Tuesday, December 11, 2018

സംഹിതയില്‍ അനന്തം ആലേഖിതമാണ്‌. ഇവിടെ ആഭ്യന്തരമായ അനന്തത്തെയാണ്‌ കാട്ടിയിരിക്കുന്നത്‌. ഒന്നാമത്തേത്‌ മാംസപേശികളുടെ അനന്തത; ഇവിടെ ചിന്തയയുടെ അനന്തതയാണ്‌ നമുക്ക്‌ കിട്ടാന്‍ പോകുന്നത്‌. അവിടെ വിധിപരമായ വാക്യങ്ങളില്‍ അനന്തതയെ ചിത്രീകരിക്കാനായിരുന്നു യത്നം. ഇവിടെ ആ ഭാഷയ്ക്ക്‌ തോല്‍വിയാണ്‌, നിഷേധത്തിന്റെ ഭാഷയിലാണ്‌ അത്‌ ചിത്രീകരിക്കാന്‍ യത്നിക്കുന്നത്‌. ഇവിടെ ഈ പ്രപഞ്ചമിരിക്കുന്നു. ബ്രഹ്മമാണിതെന്ന്‌ സമ്മതിച്ചാല്‍ തന്നെ ഇത്‌ നമുക്കറിയാമോ? ഇത്‌ ബ്രഹ്മമാണെങ്കില്‍ ഇതറിയുന്നതെങ്ങനെ? വിജ്ഞാതാരമരേകേന വിജാനീയാത്‌? - 'അറിയുന്നവനെ എന്തുകൊണ്ടറിയാം?' എങ്ങനെയാണ്‌ അറിയുന്നവനെ അറിയുക? കണ്ണ്‌ എല്ലാം കാണുന്നു. എന്നാല്‍ സ്വയം കാണുന്നുണ്ടോ? അസാദ്ധ്യം. അറിവെന്ന വസ്തുതതന്നെ കീഴ്ക്കിടയിലേക്കുള്ള ഒരു പോക്കാണ്‌. ആര്യസന്താനങ്ങളേ, ഇത്‌ നിങ്ങള്‍ ഓര്‍മ്മിക്കണം. പൗരസ്ത്യദേശത്ത്‌, നമ്മുടെ വേദങ്ങളില്‍ പറയുന്നു, ഈ ജ്ഞാനം വസ്തുതത്ത്വത്തെക്കാള്‍ താണപടിയിലുള്ളതാണെന്ന്‌. കാരണം, ജ്ഞാനം എപ്പോഴും ഒരു പരിമിതിയാണ്‌. നിങ്ങള്‍ ഒരു വസ്തു അറിയാന്‍ ഒരുങ്ങിയാലുടനെ നിങ്ങളുടെ മനസ്‌ അതിനെ പരിമിതമാക്കുന്നു. മുത്തുച്ചിപ്പി മുത്തുണ്ടാക്കുന്ന ആ ദൃഷ്ടാന്തത്തിലേക്ക്‌ മടങ്ങുക. അപ്പോള്‍ കാണാം അറിവ്‌ ഒരു പരിമിതിയാണെന്ന്‌; ഒരു വസ്തുവിനെ തെരഞ്ഞെടുത്ത്‌ ബോധത്തില്‍ പെടുത്തുകയാണ്‌ ചെയ്യുന്നത്‌; അതിനെ പൂര്‍ണമായൊട്ടറിയുന്നുമില്ല. എല്ലാ അറിവിനെപ്പറ്റിയുള്ള പരമാര്‍ത്ഥമാണിത്‌. അപ്പോള്‍ അനന്തത്തെപ്പറ്റിയും ഇതത്രയും ശരിയല്ലാതെ വരുമോ? എല്ലാ അറിവിന്റെയും സാരവും സാക്ഷിയും, അറിവെല്ലാമുണ്ടാകുവാന്‍ അവശ്യം വേണ്ടവനും, നിര്‍ഗുണനും, സമസ്തപ്രപഞ്ചസാക്ഷിയും, നമ്മുടെ ആത്മാവില്‍ കുടികൊള്ളുന്ന സാക്ഷിയുമായ അവനെ എങ്ങനെ പരിമിതനാക്കുവാന്‍ കഴിയുമോ? അവനെ അറിയുന്നതെങ്ങനെ? എന്തുകൊണ്ടവനെ കെട്ടിമുറുക്കാം? ഒരോന്നും. പ്രപഞ്ചമൊട്ടാകെത്തന്നെ, അത്തരം ഒരു മിഥ്യായത്നമാണ്‌. അനന്തമായ ഈ ആത്മാവ്‌ സ്വന്തം മുഖം കാണാന്‍ ശ്രമിക്കയാണെന്ന്‌ തോന്നും. ഏറ്റവും താണ ജന്തുക്കള്‍മുതല്‍ ഏറ്റവും ഉയര്‍ന്ന ദേവതവരെ അവനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികള്‍പോലെയാണ്‌; ഇവയൊക്കെ പോരെന്ന്‌ കണ്ട്‌ മറ്റുപലതും അവന്‍ കൈക്കൊള്ളുന്നു. ഒടുവില്‍ മനുഷ്യശരീരത്തില്‍വച്ച്‌ അവനറിയുന്നു, അത്‌ പരിമിതങ്ങളില്‍വച്ച്‌ പരിമിതമാണെന്നും, എല്ലാം പരിമിതമാണെന്നും, പരിമിതത്തില്‍ അപരിമിതം ആവിഷ്കൃതമാക്കുക സാദ്ധ്യമല്ലെന്നും, പിന്നെ ഉണ്ടാകുന്നത്‌ പിന്‍വാങ്ങലാണ്‌, വൈരാഗ്യമെന്നത്രേ ഇതിന്റെ പേര്‌. ഇന്ദ്രിയങ്ങളില്‍നിന്ന്‌ പിന്‍വാങ്ങുക; 'ഇന്ദ്രിയങ്ങളിലേക്ക്‌ കടന്നുചെല്ലരുത്‌' വൈരാഗ്യത്തിന്റെ മുദ്രാവാക്യമിതാണ്‌. ഇതാണ്‌ സദാചാരത്തിന്റെയും സുസ്ഥിതിയുടെയുമെല്ലാം മുദ്രാവാക്യം. പ്രപഞ്ചത്തിന്റെ ആരംഭം തപസിലും ത്യാഗത്തിലുമാണെന്ന്‌ നാം കരുതുന്നു. പിന്നിലേക്ക്‌ പോകുംതോറും രൂപങ്ങളെല്ലാം നമുക്ക്‌ കാണാറാകും. അവയെല്ലാം ഓരോന്നായി നാം തള്ളിക്കളയുകയാണ്‌. ഒടുവില്‍ വാസ്തവത്തില്‍ നാമെന്തോ അതായിട്ടവശേഷിക്കുന്നു. ഇതാണ്‌ മോക്ഷം. സ്വാമി വിവേകാനന്ദന്‍

No comments: