Tuesday, December 04, 2018

_ദശമ സ്കന്ധം  മൂന്നാമദ്ധ്യായം. ശ്രീകൃഷ്ണാവതാര വർണ്ണനം_

            *ശ്രീശുക ഉവാച*

*അഥ സർവ്വഗുണോപേതഃ*
*കാലഃ പരമശോഭനഃ*
*യർഹ്യേവാജനജന്മർക്ഷം*
*ശാന്തർക്ഷഗ്രഹതാരകം*
(10.03.01)

ആദ്യം തന്നെ *കാല പരമശോഭനഃ*, ഭഗവാന്റെ അവതാര സമയത്തെ കാലഗുണത്തെയാണ് ശ്രീശുകൻ വിശേഷിപ്പിക്കുന്നത്.  സർവ്വഗുണങ്ങളും തികഞ്ഞ, പരമശോഭനമായ കാലം വന്നപ്പോൾ ഭഗവാൻ  ദേവകിയിലൂടെ എല്ലാവരുടേയും ഹൃദയാന്തർഭാഗത്ത് അവതരിച്ചു എന്ന എട്ടാമത്തെ അവതാര ശ്ലോകത്തിന്റെ വിശേഷണമായി ആദ്യത്തെ ഈ ശ്ലോകത്തിൽ പാവനമായ ആ കാലഗുണത്തെ പറയുന്നു. 

ശ്രീനാരായണന്റെ നാഭീകമലത്തിൽ നിന്ന് ഉത്ഭവിച്ച ബ്രഹ്മാവാകുന്ന ദേവതയോടുകൂടിയ *രോഹിണി നക്ഷത്രം*.  അശ്വതി മുതൽ രേവതി വരെയുള്ള മറ്റു നക്ഷത്രങ്ങളും, അതുപോലെ സുര്യചന്ദ്രാദി ഗ്രഹങ്ങളും അന്യോന്യം അനുകൂലമായ സ്ഥാനങ്ങളിൽ  ശാന്തമായിരുന്നു. 

കാലം ശോഭനമായതുകൊണ്ടാണോ ആ സമയത്ത് ഭഗവാൻ അവതരിച്ചത്?  ഹേയ് അല്ല! പിന്നേയോ?  ഭഗവാൻ അവതരിച്ചതിനാൽ കാലം പരമ ശോഭനമായ് ഭവിച്ചു.  കാലസ്വരൂപനായിരിക്കുന്ന ഭഗവാന്റെ അധീനത്തിലാണ് കാലം ഇരിക്കുന്നത് അതല്ലാതെ മറിച്ചല്ല എന്നർത്ഥം. 

എപ്രകാരമാണോ ഒരു ചക്രവർത്തി എഴുന്നള്ളുന്ന സമയത്ത് ആബാലവൃദ്ധം ജനങ്ങളും ശാന്തരായി തൊഴുകൈകളോടെ അദ്ദേഹത്തെ സ്വീകരിക്കാനായി അണിനിരക്കുന്നത് അതുപോലെ കാലനിയന്താവായ ഭഗവാനെ സ്വീകരിക്കാൻ ഗ്രഹനക്ഷത്രതാരങ്ങളെല്ലാം ശാന്തരായി അനുകൂല സ്ഥാനത്തു നിൽക്കുന്നു.


No comments: