Thursday, December 06, 2018

ഉപദ്രഷ്ടാ-പരമാത്മാവ് ജീവന്റെ എല്ലാത്തരം പ്രവൃത്തികളെയും കണ്ടുകൊണ്ടുനില്‍ക്കുന്നു. 'ഇത് ചെയ്യണം, ഇത് ചെയ്യരുത്' എന്നു പറയുകയില്ല. ഒരു സഹായവും ചെയ്യുകയില്ല; ഒന്നും തടസ്സപ്പെടുത്തുകയില്ല. ഒരു ഉദാഹരണം പറയാം. ഒരു വലിയ സദസ്സില്‍, സ്റ്റേജില്‍ ഒരു അധ്യക്ഷന്‍ ഇരിക്കുന്നുണ്ടാവും. ആ അധ്യക്ഷന്‍ സ്റ്റേജില്‍ നടക്കുന്ന പരിപാടികളെക്കുറിച്ച് ഒരക്ഷരം സംസാരിക്കുകയില്ല. പരിപാടി നന്നായി എന്നോ ചീത്തയായി എന്നോ പറയില്ല. എല്ലാം സശ്രദ്ധം വീക്ഷിക്കുന്നു. അതുപോലെ എല്ലാ ശരീരങ്ങളിലും ജീവന്റെ സമീപത്ത് (ഉപ)നിന്നുകൊണ്ട് വീക്ഷിക്കുന്നു(ശ്രേഷ്ഠാ).
അനുമന്താ- ജീവാത്മാക്കളുടെ പ്രവൃത്തികളെ പുണ്യപാപകര്‍മ്മങ്ങളെ അനുമാനിക്കുന്നതുപോലെ തോന്നുംവിധത്തില്‍ എല്ലാം നോക്കാനെന്നു, അവയുടെ ഫലങ്ങളെ പറ്റിയും മനനം ചെയ്യുന്നു. 'ഇങ്ങനെ പാപകര്‍മ്മങ്ങള്‍ ചെയ്യുന്നുവല്ലോ കഷ്ടം!' എന്നും പുണ്യകര്‍മ്മങ്ങളും ചെയ്യുന്നുണ്ടല്ലോ എന്നും എന്നെ സേവിക്കുന്നുമുണ്ട്, നല്ലത് എന്നും വിചാരിച്ചുകൊണ്ടിരിക്കുന്നു. ഇതാണ് പരമാത്മാവായ ഭഗവാന്റെ അനുമനനം (അനുമന്താ)
''സാക്ഷീചേതാ കേവലോ നിര്‍ഗുണശ്ച'' എന്ന് വേദങ്ങള്‍ ഈ അവസ്ഥയെ വിവരിക്കുന്നുമുണ്ട്.
ഭര്‍ത്താ-ദേഹം, മനസ്സ്, ഇന്ദ്രിയങ്ങള്‍ ഇവയെ നിലനിര്‍ത്തുകയും പോഷിപ്പിക്കുകയും ചെയ്യുന്നത് പരമാത്മാവാണ്. മരുന്ന് കഴിച്ചതുകൊണ്ടാണ് ദേഹത്തിന്റെ രോഗം ഇല്ലാതായത്, എന്നു നാം വിചാരിക്കുന്നു. അതു ശരിയല്ല, ഭഗവാന്റെ ചൈതന്യ സ്ഫുരണം അതില്‍ സ്ഥിതിചെയ്യുന്നതുകൊണ്ടാണ് എന്നു ഭഗവാന്‍ പറയുന്നത് നമുക്ക് വിശ്വസിക്കാം.
ഭോക്താ- പുണ്യപാപകര്‍മ്മങ്ങളുടെ ഫലങ്ങളും ദുഃഖങ്ങളും അനുഭവിക്കുന്നത് ജീവാത്മാക്കളാണെന്ന് തോന്നു. വൈദിക കര്‍മ്മങ്ങളായ യജ്ഞം, തപസ്സ് മുതലായവ സ്വീകരിക്കുന്നത് ഇന്ദ്രാദിദേവഗണങ്ങളാണെന്ന് വേദത്തില്‍ പറയുന്നുണ്ട്. ഇന്ദ്രാദിദേവന്മാര്‍ വഴി ആ കര്‍മ്മങ്ങള്‍ സ്വീകരിക്കുന്നത് ആ ദേവന്മാരുടെ ഹൃദയത്തില്‍നിന്നുകൊണ്ട് ഭഗവാന്‍ തന്നെയാണ്. അതിനാല്‍ ഭഗവാന്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഭോക്താവ് എന്ന് ഗീതയില്‍ പറയുന്നുണ്ട്.
''ഭോക്താരം യജ്ഞതപസാം
സര്‍വ്വലോകമഹേശ്വരം'' (ഗീത-5-29)
(=യജ്ഞങ്ങളുടെയും തപസ്സുകളുടെയും ഭോക്താവും ലോകമഹേശ്വരനും ഞാന്‍ തന്നെയാണ്.) ജീവന്മാരുടെ എല്ലാത്തരം കര്‍മ്മങ്ങളും ആസ്വദിക്കുന്നത് പരമാത്മാവായ ശ്രീകൃഷ്ണ ഭഗവാന്‍ തന്നെയാണ്.
മഹേശ്വര:- പരമാത്മാവായ ഭഗവാന്‍ മഹേശ്വരനും കൂടിയാണ്. എല്ലാ പ്രപഞ്ചങ്ങളെയും ദേവന്മാരെയും നിയന്ത്രിക്കാന്‍ കഴിവുള്ളവനാണ്. എന്നാല്‍ തന്റെ അംശങ്ങള്‍ തന്നെയായ ജീവാത്മാക്കളെ-ക്ഷേത്രജ്ഞന്മാരെ-നിയന്ത്രിക്കുന്നില്ല. ഭഗവാന്റെ ആധ്യാത്മിക പ്രഭാവലയത്തിലേക്ക് വരികയോ മായയുടെ ഊരാക്കുടുക്കിലേക്ക് പോകുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. ആ സ്വാതന്ത്ര്യം ജീവഗണങ്ങള്‍ ദുരുപയോഗം ചെയ്യുന്നു. അധാര്‍മിക പ്രവൃത്തികള്‍ ചെയ്യാന്‍ ഒരുങ്ങുന്ന ജീവന്മാര്‍ക്ക്-ചെയ്യരുത് എന്നൊരു സന്ദേശം ആദ്യം പരമാത്മാവായ ഭഗവാന്‍ നല്‍കുന്നുണ്ട്. അതു തള്ളിക്കളഞ്ഞു ഭൗതിക പ്രപഞ്ചത്തിലേക്ക് വരുന്ന ജീവന്മാര്‍ക്കു വേദപുരാണേതിഹാസങ്ങള്‍ ഭഗവദ്ഗീത, ശ്രീമദ് ഭാഗവതം മുതലായ തന്റെ സ്വന്തം വാക്കുകള്‍ വഴി ഉപദേശിക്കുന്നുണ്ട്. നാം അതും ഉപേക്ഷിക്കുന്നു. പിന്നെ ഭഗവാന്‍ എന്ത് ചെയ്യും? 
ഇങ്ങനെ നാലാം ശ്ലോകത്തില്‍
തത്‌ക്ഷേത്രം (യദി-ക്ഷേത്രം എന്താണ്, (യാദൃക്) ഏതുരൂപത്തിലുള്ളതാണ്? (യാദ്‌വികാരി-ഏതെല്ലാം വിധത്തില്‍ പ്രവര്‍ത്തിക്കുന്നു.(യതശ്ച)ഏതില്‍നിന്ന് ഉണ്ടായി. (സചയഃ) ക്ഷേത്രജ്ഞന്‍ ആരാണ്, (യത് പ്രഭാവശ്ച)അദ്ദേഹത്തിന്റെ പ്രഭാവം എന്താണ്-എന്ന് -താന്‍ പ്രതിജ്ഞയെടുത്ത വസ്തുതകള്‍ ഭഗവാന്‍ പറഞ്ഞു കഴിഞ്ഞു.
janmabhumi

No comments: