Sunday, December 23, 2018

വൈകുണ്ഠം*_ ഹരേക്യഷ്ണാ*!
ഹിമാലയത്തെക്കുറിച്ചു വർണ്ണിക്കാൻ ഏറ്റവും യോഗ്യൻ ആരാണ്? പലവട്ടം ഹിമാലയത്തിൽ പോയവരാണെങ്കിൽ, ഉചിതം. ഒരു വട്ടമെങ്കിലും, ഹിമാലയത്തിൽ എത്തിയവർക്കും, എന്തെങ്കിലും പറയാം. മനസ്സിൽ, ഹിമാലയം ഉയർന്നു നിൽക്കുന്ന ഭാവനാ സമ്പന്നർക്കു മാകാം. പക്ഷേ, ആ ഭാവന പൂർണ്ണമായിക്കൊള്ളണമെന്നോ, സത്യമായി ക്കൊള്ളണമെന്നോ ഇല്ല!
അതുപോലെ, നമുക്ക് മനസ്സു കൊണ്ട്, വൈകുണ്ഠം വരെ പോയാലോ? അതിനെന്താ മാർഗ്ഗം? വൈകുണ്ഠത്തിൽ പോയവരാരെങ്കിലും, ഒന്ന് അതേക്കുറിച്ച് വിവരിച്ചു തന്നാൽ, ഉചിതമായി. അത്, പല പ്രാവശ്യം വൈകുണ്ഠത്തിൽ പോയ ആരെങ്കിലുമാണെങ്കിൽ, ഏറെ സഹായകം. പക്ഷേ, *അങ്ങനെ ആരുണ്ട്?*
വൈകുണ്ഠാധീശനായ മഹാവിഷ്ണു ഭഗവാൻ തന്നെ, അത് വിവരിച്ചു തന്നാൽ, അത് അഹങ്കാരവും ജാടയുമെല്ലാമായിത്തോന്നാം. കൂടെക്കൂടെ വൈകുണ്ഠത്തിൽ ചെല്ലുന്ന, സത്യലോകേ ശ്വരനായ ശ്രീ ബ്രഹ്മദേവനും, ദേവർഷി നാരദനുമെല്ലാം, അക്കാര്യത്തിൽ യോഗ്യന്മാരാണ്. ജ്ഞാന മൂർത്തിയായ ശ്രീ പരമേശ്വരനുമാകാം.
സാക്ഷാൽ ബ്രഹ്മദേവന്റെ വാക്കുകളിലൂടെ, അതൊന്നു ശ്രവിക്കാൻ സാധിച്ചാൽ, എളുപ്പമല്ലെ!
" _വൈകുണ്ഠ നിലയം സർവ്വലോക നമസ്‌കൃതം_ ", എന്നാണ്, ബ്രഹ്മദേവൻ പറയുന്നത്. ഹിരണ്യാക്ഷന്‍, പൂർവ്വ ചരിത്രം വിശദീകരിക്കുന്ന വേളയിലാണ്, സനത് കുമാരാദികളുടെ വൈകുണ്ഠ സന്ദർശനത്തെ ക്കുറിച്ച്, ബ്രഹ്മദേവൻ സൂചിപ്പിച്ചത്.
" _വസന്തി യത്ര പുരുഷാഃ സർവ്വേ വൈകുണ്ഠ മൂർത്തയഃ യേളനിമിത്തനിമിത്താനി ധർമ്മേണാരാധയൻ ഹരിം_ "
സാക്ഷാൽ ശ്രീ മഹാമാധവൻ വസിക്കുന്ന വൈകുണ്ഠത്തിൽ, എല്ലാവർക്കും ഒരു വൈകുണ്ഠന്റെ തന്നെ രൂപം, ഭഗവാൻ നൽകുന്നു. സ്വധർമ്മമായി നിശ്ചയിച്ച്, ആ ശ്രീഹരിയെ ആരാധിക്കുന്നവർക്കെല്ലാം, ഭഗവാൻ വിഷ്ണുരൂപവും, വിഷ്ണുലോകവും, നൽകും.
" _യത്ര ചാദ്യഃ പുമാനാസ്‌തേ ഭഗവാൻ ശബ്ദ ഗോചരഃ സത്വം വിഷ്ടഭ്യ വിരജം സ്വാനാം നോ മൃഡയൻ വൃഷഃ_ "
അവിടെയാണ് ആദിപുരുഷനായ, നമ്മിൽ പലരും കേട്ടു മാത്രം പരിചയമുള്ള, രജോഗുണം തെല്ലുമേശാതെ, പൂർണ്ണ സത്വഗുണത്തെ മാത്രം ആശ്രയിച്ച്, ആ ശ്രീഹരി നിവസിക്കുന്നത്. ഭക്തന്മാരുടെ അഭീഷ്ട പൂർത്തീകരണം നൽകി ആനന്ദിപ്പിക്കുന്ന ആ സച്ചിദാനന്ദന്റെ ആവാസ സ്ഥാനം. അവിടെ ' _നൈശ്രേയസം_ ', എന്നു പേരായ ഒരു നന്ദനോദ്യാനമുണ്ട്. അഭീഷ്ടങ്ങളെല്ലാം പൂർത്തീകരിക്കുന്ന വിധം, കൈവല്യമൂർത്തി എന്നു തോന്നുമാറുള്ള, എല്ലായ്‌പ്പോഴും ശ്രീഭഗവതി വിരാജിക്കുന്നതായ എല്ലാ ഋതുക്കളിലും, പുഷ്പഫലങ്ങൾ നിറഞ്ഞു നിൽക്കുന്ന വൃക്ഷങ്ങളോടു കൂടിയ, ഒരു ഉദ്യാനമാണത്. ഇങ്ങനെ, ആത്മാനന്ദം സ്ഫുരിക്കുന്നതാണ്, ആ സുന്ദരാരാമം. ലലനാമണികളോടൊപ്പമെത്തുന്ന വൈമാനികൻ, അവിടെ കാമക്രോധാദി ദോഷങ്ങളെ നിർവ്വീര്യമാക്കി, മധുവൂറുന്ന പുഷ്പങ്ങൾ സുഗന്ധം പരത്തി നിൽക്കുന്നുണ്ടെങ്കിലും, ആ വായുഗന്ധം ഇവരെ ബാധിക്കുന്നില്ല.
സർവ്വ പാപങ്ങളെയും നശിപ്പിക്കുന്ന ഭഗവാന്റെ മഹിമയെ വാഴ്ത്തുന്ന ഗീതങ്ങൾ, ഇവർ ആലപിച്ചു കൊണ്ടേയിരിക്കുന്നു. അതിൽ പ്രസന്നത ചൊരിഞ്ഞു നിൽക്കുന്ന ഭഗവാൻ. അവിടെയുള്ള സർവ്വ ജീവജാലങ്ങളും, ഈ വിധം ഭഗവത് ഭക്തി വർദ്ധിപ്പിക്കുന്ന അന്തരീക്ഷത്തെ, ആസ്വദിച്ചു കൊണ്ടിരിക്കുന്നു.*!ഹരേക്യഷ്ണാ*!
chandran raj

No comments: