Monday, December 03, 2018

ധ്യാനത്തിലൂടെ നിര്‍ഗുണ നിരാകാര ബ്രഹ്മതത്ത്വത്തിലേക്ക്

സ്വാമി അഭയാനന്ദ ചിന്മയ മിഷന്‍, തിരുവനന്തപുരം
Monday 3 December 2018 2:24 am IST
പരമേശ്വരനെ ധ്യാനിക്കുന്നതിലെ മറ്റൊരു സങ്കേതം നീലകണ്ഠം എന്നുള്ളതാണ്. നീല നിറമുള്ള കഴുത്തുള്ളയാള്‍ എന്നര്‍ഥം. പാലാഴിമഥനത്തിനിടെ ഉയര്‍ന്നു വന്ന കാളകൂട (ഹലാഹലം) വിഷത്തെ ലോക നന്മയ്ക്കായി ശിവഭഗവാന്‍ കുടിച്ചു തീര്‍ത്തു. കാളകൂടം ലോകത്തെ നശിപ്പിക്കുമെന്നതിനാലാണ് ദേവന്മാരുടെ  അപേക്ഷ പ്രകാരം ഭഗവാന്‍ വിഷത്തെ പാനം ചെയ്യുന്നത്.
 ആ ഉഗ്രവിഷം മഹാദേവന്റെ ഉള്ളിലേക്ക് ഇറങ്ങാതിരിക്കാന്‍ ദേവി കഴുത്തില്‍ അമര്‍ത്തി പിടിച്ചു.വിഷം പുറത്തു വരാതിരിക്കാന്‍ ദേവേന്ദ്രന്‍ വായ പൊത്തി. അതോടെ വിഷം കഴുത്തിനകത്ത് കെട്ടി കിടന്നു. അങ്ങനെ ഭഗവാന്‍ നീലകണ്ഠനായി. പാലാഴി മഥനം നമ്മുടെ ഉള്ളില്‍ നടക്കുന്ന വിചാര മഥനം തന്നെയാണ്. നമ്മുടെ ഉള്ളിലെ സദ്‌വിചാരങ്ങളും ദുര്‍വിചാരങ്ങളുമാണ് ദേവാസുരന്മാര്‍. മനസ്സാകുന്ന പാലാഴിയെ ബുദ്ധിയാകുന്ന കടകോല്‍ കൊണ്ട് കടയണം. മന്ഥര പര്‍വതത്തെയാണ് കടകോല്‍ അഥവാ 'മത്ത്' ആക്കിയത്.
അഹങ്കാരമാകുന്ന കയറാണ് വാസുകി. ധ്യാനത്തിന്റെയോ വിചാരത്തിന്റെയോ തുടക്കത്തില്‍ നമുക്കുളളിലുള്ള ദുഷിച്ചവയാണ് ആദ്യം പുറത്തു വരിക. നമ്മുടെ അജ്ഞാന വാസനകളുടെ പ്രതീകമാണ് കാളകൂട വിഷം. കാളകൂടം പാലാഴിയില്‍ നിന്നുയര്‍ന്ന് വന്നതാണ്. വാസുകിയുടെ വിഷമാണെന്നും പക്ഷമുണ്ട്.
ഈ വിഷം നമ്മുടെ കൈവശം വെക്കാനുള്ളതല്ല, അതിനെ ധരിക്കാന്‍ ശേഷിയുള്ളയാള്‍ക്ക് സമര്‍പ്പിക്കണം. അത് ശിവഭഗവാന്‍ സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരു അലങ്കാരമായി.
നമ്മുടെ അജ്ഞാനവാസനകളെ ബുദ്ധിയിലേക്കോ ഹൃദയത്തിലേക്കോ കേറാനനുവദിക്കാതെ അവയ്ക്കിടയില്‍ പിടിച്ചു നിര്‍ത്തുക എന്നും അര്‍ഥമെടുക്കാം.
 അഹങ്കാരമോ ആഗ്രഹങ്ങളോ ധ്യാനം പരിശീലിക്കുന്നയാളുടെ ബുദ്ധിയേയും ഹൃദയത്തേയും വിഷലിപ്തമാക്കരുത്. ഇക്കാര്യത്തില്‍ നല്ല കരുതല്‍ വേണം. വിഷശല്യം ഒടുങ്ങിയാലും വീണ്ടും പ്രലോഭനങ്ങളുടെ നീണ്ട നിര തന്നെ വിശിഷ്ട വസ്തുക്കളുടെ രൂപത്തില്‍ പുറത്തു വരും. അതിലൊന്നിലും കുടുങ്ങിപ്പോകരുത്. പല സിദ്ധികളും കൈവരുമ്പോള്‍ ധ്യാനത്തിന്റെ ലക്ഷ്യം മറന്നു പോകുന്നവരുണ്ട്. അമൃതിനെ നേടാനാണ് പാലാഴി കടഞ്ഞതെങ്കില്‍ അമൃതത്വത്തെ കൈവരിക്കാനാണ് ധ്യാനം. അത് ധ്യാനത്തിന്റെ പരമകാഷ്ഠയിലെ കരഗതമാകൂ.
 എല്ലായ്‌പ്പോഴും ശാന്തമായിരിക്കുന്നതാണ് പ്രശാന്തം. പരമേശ്വരന്‍ പ്രശാന്തമായവനാണ്. അദ്ദേഹത്തെ ഉപാസിക്കുന്നയാളും എത്തിച്ചേരുന്നത് ആ പ്രശാന്താവസ്ഥയിലാണ്. ധ്യാനത്തിലൂടെ നേടുന്ന ശാന്തത വാക്കുകള്‍ക്കതീതമാണ്. സകല വികാര വിക്ഷോഭങ്ങളും ചിന്തകളുടെ തിരതല്ലലുകളും ഒടുങ്ങി മനസ്സ് സ്വസ്ഥമാകണം.
ധ്യാനാരംഭം മുതല്‍ അവസാനം വരെ ഉള്ളം ശാന്തമാകണം. പൂര്‍ണ പ്രശാന്തിയാണ് നേടേണ്ടത്. അശാന്തമോ അസ്വസ്ഥമോ ആയിരിക്കുമ്പോള്‍ സാധാരണ കര്‍മങ്ങള്‍ പോലും വേണ്ട പോലെയാകില്ല. വളരെ സൂക്ഷ്മമായ ധ്യാനത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.
 ധ്യാനത്തിലൂടെ ഇക്കാണുന്ന പ്രപഞ്ചത്തേയും മറികടന്ന് അതിനൊക്കെ ഉദ്ഭവസ്ഥാനമായ സ്ഥാനത്താണ് എത്തിച്ചേരുക. ഇത് ശാശ്വതസത്യമാണ്. അത് എല്ലാത്തിനും സാക്ഷിയായി വിലസുന്ന പരമാത്മാ പദം തന്നെ. ആത്മാവ് ഒന്നിലും ഇടപെടാതെ എല്ലാത്തിനും സാക്ഷിയായിരിക്കുന്നു.
സൂര്യന്റെ സാന്നിദ്ധ്യത്തില്‍ എല്ലാവരും ഉണര്‍ന്നെഴുന്നേറ്റ് തങ്ങളുടെ വാസനയ്ക്കനുസരിച്ച് വിവിധ കര്‍മങ്ങള്‍ ചെയ്യുന്നു. ഇവയിലൊന്നും സൂര്യന്‍ ഇടപെടാത്തതുപോലെയാണിത്. ധ്യാനത്തില്‍ മുഴുകുന്നയാളെ മുനി എന്നാണിവിടെ വിശേഷിപ്പിച്ചിരിക്കുന്നത്. പരമസത്യത്തെ അന്വേഷിക്കുന്നയാള്‍ക്ക് യോജിക്കുന്ന പേരാണ് മുനി. മനനവും മൗനവും ശീലമാക്കിയവനെയാണ് മുനി എന്ന് വിളിക്കുന്നത്.
ഇരുട്ടിനും അപ്പുറത്താണ് മുനി എത്തിച്ചേരുന്ന ആ പ്രപഞ്ച  സ്രോതസ്സ്. എല്ലാ വിധത്തിലുള്ള അജ്ഞാനത്തിനേയും മറികടക്കുന്നതാണ് ആ പരമപദം. ഒരു തരത്തിലുള്ള സംശയമോ വികല്‍പങ്ങളോ പിന്നെ ഉണ്ടാകില്ല. സഗുണ സാകാര ധ്യാനത്തിലൂടെ നിര്‍ഗുണ നിരാകാരമായ ബ്രഹ്മതത്ത്വത്തിലേക്ക് എത്തിച്ചേരാമെന്ന് ഇവിടെ വ്യക്തമാക്കുന്നു.

No comments: