Monday, December 10, 2018

ഇന്ന് നമ്മുടെ രാഷ്ട്രം, അതില്‍തന്നെ ഭൂരിപക്ഷമായ ഹിന്ദുധര്‍മാനുയായികള്‍ പ്രായേണ വളരെയേറെ സാമ്പത്തിക ദാരിദ്ര്യം അനുഭവിക്കുന്നു. വൈയക്തികമായി ഓരോരുത്തര്‍ക്കും കാരണങ്ങള്‍ പലതും പറയാനുണ്ടാകും. എന്നാല്‍, സമൂഹത്തിലാകെ പൊ
തുവായി എന്തെങ്കിലുമൊരു ച്യുതി സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് ആധ്യാത്മികമായും ചില കാരണങ്ങളുണ്ടാകുമെന്ന് തീര്‍ച്ചയാണ്. അതില്‍ പ്രധാനപ്പെട്ടതാണ് ദാനം. ദാനസംബന്ധിയായ ഒരു ഋഗ്വേദമന്ത്രത്തിലേക്ക് നമുക്ക് കടന്നുചെല്ലാം. മന്ത്രം കാണുക:
ഓം വിസര്മാണം  കൃണുഹി വിത്തമേഷാം യേ ഭുഞ്ജതേ അപൃണന്തോ ന ഉക്‌ഥൈഃ
അപവ്രതാന്‍പ്രസവേ വാവൃധാനാന്‍ ബ്രഹ്മദ്വിഷഃ സൂര്യാദ്യാവയസ്വ (ഋഗ്വേദം 5.42.9)
പദം പിരിച്ചുള്ള അര്‍ഥം:
ഹേ ഈശ്വരാ, (യേ=) ഏതൊരു മനുഷ്യനാണോ (നഃ=)
 ഞങ്ങളുടെ (ഉക്‌ഥൈഃ=) സ്തുതിവചനങ്ങള്‍ കേട്ടിട്ടുപോലും (അപൃണന്തഃ=) തൃപ്തരാകാതെ (ഭുഞ്ജതേ=) സ്വയം ഭുജിക്കുന്നത്, (ഏഷാം=) അങ്ങനെയുള്ള മനുഷ്യന്റെ (വിത്തം=) ധനത്തെ (വിസര്‍മാണം=) വിനാശം (കൃണുഹി=) ചെയ്താലും. (പ്രസവേ=) സൃഷ്ടിക്കപ്പെട്ട ഈ ജഗത്തില്‍ (വാവൃധാനാന്‍=) വര്‍ധിച്ചുവരുന്ന (അപവ്രതാന്‍=) വ്രതഹീനരായ (ബ്രഹ്മദ്വിഷഃ=) വേദവിരോധികളെ (സൂര്യാത്=) സൂര്യനില്‍നിന്ന് (യാവയസ്വ=) ദൂരെയകറ്റിയാലും.
ദാനത്തെ ഐശ്വര്യത്തിന്റെ കവാടമായാണ് വേദങ്ങള്‍ വാഴ്ത്തുന്നത്. ദാനസ്തുതി ചെയ്യുന്ന ദിവ്യോദക്ഷിണാ സൂക്തമുണ്ട് ഋഗ്വേദത്തില്‍ (ഋ.10.107) പല വിധം ദാനങ്ങളെക്കുറിച്ചും അതിന്റെ ദിവ്യഫലങ്ങളെക്കുറിച്ചും ഈ സൂക്തം വിവരിക്കുന്നു. ദാനം ചെയ്യുന്നവനില്‍ മഹനീയമായ ഐശ്വര്യമുണ്ടാകും എന്നും അത് ഏതെല്ലാം വിധത്തിലാണ് സംഭവിക്കുക എന്നും സൂക്തത്തില്‍ പറയുന്നു. ദാനം ചെയ്യുന്നവര്‍ രോഗാദികളാല്‍ പീഡിതരാകുകയില്ല, അവര്‍ക്ക് യാതൊരുവിധത്തിലുമുള്ള തകര്‍ച്ചയും ഉണ്ടാകുന്നില്ല, ആരാലും ദ്രോഹിക്കപ്പെടുകയില്ല, മറ്റുള്ളവര്‍ക്ക് നല്‍കപ്പെടുന്ന ധനം പല മടങ്ങായി അവരിലേക്കുതന്നെ തിരിച്ചുവരും. ഇത്തരത്തില്‍ ദാനകര്‍മ പ്രേരകങ്ങളായ ഒട്ടേറെ പ്രസ്താവനകള്‍ ഈ സൂക്തത്തില്‍ കാണാം.
അതുപോലെതന്നെ ദാനം ചെയ്തില്ലെങ്കിലുള്ള ദോഷത്തെക്കുറിച്ച് നമ്മെ ഓര്‍മിപ്പിക്കുന്ന ദാനസൂക്തങ്ങളും വേദങ്ങളിലുണ്ട്. ഋഗ്വേദം പത്താം മണ്ഡലത്തിലെ 117-ാം സൂക്തം ഉദാഹരണമാണ്. 'ധനത്തിന്റെ കാര്യത്തില്‍ ഉയര്‍ന്ന ചിന്താഗതികളുള്ളവര്‍ ധനത്തിന് ആവശ്യവുമായി വരുന്നവര്‍ക്ക് ദാനം നല്‍കണം. കാരണം വരാനിരിക്കുന്ന ജീവിതത്തിന്റെ നീണ്ട പാഥേയം കാണാന്‍ അവര്‍ക്ക് കഴിയണം. സമ്പത്തും പ്രതാപവും രഥചക്രംപോലെ ഉരുണ്ടുനീങ്ങും. ഇന്നിപ്പോള്‍ അതൊരിടത്തുണ്ട്. എന്നാല്‍, അത് ചലിക്കുകതന്നെ ചെയ്യും. അസ്ഥിരമാണ് ധനമെന്ന ബോധം സദാ ഉണ്ടാകണം.
ഈ തത്ത്വം മനസ്സിലാക്കാതെ തനിച്ചുണ്ണുന്നവന്‍ കേവലം പാപത്തെയാണ് ഉണ്ണുന്നത്. ഈശ്വരന്‍ പറയുകയാണ്, ഞാന്‍ സത്യമായി പറയുന്നു, അത്തരക്കാരന് ലഭിക്കുന്ന അന്നവും ധനവും തീര്‍ച്ചയായും അവന്റെ വിനാശത്തിനുതന്നെ കാരണമായിത്തീരും, കാരണം അവന്‍ അവന്റെ സഹജീവികളെയോ, പൂജനീയരായ വ്യക്തികളെയോ പോഷിപ്പിക്കാതെ, സ്വന്തം സ്വാര്‍ഥതയെ പരിപോഷിപ്പിക്കുകയാണ്.' ഇതാണ് ദാനസൂക്തത്തിലൂടെ ഈശ്വരന്‍ നമുക്ക് നല്‍കുന്ന ഉപദേശം. 
വേദങ്ങളിലെ ഈ ദാനസ്തുതിയെ മനസ്സിലാക്കി ജീവിച്ചവരായിരുന്നു നമ്മുടെ പൂര്‍വികര്‍. ദാനം ചെയ്തതുകൊണ്ടുള്ള പ്രയോജനങ്ങളും ദാനം ചെയ്യാതിരിക്കുന്നതുകൊണ്ടുള്ള ദോഷങ്ങളും അവര്‍ നല്ലതുപോലെ മനസ്സിലാക്കിയിരുന്നു. അന്ന് ഈ ഭാരതത്തില്‍ സമൃദ്ധി കളിയാടിയിരുന്നു. മഹാഭാരതത്തില്‍ ഹസ്തിനപുരി നിര്‍മിച്ചപ്പോള്‍ ഉണ്ടായിരുന്ന സമൃദ്ധിയെക്കുറിച്ച് നമുക്ക് വായിക്കാന്‍ കഴിയും.
ലോഹനിര്‍മിതമായ വലിയ ചക്രങ്ങളും സുശോഭിതങ്ങളായ രമ്യഹര്‍മ്യങ്ങളും ഹസ്തിനപുരിയെ പ്രകാശിപ്പിച്ചിരുന്നുവത്രെ. വാല്മീകിരാമായണത്തിലെ അയോധ്യാവര്‍ണനയും ഇതുപോലെതന്നെ അക്കാലത്തെ സമൃദ്ധിയെ വിളിച്ചോതുന്നതാണ്. ആ സമൃദ്ധി കണ്ടാണ് വിദേശികള്‍ ഇന്ത്യയെ ആക്രമിച്ചത്. തൈമൂറും, ചെങ്കിസ്ഖാനും മുഗളന്മാരും ബ്രിട്ടീഷുകാരുമൊക്കെ ഇന്ത്യ ആക്രമിച്ചത് ഈ ബൃഹത്തായ സമ്പല്‍സമൃദ്ധി കണ്ടിട്ടാണ്. ഈ സമൃദ്ധി നമുക്ക് എങ്ങനെയാണ് ഉണ്ടായിരുന്നത്? എന്തുകൊണ്ട് ഇപ്പോള്‍ ഈ സമൃദ്ധി നമുക്ക് നഷ്ടമായി?  
ദാനധര്‍മത്തെ ആചരിക്കാത്ത സമൂഹത്തില്‍ സമൃദ്ധി നിലനില്‍ക്കില്ല. ദാനധര്‍മിയല്ലാത്തവന്റെ ധനം നശിച്ചുപോകുന്നു. ലോകത്തിനുതന്നെ മാതൃകയായിരുന്ന ഒരു സമൃദ്ധിയുടെ പൂര്‍വചരിത്രം ഉണ്ടായിട്ടുകൂടി ആ പൂര്‍വികരുടെ പിന്‍തലമുറക്കാരായ നമ്മള്‍ ഇന്ന് സാമ്പത്തികമായി പിന്നാക്കം സഞ്ചരിക്കുന്നവരായിത്തീര്‍ന്നിരിക്കുന്നു. ദാനമഹിമയെ അറിഞ്ഞിട്ടും ധനം ദാനം ചെയ്യാതിരിക്കുന്നവന്‍ വലിയ പാപമാണ് ചെയ്യുന്നത്. അന്യന്റെ സങ്കടം കണ്ടിട്ടും മനസ്സലിവില്ലാത്ത, വേദവചനങ്ങള്‍ക്കുപോലും വില കല്‍പ്പിക്കാത്ത അത്തരക്കാര്‍ സ്വാര്‍ഥമായി കൂട്ടിവെയ്ക്കുന്ന  ധനം നശിച്ചുപോകട്ടെ. ഈശ്വരന്‍ നമുക്ക് വേണ്ടി ഈ സമസ്തപ്രപഞ്ചത്തെയും സൃഷ്ടിച്ചു നല്‍കിയ മഹാദാനിയാണ്. അങ്ങനെ പരാര്‍ഥമായി സൃഷ്ടിക്കപ്പെട്ട ഈ ജഗത്തില്‍ സ്വാര്‍ഥമതികളായവര്‍ വര്‍ധിച്ചുവന്നുകൂടാ. അവര്‍ ഈ ലോകത്തെ ഇല്ലായ്മ ചെയ്തിടും. 
നോക്കൂ, ഈശ്വരന്‍ സൃഷ്ടിച്ച ഈ ലോകത്തില്‍ എല്ലാവര്‍ക്കും കഴിക്കാനുള്ള അന്നമുണ്ട്. ആവശ്യാനുസാരം അന്നം ഉത്പാദിപ്പിക്കാനുള്ള സാധ്യതകളും ഉണ്ട്. എന്നിട്ടും ലോകത്തിലെ വലിയൊരു ശതമാനം ജനത ഒരു നേരത്തെ അന്നത്തിന് വകയില്ലാതെ പട്ടിണി കിടക്കുന്നു. ആരാണ് ഇതിന് ഉത്തരവാദി? എല്ലാവരും തന്റെ വരുമാനത്തിന്റെ ഒരു ചെറിയ ശതമാനമെങ്കിലും ദാനം ചെയ്യാന്‍ തയാറായിരുന്നുവെങ്കില്‍ ഈ ലോകത്തില്‍ ആളുകള്‍ പട്ടിണികിടന്ന് മരിക്കേണ്ടിവരുമോ? ലോകത്തിന്റെ പട്ടിണി മുഴുവന്‍ മാറിയില്ലെങ്കിലും ഒരാളുടെ ഒരു നേരത്തെ വിശപ്പെങ്കിലും അകറ്റാനായി നമുക്കോരോരുത്തര്‍ക്കും ശ്രമിച്ചുകൂടേ? 
ഇന്നിപ്പോള്‍ ഹൈന്ദവസമൂഹത്തില്‍ ആരും ദാനധര്‍മത്തെക്കുറിച്ച് ആരെയും പഠിപ്പിക്കുന്നില്ല, അതുകൊണ്ടുതന്നെ ദാനമെന്നാല്‍ പണക്കാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണെന്ന് പറഞ്ഞു മാറിനില്‍ക്കുന്നവരാണ് ഭൂരിഭാഗം പേരും. ഋഷി പറഞ്ഞത് ഓരോരുത്തരുടെയും വരുമാനത്തിന്റെ പത്തിലൊരു ശതമാനം ദാനത്തിനായി നീക്കിവെക്കാനാണ്. ലക്ഷം സമ്പാദിക്കുന്നവന്‍ പതിനായിരം ദാനം ചെയ്യട്ടെ, നൂറ് സമ്പാദിക്കുന്നവന് പത്ത് ദാനം ചെയ്യാമല്ലോ. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഒരു രൂപയെങ്കിലും അന്യന് ദാനമായി നല്‍കാത്തവരാണ് സമൂഹത്തില്‍ ഏറെയും എന്നതാണ് വസ്തുത.
ഗരുഡപുരാണത്തില്‍ ഒരു പ്രസ്താവമുണ്ട്, 'ദാനം കൊടുക്കാത്തവന്‍ ദരിദ്രനായിത്തീരുന്നു. ദാരിദ്ര്യം പാപം ചെയ്യാന്‍ ഇടവരുത്തുന്നു. ഇങ്ങനെ വീണ്ടുംവീണ്ടും ജന്മ-മരണ ചക്രങ്ങളില്‍ മനുഷ്യന്‍ ചെന്നുപെടുന്നു. കൊടുക്കാത്തവനെ നരകയാതനകള്‍ പിന്തുടരുകതന്നെ ചെയ്യും. അങ്ങനെ വീണ്ടും ദാരിദ്ര്യവും പാപവും ഉണ്ടാകുന്നു.' അതായത് സമൂഹത്തില്‍ അന്ധകാരം വര്‍ധിക്കാനുള്ള പ്രധാനകാരണം ദാനവൃത്തിയോടുള്ള വിമുഖതയാണ്. ദാനത്തിലൂടെ സമസ്ത ജീവജാലങ്ങളും തമസ്സില്‍നിന്ന് മുക്തരാകുന്നു എന്ന് ഋഗ്വേദത്തിലെ ദിവ്യോദക്ഷിണാ സൂക്തത്തില്‍ വായിക്കാം. ദാനത്തെക്കുറിച്ച് അറിവില്ലാതെ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയവരുടെ കാര്യം പോകട്ടെ, അത് അറിവില്ലായ്മയുടെ ഫലമാണെന്നു കരുതാം. ദാനമഹിമയെ അറിഞ്ഞിട്ടും ദാനം ചെയ്യാതിരിക്കുന്നവരോ? അത്തരം വേദനിന്ദകര്‍ സമൂഹത്തില്‍ അന്ധകാരത്തെ വ്യാപി
പ്പിക്കുന്നവരാണ്. അവര്‍ സ്വയം അന്ധകാരത്തില്‍ അകപ്പെടട്ടെ, ഐശ്വര്യത്തിന്റെ സൂര്യപ്രകാശത്തില്‍നിന്ന് അകന്നിടട്ടെ എന്നു പറഞ്ഞുകൊണ്ടാണ് മന്ത്രം അവസാനിക്കുന്നത്.ഒരുകാലത്ത് സമൃദ്ധിയുടെ കേദാരമായിരുന്ന നമ്മുടെ രാഷ്ട്രം ഇന്ന് ഏറ്റവുമധികം പേര്‍ ദാരിദ്ര്യം അനുഭവിക്കുന്ന ആളുകളുള്ള രാജ്യങ്ങളില്‍ ഒന്നായി മാറിയെങ്കില്‍ അതിന് പ്രധാനകാരണം വേദത്തിലെ ദാനസ്തുതിയോട് നാം മുഖംതിരിച്ചു നിന്നതാണ്. നമുക്ക് ദാനശീലരാകാന്‍ ശ്രമിക്കാം. ഈ ദാനസ്തുതിയെ ഏവരിലും എത്തിക്കാന്‍ ശ്രമിക്കാം...janmabhumi

No comments: