Sunday, December 23, 2018

വാല്മീകി രാമായണം-61
കൈകേയിയുടെ വാക്കുകൾ കേട്ടതും ദശരഥന് ആദ്യത്തെ ഞെട്ടൽ ഉണ്ടായി. ആ ഞെട്ടൽ വിട്ടു മാറുന്നതിനു മുൻമ്പായി അടുത്ത വരം ചോദിച്ചു കൈകേയി.
നവ പഞ്ചച വർഷാണി
ദണ്ഡകാരണ്യമശ്രിത:
ജീരാജിന ധരോ ധീരോ
രാമോ ഭവതു താപസ:
പതിന്നാല് വർഷം രാമൻ മരവുരി ധരിച്ച് വനത്തിൽ താപസികനായി കഴിയണം.
ഇതാണ് ഞാൻ ചോദിക്കുന്ന വരം. ദശരഥൻ ഇത് കേട്ട് ഹൃദയം തകർന്ന് താഴെ വീണു. താങ്ങാവുന്നതിനപ്പുറമായിരുന്നു അദ്ദേഹത്തിന് കൈകേയിയുടെ ഈ വാക്കുകൾ. കൈകേയിയെ നോക്കുമ്പോൾ തന്നെ നടുങ്ങുന്നു ദശരഥൻ. ഒരു മാൻപേട പുലിയെ കണ്ട് നടുങ്ങുന്ന പോലെ.
ഒരു രാജാവാണെന്നുള്ളതൊക്കെ മറന്ന് നിലത്ത് ഒരു വിരി പോലും ഇല്ലാതെ ഇരിക്കുന്നു ദശരഥൻ. കൈകേയിയെ നോക്കി പറഞ്ഞു ഇത്രയും ദുഷ്ടയോ നീ. ഈ കുലം നശിപ്പിക്കാൻ വന്നവളോ നീ. രാമന് എന്ത് സ്നേഹമാണ് നിന്നോട്. ഭരതനേക്കാളേറെ നിന്നെ അമ്മയായി കണ്ട് സേവിച്ചവനല്ലേ രാമൻ. ആ രാമന് ഇതാണോ നീ തിരികെ കൊടുക്കുന്നത്.
ഇതെല്ലാം കേട്ടിട്ടും കേൾക്കാത്ത പോലെ അനങ്ങാതെ നിന്നു കൈകേയി. ദശരഥൻ തുടർന്നു രാമനില്ലാതെ എനിക്ക് കഴിയാൻ പറ്റില്ല എന്ന് പറഞ്ഞ നീയാണോ ഇപ്പോൾ ഇങ്ങനെ പറയുന്നത്. നോക്കു സൂര്യനില്ലാതെ ഭൂമി നിലനിൽക്കുമായിരിക്കും, സസ്യങ്ങൾ ജലമില്ലാതെയും നിലനില്ക്കുമായിരിക്കും പക്ഷേ രാമൻ പോയാൽ പിന്നെ ഈ ശരീരത്തിൽ ജീവനുണ്ടായിരിക്കില്ല.
തിഷ്ടേത് ലോകോ വിനാ സൂര്യം
സസ്യം വാ സലിലം വിനാം
ന തു രാമം വിനാതേഹേ തിഷ്ടേതു മമ ജീവിതം.
കൈകേയിക്ക് ഒരു കുലുക്കവുമില്ല. ഇത്രേം ബലം എവിടെന്നു വന്നു എന്ന് കൈകേയിക്കും അറിയില്ല. ദശരഥൻ ഓരോന്നിങ്ങനെ പറയും കിതക്കും ഇടയ്ക്ക് പോയി കിടക്കും വീണ്ടും കൈകേയിയെ നോക്കും. എല്ലാം ഒരു സ്വപ്നം പോലെ തോന്നിക്കുന്നു അദ്ദേഹത്തിന്. യാചിച്ചു നോക്കി ദശരഥൻ. ഒരു പതിക്കും പത്നിയോട് ഇത്രേം യാചിക്കേണ്ട ഗതികേടുണ്ടാകരുത്. കൈകേയി, എനിക്ക് വയസ്സായിരിക്കുന്നു. ശരീരത്തിന് ഇളക്കം തട്ടിയിരിക്കുന്നു. നടക്കാൻ പോലും ബുദ്ധിമുട്ടുണ്ട്. ഹൃദയത്തിനും ബലമില്ല. എപ്പോൾ ശരീരം വിട്ട് പോകും എന്നറിയില്ല. അതിനാൽ കാരുണ്യം കർതുമർഹസി. എന്നോടൽപം കരുണ കാണിക്കു.
പ്രിഥ്വ്യാം സാഗരാന്തായാം
യത് കിജ്ഞിത ദിഗമ്യതേ
തത് സർവ്വം തപദാസ്യാമി
കടൽ പോലെ പരന്നു കിടക്കുന്ന ഈ ഭൂമിയിൽ നിന്ന് എന്തു വേണമെന്ന് പറഞ്ഞാലും ഞാൻ കൊണ്ടു വന്നു തരാം. രാമനെ മാത്രം ചോദിക്കല്ലെ. അപ്പോഴും കല്ലു പോലെ ഇരിക്കുന്നു കൈകേയി. ഇ ക്ഷ്വാകു വംശത്തിലെ ഈ രാജഋഷി ദയനീയമായി കൈകേയിയോട് രാമനു വേണ്ടി കേഴുന്നു.
അജ്ഞലിം കുർവി കൈകേയി
കൈകൾ കൂപ്പുന്നു നിനക്കു മുന്നിൽ ഞാൻ കൈകേയി.
പാദൗ ചാവിസ് പ്രഷാമിതേ
പാദങ്ങൾ പിടിച്ച് യാചിക്കാം.
ശരണം ഭവ രാമസ്യ
മാ ധർമ്മോ മാ മിഹസ്പൃഷി
എന്നെ ഈ അധർമ്മം ബാധിക്കാതിരിക്കട്ടെ കൈകേയി. ദശരഥന് രാമനോടുള്ള സ്നേഹം അതിഗാഢമായിരുന്നു.
Nochurji 
malini dipu

No comments: