Thursday, December 06, 2018

വിഭീഷണന്‍ പറഞ്ഞു. പ്രഭോ അങ്ങ് സ്വന്തം നിലയെ ഇങ്ങനെ അവഗണിക്കരുത്. ലോകത്രയത്തേയും ഭസ്മീകരിക്കാനുള്ള കഴിവ് അങ്ങയുടെ നാരായണാസ്ത്രത്തിനുണ്ട്. എന്തിനേറെ ലക്ഷ്മണകുമാരന്റെ കോപാഗ്നിയില്‍ലങ്ക വെന്ത് വെണ്ണീറാകുന്നതിന് അധികസമയം വേണ്ടിവരില്ല. പാലാഴിമഥന സമയത്ത് ആഴിയില്‍ താണുപോയ മന്ദരപര്‍വതത്തെ മഹാവിഷ്ണു ഉയര്‍ത്തിയശേഷം വീണ്ടും അത് താഴ്ന്നുപോകാതിരിക്കത്തക്കവിധം മഥനം കഴിയുന്നവരെ അതിനെ താങ്ങിനിര്‍ത്തിയ സുഗ്രീവന്‍ ഏത് രാക്ഷസപ്പടയേയും സംഹരിക്കാനുള്ള മഹാശക്തിയുടെ ഉടമയാണെന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? അതാ ആ മൂലയില്‍ ഒന്നുമറിയാത്തപോലെ കൂനിച്ചുളിഞ്ഞിരിക്കുന്ന അങ്ങയുടെ ദൂതന്‍ മാരുതി അല്പസമയത്തിനുള്ളില്‍ ലങ്കയില്‍ കാട്ടിക്കൂട്ടിയ അത്ഭുതകൃത്യങ്ങള്‍ ആരെയാണ് അമ്പരപ്പിക്കാത്തത്? ഇത്രയും സുരക്ഷിതമായി രാക്ഷസന്മാര്‍ പരിരക്ഷിക്കുന്ന ലങ്കയില്‍ കടന്ന് ബലശാലികളായ പാലകരെ അടിച്ചോടിച്ച് രാജകീയോദ്യാനം പാടെ തകര്‍ത്ത് എതിര്‍ക്കാന്‍ വന്ന വാശിപിടിച്ച രാക്ഷസസൈന്യത്തെ ഒറ്റക്ക് സംഹരിച്ച് രാവണപുത്രനും ശൂരനുമായ അക്ഷകുമാരനേയും കൂടെ വന്ന സൈന്യങ്ങളേയും വധിച്ച് ഇന്ദജിത്തിന്റെ സേനകളെ ഞെക്കിഞെരിച്ച് നശിപ്പിച്ച് നാഗാസ്ത്രബന്ധിതനെന്ന ഭാവത്തില്‍ രാവണന്റെ മുന്നില്‍ ചെന്ന് ഒപ്പത്തിനൊപ്പമിരുന്ന് രാവണനോട് ഉപദേശപ്രസംഗം നടത്തി രാക്ഷസന്മാര്‍ വാലില്‍ തുണിചുറ്റി തീകൊടുത്തപ്പോള്‍ ലങ്കയില്‍ സര്‍വത്ര ചാടി നടന്ന് ലങ്ക ചുട്ടുകരിച്ച് ലക്ഷക്കണക്കിന് രാക്ഷസരെ അഗ്നിക്കിരയാക്കി ലങ്കാനഗരി മുഴുവനായും ലങ്കാവാസികളില്‍ മൂന്നിലൊരു ഭാഗത്തേയും നശിപ്പിച്ച ഹനുമാന്റെ ഒരു രോമംപോലും പറിച്ചുകളയാന്‍ രാക്ഷസന്മാര്‍ക്കോ രാവണനോ കഴിഞ്ഞില്ല. ഒരാള്‍ ഒറ്റക്ക് ഇത്ര വളരെ പ്രവൃത്തിച്ച സ്ഥിതിക്ക് അങ്ങയോടൊത്ത് ഇവര്‍ വന്നാലത്തെ സ്ഥിതി എന്തായിരിക്കും. ഹനുമാന്‍ തകര്‍ത്തുകളഞ്ഞ കോട്ട മതിലുകളും കിടങ്ങുകളും ഉദ്യാനങ്ങളും ലങ്കാനഗരിയും ഇപ്പോള്‍ മയനെക്കൊണ്ട് പുതുക്കിപ്പണിയിച്ച് അലങ്കരിച്ച് മോടിപിടിപ്പിച്ചുകഴിഞ്ഞു. വിഭീഷണവാക്യം കേട്ട് ശ്രീരാമന്‍ വാത്സല്യത്തോടും ലക്ഷ്മണന്‍ അഭിനന്ദനത്തോടും സുഗ്രീവന്‍ അഭിമാനാമോദത്തോടും മറ്റുള്ളവര്‍ വിവിധ വികാരഭാവപ്രകടനങ്ങളോടും ഹനുമാനെ നോക്കി. ഹനുമാന്‍ പൂര്‍വാധികം കുനിഞ്ഞുതാണ് ഒന്നുമറിയാത്തപോലെ കണ്ണുമടച്ച് ഒതുങ്ങിയിരുന്നു. വിജയത്തിലും വിനയാന്വിതനാകുന്ന ഹനുമാനെ എല്ലാവരും വാനോളം പുകഴ്ത്തി. വിഭീഷണന്‍ തുടര്‍ന്നു പറഞ്ഞു. ലങ്കയില്‍വെച്ച് മഹാ പരാക്രമിയും ശൂരനുമായ ഹനുമാനെയായിരുന്നു ഞാന്‍ കണ്ടത്. എന്നാല്‍ ഇവിടെ വിനയത്തോടുകൂടിയ ഹനുമാനെയാണ് ഞാന്‍ കാണുന്നത്. ധീരതയുടേയും വിനയത്തിന്റേയും പരമമായ അവസ്ഥ ഒരാളില്‍ ഒരുപോലെ സ്ഥിതിചെയ്യുന്ന വിചിത്രഭാവം ഞാന്‍ ആദ്യമായാണ് കാണുന്നത്. മേലില്‍ ചെയ്യാന്‍ പോകുന്ന പ്രവൃത്തികളുടെ വിജയത്തിനും ലോകത്തിന്റെതന്നെ ഉന്നതിയേയും ലക്ഷ്യമാക്കി ഒരു മഹാക്ഷേത്ര നിര്‍മ്മാണവും ശിവലിംഗ പ്രതിഷ്ഠയും നടത്തുവാന്‍ രാമന്‍ തീരുമാനിച്ചു. രാമന്റെ ഇംഗിതമനുസരിച്ച് നളന്റേയും നീലന്റേയും നേതൃത്വത്തില്‍വാനരന്മാരെല്ലാവരും ചേര്‍ന്ന് ക്ഷേത്രം പണിത് പൂര്‍ത്തിയാക്കി. ശ്രീരാമ നിര്‍ദ്ദേശപ്രകാരം ശിവലിംഗം കൊണ്ടുവരുന്നതിന് ഹനുമാന്‍ കൈലാസത്തിലേക്ക് പോയി. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. മുഹൂര്‍ത്തസമയമായി പക്ഷെ കൈലാസത്തിലേക്ക് പോയ ഹനുമാന്‍ സമയത്തിന് വന്നുചേര്‍ന്നില്ല. നിശ്ചിത മുഹൂര്‍ത്തത്തില്‍ തന്നെ പ്രതിഷ്ഠ നടത്താതിരിക്കുന്നത് ശരിയല്ലെന്ന് കരുതി രാമന്‍ പ്രതിഷ്ഠാപീഠത്തിനു മുന്നില്‍ നിലയുറപ്പിച്ചു. ഏതോ ഒരു ദിവ്യചൈതന്യം ആവേശിച്ചപോലെ രാമന്‍ തേജോമയനായിത്തീര്‍ന്നു. അദ്ദേഹം ആത്മസങ്കല്പത്തില്‍ ശരിയായ മുഹൂര്‍ത്തത്തില്‍ തന്നെ പ്രതിഷ്ഠ നടത്തി. സര്‍വരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രതിഷ്ഠ നടത്തിയ പീഠത്തില്‍ ഒരു സ്വയംഭൂ ശിവലിംഗം പ്രത്യക്ഷപ്പെട്ടു. ഈ സമയത്ത് ശിവലിംഗവുമായി ഹനുമാന്‍ കൈലാസത്തില്‍ നിന്നും തിരിച്ചെത്തി. പ്രതിഷ്ഠ നടന്നത് കണ്ടപ്പോള്‍ ഹനുമാന് കുണ്ഠിതമായി. ഇതുമനസ്സിലാക്കിയ ശ്രീരാമന്‍ ഹനുമാനോട് ലിംഗം മാറ്റി പ്രതിഷ്ഠിച്ചുകൊള്ളുവാന്‍ അനുവദിച്ചു. പക്ഷെ എത്ര ശ്രമിച്ചിട്ടും മഹാബലശാലിയായ ഹനുമാന് ആ സ്വയംഭൂ ലിംഗത്തെ ഇളക്കിമാറ്റാന്‍ കഴിഞ്ഞില്ല.

No comments: