അഗ്നിഹോത്രം ചെയ്യാത്തവര്‍ ഇല്ലാതിരുന്ന ഭാരതം
ആചാര്യശ്രീ രാജേഷ്
Monday 3 December 2018 2:28 am IST
സനാതനധര്‍മത്തിന്റെ നിത്യആചരണങ്ങളായ പഞ്ചമഹായജ്ഞങ്ങളില്‍ ഒന്നാണ് അഗ്നിഹോത്രം. പ്രതിദിനം അഗ്നിഹോത്രം അനുഷ്ഠിക്കണമെന്ന് നമ്മുടെ ഋഷീശ്വരന്മാരെല്ലാവരും നമ്മെ ഉപദേശിക്കുന്നു. ശ്രീകൃഷ്ണനും ശ്രീരാമനുമെല്ലാം ഈ ഹോമം ചെയ്തതായി ഇതിഹാസങ്ങളില്‍ നമുക്ക് വായിക്കാം.
1. അഗ്നിഹോത്രം ചെയ്യുന്നതുകൊണ്ട് എന്താണ് പ്രയോജനം? നമ്മുടെ അടിസ്ഥാനഗ്രന്ഥമായ വേദങ്ങളില്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും പറയുന്നുണ്ടോ എന്ന് നോക്കാം. ഋഗ്വേദമന്ത്രം കാണൂ:
ഓം സേദഗ്‌നിര്യോ വനുഷ്യതോ
നിപാതി സമേദ്ധാരമംഹസ ഉരുഷ്യാത്
സുജാതാസഃ പരി ചരന്തി വീരാഃ
(ഋഗ്വേദം 7.17.15)
പദം പിരിച്ചുള്ള അര്‍ഥം
(അഗ്നിഃ സ ഇത്=) അഗ്നി നിശ്ചയമായും അങ്ങനെയുള്ളവനാകുന്നു, (യഃ=) ആരാണോ (സമേദ്ധാരം=) പ്രദീപ്തമാക്കുന്നവനെ(ളെ) (വനുഷ്യതഃ=) ഹിംസകരായ രോഗാദികളില്‍നിന്ന് (നിപാതി=) രക്ഷിക്കുന്നത്. (ഉരുഷ്യാത് അംഹസഃ=) വലിയ പാപങ്ങളില്‍നിന്നും രക്ഷിക്കുന്നത്. ആ അഗ്നിയെ (സുജാതാസഃ=) ഉത്തമ ജന്മത്തോടുകൂടിയ (വീരാഃ=) വീരന്മാര്‍ (പരിചരന്തി=) പരിചരിക്കുന്നു.
അതായത് അഗ്നിയെ പ്രദീപ്തമാക്കുന്ന വ്യക്തിയെ അഗ്നി, രോഗാദികളില്‍നിന്ന് രക്ഷപ്പെടുത്തുന്നു. അവനെ/അവളെ വലിയ പാപങ്ങളില്‍നിന്ന് സംരക്ഷിക്കുന്നു. അങ്ങനെയുള്ളവരില്‍നിന്നും ഉത്തമമായ ജന്മത്തെ നേടിയ വീരന്മാരും ആ അഗ്നിയെ പരിചരിക്കുന്നു. ഇത്രയുമാണ് മന്ത്രത്തില്‍ പ്രത്യക്ഷമായി കാണുന്ന അര്‍ഥം. എന്താണ് ഇതുകൊണ്ടെല്ലാം അര്‍ഥമാക്കുന്നത്? ആദ്യമേ പറഞ്ഞിരിക്കുന്നത് ഹോമാഗ്‌നി ശരീരപീ
ഡയ്ക്ക് കാരണമാകുന്ന രോഗങ്ങളെ അകറ്റുന്നു എന്നാണ്. ഗുല്‍ഗുലു, ജടാമഞ്ചി, ചിറ്റമൃത്, ജാതിപത്രി തുടങ്ങിയ ഔഷധങ്ങളുടെ കൂട്ടാണ് അഗ്നിഹോത്രത്തില്‍ ഹോമസാമഗ്രിയായി ആഹുതി ചെയ്യപ്പെടുന്നത്. ഇവയുടെ സൂക്ഷ്മാംശത്തെ അഗ്നിയില്‍ അര്‍പ്പിക്കുന്ന ഘൃതം (നെയ്യ്) സൂക്ഷ്മരൂപത്തില്‍ നാലുപാ
ടും വ്യാപിപ്പിക്കുന്നു. അത് ശ്വാസത്തിലൂടെയും ത്വക്കിലൂടെയും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും വിവിധ രോഗങ്ങളെ അകറ്റുകയും ചെയ്യുന്നു. അഗ്നിഹോത്രശേഷം അന്തരീക്ഷവായു ശുദ്ധവും സുഗന്ധപൂരിതവുമായിത്തീരുന്നു. അങ്ങനെ ഗൃഹത്തിലാകമാനം ആരോഗ്യപൂര്‍ണമായ അന്തരീക്ഷമുണ്ടാകുന്നു.
യജ്ഞചികിത്സ എന്നത് ആയുര്‍വേദത്തിന്റെ ഭാഗമായിരുന്നു. പ്രാചീനകാലത്ത് രാജയക്ഷ്മ പോലുള്ള മഹാരോഗങ്ങള്‍പോലും യജ്ഞത്താലാണ് ഇല്ലാതാക്കിയിരുന്നത്. അതുകൊണ്ട് ആരോഗ്യത്തെ ആഗ്രഹിക്കുന്ന ഏവരും വൈദികമായ യജ്ഞങ്ങള്‍ ചെയ്യേണ്ടതാണെന്ന് ആയുര്‍വേദത്തിന്റെ പ്രാ
മാണികഗ്രന്ഥമായ ചരകസംഹിതയില്‍ കാണാം.
2. അഥര്‍വവേദത്തില്‍ രോഗാണുക്കളെ യാതുധാനന്‍, ക്രവ്യാദ്, പിശാച്, രക്ഷസ്സ് തുടങ്ങിയ പേരുകളിലാണ് വിളിച്ചിരിക്കുന്നത്. ഇവയാണ് ശരീരത്തെ ഹിംസിക്കുന്ന രാക്ഷസന്മാര്‍. നദിയിലെ ഒഴുക്ക് പതയെ നീക്കിക്കൊണ്ടുപോകുംപോ
ലെ അഗ്നിയില്‍ അര്‍പ്പിക്കുന്ന ഹവിസ്സ് ഇത്തരം രോഗാണുക്കളെ നിവാരണം ചെയ്യുന്നുവെന്നും അഥര്‍വവേദത്തില്‍ നമുക്ക് വായിക്കാം.
3. വലിയ പാപങ്ങളില്‍നിന്നും അഗ്നി നമ്മെ രക്ഷിക്കുന്നു എന്ന് ഋഗ്വേദമന്ത്രത്തില്‍ തുടര്‍ന്ന് പറഞ്ഞതു കാണുക. കേവലം അന്തരീക്ഷശുദ്ധിയും ശരീരശുദ്ധിയും രോഗനാശനവും മാത്രമല്ല അഗ്‌നിഹോത്രത്തിന്റെ ഫലം. അത് മനസ്സിനെയും പവിത്രീകരിക്കുന്നുണ്ട്. അഗ്‌നിഹോത്രത്തിലെ വിശിഷ്ട മന്ത്രങ്ങളും യജ്ഞീയഭാവവും നമ്മുടെ മനസ്സിനെ നിര്‍മലമാക്കുന്നു. പാ
പചിന്തകള്‍ നമ്മളില്‍നിന്നകലുന്നു. സങ്കല്പങ്ങള്‍ ശുദ്ധമാകുമ്പോള്‍ ജീവിതത്തിലെ മറ്റു കര്‍മങ്ങളും ശ്രേഷ്ഠമാകുന്നു. യജ്ഞം ഒരിക്കലും ഉപേക്ഷിക്കരുത് കാരണം അത് ഉപേക്ഷിക്കാതെ അനുഷ്ഠിക്കുന്ന വിവേകികള്‍ കൂടുതല്‍ കൂടുതല്‍ പവിത്രരായിത്തീരുന്നു എന്ന് ഭഗവദ്ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറയാന്‍ കാരണമിതാണ്.
നല്ല സന്താനങ്ങള്‍ക്കായി ആഹുതി അര്‍പ്പിച്ചുകൊള്ളാന്‍ അഗ്നിഹോത്രമന്ത്രങ്ങളില്‍ത്തന്നെ പറയുന്നത് കാണാം. ഭാര്യാഭര്‍ത്താക്കന്മാരുടെ, നല്ല കുഞ്ഞിനായുള്ള സങ്കല്‍പത്തില്‍നിന്നാണ് നല്ല കുഞ്ഞ് പിറക്കുന്നത്. അങ്ങനെ അവരുടെ സങ്കല്‍പം ശുദ്ധമാക്കുന്നത് മുതല്‍ അമ്മയുടെ ഗര്‍ഭത്തിലും തുടര്‍ന്നുമെല്ലാം അഗ്നിഹോത്രം കുഞ്ഞിനെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. യജ്ഞീയ അന്തരീക്ഷത്തിലേക്കാണ് ആ കുഞ്ഞ് പിറന്നുവീഴുന്നത്. ആ പവിത്രാന്തരീക്ഷത്തിലാണ് അവന്‍ വളര്‍ന്നു വലുതാകുന്നത്. അങ്ങനെയുള്ള കുഞ്ഞുങ്ങള്‍ വീരന്മാരായിരിക്കുമെന്നും അവര്‍ തുടര്‍ന്ന് ആ അഗ്നിയെ സംരക്ഷിക്കുമെന്നും മന്ത്രം നമ്മോടോതുന്നു. അങ്ങനെ തലമുറകളിലൂടെ ആ സംസ്‌കാരം നിലനില്‍ക്കും. ഇങ്ങനെ ഉണ്ടായ വീരപുത്രന്മാര്‍ മാതാപിതാക്കളെ തള്ളിപ്പറയുന്നവരായിരിക്കില്ല. അവരെ വൃദ്ധസദനത്തില്‍ തള്ളുന്നവരായിരിക്കില്ല. മറിച്ച് അവരെ ദേവതാതുല്യം പൂജിക്കുന്നവരായിരിക്കും.
വൈദികരെ സംബന്ധിച്ച് ഇതു മാത്രമല്ല ജന്മം. ഗുരുകുലത്തില്‍ ചെന്ന് ആചാര്യനിലൂടെ വിദ്യനേടുമ്പോള്‍ ഒരുവന്‍ രണ്ടാമതും ജനിക്കുന്നു. അവിടെയും യജ്ഞാഗ്നിയെ സംരക്ഷിക്കുന്ന ആചാര്യന്‍ അവന് മാതൃകയാകുന്നു. അവനെ ജാതവേദാഗ്നിയായി ആചാര്യന്‍ വളര്‍ത്തുന്നു. സ്വയം അഭിവൃദ്ധി നേടുന്നതിനനുസരിച്ച് അഗ്നിയെപ്പോലെ മറ്റുള്ളവര്‍ക്ക് വെളിച്ചമേകുവാനും ആചാര്യന്‍ അവനെ പ്രാ
പ്തനാക്കുന്നു. അഗ്നിഹോത്രത്തിന്റെ അധ്യാത്മതത്ത്വങ്ങള്‍ അവന്‍ ആചാര്യനില്‍നിന്നും ഗ്രഹിക്കുന്നു. അഗ്നിഹോത്രത്തിലൂടെ ജ്ഞാനം വര്‍ദ്ധിക്കുമെന്ന് വേദാന്തദര്‍ശനത്തില്‍ കാണാം.
4. 'അഗ്നിഹോത്രാദി കര്‍മങ്ങളാകട്ടെ, ജ്ഞാനം സാധിപ്പാന്‍ വേണ്ടിയുള്ളതുതന്നെയാകുന്നു, ശ്രുതിയില്‍ അങ്ങനെ കാണുന്നതിനാല്‍' എന്നാണ് ബാദരായണ വ്യാസന്റെ ആ പ്രസ്താവം. ആ ജ്ഞാനത്തെ ഗ്രഹിക്കാന്‍ ആചാര്യന്‍ ഒരുവനെ പ്രാ
പ്തനാക്കുന്നു. അങ്ങനെ ഗുരുപരമ്പരയും പവിത്രമാകുന്നു.
പ്രാചീനഭാരതത്തിന്റെ പിതൃപരമ്പരയെയും ഗുരുപരമ്പരയെയും പവിത്രമാക്കിത്തീര്‍ത്തതില്‍ അഗ്നിഹോത്രം വഹിച്ച പങ്ക് ചെറുതല്ല. അന്ന് ആസേതുഹിമാചലം എല്ലാ ഗൃഹങ്ങളിലും പ്രതിദിനം അഗ്നിഹോത്രം നടന്നിരുന്നു. 'എന്റെ രാജ്യത്ത് കള്ളന്മാരില്ല, പിശുക്കന്മാരില്ല, മദ്യപാനികളില്ല, അറിവില്ലാത്തവരില്ല, വ്യഭിചാരികളും വ്യഭിചാരിണികളും ഇല്ല, അഗ്നിഹോത്രം ചെയ്യാത്തവരുമില്ല' എന്ന് ഉദ്ഘോഷിച്ച അശ്വപതി രാജാവിനെ ഛാന്ദോഗ്യോപനിഷത്തില്‍ കാണാം.
5. ഇതിനു സദൃശമായ വര്‍ണന വാല്മീകിരാമായണത്തില്‍ അയോധ്യയെക്കുറിച്ചും കാണാം.
6. അഗ്നിഹോത്രം ചെയ്യാത്ത ആരുംതന്നെ ശ്രീരാമന്റെ അയോധ്യയില്‍ ഇല്ലായിരുന്നുവത്രേ. ശ്രീരാമനും ശ്രീകൃഷ്ണനുമെല്ലാം ആചരിച്ച ആ ശ്രേഷ്ഠമായ അനുഷ്ഠാനത്തിന്റെ അഗ്നി ഭാഗ്യവശാല്‍ ഇന്നും അണയാതെ സംരക്ഷിക്കപ്പെടുന്നുണ്ട്.
No comments:
Post a Comment