Thursday, December 20, 2018

ഇന്ന് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം തന്റെ കുഞ്ഞു പഠിച്ച് ഉയരങ്ങളിലെത്തണമെന്നതാണ് . നല്ല ബുദ്ധിശക്തിയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത് . ജനിതകമായി നിർണ്ണയിക്കപ്പെട്ട അളവിലേക്ക് ബുദ്ധി വളരുവാൻ അത്യാവശ്യമാണ് അനുകൂല സാഹചര്യങ്ങളും നല്ല ഭക്ഷണവും. ആദ്യത്തെ രണ്ടു വയസ്സുവരെയാണ് മസ്തിഷ്കത്തിന്റെ വളർച്ച ഏറ്റവുമധികം. ഈ കാലയളവിൽ മുലപ്പാൽ ലഭിക്കുക എന്നത് വളരെ പ്രധാനമാണ്. മുലപ്പാലിൽ ബുദ്ധി വളർച്ചക്ക് അത്യാവശ്യമായ ചില ഘടകങ്ങളുണ്ട്. ആദ്യത്തെ ആറു മാസം മുലപ്പാൽ മാത്രം കൊടുക്കുന്നതാണ് നല്ലത്. മുലയൂട്ടൽ രണ്ടു വയസ്സ് വരെയെങ്കിലും തുടരുകയും ചെയ്യുക.
പഠനത്തിലുള്ള ഏകാഗ്രത ഓർമ്മശക്തിക്ക് അത്യാവശ്യമാണ്. രക്തക്കുറവ് (രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവ്) ഏകാഗ്രത ഇല്ലാതാക്കും. അതിനാൽ ഇരുമ്പ് സത്തുള്ള ആഹാരം അത്യാവശ്യമാണ്. ആദ്യത്തെ ആറുമാസം മുലപ്പാലിലുള്ള ഇരുമ്പ് സത്ത് മതിയാകും. ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ, മീൻ, ഇറച്ചി എന്നിവയിൽ ആവശ്യത്തിനു ഇരുമ്പ് സത്ത് ഉണ്ട്. എന്നാൽ പാലിൽ കുറവാണ്. അതിനാൽ കുട്ടികൾ ഒന്നോ രണ്ടോ ഗ്ലാസിലധികം പാൽ കുടിക്കുന്നത് രക്തക്കുറവിനു കാരണമാകും. കൂടുതൽ ചായ കുടിക്കുന്നത് ഇരുമ്പിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും രക്തക്കുറവ് ഉണ്ടാക്കുകയും ചെയ്യും.
പൊണ്ണത്തടിയും ഭക്ഷണ ശീലവും
1. ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം കൊടുക്കുന്നത് പൊണ്ണത്തടിയിൽ നിന്നും ഒരളവുവരെ സംരക്ഷിക്കുന്നു. കാരണം മുലപ്പാൽ കുഞ്ഞിന്റെ ആവശ്യത്തിനു വേണ്ടത്ര മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. അതുമല്ല, വിശപ്പ്‌ മാറിയാൽ കുഞ്ഞു മുലപ്പാൽ വലിച്ചു കുടിക്കാൻ താൽപര്യം കാണിക്കുകയുമില്ല .
2. ഓരോ കുട്ടിക്കും ഓരോ പ്രായത്തിലും പ്രതീക്ഷിക്കുന്ന വളർച്ചയുടെ തോത് വ്യത്യസ്ഥമായിരിക്കും. അതിനു അനുസരിച്ചുള്ള വിശപ്പായിരിക്കും ആ കുട്ടിക്കുണ്ടാകുക. വല്ലാതെ നിർബന്ധിച്ചു ആഹാരം കഴിപ്പിക്കുന്ന ശീലം ഒഴിവാക്കണം.
3. സാധാരണ വീട്ടിൽ ഉണ്ടാക്കുന്ന ആഹാരമാണ് അനുയോജ്യം. ദോശ, ഇഡ്ഡലി, പുട്ട്, ചോറ്, ചപ്പാത്തി, കൊഴുക്കട്ട, എന്നിവ. അതിനു പകരം ഫാസ്റ്റ് ഫുഡ്, ബേക്കറി സാധനങ്ങൾ , ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ എന്നിവ അധികം കഴിക്കുകയും, അതിനു ആനുപാതികമായ ശാരീരിക അധ്വാനമോ വ്യായമങ്ങളോ ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ പൊണ്ണത്തടി ഉണ്ടാകുന്നു. കൂടുതൽ നേരം ടി വി, മൊബൈൽ, ലാപ്ടോപ്, വീഡിയോ ഗെയിം എന്നിവ ഉപയോഗിക്കുകയും, അതിനിടയിൽ ചിപ്സ്, കോള തുടങ്ങിയ ഭക്ഷണം തുടർച്ചയായി കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കുട്ടികളിൽ പൊണ്ണത്തടി തീർച്ച.
4. ഭക്ഷണം വേസ്റ്റ് ആക്കരുത്. എന്നാൽ നമ്മുടെ വയറിനെ വേസ്റ്റ് ബാസ്കറ്റ് ആക്കുകയുമരുത്. ഭക്ഷണം ആവശ്യത്തിനു മാത്രം ഉണ്ടാക്കുക. അധികം ഉണ്ടാക്കിപ്പോയി എന്നുവച്ച് ആവശ്യത്തിലധികം കഴിക്കരുത്. എങ്ങനെയെങ്കിലും കഴിച്ചു തീർക്കാൻ നിർബന്ധിക്കരുത് .
5. ഫ്രൈ ചെയ്ത ഭക്ഷണം അതീവ രുചികരമാണ്. എന്നാൽ ആരോഗ്യത്തിനു ഹാനികരവും. അതിനാൽ രണ്ടിഞ്ചു മാത്രം വലിപ്പമുള്ള നാവിനു മീറ്ററുകളോളം നീളമുള്ള കുടലിനെക്കാളും അമിത പ്രാധാന്യം നൽകരുത്.
അൽപ്പസ്വൽപ്പമൊക്കെ ആകാം, അമിതമാകരുത്.
ഭക്ഷണത്തോട് വിരക്തി
ഇത് അമ്മമാരുടെ ഏറ്റവും കൂടുതലായി കേൾക്കാറുള്ള പരാതിയാണ്. ഒരു വയസ്സ് തികഞ്ഞാലാണ് ഈ പരാതി തുടങ്ങുക.ആദ്യത്തെ ഒരു കൊല്ലം കുഞ്ഞിന്റെ തൂക്കം 3 കിലോയിൽ നിന്നും ഏകദേശം 10 കിലോ ആകുന്നു. അതായത് 7 കിലോ കൂടുന്നു. എന്നാൽ 2 വയസ്സാകുമ്പോഴേക്കും 12 കിലോ മാത്രമേ ആകുന്നുള്ളൂ. അതായത് 2 കിലോ മാത്രം കൂടുന്നു. ഇത് നോർമൽ ആണ്. വളരുന്നതിന്റെ സ്പീഡ് കുറയുമ്പോൾ വിശപ്പ് കുറയുക എന്നത് സ്വാഭാവികം മാത്രം. മാത്രമല്ല, ഒരു വയസ്സ് കഴിയുമ്പോൾ കുഞ്ഞിനു മറ്റു പല കാര്യങ്ങളിലും താല്പര്യം തോന്നിത്തുടങ്ങുന്നു. അപ്പോൾ ഭക്ഷണത്തിൽ താല്പര്യം കുറഞ്ഞതായി തോന്നും.
ഈ സമയത്താണ് ശരിയായ ഒരു ഭക്ഷണരീതി വളർത്തിയെടുക്കേണ്ടത്. വീട്ടിലെല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ കുഞ്ഞിനേയും കൂടേയിരുത്തുകയും സ്വന്തമായി വാരിതിന്നാൻ അനുവദിക്കുകയും ചെയ്യുക. കുറെയൊക്കെ പുറത്തു കളയുമെങ്കിലും ക്രമേണ ശരിയായികൊള്ളും. വിശപ്പ്‌ വരുന്നതിനു മുൻപ് ഭക്ഷണത്തിന് നിർബന്ധിക്കരുത്. ഒരു ബിരിയാണി കഴിച്ച് വയർ നിറഞ്ഞിരിക്കുന്ന സമയം നിങ്ങളെ ഇനിയൊന്നുകൂടി കഴിക്കാൻ നിർബന്ധിക്കുന്ന അവസ്ഥ ആലോചിച്ചുനോക്കൂ. കുഞ്ഞുങ്ങൾക്ക്‌ ഭക്ഷണത്തോട് വെറുപ്പ് തോന്നാനുള്ള ഒരു പ്രധാന കാരണമാണിത്. ഒരു വയസ്സ് കഴിഞ്ഞ ഒരു കുട്ടി, വളരെ ആക്ടിവ് ആണെങ്കിൽ, ഒരു കൊല്ലം ഏകദേശം 2 കിലോ വീതം തൂക്കം കൂടുന്നുണ്ടെങ്കിൽ അവൻ ആവശ്യത്തിനു ഭക്ഷണം കഴിക്കുന്നുണ്ടെന്നു വേണം കരുതാൻ.
ഇനി തൂക്കം വേണ്ടവണ്ണം കൂടുന്നില്ലെങ്കിലോ? അവൻ/ അവൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും ഗുണമേന്മയും വേണ്ട രീതിയിലാണോ എന്ന് പരിശോധിക്കണം. പല കൊച്ചുകുട്ടികളുടെയും പ്രധാന ആഹാരം കട്ടൻ ചായയും കഞ്ഞിയുമാണെന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കട്ടൻ ചായയിൽ (പാലൊഴിച്ച ചായയിൽപോലും) കുട്ടികൾക്കാവശ്യമായ പോഷകാംശമില്ല. ചായ വിശപ്പില്ലാതാക്കും. ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. അതിനാൽ കുട്ടികൾക്ക് ചായ കൊടുത്തു ശീലിപ്പിക്കരുത്. കഞ്ഞി കുടിക്കുമ്പോൾ കൂടുതലും വെള്ളമാണ് അകത്താക്കുക. അതിനാൽ കുറച്ചു കഴിക്കുമ്പോഴേക്കും വയറു നിറയുന്നു. കുഞ്ഞിനു വേണ്ടത്ര ആഹാരം കഴിക്കാൻ പറ്റുകയില്ല. ചില കുട്ടികൾ അരിയാഹാരം മാത്രം കഴിക്കുന്നതായി കാണാറുണ്ട്. ചോറ്, കഞ്ഞി,വെള്ളപ്പം, പുട്ട് എന്നിവ മാത്രം. ശരിക്കും വളരണമെങ്കിൽ അരിയുടെ കൂടെ പയറുവർഗങ്ങളും കൂടെ വേണം (ചെറുപയർ, ഉഴുന്ന്, കടല മുതലായവ). ഉഴുന്ന് ചേർത്ത ദോശ, ഇഡ്ഡലി, പുട്ടും പയറും, ചോറും പയറും എന്നിവ ഉദാഹരണങ്ങൾ. ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളുടെ ഗുണം മെച്ചപ്പെടുതാനാണിത്. മീൻ, മുട്ട, ഇറച്ചി, പാൽ എന്നിവയിൽ ഗുണമേന്മയുള്ള പ്രോട്ടീനുകളുണ്ട്.
ഭക്ഷണത്തിൽ വിറ്റാമിനുകളും ധാതുലവണങ്ങളും കൂടി വേണം. അവ ധാരാളമായി ഉള്ളത് പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവയിലാണ്. അതിനാൽ ഇവ കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ബേക്കറി സാധനങ്ങൾ, മിഠായികൾ, വറുത്ത ആഹാരങ്ങൾ, പാക്കറ്റിൽ കിട്ടുന്ന ലെയ്സ്, കുർകുറെ എന്നിവ കഴിയുന്നത്ര ഒഴിവാക്കാൻ ശ്രമിക്കുക.
ഭക്ഷണ സമയം.
പ്രസവിച്ച ആദ്യ നാളുകൾ മുതൽ തന്നെ കുഞ്ഞിനെ ഭക്ഷണം ആവശ്യപ്പെടാൻ ശീലിപ്പിക്കുക. കരയുമ്പോൾ പാല് കൊടുക്കുക (എല്ലാ കരച്ചിലും വിശന്നിട്ടാവണമെന്നില്ല. ക്രമേണ അമ്മമാർക്ക് ഇത് മനസ്സിലായിത്തുടങ്ങും) കരഞ്ഞില്ലെങ്കിലും ഒരു സമയ പരിധി കഴിഞ്ഞാൽ (2-3 മണിക്കൂർ) പാല് കൊടുക്കണം. തുടക്കത്തിൽ രാത്രി രണ്ടു തവണ ഉണർന്നു മുലകൊടുക്കേണ്ടിവരും. എന്നാൽ 2 മാസം പ്രായമായാൽ രാത്രി ഒരു തവണ ഉണർന്നു കൊടുത്താൽ മതിയാകും. എളുപ്പം വിചാരിച്ചു രാത്രി മുഴുവൻ കിടന്നു മുലയൂട്ടി ശീലിപ്പിക്കരുത്. ചെവിപ്പഴുപ്പ്, പുഴുപ്പല്ല് എന്നിവക്ക് കാരണമാകാം. 6 മാസത്തിനു ശേഷം തുടങ്ങുന്ന ആഹാരം കുഞ്ഞു കഴിക്കുകയാണ് വേണ്ടത്, കുടിക്കുകയല്ല. ദിവസം ഒരു തവണ എന്ന രീതിയിൽ തുടങ്ങി പിന്നെ 2-4 നേരമാക്കുക. ക്രമേണ ആഹാരം കഴിച്ചശേഷം മാത്രം മുലയൂട്ടുക. ഒരു വയസ്സ് കഴിഞ്ഞാൽ നാം കഴിക്കുമ്പോൾ കൂടെയിരുത്തി ശീലിപ്പിക്കുക. കുഞ്ഞു കഴിച്ചു നിർത്തിയാൽ പിന്നെയും നിർബന്ധിച്ചു കഴിപ്പിക്കുന്നത് ചർദ്ദി, ഭക്ഷണത്തോടുള്ള വിരക്തി, പൊണ്ണത്തടി എന്നിവയ്ക്ക് കാരണമാകാം. ക്രമേണ കുട്ടി സ്വയം കൃത്യസമയത്ത് ആഹാരം കഴിക്കുന്ന ശീലം നേടിയെടുക്കും. ചില കുട്ടികൾ വളരെ കുറച്ചു മാത്രം കഴിക്കുന്നവരാണ്‌. അവർക്ക് കൂടുതൽ തവണ കൊടുക്കേണ്ടിവരും. ചിലർ രാത്രി കുട്ടികൾക്ക് കട്ടിയാഹാരം കൊടുക്കുന്നതിൽ വിമുഖത കാണിച്ചു കണ്ടിട്ടുണ്ട്. കൊടുക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല.
ഭക്ഷണത്തിന്റെ അളവ്
അതും കുഞ്ഞുങ്ങൾ സ്വയം തീരുമാനിച്ചുകൊള്ളും. മുല കുടിക്കുന്ന കുഞ്ഞ് ആവശ്യത്തിനു കുടിച്ചുകഴിഞ്ഞാൽ നിർത്തിക്കൊള്ളും. കുഞ്ഞിനു വേണ്ടതിലുമധികം പാലുണ്ടെങ്കിൽ ഒരു മുലയിൽനിന്നും മുഴുവൻ കൊടുത്തശേഷം മാത്രം അടുത്ത ഭാഗത്തുനിന്നു കൊടുക്കുക. നന്നായി വളരാൻ അതാണ്‌ നല്ലത്. പൊടിപ്പാലാണെങ്കിൽ ചിലപ്പോൾ വേണ്ടതിലധികം കുടിച്ചെന്നു വരും.പ്രത്യേകിച്ചും കുപ്പിയിലാണ് കൊടുക്കുന്നതെങ്കിൽ. അതിനാൽ കഴിവതും കുപ്പി ശീലിപ്പിക്കരുത്. പൊടിപ്പാൽ ഉണ്ടാക്കുമ്പോൾ 30 മില്ലി വെള്ളത്തിൽ ഒരു സ്പൂണ്‍ എന്ന കണക്കിൽ തന്നെ പൊടി ചേർക്കുവാനും കുഞ്ഞിനു വേണ്ടത്ര അളവ് കൊടുക്കുവാനും ശ്രദ്ധിക്കണം.
ഒന്നര- രണ്ടു വയസ്സുള്ള ഒരു കുട്ടിക്ക് അവന്റെ/ അവളുടെ അമ്മയ്ക്ക് വേണ്ടുന്ന ഭക്ഷണത്തിന്റെ പകുതി ഭക്ഷണം ആവശ്യമാണ്‌. കൗമാരപ്രായക്കാരായ കുട്ടികൾക്ക് പലപ്പോഴും മുതിർന്നവർക്ക് വേണ്ടുന്നതിനെക്കാളും ഭക്ഷണം വേണം. എന്നാൽ ഇതൊന്നും നമ്മൾ കണക്കു കൂട്ടി കൊടുക്കേണ്ടതില്ല. ഓരോ പ്രായത്തിലുമുള്ള വളർച്ചയുടെ തോതനുസരിച്ച് (growth rate) വിശപ്പുണ്ടാകും.
അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ
ആസ്തമ (വലിവ്, ശ്വാസംമുട്ട്) ഉണ്ടാകാറുള്ള കുട്ടികൾക്ക് അസുഖം വരും എന്നാ കാരണം പറഞ്ഞു പല ഭക്ഷണസാധനങ്ങളും നിഷേധിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ആസ്തമയുടെ കാരണം മിക്കപ്പോഴും ഭക്ഷനസാധനങ്ങളല്ല. ഒരു പ്രത്യേക ഭക്ഷണം എന്നിലധികം തവണ അലർജി/ ആസ്തമ ഉണ്ടാക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ആ ഭക്ഷണം ഒഴിവാക്കേണ്ടതുള്ളൂ. തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ഇങ്ങനെ ബോധ്യപ്പെട്ടാൽ മാത്രം മതി. കൂടുതൽ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടി വരുന്നുണ്ടെങ്കിൽ തുടർച്ചയായുള്ള മരുന്നുപയോഗത്തിലൂടെ ആസ്തമ നിയന്ത്രണവിധേയമാക്കുകയാണ് വേണ്ടത്.
ആസ്തമ ഉള്ള കുട്ടികൾ ഫ്രൈ ചെയ്ത ഭക്ഷണങ്ങളായ ചിപ്സ് മുതലായവ ഒഴിവാക്കുന്നത് നല്ലതാണ്.
ചെന്നിക്കുത്ത് (migraine) ഉള്ള ആൾക്കാർ ബേക്കറി സാധനങ്ങൾ, കളറുകൾ, preservatives എന്നിവ ചേർത്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്.
ഏതു ഭക്ഷണത്തിനും അപൂർവമായി ചിലർക്ക് ഗുരുതരമായ അലര്ജി ഉണ്ടാകാം.(ഉദാഹരണം- നിലക്കടല)
ഐസ് ക്രീം, ഫാസ്റ്റ് ഫുഡ്, ബേക്കറി ഭ്രമം
ഇവയൊന്നും അത്ര നന്നല്ല, എന്നാൽ പൂർണ്ണമായും ഒഴിവാക്കണമെന്നില്ല. ചില കുട്ടികൾക്ക് ചുമ വരും, കഫം വരുമെന്നൊക്കെ പറഞ്ഞു തണുത്ത ഒരു ഭക്ഷണവും (ജ്യൂസ്, ഐസ്ക്രീം) കൊടുക്കാതിരിക്കുന്നത് കണ്ടിട്ടുണ്ട്. അത് ശരിയല്ല.
മനുഷ്യൻ മാത്രമാണ് ഭക്ഷണം പാകം ചെയ്തു കഴിക്കുന്നത്. പ്രകൃതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ യഥാർത്ഥത്തിൽ പാകം ചെയ്യാതെ കഴിക്കാനാണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. പ്രകൃതിയിലുള്ള അതേ രീതിയിൽ. എന്നാൽ അത് പ്രായോഗികമല്ല. പാകം ചെയ്യുന്ന രീതികളിൽ ആവിയിൽ വേവിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത് (പുട്ട്, കൊഴുക്കട്ട, ഇഡ്ഡലി എന്നിവ) വെള്ളമൊഴിച്ച് വേവിക്കുന്നതും കുഴപ്പമില്ല (ചോറ്, കറികൾ എന്നിവ). ഏറ്റവും ഹാനികരമായ പാചക രീതിയാണ് എണ്ണയിൽ വറുക്കലും പൊരിക്കലും (ചിപ്സ്, ഫിഷ്‌ ഫ്രൈ, ചിക്കൻ ഫ്രൈ) അത് പോലെ കാർബോഹൈഡ്രേറ്റുകളിൽ നല്ലത് കോംപ്ലെക്സ് ഷുഗറുകളായ സ്റ്റാർച്ചുകളും മോശം സിമ്പിൾ ഷുഗറുകളായ പഞ്ചസാരയുമാണ്. പഞ്ചസാരയുടെയും എണ്ണയുടെയും നെയ്യുടെയും ഉപയോഗം കഴിയുന്നതും കുറക്കുന്നതാണ് നല്ലത്. അത് കൊണ്ട് തന്നെയാണ് ഐസ് ക്രീം, ഫാസ്റ്റ് ഫുഡ്, ബേക്കറി സാധനങ്ങൾ എന്നിവ അധികം നന്നല്ല എന്ന് പറയുന്നത്.
നമ്മുടെ ആയുസ്സ് എന്ന് പറയുന്നത് ഒരർത്ഥത്തിൽ നമ്മുടെ രക്തക്കുഴലുകളുടെ അടഞ്ഞുപോകാതെയുള്ള നിലനിൽപിനെ ആശ്രയിച്ചിരിക്കുന്നു. രക്തക്കുഴലുകൾ അടഞ്ഞുപോകുമ്പോഴാണ് ഹാർട്ട് അറ്റാക്ക്, പക്ഷപാതം, പ്രഷർ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുന്നത്. രക്തക്കുഴലുകൾ അടയുന്നത് പ്രധാനമായും അതെറോസ്ക്ലീറോസിസ് എന്ന പ്രശ്നം മൂലമാണ്. നമ്മുടെ വീടുകളിലെ പൈപ്പുകളിൽ അഴുക്കു വന്നടിഞ്ഞു ബ്ലോക്ക്‌ ആകുന്നതുപോലെ രക്തക്കുഴലുകളിൽ കൊഴുപ്പ് അറിയുന്നതാണ് അതെറോസ്ക്ലീറോസിസ്. ഈ മാറ്റങ്ങൾ ചെറിയ പ്രായം മുതൽ തന്നെ തുടങ്ങുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ 40 വയസ്സിനു ശേഷം മതി ഭക്ഷണ നിയന്ത്രണവും വ്യായാമവും എന്ന തോന്നൽ ശരിയല്ല.ചെറുപ്പം മുതലേ ശീലിക്കെണ്ടതാണ് ഇത്. രസകരമായ ഒരു വസ്തുത, അതെറോസ്ക്ലീറോസിസ് മനുഷ്യനും, മനുഷ്യൻ വളർത്തുന്ന മൃഗങ്ങളിലും മാത്രമേ കാണുന്നുള്ളൂ എന്നതാണ്. നമ്മുടെ ഭക്ഷണ രീതിയാണ് ഇതിനു കാരണം എന്നത് വളരെ വ്യക്തമല്ലേ?
പ്രകൃതിയിലുള്ള ഭക്ഷണങ്ങളിൽ പൊട്ടാസിയം ആണ് കൂടുതൽ. എന്നാൽ പാകം ചെയ്യുമ്പോൾ സോഡിയം ആണ് ചേർക്കുന്നത് (ഉപ്പ്) സോഡിയം കൂടുന്നത് പ്രഷറിനു കാരണമാകുന്നു. അതിനാൽ ഭക്ഷണത്തിൽ അധികം ഉപ്പു ചേർത്ത് ശീലിക്കാത്തതാണ് നല്ലത്
നല്ലത് വെജിറ്റെറിയനോ നോണ്‍വെജിറ്റെറിയനോ
രണ്ടും നല്ലത് തന്നെ. വെജിറ്റെറിയൻ ഭക്ഷണത്തിൽ കൂടുതൽ വിറ്റാമിനുകളും നാരുകളും ഉണ്ട്. നോണ്‍വെജിറ്റെറിയൻ ഭക്ഷണത്തിൽ നല്ല പ്രോട്ടീനുകളും ഇരുമ്പുസത്തും മറ്റും അടങ്ങിയിരിക്കുന്നു. സസ്യാഹാരം മാത്രം കൊണ്ടും സമീകൃത ഭക്ഷണം കഴിക്കാം. അതിനാൽ ഏതു വേണമെന്ന് തീരുമാനിക്കുന്നത് മറ്റു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ശുദ്ധ വെജിറ്റെറിയൻമാർ സമീകൃത ആഹാരം ആണ് കഴിക്കുന്നത് എന്ന് ഒന്നുകൂടി ഉറപ്പു വരുത്തേണ്ടതുണ്ട്.
അമിത ഭക്ഷണം
ഇത് പല രീതിയിൽ ദോഷം ചെയ്യുന്നു. പൊണ്ണത്തടി കൊണ്ടുള്ള ഉപദ്രവങ്ങൾ പലതാണ്. പ്രഷർ, കൊളസ്ട്രോൾ, മുട്ട് വേദന തുടങ്ങി പലതും. അർഹിക്കുന്നവർക്ക് ഭക്ഷണം നിഷേധിക്കുന്നതിനും അത് കാരണമാകുന്നു. മനുഷ്യർ മാത്രമാണ് കുട്ടികളെ ഭക്ഷണത്തിന് നിർബന്ധിക്കുന്നത്. രുചിയുള്ള ഭക്ഷണം കിട്ടിയാൽ വയറിന്റെ കപ്പാസിറ്റി അറിയാതെ ഭക്ഷിക്കുന്നത്. എത്ര രുചിയുള്ള മൃഗത്തെ പിടിച്ചാലും സിംഹവും പുലിയുമൊന്നും അതിനെ മുഴുവനും കഴിച്ചു തീർക്കാമെന്നു വിചാരിക്കാറില്ല. മനുഷ്യരാണ് സ്വന്തം വയറിനെ വേസ്റ്റ് ബാസ്ക്കറ്റായി
കണക്കാക്കുന്നത്.കുട്ടികളെ അവരുടെ ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കാൻ ശീലിപ്പിക്കുക. കഴിക്കുന്നത് പോഷക ഗുണമുള്ള ഭക്ഷണമാണെന്ന് ഉറപ്പു വരുത്തുക. തൂക്കം പ്രായത്തിനു അനുസൃതമായി കൂടുന്നുണ്ടെന്നു ഉറപ്പു വരുത്തുക. ഇതാണ് പ്രധാനം.
അവശ്യം വേണ്ട പോഷകങ്ങൾ
നമുക്ക് ഭക്ഷണത്തിലൂടെ ലഭിക്കേണ്ട അഞ്ചു ഘടകങ്ങളുണ്ട്. കാർബൊഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീൻ (മാംസ്യം), ഫാറ്റ് (കൊഴുപ്പ്), വിറ്റാമിനുകളും ധാതുലവണങ്ങളും, പിന്നെ ഫൈബർ (നാരുകൾ). ഈ അഞ്ചു ഘടകങ്ങളും ആവശ്യമായ അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണത്തെയാണ്‌ സമീകൃതാഹാരം എന്ന് പറയുന്നത്. വില കൂടിയതോ സ്വാദേറിയതോ ആയ ഭക്ഷണം സമീക്രിതമായിക്കൊളളണമെന്നില്ല.
1. കാർബൊഹൈഡ്രേറ്റ്: നമുക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം നൽകുകയാണ് കാർബൊഹൈഡ്രേറ്റിന്റെ ധർമ്മം. നാം കഴിക്കുന്ന ധാന്യങ്ങളിലും, കിഴങ്ങുകളിലും മധുരിക്കുന്ന പഴങ്ങളിലും കാർബൊഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. പഞ്ചസാര പോലുള്ള സിമ്പിൾ ഷുഗറുകൾ ആഹാരത്തിൽ അധികമാകാതെ നോക്കണം.
2. മാംസ്യം (പ്രോട്ടീൻ): ശരീര വളർച്ചക്ക് മാംസ്യം അത്യാവശ്യമാണ്. കൂടാതെ ശരീരത്തിൽ നടക്കുന്ന പല പ്രധാന പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന എൻസൈമുകൾ ഉണ്ടാക്കാനും പ്രോട്ടീൻ ആവശ്യമാണ്‌. പയറുവർഗ്ഗങ്ങളിലും ധാന്യങ്ങളിലും, മീൻ, മുട്ട, ഇറച്ചി എന്നിവയിലും ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. മാംസം, മുട്ട, പാൽ എന്നിവയിലെ പ്രോട്ടീൻ പൂർണ്ണമാണ്. എന്നാൽ ധാന്യങ്ങളിലും പയറുവർഗ്ഗങ്ങളിലുമുള്ളവ പൂർണ്ണമല്ല. എന്നാൽ ധാന്യവും പയറും കൂടിച്ചേർന്ന ഭക്ഷണങ്ങളിലെ പ്രോട്ടീൻ പൂർണ്ണമാണ്. (ഇഡ്ഡലി, ഉഴുന്ന് ചേർത്ത ദോശ, പുട്ടും കടലയും, ചോറും പയറും എന്നിവ ഉദാഹരണം). പൂർണ്ണമായ പ്രോട്ടീൻ ഉണ്ടെങ്കിലേ ശരീരം വളരുകയുള്ളൂ.
3. കൊഴുപ്പ്: ഏറ്റവുമധികം ഊർജ്ജം തരുന്ന ആഹാരമാണിത്. ഭക്ഷണത്തിന് രുചി പകരുന്നതും ഇവ തന്നെ. എണ്ണ, നെയ്യ് എന്നിവയെക്കൂടാതെ പയറുവർഗ്ഗങ്ങളിലും മീൻ മുട്ട പാൽ എന്നിവയിലും കൊഴുപ്പ് അടങ്ങിയിരിക്കുന്നു. അത്യാവശ്യമാണെങ്കിലും ഒട്ടും അധികമാകാൻ പാടില്ല കൊഴുപ്പുകൾ.
4. വിറ്റാമിനുകളും ധാതുലവണങ്ങളും: പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവയിലാണ് ഇവ ഏറ്റവും അധികം ഉള്ളത്. വേവിക്കാതെ കഴിക്കുന്ന പച്ചക്കറികൾ, പഴങ്ങൾ എന്നിവ അത്യാവശ്യമാണ്.
5. നാരുകൾ: പച്ചക്കറികളിലും പഴങ്ങളിലും ധാരാളം അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ നാരുകളില്ലെങ്കിൽ മലബന്ധം പോലുള്ള പ്രശ്നങ്ങളും വൻകുടലിലെ കാൻസറും ഉണ്ടാകാൻ സാധ്യത ഉണ്ട്.
നാം കഴിക്കുന്ന ഭക്ഷണത്തിൽ ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളമായി ഉൾപ്പെടുത്തണം. മീൻ, മുട്ട, പാല്, ഇറച്ചി, പയറുവർഗ്ഗങ്ങൾ എന്നിവ മിതമായ അളവിലും. എന്നാൽ എണ്ണ, നെയ്യ്, പഞ്ചസാര,മധുരപ്പലഹാരങ്ങൾ, പൊരിച്ച ഭക്ഷണങ്ങൾ എന്നിവ ചെറിയ അളവിലും.
ആദ്യത്തെ ആറു മാസം മുലപ്പാൽ മാത്രം. പിന്നെ അതോടൊപ്പം കുറുക്കുകൾ (റാഗി, നന്നായി ഉടച്ച ചോറ് എന്നിവ). ക്രമേണ വേവിച്ച പച്ചക്കറികൾ, ഉടച്ച ദോശ, ഇഡ്ഡലി എന്നിവ. ഒരു വയസ്സാകുമ്പോളെക്കും വീട്ടിൽ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണങ്ങളും നൽകാം .മുലപ്പാൽ രണ്ടു വയസ്സ് വരെ തുടരാം. സ്വന്തമായി ആഹാരം കഴിക്കുന്ന ശീലം ഉണ്ടാക്കണം, ചെറുപ്പം മുതൽ തന്നെ..
Dr. Mohandas nair

No comments: