Friday, December 14, 2018

ബ്രഹ്മദേവന്‍ ഓം എന്നു നീട്ടി ജപിച്ചപ്പോഴായിരുന്നു അതിന്റെ അര്‍ഥവും സാരവും അറിയാന്‍ കുമാരന്‍ താത്പര്യം പ്രകടിപ്പിച്ചത്. ആദ്യം ബ്രഹ്മദേവന്‍ ഒന്നു പതറിയെങ്കിലും ബാലനായ കുമാരനെ ഒന്നു കളിപ്പിച്ചു രസിക്കാന്‍ ബ്രഹ്മദേവന് ഒരു കൗതുകം.
അതുകൊണ്ടുതന്നെ പ്രണവമന്ത്രത്തിന്റെ അര്‍ഥവും സാരവും തനിക്കറിയില്ലെന്നു ഭാവിച്ചു അദ്ദേഹം. ''എനിക്കറിയില്ലല്ലോ കുമാരാ'' എന്ന്  പറഞ്ഞ് തൊഴുതുനിന്നു.''അതെന്താണ് അറിയാത്തത്? ഓങ്കാരപ്പൊരുളറിയാതെയാണോ സൃഷ്ടി നടത്തുന്നത്'' എന്നായി മുരുകന്റെ ചോദ്യം. ആ ചോദ്യത്തില്‍ ബാലസഹജമായ ഒരു കാര്‍ക്കശ്യത്തിന്റെ സ്വരമുണ്ടായിരുന്നു.
ഓങ്കാരപ്പൊരുളറിയാതെ സൃഷ്ടി നടത്തേണ്ട. അത് സൃഷ്ടിയില്‍ വികലത്വമുണ്ടാകാന്‍  കാരണമായേക്കും. ഭൂമിയില്‍ അസുരന്മാരുടെ എണ്ണം പെരുകും. അതനുവദിക്കാന്‍ പാടില്ല. മുരുകന്‍ തീര്‍ത്തുപറഞ്ഞു. യാതൊരു കാരണവശാലും പൊരുളറിയാത്തവന്‍ സൃഷ്ടി നടത്താന്‍ ഞാന്‍ അനുവദിക്കില്ല.ഓ, കുമാരാ, അതിപ്പോള്‍ എന്തു ചെയ്യാന്‍ പറ്റും.പ്രപഞ്ചത്തിന്റെ രക്ഷയാണ് പ്രധാനം. അതിനു വിപരീതമായാല്‍ വിധാതാവാണെങ്കിലും ബന്ധനത്തിലാക്കിയേ പറ്റൂ.
ഓ, എന്നാല്‍ അങ്ങനെയാവട്ടെ. കുമാരന്‍ തന്നെ എന്നെ ബന്ധനത്തിലാക്കിക്കോളൂ. കുമാരന്‍ തരുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ ഞാന്‍ തയാറാണ്. കുമാരന്‍ തന്നെ ബന്ധനത്തിലാക്കുന്നത് സന്തോഷമുള്ള കാര്യംതന്നെ.
എന്നാല്‍ ശരി, അങ്ങയെ ഞാന്‍ തടവിലാക്കുകയാണ്. ഇനി ഇതിനൊരു പരിഹാരമുണ്ടാക്കിയിട്ട് സൃഷ്ടി നടത്തിയാല്‍ മതി.
ഇതും പറഞ്ഞ് മുരുകന്‍ ബ്രഹ്മാവിനെ തടവിലാക്കി. ഒരു കുട്ടിക്കളി ആസ്വദിക്കുന്ന ലാഘവത്തോടെ ബ്രഹ്മദേവന്‍ ബന്ധനത്തില്‍ കഴിഞ്ഞു.
ഇരുവരും തമ്മിലുള്ള സംഭാഷണം കേട്ടുകൊണ്ട്് ശിവപാര്‍വതിമാര്‍ അവിടേക്ക് കടന്നു വന്നു. ബ്രഹ്മാവിനെ മുരുകന്‍ ബന്ധിച്ചിരിക്കുന്നത് കണ്ട് ശ്രീപാര്‍വതി മുരുകനോട് കോപിച്ചു. ''ഗുരുക്കന്മാരെയും കാരണവന്മാരെയും തന്നേക്കാള്‍ പ്രായംകൂടിയവരേയും ബഹുമാനിക്കണം. അവരെ അവഹേളിക്കരുത്. അവരോടു ധിക്കാരം പ്രവര്‍ത്തിക്കുന്നത് നല്ല ശീലമല്ല. കുട്ടികള്‍ ചെറുപ്പം മുതല്‍ക്കെ നല്ല ശീലങ്ങള്‍ പഠിക്കണം.'' ശ്രീപാര്‍വതിദേവി മുരുകനെ ഉപദേശിച്ചുകൊണ്ട് അരുളിച്ചെയ്തു. 
ബ്രഹ്മദേവന്‍ അപ്പോഴും യാതൊന്നും സംഭവിക്കാത്ത മട്ടില്‍ ചിരിച്ചുല്ലസിച്ചു നില്‍ക്കുകയായിരുന്നു.കുമാരന്റെ ബാലലീലകള്‍ ആസ്വദിച്ചുകൊണ്ടുതന്നെ ശ്രീപരമേശ്വരന്‍ ചോദിച്ചു, ബ്രഹ്മാവിനെ തടവിലാക്കിയാല്‍ ഇനി സൃഷ്ടികര്‍മങ്ങള്‍ ആരു നിര്‍വഹിക്കും?കുമാരന്റെ മറുപടിക്കു തെല്ലും താമസമുണ്ടായില്ല.ബ്രഹ്മദേവന്‍ സൃഷ്ടിച്ചാലേ സൃഷ്ടിയാകൂ എന്നൊന്നുമില്ല. ഇന്നു മുതല്‍ ഞാന്‍ തന്നെ സൃഷ്ടി നടത്തും...jayasankar

No comments: