Sunday, December 02, 2018

വാല്മീകി രാമായണം-40

വിശ്വാമിത്രനോടൊപ്പം നൂറ് കാളവണ്ടിയിലായി ബ്രഹ്മ മഹർഷിമാരും യാത്രയായി. വലിയ ഒരു സമാരംഭം ആണ് ആ യാത്ര. പോകുന്ന വഴിക്ക് മൃഗങ്ങളോടൊക്കെ യാത്ര ചോദിച്ചു മഹർഷിമാർ. ഇത് കേട്ടപ്പോൾ മൃഗങ്ങളൊക്കെ അവരുടെ പിന്നാലെ കൂടി. മനുഷ്യർക്ക് വിശ്വാമിത്രനെ ഭയമായിരുന്നിരിക്കാം. എന്നാൽ മൃഗങ്ങൾക്ക് അദ്ദേഹം പ്രിയങ്കരനായിരുന്നു. അതിനാൽ തന്നെയാണ് അദ്ദേഹത്തിന് വിശ്വാമിത്രൻ എന്ന് പേര് വന്നത്. വിശ്വത്തിന് മുഴുവനും മിത്രനായിരിക്കുന്നവൻ. ഒരു ജ്ഞാനിക്ക് എങ്ങനെയെന്നാൽ

അഗ്നി മൂർദ്ധ ചക്ഷുഷി ചന്ദ്ര സൂര്യോ
ദിശ ശ്രോത്രേ വാക് വിവ്രതഷ വേദ:
വായു പ്രാണോ ഹൃദയം വിശ്വമസ്യ
പദ്ഭ്യാം പ്രഥ്വി സർവ്വ ഭൂതാന്തരാത്മാ
അഗ്നിയാണ് മൂർദ്ധാവ്, സൂര്യ ചന്ദ്രൻമാർ കണ്ണുകൾ, വേദമാണ് അവന് വാക്ക് ,വിശ്വമേ ഹൃദയമാണ്, വായുവാണ് പ്രാണൻ, കാലുകൾ മാത്രം ഭൂമിയിൽ നടക്കുന്നു.

കുറേ ദൂരം വിശ്വാമിത്ര മഹർഷിയേയും മറ്റു മഹർഷിമാരേയും പിന്തുടർന്ന് മൃഗങ്ങൾ വന്നു. മനുഷ്യ വാസം ഉള്ള സ്ഥലത്തിനടുത്തെത്തിയപ്പോൾ വിശ്വാമിത്രൻ പറഞ്ഞു മൃഗങ്ങളെ നിങ്ങൾ കാനനത്തിലേയ്ക്ക് തിരികെ പോകു. മനുഷ്യരുടെ സമ്പ്രദായം വളരെ വ്യത്യസ്തമാണ്. നിങ്ങൾക്ക് അതുമായി യോജിക്കാൻ സാധ്യമല്ല.

പണ്ട് ഒരു കാട്ടിൽ താമസിക്കുന്ന ഒരു കുരങ്ങിന് നാട് കാണാൻ ആഗ്രഹമുണ്ടായി. അപ്പോൾ നാടും മനുഷ്യേരേയും കണ്ടിട്ടുള്ള മറ്റൊരു കുരങ്ങ് തടഞ്ഞു കൊണ്ട് പറഞ്ഞു അരുതേ അത് ഭയാനകമായ ഒരിടമാണ് കാട്ടിൽ മുയൽ, പുലി ,ആന എല്ലാവരേയും കണ്ടാലറിയാം നാട്ടിൽ മനുഷ്യനാണെങ്കിൽ ചില നേരങ്ങളിൽ മുയലും, ചിലപ്പോൾ നരി ചിലപ്പോൾ പുലി ഇങ്ങനെയാണ് പ്രകൃതം. അതിനാൽ ഞാൻ തിരികെ പോന്നു.

വിശ്വാമിത്രൻ മൃഗങ്ങളോട് സൗഖ്യത്തോടെ കാട്ടിൽ വസിക്കാൻ പറഞ്ഞു. അവർ തിരികെ പോയി.വിശ്വാമിത്രൻ ശോണഭദ്ര പ്രദേശത്തിലൂടെ വേദ കഥകൾ കുമാരൻമാർക്ക് പറഞ്ഞു കൊടുത്തു കൊണ്ട് യാത്ര തുടർന്നു.കഥകൾ കേട്ട് രാമലക്ഷ്മണൻമാർ പതുക്കെ നിദ്രയിലാണ്ടു.
Nochurji 🙏🙏

No comments: