Thursday, December 06, 2018

ഒരു ദിവസത്തെ ദീപാരാധന തൊഴുത് വിളക്കും ഉത്സവച്ചടങ്ങുകളും കണ്ടുകഴിഞ്ഞാല്‍ അടുത്ത ദിവസം മുതല്‍ അയ്യപ്പന്മാര്‍ ഓരോരുത്തരായി നാട്ടിലേക്കു മടങ്ങുന്നു. ഏഴാംദിവസം വരെ ചിലര്‍ താമസിക്കുമെങ്കിലും ഗുരുതി കഴിഞ്ഞാല്‍ അയ്യപ്പന്മാര്‍ മലനടയില്‍ താമസിക്കുക പതിവില്ല. വിളക്കു കണ്ടു തൊഴുതു കഴിഞ്ഞാല്‍ വടക്കേ നടയില്‍ക്കൂടി കയറി കാണിക്കയിട്ടു തൊഴുന്നു. നാളികേരമുടച്ചു പതിനെട്ടാം പടിയിറങ്ങി അവരവരുടെ നാട്ടിലേക്കു തിരിക്കുന്നു. ദര്‍ശനത്തിനു പോകുംവഴി ഉപയോഗിച്ച താവളങ്ങളിലൊന്നിലും  താമസിക്കാന്‍ ഇച്ഛിക്കാതെ നേരിട്ട് എരുമേലിയില്‍ വരുവാന്‍ ശ്രമിക്കുന്നു.
അവരവരുടെ ഭവനങ്ങളില്‍ യഥാകാലം എത്തി നാളികേരം അടിച്ച് കെട്ടുതാഴ്ത്തി കെട്ടിന്‍പുറത്തു മുദ്ര ഊരി വ്രതം അവസാനിപ്പിക്കുന്നു. എന്നാല്‍, എന്നു വീട്ടില്‍ എത്തിച്ചേര്‍ന്നാലും ഏഴാംദിവസം കഴിഞ്ഞല്ലാതെ വൈഷയിക വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടുകൂടാ എന്നാണ് നിയമം. ചിലര്‍ ഏഴാംനാള്‍ മലനടയില്‍ ഗുരുതി കഴിഞ്ഞതിനുശേഷമേ മാല ഊരാറുള്ളൂ. അതുവരെ അയ്യപ്പസമാചാരങ്ങളോടുകൂടിത്തന്നെ ജീവിക്കുന്നു.
ആരോഗ്യപരമായും ഇതൊരു നല്ല അനുഷ്ഠാനമാണെന്നതിന് സംശയമില്ല. പലതരം ക്ലേശങ്ങള്‍ സഹിച്ചും ദിനചര്യകള്‍ തെറ്റിയും ഉള്ള ഏതാനും ദിവസത്തെ ജീവിതത്തിനുശേഷം പെട്ടെന്നൊരു മാറ്റം വരുന്നത് രോഗങ്ങള്‍ക്ക് കാരണമായേക്കാം. നാട്ടിലെ പ്രകൃതിയുമായി ഇണങ്ങിയശേഷം ജീവിതരീതി മാറ്റുന്നതാണല്ലോ തികച്ചും അഭികാമ്യമായിട്ടുള്ളത്. ചിലര്‍ മാല അഴിക്കുമ്പോഴും ഗുരുവിനു ദക്ഷിണ സമര്‍പ്പിക്കുന്നു. അയ്യപ്പന്മാര്‍ ഭക്തിപുരസ്സരം സ്വാമിദര്‍ശനം നടത്തി ദര്‍ശനഫലം സമ്പാദിച്ച് ശ്രേയസ്‌കരമായി ജീവിതം നയിക്കുകയും സ്വാമി കഥകളെ സ്മരിച്ച് ഭക്തിയോടുകൂടി കഴിയുകയും ചെയ്യുന്നു.

No comments: