Thursday, December 20, 2018

ഒരിടത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു. കുമാരിക്കു വിവാഹപ്രായമായി. പരമ സുന്ദരിയായതിനാല്‍ നിരവധി രാജകുമാരന്മാര്‍ കുമാരിയെ വിവാഹം ചെയ്യാന്‍ വന്നു. രാജകുമാരി ഒരു കായികാഭ്യാസിയായിരുന്നു. മല്‍സര ഓട്ടത്തില്‍ തന്നെ പരാജയപ്പെടുത്തുന്ന കായികാഭ്യാസിയെ താന്‍ വിവാഹം ചെയ്യുന്നതാണെന്നുള്ള ഒരു വെല്ലുവിളിയോടെ തന്റെ നിശ്ചയം രാജകുമാരി പ്രഖ്യാപിച്ചു.
പലതവണ ശ്രമിച്ചിട്ടും ആര്‍ക്കും രാജകുമാരിയെ തോല്‍പിക്കാന്‍ കഴിഞ്ഞില്ല. മല്‍സരത്തില്‍ രാജകുമാരി മറ്റുള്ളവരെ എങ്ങിനെയാണ് പരാജയപ്പെടുത്തിയതെന്നതാണ് രസകരമായ കാര്യം. മറ്റാരും കാണാതെ കുറെ സ്വര്‍ണ്ണഗോളങ്ങള്‍ കുമാരി ഒരു സഞ്ചിയില്‍ കരുതും. മല്‍സരത്തിലെ എതിരാളികള്‍ തന്റെ അടുത്ത് എത്താറാവുമ്പോള്‍ സഞ്ചിയില്‍നിന്നും ഒരു സ്വര്‍ണ്ണഗോളം താഴെ ഇടും. സ്വര്‍ണ്ണത്തിനുള്ള ആര്‍ത്തിമൂലം അതു കുനിഞ്ഞെടുക്കാന്‍ അയാള്‍ പെട്ടെന്നു നില്‍ക്കും. ഇതു പല തവണ ആവര്‍ത്തിക്കും. ആ സമയംകൊണ്ട് കുമാരി ഓടിയെത്തി വിജയിക്കും. ഈ വിധത്തിലായതുകൊണ്ട് കുമാരിയെ ആര്‍ക്കും പരാജയപ്പെടുത്താനായില്ല.
ഇതുതന്നെയാണ് ലൗകികാസക്തരായ ഈശ്വരാന്വേഷികളുടെയും ദുര്‍വിധി. ആ രാജകുമാരി പ്രകൃതിയുടെ പ്രതീകമാണ്. സൗന്ദര്യസാരസര്‍വസ്വമായ ഈശ്വരന്റെ സാന്നിദ്ധ്യംകൊണ്ടാണ് പ്രകൃതി ഇത്രയും സൗന്ദര്യവത്തായതെന്നു അജ്ഞര്‍ അറിയുന്നില്ല. സത്യാന്വേഷികളുടെ നയനങ്ങള്‍ക്കു മുന്നില്‍ പ്രകൃതി വശ്യകനകഗോളങ്ങള്‍ എറിഞ്ഞു കൊടുക്കുന്നു. ഈശ്വനില്‍ മനസ്സ് സുസ്ഥിരമാക്കി ആ സ്വര്‍ണ്ണഗോളങ്ങള്‍ ഉപേക്ഷിക്കാനും മുന്നോട്ടു നീങ്ങാനും ആര്‍ക്കാണ് കഴിയുക? വശ്യങ്ങളായ ആ സ്വര്‍ണ്ണഗോളങ്ങള്‍ പരിത്യജിച്ചാല്‍ പ്രകൃതിയും പ്രകൃതിയുടെ കൈവശമുള്ള എല്ലാ സൗഭാഗ്യങ്ങളും അവരുടെ അധീനതയിലായിത്തീരുമെന്ന് അവര്‍ അറിയുന്നില്ല...janmabhumi

No comments: