Sunday, December 23, 2018

*ശ്രീമദ് ഭാഗവതം 9*
അപ്പൊ ധർമ്മവും പുരുഷാർത്ഥമല്ല. പിന്നെ എന്താണ് പുരുഷാർത്ഥം.

ധർമ്മസ്യ ഹ്യ അപവർഗ്ഗസ്യ നാർത്ഥോഽർത്ഥായോപകല്പതേ
നാർത്ഥസ്യ ധർമ്മൈകാന്തസ്യ കാമോ ലാഭായ ഹി സ്മൃത:
കാമസ്യ നേന്ദ്രിയപ്രീതിർല്ലാഭോ ജീവേത യാവതാ
ജീവസ്യ തത്ത്വജിജ്ഞാസാ ന  അർത്ഥോ യശ്ചേഹ കർമ്മഭി:

ശ്രീ സൂത മഹാമുനി ഭാഗവതം പറയാൻ ആരംഭിക്കുമ്പോ തന്നെ ഈ ഒരു കാര്യം നമുക്ക് ക്ലിയർ ആക്കി തരാണ്.

ധർമ്മസ്യ ഹ്യ അപവർഗ്ഗസ്യ
ധർമ്മം എന്തിനുള്ളതാണ്. ധാർമ്മികമായി ജീവിച്ചാൽ പതുക്കെ പതുക്കെ നമ്മുടെ ആഗ്രഹങ്ങളൊക്കെ അല്പാല്പം പൂർത്തി ചെയ്തിട്ട് ഇനി ആഗ്രഹം പൊട്ടി മുളയ്ക്കാത്ത വിധത്തിൽ മനസ്സ് പതുക്കെ പതുക്കെ ശമിച്ചു കിട്ടി ഭഗവദ് അഭിമുഖമായി തീരാൻ സഹായിക്കുന്ന ഒരു ജീവിത പദ്ധതിയാണ് ധർമ്മം. അതിന് വേണ്ടി അർത്ഥം സമ്പാദിക്കാം.

ന അർത്ഥൗ അർത്ഥായോഽകല്പതേ.

പണം പണം സമ്പാദിക്കാൻ വേണ്ടി ആയിരിക്കുണു ഇപ്പൊ ല്ലേ. എന്തിനാ അറിയില്ല സമ്പാദിച്ചോണ്ടേ ഇരിക്കാ. അത് കഴിഞ്ഞിട്ട് ഇപ്പൊ എന്തു ചെയ്യും. ഇപ്പൊ നമ്മളുടെ കുട്ട്യോള് ഒക്കെ സമ്പാദിക്കുന്നത് കണ്ടാൽ ഞെട്ടി പ്പോകും. . ഒരു കോടി രൂപ ഒക്കെ ശമ്പളം വാങ്ങുന്നവരുണ്ട്. അതിനെ എന്തു ചെയ്യാൻ പറ്റും. രാവിലെ നമ്മളെ പോലെ തന്നെ പിന്നെയും ഇഡലീം  ദോശേം ഒക്കെ തിന്നണം. നോട്ട്
തിന്നാൻ പറ്റില്ലല്ലോ. ല്ലേ എല്ലാം ഒരേപോലെ തന്നെ. പക്ഷെ പുറമേയ്ക് ഒരു ഭ്രമം. ഈ കാലത്തിലുള്ള ഒരു സന്ദേശമാണ്.

അർത്ഥം അനർത്ഥം ഭാവയ നിത്യം
 നാസ്തി തത: സുഖലേശ സത്യം
പുത്രാദപി ധനഭാജാം ഭീതി:
സർവ്വത്ര വിഹിതാ രീതി:

അർത്ഥം അനർത്ഥമാണ്. സൂക്ഷിച്ചോളാ ന്നാണ്. എന്ന്വാച്ചാ പണം പണം സമ്പാദിക്കാൻ വേണ്ടി ആയാൽ അപകടം ആയി പ്പോകും.
ഭഗവാൻ ഗീതയിൽ അപകടകരമായ ഒരു കാര്യം പറഞ്ഞു വെച്ചു.

ധർമാവിരുദ്ധോ ഭൂതേഷു
കാമോഽസ്മി ഭരതർഷഭ.

ധർമ്മത്തിന് വിരുദ്ധമല്ലാത്ത കാമം ഒക്കെ എനിക്ക് സമ്മതമാണ് പറഞ്ഞു ഭഗവാൻ. അപ്പോ ആളുകള് എന്തു ചെയ്യും. ധർമ്മത്തിന്റെ  definition മാറ്റി മാറ്റി എഴുതിക്കൊണ്ടിരിക്കും . ഞങ്ങളുടെ ആഗ്രഹം എത്ര കണ്ടു പോകുന്നോ അത്ര കണ്ട് ധർമ്മത്തിന് വ്യാപ്തി കൊടുത്തു കൊണ്ടേ ഇരുന്നാൽ എനിക്ക് ആഗ്രഹിച്ചു കൊണ്ടേ ഇരിക്കാം സാധിച്ചു കൊണ്ടേ ഇരിക്കാം. കൃഷ്ണൻ പറഞ്ഞണ്ട് എന്നു പറയാം. വ്യാഖ്യാനങ്ങൾ ഒക്കെ ഇങ്ങനെ ആണ്.

 ധർമ്മത്തിന് അവിരുദ്ധമായ കാമം ന്ന് വെച്ചാൽ ഏതു കാമം അനുഭവിക്കുന്നതുകൊണ്ട് രാമകൃഷ്ണദേവൻ ഒരിക്കൽ പറഞ്ഞു അദ്ദേഹത്തിന് ഒരു ആഗ്രഹം തോന്നി അത്രേ. എന്താ ആഗ്രഹം വെച്ചാൽ നല്ല ഒരു പട്ട് സാൽവ പുതയ്ക്കണം ന്ന് തോന്നി.  വലിയ വലിയ ജമീന്ദാർമാരെ പോലെ.   ഉടനെ ഒരു ഭക്തൻ അത് വാങ്ങിച്ച് കൊടുത്തു. എന്നിട്ട് ഈ ബംഗാളികളൊക്കെ പുകവലിക്കുന്ന ഹുക്ക വലിക്കണമെന്ന് തോന്നീത്രേ. അതും ആ ഭക്തൻ ഏർപ്പാടാക്കി കൊടുത്തു. പിന്നെയൊരു മധുരപലഹാരം തിന്നണം ന്ന് തോന്നി. രാമകൃഷ്ണദേവൻ സാൽവ ഒക്കെ പുതച്ച് ജമീന്ദാർമാരെ പോലെ കാലിന്മേൽ കാലിട്ടിരുന്ന് ഹുക്ക വലിച്ച് മനസ്സിനോട് പറഞ്ഞു അത്രേ മനസ്സേ ഇതാണ് സാൽവ പുതയ്ക്കാ ന്ന് പറയണത്. മനസ്സേ ഇതാ ഹുക്ക വലിക്കാ പറഞ്ഞാൽ ഇതാണ് ഈ മധുരപലഹാരം തിന്നല് ഇതിലെന്തുണ്ട്. കഴുത്തിന് ചോട്ടിൽ പോയിക്കഴിഞ്ഞാൽ ഒക്കെ പോയി. ഇതിനൊന്നും ഒരു രുചിയില്ല്യ. ഇത് വെറും ഭ്രമമാണ്. കുറച്ച് കഴിഞ്ഞ് ആ സാൽവ പിച്ചിച്ചീന്തിക്കളഞ്ഞു.

ഇതാണ് ധർമ്മാവിരുദ്ധകാമം. ആ കാമം വിവേകത്തോടുകൂടെ അതിലൂടെ കടന്നു കഴിയുമ്പോ അത് അവസാനിക്കാണെങ്കിൽ അതിന് ധർമ്മ അവിരുദ്ധകാമം ന്ന് പറയും. അത് പിന്നേം തുടരാണെങ്കിൽ മറ്റൊരു സാൽവ വേണം ന്ന്  തോന്നാണെങ്കിൽ  അത് ധർമ്മ അവിരുദ്ധ കാമം ല്ല. ഒക്കെ അവസാനിപ്പിക്കലാണ്. നമ്മളൊക്കെ ഇവിടെ വന്നിരിക്കണത് അവസാനിപ്പിക്കാനാണ്. അപ്പോ ധർമ്മവും ല്ല അർത്ഥവും അല്ല കാമവും ല്ല പിന്നെ എന്താ ജീവിതലക്ഷ്യം.

ജീവേത യാവതാ ജീവസ്യ തത്ത്വജിജ്ഞാസാ ന അർത്ഥോ യശ്ചേഹ കർമ്മഭി.

ബാക്കി ഒരു കർമ്മവും കൊണ്ടും ഒരു പ്രയോജനമില്ല്യ. പിന്നെ എന്താ ജീവിതലക്ഷ്യം.

തത്വജീജ്ഞാസ:

ഭഗവദ് തത്വം,  പരമാത്മ തത്വം എന്താണ് ഭഗവദ് സ്വരൂപം എന്താണ് എന്ന് അറിഞ്ഞ് അനുഭവിക്കണം. തത്വജീജ്ഞാസ ആണ് ജീവിതത്തിന്റെ ഒരേ ഒരു ലക്ഷ്യം. 
ശ്രീനൊച്ചൂർജി
 *തുടരും. .*

No comments: