇരിക്കണുവല്ലോ. ശുകബ്രഹ്മമഹർഷി രാവും പകലും പറഞ്ഞു. പരീക്ഷിത്ത് രാവും പകലും കേട്ടു. ഏഴാമത്തെ ദിവസം
സിദ്ധോഽസ്മി അനുഗൃഹീതോഽസ്മി
ഭവതാ കരുണാത്മനാ
ഭവതാ കരുണാത്മനാ
ഒരു സാധനയും ചെയ്തില്ല്യ. ഏഴാമത്തെ ദിവസം പരീക്ഷിത്ത് പറഞ്ഞു. ഹേ പ്രഭോ, അവിടുന്ന് എന്നെ അനുഗ്രഹിച്ചു. ഞാനിതാ സിദ്ധനായിരിക്കുന്നു. അനുഗ്രഹീതനായിരിക്കുന്നു .എനിക്കിപ്പോ തക്ഷകനെ ഭയംല്ല്യ മൃത്യുവിനെ ഭയം ല്ല്യ.
പ്രവിഷ്ടോ ബ്രഹ്മ നിർവ്വാണമഭയം ദർശിതം ത്വയാ.
ഞാനിതാ ബ്രഹ്മ നിർവ്വാണത്തിലേക്ക് പ്രവേശിച്ചിരിക്കണു. ഭയമില്ലാത്ത പരിപൂർണ്ണ അഭയപദത്തിനെ അവിടുന്ന് എനിക്ക് കാണിച്ചു തന്നിരിക്കണു. ഞാനിനി തക്ഷകനെ എന്തിന് ഭയപ്പെടണം.
ഭഗവം തക്ഷകാദിഭ്യോ മൃത്യുഭ്യോ ന ബിഭേമ്യഹം
ശ്രവണത്തിന്റെ ഫലം കാണിക്കാനായിട്ടാ അവസാനത്തെ ശ്ലോകം പറഞ്ഞത്. ഏഴു ദിവസത്തെ ശ്രവണം. അത് മാത്രേ ഉള്ളൂ. വേറൊന്നുമില്ല്യ.
ഉദ്ധവരോടും ഭഗവാനെന്താ പറഞ്ഞത്. ശ്രവണം. ഭഗവാൻ ഉപദേശിച്ചു. ഉദ്ധവർ ശ്രവിച്ചു. ശ്രവണം കൊണ്ട് മാത്രം
സദ്യോഹൃദി അവരുദ്ധ്യതേഽത്ര കൃതിഭി: ശുശ്രൂഷിഭി: തക്ഷണാത്
കേൾക്കുന്ന ക്ഷണം മുതല്ക്ക് ഭഗവാൻ ശ്രവണം ചെയ്യുന്ന ആളുടെ ഹൃദയത്തിൽ പ്രകാശിച്ചു തുടങ്ങും.
*ശ്രവണം കൊണ്ട് മാത്രം ഭഗവദ് പ്രാപ്തി എന്ന പ്രതിജ്ഞ ആണ് ഭാഗവതസിദ്ധാന്തം.*
അപ്പോ നാമം ജപിക്കേണ്ടയോ. ജപിക്കണം. പ്രാണായാമം ചെയ്യേണ്ടയോ. ചെയ്യണം. പൂജയോ ചെയ്യണം. എന്തിനാച്ചാൽ അതൊക്കെ ചെയ്യണ കൊണ്ട് പരമാത്മതത്വം ശ്രവണം ചെയ്യാനൊക്കും.
കഴുത്തിൽ കിടക്കുന്ന മാല കണ്ടില്ല. അത് അവിടണ്ട്. മാല മാല മാല ന്ന് ജപിച്ചാൽ മാല കിട്ടോ. പ്രയോജനണ്ടോ. ണ്ട്. ഒരാള് വന്നു ചോദിക്കും. ന്തിനാ മാല മാല ജപിക്കണേ ന്റെ മാല കാണാനില്ല്യ ദാ അവിടെ ണ്ടല്ലോ. അപ്പോ കാണിച്ചു തന്ന ക്ഷണം മാല കണ്ടു.
അതേപോലെ നമുക്ക് ഭഗവാനെ നഷ്ടപ്പെട്ടിട്ടേ ഇല്ല്യ. നമുക്കും ഭഗവാനുമായുള്ള സംബന്ധം നമ്മള് മറന്നു കഴിഞ്ഞാൽ പോലും ഉള്ളതാണ്. ഭാഗവതത്തിൽ എന്താ ചെയ്യണേ. നീ മറന്നുപോയിരിക്കണു. ഇതാണ് ആ 'വസ്തു'. നിനക്ക് ആരോട് നിത്യസംബന്ധമുണ്ടോ ആ സംബന്ധം ണ്ടോ ആ സംബന്ധത്തിനെ അംഗീകരിക്കൂ. ആരോട് സംബന്ധം ഇല്ലയോ ആ സംബന്ധത്തിനെ ഉപേക്ഷിക്കൂ. ഭഗവാനോട് നമുക്കുള്ള നിത്യസംബന്ധത്തിനെ കാണിക്കലാണ് ഭാഗവതശാസ്ത്രം.
ശ്രീനൊച്ചൂർജി ..lakshmi prasad
ശ്രീനൊച്ചൂർജി ..lakshmi prasad
No comments:
Post a Comment