നാരദന്‍ പറഞ്ഞ കാളിയകഥ ബഹുലാശ്വനിലെ ജിജ്ഞാസുവിനെ ഉണര്‍ത്തി. അദ്ദേഹം ചോദിച്ചു:- ‘മഹര്‍ഷീശ്വരാ, യോഗീശ്വരര്‍ക്കും ദുര്‍ലഭമായ കൃഷ്ണപാദപാംസു ശിരസ്സിലണിയാന്‍ ഈ സര്‍പ്പാഗ്രണിക്കെങ്ങനെ ഭാഗ്യമുണ്ടായി? കാളിയന്റെ പൂര്‍വ്വപുണ്യകഥ എനിക്കു പറഞ്ഞുതന്നാലും’. മഹാരാജാവിന്റെ അപേക്ഷയാല്‍ സന്തുഷ്ടനായ നാരദമഹര്‍ഷി പറഞ്ഞു’. മഹാരാജാവിന്റെ അപേക്ഷയാല്‍ സന്തുഷ്ടനായ നാരദമഹര്‍ഷി പറഞ്ഞു: ‘ മഹാരാജാവേ കേള്‍ക്കുക, പണ്ട് സ്വായം ഭുവമന്വന്തരത്തില്‍, കീര്‍ത്തിമാനായ വേദശിരസ്സ് എന്ന മഹര്‍ഷി തപസ്സിരിക്കുകയായിരുന്നു. വിന്ധ്യാതടത്തില്‍. ആയിടയ്ക്ക്, അതേ ആശ്രമത്തില്‍ത്തന്നെ തപസ്സിനായി, അശ്വശിരസ്സ് എന്ന മഹര്‍ഷി എത്തിച്ചേര്‍ന്നു. ആ വരവ് വേദശിരസ്സിന് രസിച്ചില്ല. അദ്ദേഹം അശ്വശിരസ്സിനോട്, ‘അങ്ങേക്കു തപസ്സിന് മറ്റെങ്ങും സ്ഥലമില്ലേ? ഇവിടെ തപസ്സുചെയ്യുന്നത് ശരിയാവില്ല.’ – എന്ന് കോപത്തോടെ പറഞ്ഞു. ഇതുകേട്ടു കുപിതനായ അശ്വശിരസ്സു പറഞ്ഞു: ‘ഈ ഭൂമി, അങ്ങയുടേതല്ല. മഹാവിഷ്ണുവിന്റേതാണ്. ഇതിനകം എത്രയോ മുനിമാര്‍ ഇവിടെ തപസ്സുചെയ്തിരിക്കുന്നു. ഒരു പാമ്പിനെപ്പോലെ സീല്‍ക്കരിച്ചു സംസാരിക്കുന്ന നീ, ഗരുഡഭയമുള്ള ഒരു സര്‍പ്പമായിത്തീരട്ടെ’.
വേദശിരസ്സിന് ശാപം സഹിക്കാനായില്ല. അദ്ദേഹം പ്രതിശാപമിട്ടു: ‘ചെറിയ തെറ്റിന് വലിയ ശാപമിട്ട നീ മഹാദുഷ്ടനാണ്. ഇപ്രകാരം ചെയ്ത നീ ഒരു കാക്കയായിത്തീരട്ടെ.’ കോപമടങ്ങിയപ്പോള്‍ ഇരുവര്‍ക്കും പശ്ചാത്താപമുണ്ടായി. മുനിമാരെക്കൊണ്ട് മഹാവിഷ്ണുവിന് ദയതോന്നി മുനിമാരുടെ മുന്നിലെത്തി. എന്നിട്ട്, അനുഗ്രഹപൂര്‍വം പറഞ്ഞു. ‘നിങ്ങള്‍ എന്റെ ഭക്തന്മാരാണ്. എന്റെ ഭക്തന്മാരാണ്. എന്റെ ഇരുകൈകളുംപോലെ അഭിന്നരാണ്. നിങ്ങളുടെ വാക്കുകള്‍ നിഷ്ഫലമാവുകയില്ല. വേദശിരസ്സേ, ഞാന്‍ അങ്ങയുടെ ശിരസ്സില്‍ പാദംവച്ചനുഗ്രഹിക്കുന്നതാണ്. അങ്ങേക്ക് ഗരുഡഭയം ഒഴിവാകും. അശ്വശിരസ്സേ, അങ്ങ്, കാക്കരൂപത്തിലായാലും ത്രികാലജ്ഞാനിയായിരിക്കും. വേദനിക്കാതിരിക്കുകു’. ഭക്തന്മാരെ അനുഗ്രഹിച്ച് മഹാവിഷ്ണു മറഞ്ഞു. അശ്വശിരസ്സ് ഭുശുണ്ഡന്‍ എന്ന കാകനായി അനിലപര്‍വ്വതത്തില്‍ വസിച്ചു. സര്‍വശാസ്ത്രവിശാരദനായ ആ കാകനാണ് ഗരുഡന് രാമായണമുപദേശിച്ചത്. വേദശിരസ്സാകട്ടെ കദ്രു-കശ്യപദമ്പതിമാര്‍ക്ക് പുത്രനായി കാളിയന്‍ എന്ന പേരില്‍ പിറന്നു.’
കാളിയനോടൊപ്പം ജനിച്ച സര്‍പ്പങ്ങളില്‍ അനന്തന്‍, ഭുഭാരം വഹിക്കാനായി പാതാളത്തിലാക്കി വാസം. മറ്റുരഗങ്ങള്‍ സുതലം, മഹാതലം, രസാതലം, തലാതലം എന്നിവിടങ്ങളില്‍ പാര്‍പ്പുറപ്പിച്ചു. കാളിയനാകട്ടെ, ഭൂതലത്തിലെ രമണകദ്വീപില്‍ വസിച്ചു. അവിടെ ഗരുഡഭയംകൊണ്ട് സ്ഥിരവാസം സാധിച്ചില്ല. സര്‍പ്പങ്ങള്‍ ഗരുഡനു നല്‍കിവന്ന ബലിയും രത്‌നദാനവും കാളിയന് ഇഷ്ടപ്പെട്ടില്ല. താന്‍ ബലിനല്‍കാതിരിക്കുകയും ബലിസാധനങ്ങള്‍ സ്വയം ഭുജിക്കുകയും ചെയ്തു. ഈ ധിക്കാരം ഗരുഡന്‍ പൊറുത്തില്ല. എങ്ങനെയും കാളിയനെ വകവരുത്താന്‍ ഗരുഡന്‍ ശ്രമിച്ചു. ഭയന്നോടിയ കാളിയന് എങ്ങും അഭയം ലഭിച്ചില്ല. അവസാനം നാരദനിര്‍ദ്ദേശമനുസരിച്ച് കാളിയന്‍ കാളിന്ദിയിലെത്തി സസുഖം വാണു. അവിടെ ഗരുഡന്‍ ചെല്ലുകയില്ല. ചെന്നാല്‍ ദേഹനാശം വരുമെന്ന് സൗഭരിമഹര്‍ഷി ശപിച്ചിരുന്നു. യമുനയില്‍ ചെന്ന് മത്സ്യങ്ങളെ നിര്‍ദ്ദയം കൊത്തിത്തിന്ന ഗരുഡനെ, ജലതപസ്സുചെയ്ത അവിടെ പാര്‍ത്തിരുന്ന സൗഭരിമഹര്‍ഷി, ‘ഇനിമേല്‍ ഇവിടെ വന്ന് മത്സ്യം പിടിച്ചാല്‍ നിനക്ക് പ്രാണനാശം വരട്ടെ’ – എന്ന് ശപിച്ചിരുന്നു. ഈ ശാപം ഭയന്ന് ഗരുഡന്‍ കാളിന്ദിയില്‍ (യമുനയില്‍) പോകാതെയായി. അതാണ് കാളിയന് സ്വൈരമായി പാര്‍ക്കാന്‍ യമുന സൗകര്യസ്ഥാനമായത്.
ആര്‍ക്കും കൗതുകമുണ്ടാക്കുന്ന ഈ കാളിയകഥയില്‍, സൂക്ഷ്മ-സ്ഥൂല വായനകളില്‍, വ്യത്യസ്താര്‍ത്ഥം കണ്ടെത്താവുന്നതാണ്. ശക്യുന്മാദംകൊണ്ട് ധിക്കൃതസ്വഭാവനായ ഒരാള്‍ മാനസാനന്തരം പ്രാപിച്ച് ഭക്തനായിത്തീരുന്ന കഥയായി, കാളിയമര്‍ദ്ദനകഥ വായിച്ചെടുക്കാം. ലളിതമായ വായനപോലും ആ അര്‍ത്ഥതലത്തിലെത്തിക്കും. ഗരുഡഭയത്താല്‍ ഓടിയുഴന്ന കാളിയനല്ല, സ്വസ്ഥാനമുറപ്പിച്ച് അപ്രതിരോധ്യശക്തിയായി വളര്‍ന്നപ്പോള്‍, നൂറുകണക്കിനു ഫണങ്ങള്‍ വിരിഞ്ഞാടിനില്‍ക്കുകയാണവനില്‍! താഴ്ത്തിയ പത്തികളുമായി ബലവാനെഭയന്ന് കഴിഞ്ഞ അവന്‍ ശത്രുഭയം/മരണഭയം ഇല്ലാതായപ്പോള്‍ സര്‍വ്വശക്തനാണെന്നുഭാവിച്ച് ഞെളിഞ്ഞു. ദൗഷ്ട്യം വര്‍ധിച്ചു. അത് വിഷജ്വാലപൂണ്ട് സഹജീവികളെ നാശത്തിലാക്കി. സംസര്‍ഗ്ഗമുണ്ടായാല്‍മതി യാദസ്സുകള്‍ വിഷാഗ്നിയിലെരിഞ്ഞടങ്ങാന്‍. കരുത്തനും അഹങ്കാരിയുമായ ഒരുവന്റെ ധാര്‍ഷ്ട്യത്തിനു മുമ്പില്‍ ഇതരജീവികള്‍ക്ക് യാതൊരു ഗതിയുമില്ലെന്നുസാരം. അവന്റെ പരാക്രമത്തിനുമുന്നില്‍ മൃതപ്രായരാണ് എല്ലാവരും. കാളിയമാര്‍ന്ന ദുഷ്ടമനസ്സില്‍നിന്ന് സജ്ജനങ്ങള്‍ക്ക് രക്ഷയില്ലെന്നുസാരം. ശരീരാഭിമാനത്താല്‍ ജൃംഭിതവീര്യനാകുന്ന വ്യക്തിയുടെ പ്രതീകമായിട്ടാണ് കാളിയനെ കാണേണ്ടത്.
പൂര്‍വ്വപുണ്യം ഫലിച്ചതിനാല്‍ ശ്രീകൃഷ്ണഭഗവാന്റെ സാമീപ്യം കാളിയനു ലഭിച്ചു. തപോനിരതരായ മഹര്‍ഷിമാര്‍ക്കും ദേവന്മാര്‍ക്കും നേടാനാകാത്ത പുണ്യമാണ് ഫലിച്ചത്. ജന്മാന്തരത്തിലും മര്‍ത്യന് തുണയാകുന്നത് സ്വധര്‍മ്മാനുഷ്ഠാനത്തിലെ പുണ്യമാണ്. അതുകൊണ്ടാണല്ലോ, ‘ധര്‍മ്മോ രക്ഷതി രക്ഷിതഃ’ എന്നു പറഞ്ഞിരിക്കുന്നത്.
‘ഇഹൈവ തൈര്‍ജ്ജിത സര്‍ഗ്ഗോ
യേഷാം സാമ്യേ സ്ഥിതം മനഃ
നിര്‍ദ്ദോഷം ഹി സമം ബ്രഹ്മ
തസ്മാത് ബ്രഹ്മണി തേ സ്ഥിതാഃ’
യേഷാം സാമ്യേ സ്ഥിതം മനഃ
നിര്‍ദ്ദോഷം ഹി സമം ബ്രഹ്മ
തസ്മാത് ബ്രഹ്മണി തേ സ്ഥിതാഃ’
(സമഭാവനയില്‍ രമിച്ച് കര്‍മ്മം ചെയ്യുന്നവര്‍ ഇവിടെ വച്ചുതന്നെ – ജീവിച്ചിരിക്കേ-സംസാരത്തെ ജയിച്ചവരാണ്. അക്കൂട്ടര്‍ എപ്പോഴും നിര്‍ദ്ദോഷവും സമവുമായ ബ്രഹ്മത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്നവരാണ്) ഈ ഗീതാശ്ലോകവും പ്രസ്തുത്തിന് അടിവരയിടുന്നു. അപ്പോള്‍, കര്‍മ്മമാണ് കാര്യം, കര്‍മ്മമാകട്ടെ, മനസ്സിന്റെ രീതിക്കനുസരിച്ചുമാണ്. രാജസ താമസ സ്വാധീനതകളില്‍പ്പെട്ട മനസ്സുകള്‍ അഹമ്മതിയാല്‍ ആരേയും ധിക്കരിക്കുകയും സമുഹത്തെയാകെ ദുഷ്ടതയാകുന്ന വിഷത്താല്‍ ലിപ്തമാക്കുകയും ചെയ്യും.
വേദശിരസ്സ് എന്ന ഋഷിയുടെ പുനര്‍ജ്ജന്മമാണല്ലോ കാളിയന്‍! എന്തൊരു വൈരുദ്ധ്യം! വേദശിരസ്സായിട്ടും കാളിയനാകേണ്ടിവന്നു! വേദം എന്നാല്‍ ജ്ഞാനമെന്നാണര്‍ത്ഥം. ജ്ഞാനം ശിരസ്സിലേറ്റിക്കഴിഞ്ഞയാള്‍! സാധാരണ ജ്ഞാനി, സമതയാര്‍ന്ന ആളായിരിക്കും. എങ്കിലേ ആ വിശേഷണം അയാള്‍ക്കുചിതമാകൂ. നേരേ നടന്നുപോകുന്നയാള്‍ ചിലപ്പോള്‍ വഴുതിവീണുപോകും. അതുപോലെയാണ് ജ്ഞാനിക്ക് പതനമുണ്ടാകുന്നത്. വേദശിരസ്സും അശ്വശിരസ്സും മഹര്‍ഷിമാരായിരുന്നു. ശമദമങ്ങളാല്‍ നിയന്ത്രിതങ്ങളായ ഇന്ദ്രിയമാനസങ്ങളാണ് ഇത്തരം യോഗികള്‍ക്കുണ്ടാവുക. പക്ഷേ, അവര്‍ക്ക് ‘സമത്വം യോഗ ഉച്യതേ’ എന്ന വിധത്തില്‍ യോഗഭാവം വളര്‍ന്നിരുന്നില്ല. അതുകൊണ്ടാണല്ലോ ഇരുവരും അസഹിഷ്ണുക്കളായതും ശപിച്ചതും? അസമീക്ഷയാലുളവായ ക്ഷോഭം വലിയ നാശംതന്നെയുണ്ടാക്കി.
ഇനി മറ്റൊരു രീതിയില്‍ ഈ കഥയ്ക്ക് അര്‍ത്ഥം കാണാന്‍ ശ്രമിക്കാം. യമുനാനദി മനുഷ്യഹൃദയമാകട്ടെ. കാളിയന്‍ അഹങ്കാരമാകുന്നു. ബലിഷ്ഠമായ തന്റെ അധികാരത്തിനുമേല്‍ മറ്റൊന്നുമില്ലെന്ന് അഹങ്കാരി കരുതും. വ്യാപരിക്കുന്ന ഏതുമേഖലയിലും ഞാന്‍ ഞാനെന്നഭാവം വളര്‍ന്നുവരും. അത്തരം അഹങ്ങളുടെ നിര തന്നെയാണ് കാളിയഫണങ്ങള്‍! അഹങ്കാരം ഫണം വിടര്‍ത്തി നില്‍ക്കുന്ന മനസ്സ് സ്വച്ഛവും സുന്ദരവും ആകാന്‍വയ്യ! ആ മനസ്സില്‍നിന്ന് വിഷജ്വാല വമിക്കും! അത്തരക്കാരന്റെ ചിന്തയും പ്രവൃത്തിയും പരമതാനുസാരിയാകില്ലെന്നു മാത്രമല്ല; അന്യന് ഉപദ്രവകാരിയായിരിക്കുകയും ചെയ്യും!
ദുഷ്ടമാനസം പുറപ്പെടുവിക്കുന്ന വിഷജ്വലയില്‍ വിഷമിക്കേണ്ടിവരുന്നത് സജ്ജനങ്ങളാണ്. ഈശ്വരഭക്തിയും സദ്ഭാവവുമുള്ള സജ്ജനങ്ങള്‍! ഗോപാലന്മാരും ഗോക്കളും അവരുടെ പ്രതീകങ്ങളാണ്. തങ്ങള്‍ക്കൊട്ടും പരിചയമില്ലാത്ത ധാര്‍ഷ്ട്യത്തിനുമുന്നില്‍ അവര്‍ അസ്തപ്രജ്ഞരാകുന്നു. വിഷലിപ്തജലം പാനം ചെയ്ത് പ്രജ്ഞയറ്റുപോയി എന്ന കഥാഭാഗത്തെ ആവിധം വേണം മനസ്സിലാക്കാന്‍. ആ സന്മതികളാകട്ടെ, ‘സര്‍വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ’ എന്ന അര്‍പ്പണബോധമുള്ളവര്‍! ഭഗവാന്‍ തങ്ങളുടെ ‘യോഗക്ഷേമം’ വഹിച്ചുകൊള്ളുമെന്ന് കരുതുന്ന ഭക്തോത്തംസങ്ങള്‍! അവരെ കൃഷ്ണന് രക്ഷിച്ചേ പറ്റൂ. കടാക്ഷാമൃതത്താല്‍ ഗോപാലരും ഗോക്കളും വത്സങ്ങളും രക്ഷിക്കപ്പെട്ടു. പൂര്‍ണ്ണസമര്‍പ്പണം ചെയ്തഭക്തരെ ഭഗവാന്‍ രക്ഷിക്കതന്നെ ചെയ്യും. അതിന് പാഞ്ചാലിയും സുദാമാവും അംബരീഷനുമൊക്കെ സാക്ഷികളാണ്.
ഒരാള്‍, സദ്ഭാവത്താലോ കുഭാവത്താലോ ഈശ്വരനെ സമീപിച്ചാല്‍, അവന്റെ നേര്‍ക്ക് ഭഗവാന് കാരുണ്യമാണുണ്ടാവുക. കാളിയന്‍, അഹങ്കാരിയായിരുന്നിട്ടും അവനെ, കൃഷ്ണന്‍, അവഗണിച്ചില്ല. ഗരുഡഭയംകൊണ്ട് ഉഴന്നോടിയപ്പോഴും കാളിയന്റെ മനസ്സില്‍, ശ്രീനാഥനുണ്ടായിരുന്നു. ഗരുഡന്റെ ബലത്തിനും യശസ്സിനും കാരണം ഭഗവാനാണെന്ന വിചാരമാണ്. വിപരീതഭാവത്തിലാണെങ്കില്‍പ്പോലും കൃഷ്ണസ്മരണ, കാളിയനുണ്ടായിരുന്നു. അക്കാരണത്താലാണ് ഭക്തത്രാണപരായണനായ കൃഷ്ണന്‍ കാളിയമര്‍ദ്ദനം (അഹങ്കാരധ്വംസനം) നടത്തിയത്. കൃഷ്ണപാദാങ്കിതഫണങ്ങള്‍ കാളിയന്റെ ഭക്തിക്കുളള പ്രതീകങ്ങളാണ്.
ഈ കഥയിലെ കാളിയപത്‌നിമാര്‍, കാളിയന്റെ പരിശുദ്ധിയാര്‍ജ്ജിച്ച മനസ്സിന്റെ പ്രതീകങ്ങളാണ്. നാഗിനികള്‍ ഈശ്വരനോട്, രക്ഷിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു. അഹങ്കാരം ശമിക്കുമ്പോഴുണ്ടാകുന്ന വിനയാവനമ്രതയും നിറഞ്ഞ ഭക്തിയുമാണ് വ്യക്തിക്കുണ്ടാകുന്നത്. ഒപ്പം ‘നിറുത്തിടല്ലേ നൃത്തം കണ്ണാ’ എന്ന വിശേഷാര്‍ത്ഥത്തിലെ പ്രാര്‍ത്ഥനയും! രമണകദ്വീപും ചിന്താരസികമായ ശബ്ദമാണ്. രമ്യമായ, മരിക്കത്തക്ക, രമണീയമായ എന്നൊക്കെ അതിന്നര്‍ത്ഥമുണ്ട്. ഈശ്വരസ്പര്‍ശത്താല്‍ ഗതഗര്‍വനായ, ശുദ്ധാന്തഃകരണനായ വ്യക്തി പോകേണ്ടത് മറ്റെവിടെയാണ്? രമണകത്തിലേക്കുതന്നെ. സജ്ജനങ്ങളുടെ മനസ്സ് സദാ രമിക്കുന്ന സ്ഥലത്തേക്ക്! ആ സ്ഥലം വൈകുണ്ഠമാണ്. കുണ്ഠതയ്‌ക്കേ ഇടമില്ലാത്ത സ്ഥലം! അവിടെ ഭയമേ ഇല്ല! അഭയമാണ് രമണകദ്വീപിന്റെ സവിശേഷത! ഈവിധമൊരു പരിണാമം കാളിയനുണ്ടാകാന്‍ കാരണം പൂര്‍വ്വജന്മവാസനയാകാം. വേദശിരസ്സിന്റെ ശാപഗ്രസ്തകാലം കഴിഞ്ഞ്, ഭഗവദ്ഭക്തിയാല്‍ പുണ്യാതിരേകം പേറി, ഭക്തോത്തംസമായി. ദ്വൈതഭാവമകന്ന് അദൈ്വതഭാവം നിറഞ്ഞ്, കാളിയന്‍ ആനന്ദഭരിതമാനസനായി...punyabhumi
No comments:
Post a Comment